അദ്ധ്യായം 34 - കുതിരയുടെ കഥ



ശാസ്താവിന്‍റെ കുട്ടിക്കാലം..
ശൈവ-വൈഷ്ണവ ചേതസ്സുള്ള അദ്ദേഹം കൈലാസത്തില്‍ വളരുന്ന ഈ സമയത്ത്, ഗണപതി ഭഗവാനെ തന്‍റെ വാഹനം എന്ന രീതിയില്‍ സങ്കല്‍പ്പിച്ച് വിളയാടാന്‍ തുടങ്ങി.
ഈ കാഴ്ച കണ്ട് പാര്‍വ്വതി ദേവി ദുഃഖിതയായി!!
സ്വന്തം ഭര്‍ത്താവിനു മോഹിനിയില്‍ ഉണ്ടായ പുത്രന്‍, തന്‍റെ പ്രിയപ്പെട്ട ഉണ്ണിയെ വാഹനമാക്കിയതില്‍ ദേവിക്ക് ദുഃഖമുണ്ടായത് സ്വാഭാവികം.ഈ ദുഃഖം ദേവി നാരദനോട് സൂചിപ്പിച്ചു.തന്‍റെ ജന്മവൃത്താന്തം അറിയാത്ത ശാസ്താവ്, ഗണപതി ഭഗവാന്‍ സ്വന്തം ജ്യേഷ്ഠനാണെന്ന് മനസിലാക്കാത്തതിനാലാണ്‌ അദ്ദേഹത്തെ വാഹനമായി സങ്കല്‍പ്പിച്ചതെന്ന് നാരദനു ബോധ്യമായി.
ഇനി ഒറ്റ പോംവഴിയെ ഉള്ളു..
ധര്‍മ്മശാസ്താവ് സ്വന്തം ജന്മരഹസ്യം അറിയണം!!
എങ്ങനെ??
അതിനും നാരദര്‍ വഴി കണ്ടെത്തി.

ആ വഴി നാരദര്‍ ദേവിക്ക് ഉപദേശിച്ച് കൊടുത്തു..
നാരദരുടെ ഉപദേശപ്രകാരം ദേവി ശാസ്താവിനോട് ചോദിച്ചു:
"ഉണ്ണിയുടെ അമ്മയുടെ ഭാര്യയെ ഉണ്ണി എന്ത് വിളിക്കും?"
ധര്‍മ്മശാസ്താവിന്‍റെ അമ്മ, മോഹിനിയാണ്, അതായത് മഹാവിഷ്ണു.അദ്ദേഹത്തിന്‍റെ ഭാര്യ മഹാലക്ഷിയാണ്.ആ ദേവിയെ ശാസ്താവ് എന്ത് വിളിക്കും എന്നാണ്‌ ചോദ്യം...
തന്‍റെ ജന്മരഹസ്യം ശാസ്താവിനു മനസിലാക്കാന്‍ വേണ്ടിയാണ്‌ നാരദര്‍ ഇങ്ങനെ ഒരു ചോദ്യം ചോദിപ്പിച്ചത്...
എന്നാല്‍ ശാസ്താവ് ഞെട്ടിപ്പോയി!!
ഇതെന്ത് ചോദ്യം??
അമ്മയുടെ ഭാര്യയോ??
അദ്ദേഹം ചിന്താകുഴപ്പത്തിലായി.

