അദ്ധ്യായം 37 - ഐതിഹ്യത്തിലെ കഥ



"സ്വാമിയപ്പാ...അയ്യപ്പാ
ശരണമപ്പാ.....അയ്യപ്പാ
പമ്പാവാസാ....അയ്യപ്പാ
പന്തളവാസാ...അയ്യപ്പാ"

ശരണം വിളികളുമായി ആ സംഘം എരുമേലിക്ക് അടുത്ത് എത്താറായിരിക്കുന്നു..
വിഷ്ണുദത്തന്‍റെ ചിന്ത മുഴുവന്‍ രവിവര്‍മ്മയെ ബാധിക്കാന്‍ പോകുന്ന അപകടത്തെ കുറിച്ചായിരുന്നു, ദേവനാരായണന്‍റെ അഭിപ്രായ പ്രകാരം അപകടത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ കാണുന്ന ആണ്‍കുട്ടിയുടെ രൂപത്തിനെ കുറിച്ച്...
ആരായിരിക്കും ആ ആണ്‍കുട്ടി??
സുന്ദരമഹിഷവുമായി അവനു എന്താണ്‌ ബന്ധം??
വിഷ്ണുദത്തന്‍റെ ചിന്തകള്‍ കാട് കയറി തുടങ്ങി!!
ഈ സമയത്ത് വിഷ്ണുദത്തന്‍റെയും കൂട്ടരുടെയും പിന്നില്‍ നിന്നും മറ്റൊരു സംഘത്തിന്‍റെ ശരണം വിളി ഉയര്‍ന്നു..

"സ്വാമിപാദം അയ്യപ്പപാദം
അയ്യപ്പപാദം സ്വാമിപാദം"

ആ ശരണം വിളിയുടെ അര്‍ത്ഥം മനസിലാക്കിയ ദേവനാരായണന്‍ അവര്‍ക്കായി ഒഴിഞ്ഞ് കൊടുക്കാന്‍ സംഘാംഗളോട് പറഞ്ഞു.
പിന്നില്‍ നിന്നും 'സ്വാമിപാദം' പറഞ്ഞ സംഘം രവിവര്‍മ്മയെയും കൂട്ടരെയും കടന്ന് മുന്നേറി.
അടുത്ത നിമിഷം അവര്‍ ഭഗവാനെ ശരണം വിളിച്ച് തുടങ്ങി..
ഇപ്പോള്‍ അവരുടെ ശരണം വിളിക്ക് മറ്റൊരു ശബ്ദമായിരുന്നു...
മറ്റൊരു താളമായിരുന്നു.

"വില്ലാളി വീരനെ.....ശരണമയ്യപ്പാ
വീര മണികണ്ഠനേ.....ശരണമയ്യപ്പാ
കര്‍പ്പൂരപ്രിയനെ.....ശരണമയ്യപ്പാ
വന്‍പുലി വാഹനനേ.....ശരണമയ്യപ്പാ"

ആ ശരണം വിളി കേട്ടതും വൈഷ്ണവന്‍ ബ്രഹ്മദത്തനോട് ചോദിച്ചു:
"വന്‍പുലി വാഹനനോ?"
അയ്യപ്പന്‍റെ വാഹനം കുതിരയാണെന്ന ദേവനാരായണന്‍റെ വാക്കുകള്‍ അവന്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്.അതിനാലാണ്‌ അവന്‍ ചോദിച്ചത്..
വന്‍പുലി വാഹനനോ??
ആ പത്ത് വയസ്സുകാരന്‍റെ ചോദ്യത്തിനു മറുപടി പറഞ്ഞത് വാമദേവന്‍ നമ്പൂതിരിയായിരുന്നു.വൈഷ്ണവന്‍ മാത്രമല്ല, രവിവര്‍മ്മയും കൂടി മനസിലാക്കണം എന്ന ഉദ്ദേശവും തിരുമേനിക്ക് ഉണ്ടായിരുന്നു.
അതിനാല്‍ അദ്ദേഹം ആ കഥ വിശദീകരിച്ച് പറഞ്ഞു...
പുലിപ്പുറത്ത് ഏറി വന്ന അയ്യപ്പന്‍റെ കഥ..

