അദ്ധ്യായം 32 - മറ്റൊരു സങ്കല്‍പ്പം



ഒരു ഭാഗത്ത് അഗ്നി അണക്കാനായി എല്ലാവരും പുറപ്പെട്ടപ്പോള്‍, തലേ ദിവസത്തെ സംവദമായിരുന്നു ദേവനാരായണന്‍റെ മനസില്‍.മോഹിനിയുടെ കഥ വിവരിച്ചതിനു ശേഷം എല്ലാവരും തമ്മില്‍ നടന്ന സംവാദം..
അയ്യപ്പനെയും ശാസ്താവിനെയും കുറിച്ചുള്ള കുറെ സംശയങ്ങള്‍..
ആ സംവാദത്തിനു തുടക്കമിട്ടത് രവിവര്‍മ്മയായിരുന്നു, ഇപ്പോള്‍ അഗ്നി വിഴുങ്ങുന്ന കുടിലിനുള്ളില്‍ കിടന്നുറങ്ങിയ രവിവര്‍മ്മ..

മോഹിനിയുടെ കഥ പറഞ്ഞ് നിര്‍ത്തിയ ദേവനാരായണനോട്, ഒരു ചോദ്യത്തിലൂടെയാണ്‌ രവിവര്‍മ്മ ആ സംവാദത്തിനു തുടക്കമിട്ടത്:
"ശിവഭക്തരും വിഷ്ണുഭക്തരും തമ്മില്‍ സ്പര്‍ദ്ധയുള്ള കാലത്ത്, ഇരു കൂട്ടരെയും ഒരുമിപ്പിക്കാനായി ആരോ പറഞ്ഞ് ഉണ്ടാക്കിയ കഥയാണ്‌ ഹരിഹരസുതന്‍റെ കഥയെന്ന് വായിച്ചിട്ടുണ്ട്.മാത്രമല്ല, അയ്യപ്പനെയും ശാസ്താവിനെയും പറ്റി പുരാണങ്ങളിലൊന്നും പരാമര്‍ശിക്കുന്നില്ല എന്നും ആ ലേഖനത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു.എന്താണ്‌ സ്വാമിയുടെ അഭിപ്രായം?"
വളരെ അര്‍ത്ഥവത്തായ ചോദ്യം!!
ആ ചോദ്യത്തിന്‍റെ വ്യാപ്തി മനസിലാക്കിയ ദേവനാരായണന്‍ ഒരു മറു ചോദ്യം ചോദിച്ചു:
"ശാസ്താവിനെ കുറിച്ച് പുരാണങ്ങളില്‍ പ്രതിപാദിക്കുന്നില്ലന്ന് ആരാ പറഞ്ഞത്?"
"ഉണ്ടോ?" വാമദേവന്‍ നമ്പൂതിരിക്കും അത്ഭുതം.
അതിനു മറുപടിയായി ദേവനാരായണന്‍ ഒരു വിശദീകരണം കൊടുത്തു..
പുരാണങ്ങളില്‍ ശാസ്താവിനെ പ്രതിപാദിക്കുന്ന ഭാഗങ്ങളെ പറ്റിയുള്ള വിശദീകരണം..

