കലിയുഗവരദന്‍ - ഒരു ആമുഖം



മണ്ഡലക്കാലം..
വൃശ്ചികം ഒന്ന്‌ മുതല്‍ നാല്‍പ്പത്തിയൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വ്രതശുദ്ധിയുടെ കാലഘട്ടം.രണ്ടായിരത്തി ഒമ്പതിലെ കേരളപ്പിറവി ദിനം മുതല്‍, ആ വര്‍ഷത്തെ മണ്ഡലക്കാലത്തോട് അനുബന്ധിച്ച്, അയ്യപ്പകഥകള്‍ എല്ലാവര്‍ക്കും വേഗത്തില്‍ മനസിലാക്കാന്‍, ഞാന്‍ ഒരുക്കിയ ഒരു എളിയ സംരംഭമാണിത്.അയ്യപ്പകഥകളും, ശബരിമല അനുഷ്ഠാനങ്ങളും താഴെ കടപ്പാടില്‍ സൂചിപ്പിച്ചിരിക്കുന്ന വെബ്സൈറ്റുകളില്‍ നിന്നും, പുസ്തകങ്ങളില്‍ നിന്നും ശേഖരിച്ച്, ഒരു നോവലിന്‍റെ ചട്ടക്കൂടില്‍ അവതരിപ്പിച്ചതാണ്‌ ഈ കലിയുഗവരദന്‍.

ഇതൊരു തുടര്‍ രചനയായതിനാല്‍ ആദ്യ അദ്ധ്യായം മുതല്‍ തുടര്‍ച്ചയായി വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.കലിയുഗവരദനിലെ അദ്ധ്യായങ്ങള്‍ താഴെ സൂചിപ്പിച്ചിരിക്കുന്നു..

കലിയുഗവരദന്‍ - ഒരു ആമുഖം
അദ്ധ്യായം 01 - തത്വമസി എന്ന വാക്ക്
അദ്ധ്യായം 02 - ശനി എന്ന ഗ്രഹം
അദ്ധ്യായം 03 - മനസ്സിലെ മണ്ഡലക്കാലം
അദ്ധ്യായം 04 - പാണ്ഡ്യവംശത്തിന്‍ കഥ
അദ്ധ്യായം 05 - ഇത് ചരിത്രകഥ
അദ്ധ്യായം 06 - എരുമേലില്‍ പേട്ടതുള്ളല്‍
അദ്ധ്യായം 07 - ചരിത്രത്തിന്‍റെ ബാക്കി
അദ്ധ്യായം 08 - കലിയുഗ രക്ഷകന്‍
അദ്ധ്യായം 09 - മഹിഷിയുടെ ജനനം
അദ്ധ്യായം 10 - മാന്ത്രികനായ ഭട്ടതിരി
അദ്ധ്യായം 11 - ഇടത്താവളങ്ങളുടെ കഥ
അദ്ധ്യായം 12 - ഗുരുസ്വാമി തയ്യാറാവുന്നു
അദ്ധ്യായം 13 - വാവരുടെ കഥ
അദ്ധ്യായം 14 - അയ്യപ്പ സങ്കല്‍പ്പം
അദ്ധ്യായം 15 - അയ്യപ്പന്‍ വിളക്ക്
അദ്ധ്യായം 16 - ശാസ്താംപാട്ടിലെ അയ്യപ്പന്‍
അദ്ധ്യായം 17 - ഇത് മറ്റൊരു കഥ
അദ്ധ്യായം 18 - ഇരുമുടിക്കെട്ടിന്‍റെ കഥ
അദ്ധ്യായം 19 - പരബ്രഹ്മ സന്നിധിയില്‍
അദ്ധ്യായം 20 - രക്ഷയുടെ ചെറുനാളം
അദ്ധ്യായം 21 - യാത്ര ആരംഭിക്കുന്നു
അദ്ധ്യായം 22 - ഇന്ന് കരയംവെട്ടത്ത്
അദ്ധ്യായം 23 - അയ്യപ്പ സങ്കല്‍പ്പങ്ങള്‍
അദ്ധ്യായം 24 - വിശ്വാസങ്ങള്‍ പലതരം
അദ്ധ്യായം 25 -സ്വാമിശരണം എന്ന വാക്ക്
അദ്ധ്യായം 26 - സത്യത്തിന്‍റെ മുഖം
അദ്ധ്യായം 27 - ഒരു ശാപത്തിന്‍റെ കഥ
അദ്ധ്യായം 28 - സുന്ദര മഹിഷം
അദ്ധ്യായം 29 - ഇനി ഇടപ്പാവൂര്‍
അദ്ധ്യായം 30 - മൂന്നാമത്തെ രാത്രി
അദ്ധ്യായം 31 - ബുദ്ധിമതിയായ മോഹിനി
അദ്ധ്യായം 32 - മറ്റൊരു സങ്കല്‍പ്പം
അദ്ധ്യായം 33 - രക്ഷകന്‍റെ രൂപം
അദ്ധ്യായം 34 - കുതിരയുടെ കഥ
അദ്ധ്യായം 35 - ഉദയാസ്തമന കൂത്ത്
അദ്ധ്യായം 36 - മാന്ത്രികന്‍റെ മനകണ്ണ്‌
അദ്ധ്യായം 37 - ഐതിഹ്യത്തിലെ കഥ
അദ്ധ്യായം 38 - മണികണ്ഠന്‍റെ കഥ
അദ്ധ്യായം 39 - രണ്ടാമത്തെ അപകടം
അദ്ധ്യായം 40 - സംഘം എരുമേലിയില്‍
അദ്ധ്യായം 41 - ഇനി വനയാത്ര
അദ്ധ്യായം 42 - കാനന യാത്ര
അദ്ധ്യായം 43 - കല്ലിടാം കുന്നില്‍
അദ്ധ്യായം 44 - തിരുവാഭരണ ഘോഷയാത്ര
അദ്ധ്യായം 45 - സംഘം മുക്കുഴിയില്‍
അദ്ധ്യായം 46 - മലങ്കോട്ട കൊച്ചുവേലന്‍
അദ്ധ്യായം 47 - മൂന്നാമത്തെ അപകടം
അദ്ധ്യായം 48 - പതിനെട്ടാം പടി
അദ്ധ്യായം 49 - അയ്യപ്പ സന്നിധിയില്‍
അദ്ധ്യായം 50 - യാത്ര പൂര്‍ത്തിയാകുന്നു

