അദ്ധ്യായം 33 - രക്ഷകന്‍റെ രൂപം



രവിവര്‍മ്മയുടെ കുടിലിനു തീ പിടിച്ചതിന്‍റെ തലേദിവസം..
ശാസ്താ സങ്കല്‍പ്പം കേരളക്കരയുടെതാണോ എന്ന ചോദ്യത്തിനു രവിവര്‍മ്മ പറഞ്ഞ മറുപടി..
അത് ഇപ്രകാരമായിരുന്നു..

ശാസ്താസങ്കല്‍പ്പം തികച്ചും കേരളീയമായ ഒന്നല്ല!!
രവിവര്‍മ്മക്ക് ലഭിച്ച അറിവിന്‍ പ്രകാരം ശാസ്താവ് ക്ഷത്രിയ ദൈവമാണത്രേ.ക്ഷത്രിയര്‍ ഭൂമിയെ രക്ഷിക്കാന്‍ ചുമതലപ്പെട്ടവരാണ്, യുദ്ധമാണ്‌ അവരുടെ കര്‍മം.ഇവരെ സംബന്ധിച്ച് ശക്തിയുടെ പ്രതീകമാണ്‌ ശാസ്താവ്.
"കേരളത്തില്‍ ഈ ശക്തി എത്തിച്ചത് ആരാണ്?"
"സിന്ധു നദീതട പ്രദേശത്തുനിന്നും പരശുരാമനാണ് ശാസ്താവിഗ്രഹം കേരളത്തിലേക്ക് കൊണ്ടു വന്നത് എന്നാണ്‌ വായിച്ചുള്ള ഓര്‍മ്മ"
രവിവര്‍മ്മ വിശദമാക്കി.
"പരശുരാമന്‍ ക്ഷത്രിയ വിരോധിയല്ലേ?"
ചില കേട്ട് മറന്ന കഥകളിലെ ഓര്‍മ്മയാണ്‌ വൈഷ്ണവനെ കൊണ്ട് ആ ചോദ്യം ചോദിപ്പിച്ചത്.അതിനു മറുപടി പറഞ്ഞത് ദേവനാരായണനായിരുന്നു:
"സ്വാമി, അത് ഇവിടെ ചിന്തിക്കേണ്ട കാര്യമില്ല.കാരണം അദ്ദേഹത്തിനു ശാസ്താവിനോട് വിരോധമില്ല"

ദേവനാരായണന്‍റെ മറുപടി കേട്ട് വിഷ്ണുദത്തന്‍ മിണ്ടാതെ ഇരുന്നെങ്കിലും ബ്രഹ്മദത്തന്‍ ഒരു സംശയം ചോദിച്ചു:
"എന്തേ ശാസ്താവിനു ശബരിമല തിരഞ്ഞെടുത്തത്?"
വായിച്ചുള്ള അറിവില്‍ നിന്ന് രവിവര്‍മ്മ ആ ചോദ്യത്തിനു മറുപടി നല്‍കി..
ശിവഭഗവാനെ ബ്രാഹ്മണരുടെ കുലദൈവമായി കരുതിയിരുന്ന കാലഘട്ടം..
സങ്കല്‍പ്പപ്രകാരം മഹാദേവന്‍ കൈലാസത്തിലാണ്‌ വാഴുന്നത്.ബ്രാഹ്മണരുമായി വളരെ അടുത്ത സ്ഥനമുള്ളവരാണ്‌ ക്ഷത്രിയര്‍.അതിനാല്‍ അവര്‍, ബ്രാഹ്മണര്‍ ഹിമാലയത്തില്‍ ശിവഭഗവാനെ പ്രതിഷ്ഠിച്ച പോലെ, ഹിമാലയം കഴിഞ്ഞാല്‍ ഏറ്റവും ഉയരമുള്ള പശ്ചിമഘട്ടമലനിരയില്‍ തങ്ങളുടെ കുലദൈവമായ ശാസ്താവിനെ പ്രതിഷ്ഠിച്ചു എന്ന് കരുതാം.
"അപ്പോള്‍ പന്തളത്തിന്‍റെ സ്ഥാനം എന്താണ്?"
ബ്രഹ്മദത്തനു സംശയങ്ങള്‍ തീരുന്നില്ല.
അതിനു മറുപടിയായി രവിവര്‍മ്മ ഇങ്ങനെ വിശദീകരിച്ചു..

ശബരിമലയിലേക്കുള്ള ദുര്‍ഘടമായ പാത ശാസ്താവിഗ്രഹം അവിടെ പ്രതിഷ്ഠിക്കുന്നതിനു വിഘാതമായി.അതിനാല്‍ പാത ശരിയാകുന്ന വരെ ശാസ്താവിഗ്രഹം സൂക്ഷിക്കാമെന്ന് പന്തളം രാജാവ് ഉറപ്പ് നല്‍കി.അതിനായി അദ്ദേഹം നദീതീരത്ത് ഒരു ക്ഷേത്രം പണിത് വിഗ്രഹം അവിടെ പ്രതിഷ്ഠിക്കുകയും പൂജകള്‍ നടത്തുകയും ചെയ്തു.
ഇത്രയും വിശദീകരിച്ചിട്ട് ഒന്നുകൂടി വ്യക്തമാകാന്‍ രവിവര്‍മ്മ പറഞ്ഞു:
"ശാസ്താവിനെ അച്ഛനായാണ്‌ ക്ഷത്രിയര്‍ കണ്ടിരുന്നത്.അതിനാലാണ്‌ ആ നദിക്ക് അച്ഛന്‍കോവില്‍ ആറെന്ന് പേരുണ്ടായതെന്നും അന്ന് വായിച്ചതോര്‍ക്കുന്നു"
ആരും ഒന്നും മിണ്ടിയില്ല.എന്നാല്‍ എല്ലാവര്‍ക്കും ഒരു കാര്യം ഉറപ്പായി, ശാസ്താവ് ഹരിഹരസുതനാണ്.മഹിഷീമര്‍ദ്ദനത്തിനായി ജന്മം കൊണ്ട ഹരിഹരസുതന്‍.ഒരു പക്ഷേ അദ്ദേഹം അതിനായി അവതരിച്ചത് അയ്യപ്പ വേഷത്തിലാകാം..
അതു തന്നെയാകാം വിവിധ കഥക്ക് ആധാരമായ സത്യവും..
വിവിധ ചിന്തകള്‍ക്ക് ഇടക്കും ആ സംഘത്തിലെ ആളുകളുടെ ഉപബോധമനസ്സില്‍ ഒരു കാര്യം ഉറപ്പായി..
അയ്യപ്പനും ശാസ്താവും രണ്ടല്ല, ഒന്നാണ്!!