പുരാണകഥകള്‍ പ്രകാരം ഹരിഹരസുതനാണ്‌ ശാസ്താവ്!!
ഭാഗവതം അഷ്ടമസ്കന്ധത്തിലും, കമ്പരാമായണം ബാലകാണ്ഡത്തിലും ശിവഭഗവാന്‍റെയും, വിഷ്ണുമായ ആയ മോഹിനിയുടെയും കഥ പറയുന്നുണ്ട്.അതേ പോലെ സ്കന്ദപുരാണം അസുരകാണ്ഡത്തിലും ശിവമോഹിനി കഥ വിവരിക്കുന്നുണ്ട്.മാത്രമല്ല, ഹരിഹരസുതന്‍റെ പേര്‌ ശാസ്താവെന്നാണെന്നും ഇതില്‍ വ്യക്തമാക്കുന്നു.
ഒരിക്കല്‍ ശൂരപത്മാവ് എന്ന അസുരനുമായി യുദ്ധം ചെയ്യേണ്ടി വന്ന ദേവേന്ദ്രന്‍, ശചീദേവിയെ കാത്തു കൊള്ളാന്‍ ശാസ്താവിനെ നിയോഗിച്ചതായി സ്കന്ദപുരാണത്തില്‍ വിശദമാക്കുന്നു.ഇതേ പോലെ ശ്രീഭൂതനാഥോപാഖ്യാനത്തില്‍ മഹിഷീമര്‍ദ്ദനത്തിനു വേണ്ടി ശൈവ-വിഷ്ണുമായ സംയോഗത്തിലുണ്ടായ ദിവ്യസന്താനമാണ്‌ ശാസ്താവെന്ന് വിശദമാക്കുന്നുണ്ട്.
ദേവനാരായണന്‍ വിശദീകരിച്ചത് കേട്ട് വാമദേവന്‍ നമ്പൂതിരി ചോദിച്ചു:
"കൂടുതലായി വിവരണം എന്തെങ്കിലും അറിയുമോ?"
"പ്രധാനമായും ഗ്രന്‌ഥങ്ങളില്‍ നിന്ന് ഈ വിവരങ്ങളാണ്‌ ലഭിച്ചിട്ടുള്ളത്.കൂടുതലായി എന്ന് പറയാന്‍ ശാസ്താ അഷ്ടോത്തരശതകത്തില്‍, പൂര്‍ണ്ണയെന്നും, പുഷ്ക്കലയെന്നും രണ്ട് ഭാര്യമാര്‍ ശാസ്താവിനുള്ളതായി വിശദീകരിക്കുന്നുണ്ട്"
ദേവനാരായണന്‍ പറഞ്ഞു നിര്‍ത്തി.

വിവരണം പൂര്‍ണ്ണമായും മനസിലായെങ്കിലും, വാമദേവന്‍ നമ്പൂതിരിയുടെ മനസില്‍ സംശയങ്ങള്‍ മാത്രം ബാക്കിയായി.തിരുമേനിയുടെ മുഖഭാവത്തില്‍ നിന്നും വ്യത്യാസം മനസിലാക്കിയ ദേവനാരായണന്‍ ചോദിച്ചു:
"എന്താ സ്വാമി ഒരു സംശയം?"
അതിനു മറുപടി ഒരു മറുചോദ്യമായിരുന്നു:
"ശാസ്താവിനു രണ്ട് ഭാര്യമാരുണ്ടോ, പ്രഭയെന്ന ഒരു ഭാര്യയെല്ലേ ഉള്ളു?"
ആ ചോദ്യം ദേവനാരായണന്‍ പ്രതീക്ഷിച്ചിരുന്നു..
കാരണം പൂര്‍ണ്ണയെന്നും, പുഷ്ക്കലയെന്നും രണ്ട് ഭാര്യമാരുള്ള ഭഗവാനായി ശാസ്താവിനെ ചിത്രീകരിക്കുന്നുണ്ടെങ്കിലും, അതോടൊപ്പം അദ്ദേഹത്തെ കുറിച്ച് കേരളക്കരയില്‍ വാമൊഴികളിലൂടെ പകര്‍ന്ന് വന്ന ഒരു വിശ്വാസത്തെ കുറിച്ചാണ്‌ ആ ചോദ്യം.
ശാസ്താവിനു പ്രഭ എന്നൊരു ഭാര്യയല്ലേ ഉള്ളത്??
ആ ചോദ്യത്തിനു ദേവനാരായണന്‍ ഇങ്ങനെ മറുപടി കൊടുത്തു..
ശരിയാണ്‌ പ്രഭ എന്ന ഭാര്യയും, സത്യകന്‍ എന്ന മകനുമുള്ള ഗൃഹസ്ഥനായ ഭഗവാനാണ്‌ ശാസ്താവെന്നും വിശ്വസിക്കുന്നുണ്ട്.ഈ രണ്ട് വിശ്വാസങ്ങളും സൂചിപ്പിക്കുന്നത് ഒന്നാണ്..
ശാസ്താവ് ഒരു ഗൃഹസ്ഥനായ ഭഗവാനാണ്!!
ദേവനാരായണന്‍റെ വിവരണങ്ങള്‍ മുസ്തഫക്ക് പൂര്‍ണ്ണമായും ദഹിച്ചില്ല, അയാള്‍ ആരാഞ്ഞു:
"അപ്പോള്‍ അയ്യപ്പനോ? അദ്ദേഹം നിത്യബ്രഹ്മചാരിയല്ലേ?"
ഈ ചോദ്യത്തിനു മറുപടിയായി ദേവനാരായണന്‍ അയ്യപ്പനെ കുറിച്ച് വിവരിച്ചു..