ഈ ബ്ലോഗിന്‍റെ സൈഡിലുള്ള 'അദ്ധ്യായങ്ങള്‍' എന്ന ഭാഗത്ത് എല്ലാ അദ്ധ്യായങ്ങളിലേക്കുമുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്.ദയവായി ആ ലിങ്ക് ഉപയോഗിക്കുക..

നിങ്ങളുടെ അഭിപ്രായങ്ങളെ ഞാന്‍ വിലമതിക്കുന്നു...
ഈ സംരംഭം വായിച്ച ശേഷം..
കലിയുഗവരദനെ കുറിച്ചുള്ള..
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍..
നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍..
നിങ്ങളുടെ വിലയേറിയ വിമര്‍ശനങ്ങള്‍..
എല്ലാം അറിയിക്കണേ..

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍..
ദയവായി ഇത് വഴി വരിക

ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി!!
സ്നേഹപൂര്‍വ്വം
അരുണ്‍ കരിമുട്ടം

അദ്ധ്യായം 50 - യാത്ര പൂര്‍ത്തിയാകുന്നു



കീഴ്ക്കോവില്‍ അയ്യപ്പക്ഷേത്രം..
രവിവര്‍മ്മയും കൂട്ടരും അവിടെ തിരിച്ചെത്തിയപ്പോള്‍ സമയം വൈകുന്നേരമായി.അവര്‍ അമ്പലത്തിലേക്ക് കയറിയ നിമിഷം തന്നെയാണ്‌ വൈകുന്നേരത്തെ പൂജകള്‍ക്കായി നട തുറന്നതും.പ്രാര്‍ത്ഥിച്ച് മാല ഊരിയതിനു ശേഷം ഭഗവാനു നന്ദി പറയാനായി രവിവര്‍മ്മ ശ്രീകോവിലിനു മുന്നിലെത്തി..
തൊഴുന്ന കൂട്ടത്തില്‍ അയാളുടെ നോട്ടം മുഴുവന്‍ വിഗ്രഹത്തിലായിരുന്നു..
ഇത് ശാസ്താവാണ്...
ശബരിമലയില്‍ ഇദ്ദേഹത്തിന്‍റെ അവതാരമായ അയ്യപ്പനും!!
വിഗ്രഹങ്ങള്‍ തമ്മില്‍ എന്താണ്‌ വ്യത്യാസമുള്ളത്??
പ്രത്യക്ഷത്തില്‍ ഒന്നും കാണുന്നില്ല!!
ശബരിമലയിലെ അയ്യപ്പന്‍റെ രൂപവും, കീഴ്ക്കോവിലെ ശാസ്താവിന്‍റെ രൂപവും തമ്മില്‍ നോക്കിയപ്പോള്‍ ഒരു ചെറിയ വ്യത്യാസം രവിവര്‍മ്മയുടെ കണ്ണില്‍പ്പെട്ടു..
കീഴ്ക്കോവിലെ ശാസ്താവിഗ്രഹത്തിന്‍റെ വലത്തെ കൈയ്യില്‍ ഒരു വരയുണ്ട്!!
വാമദേവന്‍ നമ്പൂതിരിയോട് അതിനു പിന്നിലെ ഐതിഹ്യം ചോദിക്കണം എന്ന് മനസില്‍ കരുതി അയാള്‍ തൊഴുതിറങ്ങി.

"അച്ഛാ, ദേ അമ്മ"
ഇങ്ങനെ പറഞ്ഞു കൊണ്ട് വൈഷ്ണവന്‍ രാധികയുടെ അടുത്തേക്ക് ഓടി.