ഈ കഥ നടക്കുന്നത് പന്തളത്താണ്...
പാണ്ഡ്യരാജവംശത്തിലെ ധീരനും, നീതിമാനുമായ രാജശേഖര രാജാവിന്‍റെ കാലഘട്ടം..
എല്ലാ സൌഭാഗ്യങ്ങളും നിറഞ്ഞ രാജാവിന്‍റെ ജീവിതത്തില്‍ ഒരേ ഒരു ദുഃഖം മാത്രമേ ഉണ്ടായിരുന്നുള്ളു, അത് പുത്രഭാഗ്യം ഇല്ലാത്തതിലുള്ള ദുഃഖമായിരുന്നു.ശിവഭക്തനായ രാജാവ്, ശിവപ്രീതിക്കായി വളരെയധികം പൂജകള്‍ നടത്തി ദിവസങ്ങള്‍ തള്ളി നീക്കി.അതേ പോലെ ദുഃഖിതയായ രാജ്ഞി, വിഷ്ണുഭഗവാനോട് ഒരു പുത്രനെ തരണേന്ന് പ്രാര്‍ത്ഥിക്കുന്നുമുണ്ടായിരുന്നു..
ഇതേ സമയത്ത് തന്നെയാണ്‌ വരബലത്താല്‍ അഹങ്കാരിയായ മഹിഷി ആക്രമണം അഴിച്ച് വിട്ടതും, ശിവഭഗവാനു വിഷ്ണുമായയില്‍ ധര്‍മ്മശാസ്താവ് ജനിക്കുന്നതും.അങ്ങനെ ഹരിഹരസുതനായ ധര്‍മ്മശാസ്താവിനെ പന്തളം രാജാവിനു നല്‍കാന്‍ ശിവഭഗവാന്‍ തീരുമാനിച്ചു..

ശരണം വിളികളുമായി നടന്ന സംഘം മുഴുവന്‍ ഇപ്പോള്‍ വാമദേവന്‍ നമ്പൂതിരിയുടെ വാക്കുകള്‍ ശ്രദ്ധിക്കുകയാണ്.മഹിഷീമര്‍ദ്ദനത്തിനെ കുറിച്ചുള്ള കഥയുടെ ഏകദേശ രൂപം മാത്രമേ അവര്‍ക്ക് അറിയുകയുള്ളു.അതിനാല്‍ തന്നെ എല്ലാവരും ആ കഥയില്‍ മുഴുകി..

ഇത് പമ്പാതീരം..
നായാട്ടിനായി പുറപ്പെട്ട പന്തളം രാജാവ് ഇവിടെ എത്തിയപ്പോള്‍ ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു.ആ ശബ്ദം കേട്ട ഭാഗത്ത് ചെന്നു നോക്കിയ അദ്ദേഹം അത്ഭുതപ്പെട്ടു പോയി..
ചുറ്റുപാടും പ്രഭ വിതറി ഒരു ബാലന്‍ കിടക്കുന്നു!!
ആരാണിത്??
ആരാണീ ബാലനെ ഇവിടെ ഉപേക്ഷിച്ചത്??
രാജാവിനു അത്ഭുതമായി.
മുമ്പില്‍ കിടക്കുന്നത് ഹരിഹരസുതനായ ശാസ്താവിന്‍റെ അവതാരമായ അയ്യപ്പനാണെന്ന് അദ്ദേഹത്തിനു മനസിലായില്ല.കഴുത്തില്‍ ഒരു മണി കെട്ടി, തേജസ്സോട് കിടക്കുന്ന ബാലന്‍, ഈശ്വര അവതാരമാണെന്ന് അദ്ദേഹം ചിന്തിച്ചില്ലെന്നാതാണ്‌ സത്യം!!
"എന്നിട്ട് രാജാവ് എന്ത് ചെയ്തു?" വൈഷ്ണവന്‍റെ ചോദ്യം.
അവന്‍ ഈ കഥ ആദ്യമായി കേള്‍ക്കുകയാണ്, അവന്‍ പഠിക്കുന്ന സ്ക്കൂളില്‍ ആരും അവനോട് ഇങ്ങനെ ഒരു കഥ പറഞ്ഞിട്ടില്ല.അതിനാല്‍ തന്നെ കഥയുടെ ബാക്കി അറിയാന്‍ അവനു ആകാംക്ഷ ഏറെയാണ്.