പുരാണങ്ങളിലൊന്നും അയ്യപ്പന്‍ എന്ന നാമം പരാമര്‍ശിക്കുന്നില്ല.അതിനാലാണ്‌ ശാസ്താവിനെ പുണ്യപുരുഷനായി കാണുമ്പോള്‍, അയ്യപ്പനെ ചരിത്രപുരുഷനായി ഒരു വിഭാഗം ആളുകള്‍ കണക്കാക്കുന്നത്.എന്നാല്‍ ഹൈന്ദവപണ്ഡിതന്‍മാരുടെ അഭിപ്രായപ്രകാരം ശാസ്താവും അയ്യപ്പനും ഒന്നാണ്.മഹാവിഷ്ണുവിന്‍റെ അവതാരം ശ്രീകൃഷ്ണന്‍ എന്ന പോലെ ശാസ്താവിന്‍റെ അവതാരം ആയിരുന്നത്രേ അയ്യപ്പന്‍!!
ഹരിഹരപുത്രനായ ശാസ്താവ് ഗൃഹസ്ഥനായ ഭഗവാനാണെങ്കില്‍, അയ്യപ്പഭഗവാന്‍ നിത്യബ്രഹ്മചാരിയാണ്.ശബരിമല ഒഴികെയുള്ള മറ്റ് അയ്യപ്പക്ഷേത്രങ്ങളിലെല്ലാം ശാസ്താസങ്കല്‍പ്പത്തിലുള്ള പൂജകളാണത്രേ!!
അത് മാത്രമോ ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങള്‍ വേറെങ്ങുമില്ല. എന്തിനു ഏറെ പറയുന്നു ശബരിമലയിലെത്തന്നെ അനുബന്ധ ക്ഷേത്രങ്ങളായ എരുമേലി, കുളത്തൂപ്പുഴ, ആര്യങ്കാവ്‌, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലൊന്നും ഇതേ പോലെ കര്‍ശനമായ വ്രതാനുഷ്‌ഠാനങ്ങളോ, വിലക്കുകളോ ഇല്ലാത്തതും ഇതേ കാരണം കൊണ്ടാണ്.