സ്വാമിമാര്‍ തിരികെ വന്ന വിവരമറിഞ്ഞ് ഓടി വന്നതാണവള്‍.പെട്ടന്ന് രാധികയെ കണ്ടപ്പോള്‍ കഴിഞ്ഞതെല്ലാം പറയണമെന്ന് ബ്രഹ്മദത്തനു ആഗ്രഹമുണ്ട്..
സാവകാശമാകാം എന്നു കരുതി അയാള്‍ മൌനം പാലിച്ചു.
എന്നാല്‍ രാധികക്ക് മനസിലുള്ള സന്തോഷ വര്‍ത്തമാനങ്ങള്‍ എത്രയും വേഗം അറിയിക്കാനുള്ള ആഗ്രഹമായിരുന്നു, അവള്‍ പറഞ്ഞു:
"ശേഖര്‍ വിളിച്ചാരുന്നു.നമ്മുടെ ബില്ല്‌ പാസായി, മാത്രമല്ല ആ മെട്രോയുടെ ജോലി രവിക്ക് കിട്ടി"
അത് കേട്ടതും രവിവര്‍മ്മ അത്ഭുതപ്പെട്ടുപോയി..
ദേവനാരായണന്‍റെ വാക്കുകള്‍ അവന്‍റെ മനസില്‍ ഓടി വന്നു..
'ഇനി ജീവിതത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കും'
ഈശ്വരാ, അത് സത്യമായിരിക്കുന്നു!!

"തിരുമേനി പറഞ്ഞ പോലെ മൃത്യുജ്ഞയഹോമം മുടക്കിയട്ടില്ല" രാധികയുടെ വാക്കുകള്‍ വാമദേവന്‍ നമ്പൂതിരിയോടായിരുന്നു.
"നന്നായി കുഞ്ഞേ, അതിന്‍റെ ഫലവും ലഭിച്ചു"
ഇങ്ങനെ രാധികയോട് പറഞ്ഞിട്ട് തിരുമേനി എല്ലാവരോടുമായി പറഞ്ഞു:
"നമ്മുക്ക് കണ്ഠകാളനട ക്ഷേത്രത്തില്‍ കൂടി പോകാം"
എല്ലാവര്‍ക്കും അതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളു..
അവര്‍ കണ്ഠകാളനട ക്ഷേത്രത്തിലെത്തി..
മഹാദേവനെ തൊഴുതതിനു ശേഷം രവിവര്‍മ്മ തിരക്കിയത് കൃഷ്ണന്‍കുട്ടി മാരാരെയാണ്.വെളുപ്പാന്‍ കാലത്ത് ഹോമസ്ഥലത്ത് വിളക്ക് കത്തിച്ചതിനു നന്ദി പറയാന്‍ വേണ്ടി ആണ്‌ മാരാരെവിടെ എന്ന് അയാള്‍ വിഷ്ണുദത്തനോട് ചോദിച്ചത്.
വിഷ്ണുദത്തന്‍ ചൂണ്ടികാട്ടിയ വ്യക്തിക്ക് അരികിലേക്ക് വൈഷ്ണവനെയും കൂട്ടി രവിവര്‍മ്മ ചെന്നു, എന്നിട്ട് ചോദിച്ചു:
"മാരാരല്ലേ?"
രവിവര്‍മ്മയുടെ ചോദ്യം കേട്ടതും, ആ വ്യക്തി ഭയത്തോടെ പറഞ്ഞു:
"ക്ഷമിക്കണം, അറിയാതെ സംഭവിച്ച് പോയതാ.ദയവ് ചെയ്ത് പ്രശ്നമുണ്ടാക്കരുത്."
എന്ത്??
രവിവര്‍മ്മക്ക് അത്ഭുതം.
അതിനു മറുപടിയായി മാപ്പ് ചോദിക്കാനുള്ള കാരണം മാരാര്‍ വിശദമാക്കി..