ഒടുവില്‍ ശാസ്താവ് ഉത്തരം തേടി മഹാദേവസവിധത്തില്‍ ചെന്നു.എന്നാല്‍ മോഹിനിയെ കണ്ട് ഭ്രമിച്ച കഥ പറയാനുള്ള സങ്കോചം മൂലം, പരമശിവന്‍ കഥ വിശദമാക്കാന്‍ നന്ദികേശനോട് സൂചിപ്പിച്ചു.അങ്ങനെ പരമേശ്വരന്‍റെ നിര്‍ദ്ദേശപ്രകാരം നന്ദികേശന്‍, മുദ്രകൈയ്യാല്‍ ശാസ്തോല്‍പത്തി ആടി കാണിച്ചു.
തന്‍റെ ജന്മവൃത്താന്തം അറിഞ്ഞപ്പോള്‍, ഗണപതി ജ്യേഷ്‌ഠനാണെന്നു ബോധ്യപ്പെട്ട ശാസ്‌താവ്‌, ഗണപതി ഭഗവാനെ വാഹനമാക്കി സങ്കല്‍പ്പിക്കുന്നത് മാറ്റി, കുതിരയെ വാഹനമായി സ്വീകരിക്കുന്നു.
ദേവനാരായണന്‍ ശാസ്താവിന്‍റെ വാഹനം കുതിരയാകാന്‍ കാരണമായ കഥ പറഞ്ഞ് നിര്‍ത്തി, എന്നിട്ട് ഒരു കാര്യം കുടി സൂചിപ്പിച്ചു:
"കൊടിമരമുള്ള ക്ഷേത്രങ്ങളില്‍, കൊടിമരത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്നത്, ആ ദേവന്‍റെ വാഹനത്തെ ആയിരിക്കും"
അത് അവര്‍ക്കൊരു പുതിയ അറിവായിരുന്നു!!

ആ സഭ അങ്ങനെ പൂര്‍ണ്ണമായി..
ഒരു രാത്രി കൂടി അവസാനിച്ചു.

പിറ്റേന്ന് പ്രഭാതം..
അന്ന് ആ ഗ്രാമമുണര്‍ന്നത് ശരണം വിളികളുടെ ശബ്ദം കേട്ടാണ്..
ഇടപ്പാവൂര്‍ ദേവിക്ഷേത്രത്തില്‍ നിന്നും യാത്ര ആരംഭിക്കുന്ന സ്വാമിമാരുടെ ശരണം വിളി ശബ്ദം..

"സ്വാമിയേ...ശരണമയ്യപ്പാ
ഹരിഹരസുതനേ...ശരണമയ്യപ്പാ
ഭൂലോകനാഥനേ...ശരണമയ്യപ്പാ
ഭൂമിപ്രപഞ്ചനേ...ശരണമയ്യപ്പാ
അന്നദാന പ്രഭുവേ...ശരണമയ്യപ്പാ
പൊന്നമ്പല വാസനേ...ശരണമയ്യപ്പാ
കാനന വാസനേ...ശരണമയ്യപ്പാ
നെയ്യഭിഷേകപ്രിയനേ...ശരണമയ്യപ്പാ
കര്‍പൂരപ്രിയനേ...ശരണമയ്യപ്പാ
പമ്പാഗണപതിയേ...ശരണമയ്യപ്പാ"

അവര്‍ യാത്ര തുടരുകയായി..
അടുത്ത ഇടത്താവളം ലക്ഷ്‌യമാക്കി അന്നത്തെ യാത്ര..

"സ്വാമിയേ.... അയ്യപ്പോ
അയ്യപ്പോ.......സ്വാമിയേ
സ്വാമിയേ.... അയ്യപ്പോ
അയ്യപ്പോ.......സ്വാമിയേ"