"അപ്പോള്‍ ശബരിമലയില്‍ അയ്യപ്പസ്വാമിയാണല്ലേ?"
"അതേ, ശാസ്താവിന്‍റെ അവതാരമായ, ഒടുവില്‍ ശാസ്താവില്‍ വിലയം പ്രാപിച്ച, നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമി.അദ്ദേഹത്തിന്‍റെ ബ്രഹ്മചര്യമാണ്‌ ശബരിമലയുടെ ചൈതന്യവും."
ദേവനാരായണന്‍ തറപ്പിച്ചു പറഞ്ഞു.
"അപ്പോ ശാസ്താവ് കേരളീയമായ സങ്കല്‍പ്പമാണെന്ന് കേള്‍ക്കുന്നത് ശരിയാണോ?"
ബ്രഹ്മദത്തന്‍ വളരെ നാളായി മനസില്‍ കൊണ്ട് നടന്ന ചോദ്യമായിരുന്നിത്.അവസരം വന്നപ്പോള്‍ അയാളത് ചോദിക്കുകയും ചെയ്തു.ദേവനാരായണനില്‍ നിന്ന് മറുപടി പ്രതീക്ഷിച്ചിരുന്ന ബ്രഹ്മദത്തനോട് രവിവര്‍മ്മ പറഞ്ഞു:
"അല്ല, ഒരിക്കലുമല്ല.ശാസ്താസങ്കല്‍പ്പം കേരളക്കരയില്‍ ഉത്ഭവിച്ചതല്ല"
അമ്പരന്ന് പോയ ബ്രഹ്മദത്തനോട് രവിവര്‍മ്മ ആ സംഭവങ്ങള്‍ വിവരിച്ചു..
അവന്‍ വായിച്ചറിഞ്ഞ സംഭവങ്ങള്‍...
കേരളക്കരക്ക് പുറത്ത് നിന്ന് വന്ന ശാസ്താസങ്കല്‍പ്പങ്ങള്‍..

"സ്വാമി പറഞ്ഞിട്ടല്ലേ, അവനെ അവിടെ കിടത്തിയത്.എന്നിട്ടിപ്പോ....?"
ബ്രഹ്മദത്തന്‍റെ ഈ ചോദ്യമാണ്‌ തലേദിവസത്തെ സംവാദത്തിന്‍റെ ഓര്‍മ്മയില്‍ നിന്ന് ദേവനാരായണനെ ആളി കത്തുന്ന കുടിലിന്‍റെ കാഴ്ചയിലേക്ക് തിരികെ കൊണ്ട് വന്നത്.
മുന്നില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്..
മണ്ണ്‌ വാരിയിട്ടും, വെള്ളമൊഴിച്ചും തീയണക്കാനുള്ള ശ്രമങ്ങള്‍!!
അതിനു ഫലമില്ലെന്നുള്ള അറിവിലാണ്‌ ബ്രഹ്മദത്തന്‍ ഓടി ദേവനാരായണന്‍റെ അടുത്തെത്തിയത്.ഇത്രേയൊക്കെ സംഭവിച്ചിട്ടും എന്തോ ആലോചിച്ച് നില്‍ക്കുന്ന മാന്ത്രികനെ കണ്ടപ്പോള്‍ അയാള്‍ അറിയാതെ ചോദിച്ച് പോയി..
സ്വാമി പറഞ്ഞിട്ടല്ലേ, അവനെ അവിടെ കിടത്തിയത്.എന്നിട്ടിപ്പോ...?
ആ ചോദ്യം ദേവനാരായണന്‍റെ നെഞ്ചിലാണ്‌ കൊണ്ടത്.
എന്ത് മറുപടി പറയും??
ഒടുവില്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:
"അയ്യപ്പഭഗവാന്‍ രക്ഷിക്കുമെന്ന് തന്നെയാണ്‌ എന്‍റെ വിശ്വാസം"
ആ വാക്കുകള്‍ ശരി വച്ച് കൊണ്ട് ഒരു കുതിര കുളമ്പടി അവിടെ മുഴങ്ങി!!
തിരിഞ്ഞ് നോക്കിയ ദേവനാരായണനും കൂട്ടരും കണ്ടത്, ഒരു തികഞ്ഞ അഭ്യാസിയെ പോലെ കുതിര പുറത്ത് വരുന്ന ഒരു യുവാവിനെയാണ്.അവരുടെ സമീപത്ത് വന്ന് നിന്ന കുതിരയില്‍ നിന്നും ആ യുവാവ് നിലത്തിറങ്ങി.
ആളിക്കത്തുന്ന അഗ്നിയുടെ വെളിച്ചത്തില്‍ ആ യുവാവിനെ കണ്ട് അവര്‍ ഞെട്ടിപ്പോയി!!
കാരണം അത് രവിവര്‍മ്മയായിരുന്നു..