മാരാര്‍ സാധാരണ അമ്പലത്തില്‍ തന്നെയാണ്‌ കിടക്കാറുള്ളത്..
രണ്ട് ദിവസം മുമ്പേയുള്ള ഒരു സംഭവം.
പുലര്‍ച്ചേ നാലുമണി ആകാറാകുന്നു..
ഒരു കുട്ടിയുടെ ശബ്ദം കേട്ടാണ്‌ ഉണര്‍ന്നത്.നോക്കുമ്പോള്‍ ഒരു ബാലന്‍ ഹോമസ്ഥലത്തെ നിലവിളക്ക് കത്തിച്ച് തൊഴുന്നു..
"ആരാ, എന്തിനാ വിളക്ക് കത്തിച്ചത്?"
"ഭഗവാനെ കാണുമ്പോള്‍ വിളക്ക് കത്തിച്ച് തൊഴണമെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്" ബാലന്‍റെ മറുപടി.
എന്നാല്‍ ആ മറുപടി ധിക്കാരപൂര്‍വ്വമാണെന്ന് കരുതി മാരാര്‍ ആ ബാലനെ ഒരു വടിയെടുത്ത് അടിച്ചു.അപ്പോള്‍ തന്നെ കരഞ്ഞ് കൊണ്ട് അവന്‍ പുറത്തേക്ക് ഓടി..
പിന്നീട് പുറത്തിറങ്ങി അന്വേഷിച്ചിട്ടും അങ്ങനെ ഒരു ബാലനെ കണ്ടതേയില്ല.

തന്നെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ വിളക്ക് തെളിച്ചത് ഒരു ബാലനാണെന്ന് അറിഞ്ഞ രവിവര്‍മ്മ അത്ഭുതപ്പെട്ടു പോയി!!
ആരാണത്??
"ഇനി ആ പയ്യനെ കണ്ടാല്‍ മാരാര്‍ക്ക് തിരിച്ചറിയാമോ?"
"അത് ഈ ബാലനാ" മാരാരുടെ മറുപടി.
മറുപടിയോടൊപ്പം അദ്ദേഹം കൈ ചൂണ്ടിയത് വൈഷ്ണവനു നേരെ ആണെന്ന് കണ്ടപ്പോള്‍ രവിവര്‍മ്മ അമ്പരന്ന് പോയി..
വൈഷ്ണവനോ??
അതെങ്ങനെ ശരിയാകും??
വൈഷ്ണവനും മലക്ക് വന്നതല്ലേ??
"മാരാര്‍ക്ക് തെറ്റിയതാണോ?" സംശയത്തോടെയുള്ള രവിവര്‍മ്മയുടെ ചൊദ്യം.
"ഇല്ല, തെറ്റിയില്ല.സാറ്‌ നോക്കിയെ, എന്‍റെ അടി കൊണ്ട് മോന്‍റെ വലത്തെ കൈ പൊട്ടുകയും ചെയ്താരുന്നു.അതാ ഞാന്‍ ക്ഷമ ചോദിച്ചത്"
വലത്തെ കൈ പൊട്ടിയെന്നോ??
മാരാര്‍ക്കെന്താ വട്ടാണോ??
രവിവര്‍മ്മ ഇങ്ങനെ ചിന്തിച്ച നിമിഷം കണ്ഠകാളനട പരിസരത്ത് നിന്ന് മലക്ക് പോകാന്‍ തയ്യാറാവുന്ന അയ്യപ്പന്‍മാരുടെ ശരണം വിളികളുയര്‍ന്നു...