മോഹിനി കഥക്ക് ശേഷം ഈ ഒരു സംവാദവും കഴിഞ്ഞാണ്‌ രവിവര്‍മ്മ അന്ന് ഉറങ്ങാന്‍ കിടന്നത്..
അന്നത്തെ രാത്രി..
സമയം ഒരു രണ്ട് മണി കഴിഞ്ഞു കാണണം..
രവിവര്‍മ്മ കിടക്കുന്ന കുടില്‍, ഒരു വിളക്കിന്‍റെ പ്രകാശം മാത്രം കാണാം..
രവിവര്‍മ്മ നല്ല ഉറക്കത്തിലാണ്!!
'ട്ക്ക് ട്ക്ക് ട്ക്ക് ട്ക്ക് ട്ക്ക്'
ഒരു ശബ്ദം കേട്ടുവോ??
രവിവര്‍മ്മ ഞെട്ടി എഴുന്നേറ്റു.
അതേ, അത് കുതിര കുളമ്പടി തന്നെ!!
ഒരു കുതിര നടന്ന് പോകുന്ന പോലെ.
പെട്ടന്ന് പുറത്തേക്ക് ഇറങ്ങിയ രവിവര്‍മ്മ അത്ഭുതപ്പെട്ടു പോയി.അങ്ങകലെ നടന്ന് നീങ്ങുന്ന കുതിര.ഇടക്കിടെ അത് തിരിഞ്ഞ് നോക്കുന്നുമുണ്ട്.കടിഞ്ഞാണും മറ്റും സൂചിപ്പിക്കുന്നത് അത് സവാരിക്ക് ഉപയോഗിക്കുന്ന കുതിരയാണെന്ന് തന്നെയാണ്.രവിവര്‍മ്മ അതിന്‍റെ അടുത്തേക്ക് ഓടി.അടുത്തേക്ക് ചെല്ലുമ്പോള്‍ അത് അകന്നു പോകുന്ന പോലെ, ഒടുവില്‍ രവിവര്‍മ്മ അതിന്‍റെ അടുത്തെത്തി.നഗരത്തില്‍ വച്ച് കുതിരപന്തയത്തില്‍ പങ്കെടുക്കുന്ന രവിവര്‍മ്മക്ക് അതിനെ മെരുക്കാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.അങ്ങനെ കുതിരപ്പുറത്തേറി തിരികെ വന്ന രവിവര്‍മ്മ കണ്ടത് കത്തിച്ച് വച്ച വിളക്കില്‍ നിന്നും തീ പടര്‍ന്ന് ആളി കത്തുന്ന കുടിലാണ്!!

രവിവര്‍മ്മയില്‍ നിന്ന് സത്യാവസ്ഥ അറിഞ്ഞ നാട്ടുകാരില്‍ ഒരാള്‍ കുതിരയെ കണ്ട് അത്ഭുതത്തോടെ ചോദിച്ചു:
"അയ്യോ, ഇത് ജാക്കിയല്ലേ?"
അതേ, ജാക്കി തന്നെ!!
സേവ്യറിന്‍റെ പ്രിയപ്പെട്ട കുതിരയായ ജാക്കി.
ആരോ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സേവ്യര്‍ സ്ഥലത്തെത്തി.രവിവര്‍മ്മയോട് നന്ദി പറഞ്ഞ് അയാള്‍ കുതിരയുമായി തിരിച്ച് പോയപ്പോള്‍ ദേവനാരായണന്‍ എല്ലാവരോടുമായി പറഞ്ഞു:
"അരൂപിയായ അപകടം കഴിഞ്ഞിരിക്കുന്നു, സാക്ഷാല്‍ ഭഗവാന്‍ കാത്തു"
"ഭഗവാന്‍ കാത്തെന്നോ?"
"അതേ, തന്‍റെ വാഹനമായ കുതിരയെ തന്നെ അയ്യപ്പസ്വാമി അയച്ചത് കണ്ടില്ലേ?"
എല്ലാവര്‍ക്കും അത്ഭുതം!!
എന്നാല്‍ അത് കേട്ടതും വിഷ്ണുദത്തനു ഒരു സംശയം:
"അയ്യപ്പസ്വാമിയുടെ വാഹനം കുതിരയാണോ, പുലിയല്ലേ?"
"അല്ല, ഭഗവാന്‍റെ വാഹനം കുതിരയാണ്"
അമ്പരന്ന് നിന്ന അവരോട് ദേവനാരായണന്‍ ആ കഥ വിവരിച്ചു..
ശാസ്താവിന്‍റെ വാഹനം കുതിരയാകാന്‍ കാരണമായ കഥ..