അദ്ധ്യായം 48 - പതിനെട്ടാം പടി



രാധികയുടെ നിലവിളി കേട്ട് ഓടി വന്ന ദേവദത്തനും, ഗായത്രിയമ്മയും ചോദിച്ചു:
"എന്താ മോളേ, എന്ത് പറ്റി?"
"ഒരു ദുഃസ്വപ്നം കണ്ടു" രാധികയുടെ മറുപടിയില്‍ ഒരു ഭയമുണ്ടായിരുന്നു.
"മോളൊരോന്ന് ആലോചിച്ച് കിടന്ന കൊണ്ടാ, അയ്യപ്പസ്വാമിയെ മനസില്‍ വിളിച്ച് കിടന്നോ, ഒരു കുഴപ്പവും വരില്ല" ദേവദത്തന്‍ രാധികയെ ആശ്വസിപ്പിച്ചു.
രാധിക ഗായത്രിയമ്മയുടെ മടിയിലേക്ക് പതിയെ കിടന്നു.അത് കണ്ടതും രാധികയുടെ തലയില്‍ തലോടി കൊണ്ട് ആ വൃദ്ധ സ്ത്രീ പതിയെ പിറുപിറുത്തു:
"ഭഗവാനെ കാത്തു കൊള്ളേണമേ"

അങ്ങകലെ മുക്കുഴിയില്‍ രവിവര്‍മ്മയുടെ ശരീരത്തില്‍ ചെറിയ നീലനിറം ബാധിച്ച് തുടങ്ങിയിരിക്കുന്നു.രവിവര്‍മ്മയെ ആശ്വസിപ്പിച്ച് കൊണ്ട് ദേവനാരായണന്‍ സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നു.മറ്റുള്ള സ്വാമിമാരെല്ലാം രവിവര്‍മ്മയുടെ രക്ഷക്കായി പ്രാര്‍ത്ഥിച്ച് കൊണ്ട് ശരണം വിളി തുടരുകയായിരുന്നു..

"ഒന്നാം തിരുപടി...ശരണം പൊന്നയ്യപ്പാ...
സ്വാമി പൊന്നയ്യപ്പാ...അയ്യനെ പൊന്നയ്യപ്പാ..
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ!!

രണ്ടാം തിരുപടി...ശരണം പൊന്നയ്യപ്പാ...
സ്വാമി പൊന്നയ്യപ്പാ...അയ്യനെ പൊന്നയ്യപ്പാ..
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ!!"

ആ ശരണം വിളി അങ്ങനെ തുടരുകയാണ്..
ശബരിമലയിലെ പതിനെട്ട് പടിയെയും സൂചിപ്പിച്ചുള്ള ആ ശരണം വിളി കേട്ടപ്പോള്‍ രവിവര്‍മ്മ ദേവനാരായണനോട് പറഞ്ഞു:
"സ്വാമി, ഇപ്പോള്‍ എനിക്ക് മരണത്തെ ഭയമില്ല.ഈശ്വര സന്നിധിയിലേക്ക് യാത്രയാകുന്നതിനു മുന്നേ സത്യമാം പൊന്നിന്‍ പതിനെട്ടാം പടിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്"
രവിവര്‍മ്മയുടെ ആ ആഗ്രഹപ്രകാരം ദേവനാരായണന്‍ ആ വിവരങ്ങള്‍ പകര്‍ന്ന് കൊടുത്തു..
സത്യമാം പൊന്നിന്‍പതിനെട്ടാം പടിയെ കുറിച്ചുള്ള വിവരങ്ങള്‍..

വേദശാസ്‌ത്ര പുരാണങ്ങള്‍ വിവരിക്കുന്ന പരമസത്യമാണ്‌ ഈ പതിനെട്ട് പടികള്‍!!
പൂങ്കാവനത്തില്‍ ആകെ പതിനെട്ട് മലകളാണുള്ളത്..
കാളകെട്ടി, ഇഞ്ചിപ്പാറ, പുതുശ്ശേരിമല, കരിമല, നീലിമല, പൊന്നമ്പലമേട്‌, ചിറ്റമ്പലമേട്‌, മൈലാടുംമേട്‌, തലപ്പാറ, നിലയ്‌ക്കല്‍, ദേവന്‍മല, ശ്രീപാദമല, കല്‍ക്കിമല, മാതംഗമല, സുന്ദരമല, നാഗമല, ഗൗണ്ടമല, ശബരിമല എന്നിവയാണോ പതിനെട്ടു മലകള്‍.
പതിനെട്ടാംപടിയിലെ ഓരോ പടിയും ഒരു മലയെ പ്രതിനിധാനം ചെയ്യുന്നു എന്ന് ഒരു വിശ്വാസം!!