"സ്വാമിയേ...
.....ശരണമയ്യപ്പാ
..........ശരണമയ്യപ്പാ
............ശരണമയ്യപ്പാ"

അതിനു തുടര്‍ച്ചയായി കീഴ്ക്കോവില്‍ അമ്പലത്തിലെ മണിയടി ശബ്ദവും!!
ഒരു നിമിഷം..
കീഴ്ക്കോവിലെ ശാസ്താവിഗ്രഹത്തിന്‍റെ വലതുകൈയിലെ മുറിപ്പാട് രവിവര്‍മ്മയുടെ മനസില്‍ ഓടിയെത്തി, അടി കൊണ്ട് മുറിഞ്ഞ പോലത്തെ ഒരു പാട്..
ഈശ്വരാ..
അത് ഭഗവാനായിരുന്നോ??
അതേ, അത് ഭഗവാന്‍ തന്നെ..
സാക്ഷാല്‍ ഹരിഹരസുതനായ അയ്യപ്പസ്വാമി!!
സത്യം മനസിലായ രവിവര്‍മ്മ ചുറ്റും നില്‍ക്കുന്നവരോട് ഒന്നും പറയാതെ കീഴ്ക്കോവിലിലേക്ക് ഓടി..
അയാളുടെ പെട്ടന്നുള്ള ഈ പെരുമാറ്റത്തില്‍ അത്ഭുതപ്പെട്ട് തിരുമേനിയും കൂട്ടരും പുറകേ ഓടി.

രവിവര്‍മ്മ അമ്പലത്തില്‍ ചെന്ന സമയത്ത് ശാന്തി ദീപാരാധനക്ക് നടയടക്കാന്‍ തുടങ്ങുകയായിരുന്നു..
എങ്കിലും അവന്‍ ഒരു നോക്ക് കണ്ടു..
ഭഗവാന്‍റെ കൈയ്യിലെ അടി കൊണ്ട പാട്!!
"ഈശ്വരാ..ഭഗവാനേ, അയ്യപ്പസ്വാമി.."
രവിവര്‍മ്മ ഭക്തിപൂര്‍വ്വം വിളിച്ചു, തുടര്‍ന്ന് അയാള്‍ ആ തിരുമുമ്പില്‍ സാഷ്ടാംഗം വീണു!!
ഓടി വന്ന തിരുമേനിയും കൂട്ടരും എന്താണ്‌ സംഭവമെന്നറിയാതെ അന്തിച്ചു നിന്നു..
രവിവര്‍മ്മയുടെ മനസില്‍ ഇപ്പോള്‍ ഒരേ ഒരു രൂപം മാത്രം..
വില്ലാളിവീരനായ, കാനനവാസനായ, കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ രൂപം!!
ദീപാരാധനയുടെ മണിയടി ശബ്ദം!!
എഴുന്നേറ്റ് കണ്ണ്‌ തുറന്ന് നോക്കിയ രവിവര്‍മ്മ കണ്ടത് കര്‍പ്പൂരം ഉഴിയപ്പെടുന്ന ഭഗവാനെയാണ്!!
അത്ഭുതം..
ഇപ്പോള്‍ ആ വിഗ്രഹത്തില്‍ അടി കൊണ്ട പാട് ഉണ്ടായിരുന്നില്ല..
മാത്രമല്ല, ഭഗവാന്‍റെ മുഖത്ത് അത് വരെ കാണാത്ത ഐശ്വര്യവും!!
രവിവര്‍മ്മക്ക് തന്‍റെ ദേഹമാകെ കുളിരു കോരുന്നതായി തോന്നി.
ഭഗവാനില്‍ മനസര്‍പ്പിച്ച് അവന്‍ ഉറക്കെ വിളിച്ചു..

"ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ...."

ചുറ്റും നിന്നവര്‍ അതേറ്റു വിളിച്ചു..