"ഇന്നെവിടെയാണ്‌ സ്വാമി നമ്മള്‍ തങ്ങുന്നത്?"
ചോദ്യം ബ്രഹ്മദത്തന്‍റെ വകയാണ്!!
തലേദിവസത്തെ അപകടത്തിന്‍റെ ഭയം ഇപ്പോഴും അദ്ദേഹത്തെ വിട്ട് മാറിയട്ടില്ല.ഇടപ്പാവൂരില്‍ നിന്ന് നേരെ പോയാല്‍ റാന്നി വഴി പമ്പക്ക് പോകാം എന്ന് അയാള്‍ക്ക് അറിയാം, പക്ഷേ വാമദേവന്‍ നമ്പൂതിരിയുടെ മനസ്സും അറിയണമല്ലോ, അദ്ദേഹമല്ലേ ഗുരുസ്വാമി!!
"ഇന്ന് എരുമേലി" തിരുമേനിയുടെ മറുപടി.
എരുമേലിയോ??
അത് കാട്ടില്‍ കൂടിയുള്ള വഴിയല്ലേ??
ബ്രഹ്മദത്തനു അത്ഭുതം!!
ശരിക്കും എരുമേലിക്ക് പോകാതെ തന്നെ പമ്പയിലെത്താം, എന്നിട്ടും ദുര്‍ഘടമായ ആ പാത എന്തിനാണാവോ തിരുമേനി തിരഞ്ഞെടുത്തത്??
ബ്രഹ്മദത്തന്‍റെ മനസ്സ് വായിച്ച പോലെ തിരുമേനി മറുപടി നല്‍കി:
"പരമ്പരാഗതമായ പാത വഴി തന്നെ വേണം മലക്ക് പോകാന്‍.കന്നി അയ്യപ്പന്‍മാര്‍ എരുമേലിയില്‍ പേട്ട തുള്ളി പോകണമെന്നും പറയപ്പെടുന്നു"
അങ്ങനെ ആ സംഘം റാന്നിയില്‍ നിന്നും എരുമേലിക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.

"സ്വാമിയേ.... അയ്യപ്പോ
അയ്യപ്പോ.......സ്വാമിയേ
സ്വാമിയപ്പാ...അയ്യപ്പാ
ശരണമപ്പാ...അയ്യപ്പാ"

ആ സംഘം യാത്രയിലാണ്..
ഇപ്പോള്‍ വാമദേവന്‍ നമ്പൂതിരിയുടെ മനസില്‍ ഒരു സംശയമുണ്ട്..
ദേവനാരായണനോട് അതിനെ കുറിച്ച് ചോദിക്കണമെന്ന് അദ്ദേഹത്തിനു ആഗ്രഹവുമുണ്ട്.എന്നാല്‍ ആ മാന്ത്രികന്‍ തന്നെ കുറിച്ച് എന്ത് കരുതും എന്ന ചിന്തയാല്‍ തിരുമേനി മിണ്ടിയില്ല!!
"എന്താ സ്വാമി ഒരു സംശയം?"
ദേവനാരായണന്‍റെ സ്വരം, തിരുമേനി അത്ഭുതപ്പെട്ടു പോയി.
തന്‍റെ മനസ്സ് അദ്ദേഹം വായിച്ചിരിക്കുന്നു!!
ഇനിയും മൌനം നല്ലതല്ലെന്ന് ബോധ്യമായ തിരുമേനി ആ സംശയം ഉണര്‍ത്തിച്ചു:
"ഭഗവാന്‍റെ വാഹനം കുതിരയാണെന്ന് ഏത് കഥയിലാണ്‌ ഉള്ളത്?"
ദേവനാരായണന്‍ അത് കേട്ടതും ചിരിച്ച് കൊണ്ട് പറഞ്ഞു:
"അത് ഉദയാസ്തമനകൂത്തില്‍ പ്രതിപാദിക്കുന്ന കഥയാ"
ഉദയാസ്തമനകൂത്തോ??
അതേ, ചിത്രകലയും അഭിനയവും സമ്മേളിക്കുന്ന അയ്യപ്പന്‍ തീയാട്ടിന്‍റെ ഏറ്റവും വികസിതമായ രൂപമായ ഉദയാസ്തമനകൂത്ത്!!
ആരും അങ്ങനെ ഒരു കലയെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല!!
എല്ലാവരും ദേവനാരായണന്‍റെ മുഖത്തേക്ക് നോക്കി..

അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ച് നിന്ന അവരോട് അദ്ദേഹം വിശദീകരിച്ചു..
അയ്യപ്പന്‍ പാട്ടില്‍ തുടങ്ങി ഉദയാസ്തമനകൂത്ത് വരെയുള്ള വിവരങ്ങള്‍..
അത് രസകരമായ ഒരു വിശദീകരണമായിരുന്നു..