പതിനെട്ട് എന്ന സംഖ്യയെ കുറിച്ച് വേറെയും വിശേഷങ്ങളുണ്ട്..
ഭഗവദ്‌ഗീതയില്‍ പതിനെട്ട് അധ്യായങ്ങളാണുള്ളത്‌.കുരുക്ഷേത്രയുദ്ധം പതിനെട്ട് ദിവസമാണ്‌ നീണ്ടുനിന്നത്.അതേ പോലെ പുരാണങ്ങള്‍ പതിനെട്ട് ആണ്‌.മാത്രമല്ല സംഗീതത്തിലും പതിനെട്ട് അടിസ്ഥാന ഉപകരണങ്ങളാണുള്ളത്‌.ഇങ്ങനെ നോക്കിയാല്‍ ഈ പ്രപഞ്ചത്തിന്‍െറ മൂലകാരണമായി ആ പതിനെട്ടു പടികള്‍ കണക്കാക്കാം.

ഇനി മോക്ഷപ്രാപ്‌തിക്കുമുമ്പ്‌ മനുഷ്യന്‍ പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളാണിവ എന്നും പറയപ്പെടുന്നു..
അതായത് ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളായ കണ്ണ്‌,നാക്ക്‌, മൂക്ക്‌, ത്വക്ക്, ചെവി എന്നിവയെ സൂചിപ്പിക്കുന്നു.അടുത്ത എട്ടു പടികള്‍ അഷ്‌ടരാഗങ്ങളായ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്‌, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു.പിന്നീടുള്ള മൂന്ന് പടികള്‍ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു.അവസാനം വരുന്ന രണ്ട് പടികള്‍ വിദ്യയെയും, അവിദ്യയേയും പ്രതിനിധാനം ചെയ്യുന്നു.
ഒരു മനുഷ്യജന്മത്തില്‍ സ്വീകരിക്കുകയും തിരസ്ക്കരിക്കുകയും ചെയ്യേണ്ടവയാണ്‌ ഇവയെല്ലാം!!

ഇപ്പോള്‍ ദേവനാരായണന്‍റെ വിശദീകരണം കേള്‍ക്കാന്‍ ആ സംഘം മുഴുവനുണ്ട്..
സമയം മൂന്ന് മണി ആകാറായിരിക്കുന്നു..
രവിവര്‍മ്മ ഇപ്പോഴും ഉണര്‍ന്ന് തന്നെയിരിക്കുകയാണ്.
ദേവനാരായണന്‍റെ വാക്കുകള്‍ ആകാംക്ഷയോടെ കേട്ട് പതിനെട്ടാം പടിയില്‍ മനം അര്‍പ്പിച്ചിരിക്കുന്ന രവിവര്‍മ്മയോട് മറ്റ് ചില സങ്കല്‍പ്പങ്ങളും ആ മാന്ത്രികന്‍ സൂചിപ്പിച്ചു..

അയ്യപ്പന്മാര്‍ പടിയില്‍ തേങ്ങയുടച്ച്‌ വലതുകാല്‍വെച്ച്‌ വേണം പതിനെട്ടാം പടി കയറുവാന്‍.
തേങ്ങയുടയ്‌ക്കല്‍ ഒരു പ്രതീകാത്മക ചടങ്ങാണ്..
ഇവിടെ തേങ്ങയുടെ ചിരട്ട സ്ഥൂല ശരീരത്തെയും, പരിപ്പ്‌ സൂക്ഷ്‌മ ശരീരത്തെയും ഉള്ളിലുള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു.അതായത് ഭക്തന്‍െറ മനസ്സ്‌ `സ്ഥൂല' - `സൂക്ഷ്‌മ' ശരീരങ്ങള്‍ ഭേദിച്ച്‌ യഥാര്‍ഥമെന്നു കരുതുന്ന `കാരണത്തി'ലെത്തി ലയിക്കണം എന്ന് സങ്കല്‍പ്പം.
ഈ പതിനെട്ടാംപടി കടന്നുചെന്നാല്‍ കാണുന്നത്‌ ഭട്ടബന്ധം പൂണ്ട്‌, യോഗസമാധിപ്പൊരുളായി ചിന്മുദ്രയും കാട്ടി ഇരിക്കുന്ന അയ്യപ്പനെയാണ്‌.
അത് തന്നെയാണ്‌ ഒരു ഭക്തനു കിട്ടാവുന്ന പരമ പുണ്യമായ കാഴചയും!!