".....ശരണമയ്യപ്പാ
........ശരണമയ്യപ്പാ
..........ശരണമയ്യപ്പാ"

ഒടുവില്‍ രവിവര്‍മ്മ ആ സത്യത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു!!
ഈശ്വരന്‍ ഉണ്ടെന്ന സത്യത്തെ..
തന്നിലുള്ള ചൈതന്യം, മുന്നിലുള്ള ഈശ്വരന്‍റെ വരപ്രസാദമാണെന്ന സത്യത്തെ..
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരോ മനുഷ്യനിലുമുള്ള ചൈതന്യമാണ്‌ ഈശ്വരന്‍ എന്ന സത്യത്തെ...
അതായത് പരമാത്മാവ് ഒരോരുത്തരിലും ഉണ്ടെന്ന സത്യത്തെ..
അത് നീ തന്നെയാണെന്ന സങ്കല്‍പ്പത്തെ..
തത് ത്വം അസി എന്ന് വിശ്വാസത്തെ..
അതിനാലാവാം അയാള്‍ ഉറക്കെ വിളിച്ച് പറഞ്ഞു:
"തത്വമസി...തത്വമസി...തത്വമസി"

ഇത് കേട്ടതും വാമദേവന്‍ നമ്പൂതിരി പറഞ്ഞു:
"ഈ യാത്ര സഫലമായി...
കണ്ടില്ലേ, ഒരോ മനുഷ്യനിലെയും ഊര്‍ജ്ജമായ ഈശ്വരനാണ്‌ മുന്നിലുള്ളതെന്ന് രവിവര്‍മ്മ തിരിച്ചറിഞ്ഞിരിക്കുന്നു.മലമുകളിലെ ദൈവത്തെ പോലെ, മാലയിട്ട ഭക്തനെയും അയ്യപ്പാ എന്ന് വിളിക്കുന്നത്, തത്വമസി എന്ന വാക്കിന്‍റെ പൂര്‍ണ്ണഭാവമാണെന്ന് ഈ യാത്രയില്‍ നിന്ന് രവിവര്‍മ്മക്ക് മനസിലായിരിക്കുന്നു.
ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനം എല്ലാവരിലും നിറക്കേണ്ടത് ഈ സങ്കല്‍പ്പമാണ്.രവിവര്‍മ്മയെ പോലെ ഈ തീര്‍ത്ഥാടനത്തിലൂടെ എല്ലാവര്‍ക്കും ഈ സത്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
അതിനായി അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ..
സ്വാമിശരണം"

കലിയുഗവരദന്‍ എന്ന നോവല്‍ ഇങ്ങനെ അവസാനിക്കുന്നു!!
എന്നാല്‍ കലിയുഗവരദന്‍റെ വിളയാട്ടങ്ങള്‍ തുടരുന്നു..

ശുഭം.

അദ്ധ്യായം 49 - അയ്യപ്പ സന്നിധിയില്‍



ഒടുവില്‍ ദേവനാരായണന്‍റെ വാക്കുകള്‍ സത്യമായി..
രവിവര്‍മ്മ കണ്ണ്‌ തുറന്നു!!
മാത്രമല്ല ദേഹത്ത് ബാധിച്ചിരുന്ന നീലനിറവും ഇപ്പോഴില്ല!!
ശരണം വിളികളുമായി നിന്നിരുന്ന ആ സംഘത്തിന്‍റെ കണ്ണ്‌ നിറഞ്ഞു.മരിച്ച് പോകും എന്ന് കരുതിയ രവിവര്‍മ്മ കണ്ണ്‌ തുറന്നത് കണ്ട് അമ്പരന്ന് നിന്ന കോരന്‍ മൂപ്പനോട് ദേവനാരായണന്‍ പറഞ്ഞു:
"സ്വാമിയുടെ ചികിത്സയും, ഈശ്വരാന്നുഗ്രഹവുമാണ്‌ രവിവര്‍മ്മയെ രക്ഷിച്ചത്"
ആ പാവം ആദിവാസി വൃദ്ധനു അത് കേട്ട് സന്തോഷമായി.

രവിവര്‍മ്മ രക്ഷപെട്ട സന്തോഷത്തില്‍ നിന്ന സംഘം രാവിലെ യാത്രക്ക് തയ്യാറായി.പുതുശ്ശേരി താവളം കടന്ന്, നീലിമല കയറി, വലിയാനവട്ടവും ചെറിയാനവട്ടവും പിന്നിട്ട് പമ്പയില്‍ എത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്‌യം..
ശരണം വിളികളോട് ആ സംഘം യാത്ര ആരംഭിച്ചു..