"രാജശ്രേഷ്ഠാ, ഈ ബാലനെ കൊട്ടാരത്തിലേക്ക് കൊണ്ട് പോകുക.കഴുത്തില്‍ മണി കെട്ടിതൂക്കിയ ഇവനെ മണികണ്ഠന്‍ എന്ന് വിളിക്കുക.താങ്കളുടെ സകല ഐശ്വരത്തിനു ഈ ബാലന്‍ നിദാനമാകും.ഇവനു പന്ത്രണ്ട് വയസ്സാകുമ്പോള്‍ ഇവന്‍ ആരെന്നുള്ള സത്യം താങ്കള്‍ക്ക് മനസിലാകും"
ഇത് ഒരു സന്യാസിയുടെ വാക്കുകള്‍ ആയിരുന്നു..
അമ്പരന്ന് നിന്ന രാജാവിനോട് കുട്ടിയെ കൊട്ടാരത്തിലേക്ക് കൊണ്ട് പോകാന്‍ ഉപദേശിച്ച ശേഷം ആ സന്യാസി അപ്രത്യക്ഷനായി.
രാജാവ് സന്തോഷം കൊണ്ട് മതിമറന്നു!!
കുട്ടികളില്ലാത്ത തനിക്ക് ഒരു പുത്രനെ ലഭിച്ചിരിക്കുന്നു!!
മഹാദേവാ, നന്ദി..നന്ദി..
ആ ബാലനുമായി കൊട്ടാരത്തിലെത്തിയ അദ്ദേഹം, രാജ്ഞിയോട് സത്യം ബോധിപ്പിച്ചു.രാജ്ഞിക്കും സന്തോഷമായി, വിഷ്ണുഭഗവാനു നന്ദി പറഞ്ഞ് കൊണ്ട് രാജ്ഞി ആ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു.

"അത് ആണ്‍കുട്ടിയല്ല"
ദേവനാരായണന്‍റെ ആത്മഗതം അല്പം ഉറക്കെയായി പോയി!!
കഥയില്‍ ശ്രദ്ധിച്ചിരുന്ന ആരും അത് കേട്ടില്ലെങ്കിലും, വിഷ്ണുദത്തന്‍റെ കാതില്‍ ആ വാചകമെത്തി.അവന്‍ ചോദിച്ചു:
"ആര്‌ ആണ്‍കുട്ടിയല്ലന്ന്?"
"ആ അപകടം, അത് ആണ്‍കുട്ടിയല്ല" ദേവനാരായണന്‍റെ മറുപടി.
ഇപ്പോള്‍ വിഷ്ണുദത്തനു കാര്യം ബോധ്യമായി, രവിവര്‍മ്മയെ ബാധിക്കാന്‍ പോകുന്ന അപകടത്തെ കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്, അവനു സംശയമായി:
"ആണ്‍കുട്ടിയല്ലെങ്കില്‍ പിന്നെയെന്ത്?"
"അതൊരു നാല്‍കാലിയാണ്, വളരെ അപകടകാരിയായ നാല്‍ക്കാലി"
ദേവനാരായണന്‍റെ ഈ മറുപടി വിഷ്ണുദത്തനില്‍ സംശയം വളര്‍ത്തിയതേയുള്ളു:
"അപ്പോള്‍ അപകടത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ താങ്കള്‍ കണ്ടെന്ന് പറയുന്ന ആണ്‍കുട്ടിയുടെ മുഖം?"
"അറിയില്ല, ഒന്ന് ഉറപ്പാണ്, സുന്ദരമഹിഷത്തില്‍ നിന്നും ഉത്ഭവിച്ച ശാപമായി ഒരിക്കലും സുന്ദരനായ ആണ്‍കുട്ടി വരില്ല.ആ രൂപം ഒരു ഭ്രമമാകാം, ശരിക്കും അങ്ങനെ ഒരു ആണ്‍കുട്ടി കാണില്ല"
ഇത് ദേവനാരായണനു പറ്റിയ രണ്ടാമത്തെ തെറ്റായിരുന്നു...
അങ്ങനെ ഒരു ആണ്‍കുട്ടി ഉണ്ടായിരുന്നു..
അവനും എരുമേലി ലക്ഷ്‌യമാക്കി സഞ്ചരിക്കുകയായിരുന്നു..