"ഈ പതിനെട്ടാം പടികയറാന്‍ എന്തെല്ലാം യോഗ്യത വേണമെന്ന് സ്വാമിക്കറിയാമോ?"
ദേവനാരായണന്‍റെ ഈ ചോദ്യത്തിനു രവിവര്‍മ്മയുടെ മറുപടി പതിഞ്ഞ സ്വരത്തില്‍ ഒരു മറു ചോദ്യമായിരുന്നു:
"എന്തെല്ലാം യോഗ്യതകളാ?"
"ശ്രദ്ധ, വീര്യം, സ്‌മൃതി, സമത്വബുദ്ധി എന്നി യോഗ്യതകള്‍ ആണ്‌ വേണ്ടത്. യമനിയമപാലനം വഴിയേ ഈ യോഗ്യത കൈവരിക്കൂ."
"യമനിയമപാലനമോ?"
അതേ, യമനിയമപാലനം തന്നെ..
വാക്കിലും പ്രവൃത്തിയിലും വിചാരത്തിലും പാലിക്കുന്ന അഹിംസ, സത്യം, ആഗ്രഹങ്ങള്‍ ഏറ്റാതെ സ്വന്തമല്ലാത്തതൊന്നും ആഗ്രഹിക്കാതെയും ഇരിക്കുക, ബ്രഹ്മചര്യം, അന്യരില്‍നിന്ന്‌ ഒന്നും സ്വീകരിക്കാതിരിക്കുക എന്നിങ്ങനെ അഞ്ചു കാര്യങ്ങളാണ്‌ യമനിയമങ്ങള്‍.
ഇങ്ങനെ വിശദീകരിക്കുന്ന കൂട്ടത്തില്‍ മുപ്പത് നിലവിളക്കുകള്‍, പതിനെട്ട് നാളികേരം, പതിനെട്ട് കലശവസ്‌ത്രങ്ങള്‍, പതിനെട്ട് പുഷ്‌പഹാരങ്ങള്‍ എന്നിവയാല്‍ നടത്തുന്ന പവിത്രമായ പടി പൂജയെ കുറിച്ചും ദേവനാരായണന്‍ സൂചിപ്പിച്ചു.

ഇപ്പോള്‍ സമയം മൂന്നര കഴിഞ്ഞിരിക്കുന്നു..
രവിവര്‍മ്മയുടെ ശരീരത്തില്‍ പൂര്‍ണ്ണമായും നീല നിറം ബാധിച്ചു.അയ്യപ്പസ്വാമിയെ മനസില്‍ ധ്യാനിച്ചിരുന്ന ആ സംഘാംഗങ്ങളില്‍ ഈ കാഴ്ച ഒരു നിരാശ പടര്‍ത്തി.
ദേവനാരായണന്‍ വിഷമത്തോടെ ഒരിടത്ത് മാറിയിരുന്നു ധ്യാനിക്കാന്‍ തുടങ്ങി..
സമയം പതുക്കെ നീങ്ങുകയായിരുന്നു..
മണി മൂന്നേ മുക്കാല്‍ കഴിഞ്ഞിരിക്കുന്നു..
രവിവര്‍മ്മ ആയാസപ്പെട്ട് കണ്ണ്‌ തുറന്ന് എല്ലാവരെയും ഒന്നു നോക്കി, എന്നിട്ട് പതുക്കെ ആ കണ്ണുകളടച്ചു.
"രവിമാമാ, രവിമാമാ" വൈഷ്ണവന്‍ കുലുക്കി വിളിച്ചു.
ഇല്ല, അനക്കമില്ല!!
"സ്വാമി, സ്വാമി" ബ്രഹ്മദത്തന്‍ ദേവനാരായണന്‍റെ അടുത്തേക്ക് ഓടി.
ഇല്ല, അദ്ദേഹവും ധ്യാനത്തില്‍ നിന്ന് ഉണരുന്നില്ല!!
എന്ത് ചെയ്യണമെന്നറിയാതെ ബ്രഹ്മദത്തന്‍ ആദിവാസികളുടെ മൂപ്പനായ കോരന്‍റെ അടുത്തേക്ക് ഓടി.

കോരന്‍ രവിവര്‍മ്മയുടെ സമീപമെത്തി കണ്ണ്‌ തുറന്ന് നോക്കിയട്ട് പറഞ്ഞു:
"രക്ഷയില്ല ചാമി, പോകും"
ഈ സമയം ധ്യാനത്തിലിരുന്ന ദേവനാരായണന്‍റെ മുന്നില്‍ തെളിഞ്ഞത് കണ്ഠകാളനടക്ഷേത്രമായിരുന്നു.കൂടെ ക്ഷേത്രത്തിനു സമീപം ഉണര്‍ന്ന് നില്‍ക്കുന്ന കൃഷ്ണന്‍കുട്ടി മാരാരുടെ മുഖവും അദ്ദേഹം കണ്ടു.
എന്നാല്‍ ദേവനാരായണനെ സന്തോഷിപ്പിച്ചത് മറ്റൊന്നായിരുന്നു..
മൃത്യുജ്ഞയഹോമസ്ഥലത്തിനു മുന്നില്‍ കത്തി നില്‍ക്കുന്ന നിലവിളക്കിന്‍റെ കാഴ്ച!!
അപ്പോല്‍ സമയം നാലുമണി ആകുന്നേ ഉണ്ടായിരുന്നുള്ളു..
ധ്യാനത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്ന് ദേവനാരായണന്‍ പറഞ്ഞു:
"രവിവര്‍മ്മ രക്ഷപെടും"
അത് കേട്ടതും എല്ലാവര്‍ക്കും അമ്പരപ്പ്..
മഹാവിഷഹാരിയായ കോരന്‍ പറയുന്നു രവിവര്‍മ്മ മരിച്ച് പോകുമെന്ന്!!
മഹാമാന്ത്രികനായ ദേവനാരായണന്‍ പറയുന്നു രവിവര്‍മ്മ രക്ഷപെടുമെന്ന്!!
എന്താണ്‌ സത്യമെന്നറിയാതെ അവര്‍ പകച്ച് നിന്നു..