"സ്വാമിയപ്പാ....അയ്യപ്പാ
ശരണമപ്പാ....അയ്യപ്പാ
പന്തളവാസാ....അയ്യപ്പാ
പമ്പാനാഥാ....അയ്യപ്പാ
ഹരിഹരസുതനെ....അയ്യപ്പാ"

അവര്‍ പമ്പയിലെത്തി.
തുടര്‍ന്നവര്‍ പമ്പയില്‍ സ്നാനവും പിതൃതര്‍പ്പണവും നടത്തി.പിന്നീട് പമ്പാസദ്യയും, പമ്പവിളക്കും നടത്തി ആ സംഘം അന്നവിടെ തങ്ങി.

പിറ്റേന്ന് വെളുപ്പിനെ രണ്ട്മണി..
പമ്പയില്‍ കുളിച്ച് ആ സംഘം മലകയറ്റം ആംഭിച്ചു!!
നാളീകേരമുടച്ച് പമ്പാഗണപതിയെ വന്ദിച്ച്, ശക്തി,ശ്രീരാമന്‍,ഹനുമാന്‍ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിച്ച്, പന്തളരാജസങ്കേതത്തില്‍ നിന്ന് പ്രസാദം വാങ്ങി, അവര്‍ മലചവിട്ടി തുടങ്ങി..
"സ്വാമിയേ...അയ്യപ്പോ
അയ്യപ്പോ..സ്വാമിയേ"
എങ്ങും ശരണം വിളികള്‍ മാത്രം!!
ഭഗവാനെ കാണാനുള്ള വെമ്പലോടെ അവര്‍ വേഗം നടന്നു.
നീലിമല കയറി അപ്പാച്ചിമേടിലെത്തിയപ്പോള്‍, കന്നിഅയ്യപ്പന്‍മാരായ രവിവര്‍മ്മയോടും വൈഷ്ണവനോടും അരിപൊടി കൊണ്ടുള്ള ഉണ്ടകള്‍ താഴ്വാരത്തേക്ക് എറിയാന്‍ തിരുമേനി ആവശ്യപ്പെട്ടു.
"അതെന്തിനാ അങ്കിളേ?"
"അതോ, അത് ദുര്‍ദ്ദേവതമാരെ പ്രീതിപ്പെടുത്താനാ"
ആ സംഘം യാത്ര തുടര്‍ന്നു..

ഇനി ശബരീപീഠം..
ശബരിയുടെ സ്വര്‍ഗ്ഗാരോഹണം നടന്ന സ്ഥലം!!
അവിടെ തേങ്ങയടിച്ച് കര്‍പ്പൂരം കത്തിച്ച് അവര്‍ മലകയറ്റം തുടര്‍ന്നു.പമ്പയില്‍ വച്ച് പിരിയുന്ന, സ്വാമി അയ്യപ്പന്‍ റോഡെത്തുന്ന മരക്കൂട്ടം കടന്ന് അവര്‍ ശരംകുത്തിയിലെത്തി.
രവിവര്‍മ്മയും വൈഷ്ണവനും തങ്ങളുടെ കൈയ്യിലുള്ള ശരം അവിടെ കുത്തി വച്ചു!!
തുടര്‍ന്ന് മലകയറി അവര്‍ സന്നിധാനത്തെത്തി..
പതിനെട്ടാം പടിക്കിരുവശത്തായുള്ള കറുപ്പുസ്വാമിയേയും കടുത്ത സ്വാമിയേയും വണങ്ങി, നാളീകേരമുടച്ച് അവര്‍ പതിനെട്ടാം പടി ശരണം വിളികളോട് കയറി തുടങ്ങി..

"സത്യമാം പൊന്നിന്‍ പതിനെട്ടാം പടിയേ..
........ശരണമയ്യപ്പാ
................ശരണമയ്യപ്പാ
..........................ശരണമയ്യപ്പാ"

അയ്യപ്പദര്‍ശനം..
ദിവസങ്ങളായി കാത്ത് നിന്ന പുണ്യദര്‍ശനം!!
ഒരുനോക്കേ കണ്ടുള്ളു എങ്കിലും ആ രൂപം രവിവര്‍മ്മയുടെ മനസില്‍ പതിഞ്ഞു!!
അയാള്‍ കൈകൂപ്പി വിളിച്ചു:
"സ്വാമിയേ...ശരണമയ്യപ്പാ"

കന്നിമൂല ഗണപതി, മാളികപ്പുറത്തമ്മ, നാഗരാജാവ്, നവഗ്രഹങ്ങള്‍, വാവര്‍നട..
ആ സംഘം എല്ലായിടവും മനസറിഞ്ഞ് തൊഴുതു!!
വടക്ക് കിഴക്ക് ഭാഗത്തേക്ക് ചൂണ്ടിക്കാട്ടി ദേവനാരായണന്‍ പറഞ്ഞു:
"അതാണ്‌ ഉരുക്കുഴി തീര്‍ത്ഥം.ദേവന്‍മാര്‍ ഭഗവാനു സഹസ്രകലശാഭിക്ഷേകം നടത്താനുപയോഗിക്കുന്ന ഇതിനെ കുംഭതീര്‍ത്ഥം എന്നും അറിയപ്പെടുന്നു"
അതും അവര്‍ക്ക് പുതിയ അറിവായിരുന്നു.

ദര്‍ശനശേഷം പ്രസാദവും വാങ്ങി പതിയെ ആയിരുന്നു അവര്‍ മലയിറങ്ങിയത്.മൃത്യുജ്ഞയഹോമസ്ഥലത്ത് നിലവിളക്ക് കത്തിയിരുന്നതും, കൂടെ മാരാരെ കണ്ടതുമെല്ലാം ആ യാത്രയില്‍ ദേവനാരായണന്‍ രവിവര്‍മ്മയോട് സൂചിപ്പിച്ചു.പമ്പയിലെത്തിയപ്പോല്‍ ദേവനാരായണന്‍ മാവേലിക്കരക്കുള്ള ബസ്സും, മറ്റുള്ളവര്‍ കായംകുളം ഭാഗത്തേക്കുള്ള ബസ്സും തിരക്കി തുടങ്ങിയിരുന്നു.
അങ്ങനെ അവര്‍ രണ്ടായി പിരിയുകയായിരുന്നു..
അപ്പോള്‍ മലയിറങ്ങി വന്ന കോരനേയും കൂട്ടരെയും കാണുകയും.അവരോട് നന്ദി പറഞ്ഞ ശേഷം സംഘം മടക്കയാത്രക്ക് തയ്യാറാകുകയും ചെയ്തു.ആ യാത്രക്ക് മുമ്പേ ദേവനാരായണന്‍ രവിവര്‍മ്മയോട് പറഞ്ഞു:
"നാട്ടിലെത്തിയട്ട് ഇല്ലത്ത് വരണം.എല്ലാം നല്ലരീതിയില്‍ കഴിഞ്ഞത് ഈശ്വരാധീനമാണ്, ഇനി നല്ലതേ വരു.ജീവിതത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കും"
തുടര്‍ന്ന് അവര്‍ രണ്ടായി പിരിഞ്ഞു.

ആ മടക്കയാത്രയില്‍ രവിവര്‍മ്മയുടെ മനസില്‍ ദേവനാരായണന്‍റെ വാക്കുകളായിരുന്നു..
'ജീവിതത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കും'
ആ വാക്കുകള്‍ സത്യമായിരുന്നു..
ആപത്തുകള്‍ തരണം ചെയ്ത രവിവര്‍മ്മയെ കാത്തിരുന്നത് സന്തോഷങ്ങളായിരുന്നു..
അത് വിശദമാക്കാനായി രാധിക ആ സംഘം തിരിച്ച് വരുന്നതും കാത്തിരിക്കുകയായിരുന്നു..

അദ്ധ്യായം 48 - പതിനെട്ടാം പടി



രാധികയുടെ നിലവിളി കേട്ട് ഓടി വന്ന ദേവദത്തനും, ഗായത്രിയമ്മയും ചോദിച്ചു:
"എന്താ മോളേ, എന്ത് പറ്റി?"
"ഒരു ദുഃസ്വപ്നം കണ്ടു" രാധികയുടെ മറുപടിയില്‍ ഒരു ഭയമുണ്ടായിരുന്നു.
"മോളൊരോന്ന് ആലോചിച്ച് കിടന്ന കൊണ്ടാ, അയ്യപ്പസ്വാമിയെ മനസില്‍ വിളിച്ച് കിടന്നോ, ഒരു കുഴപ്പവും വരില്ല" ദേവദത്തന്‍ രാധികയെ ആശ്വസിപ്പിച്ചു.
രാധിക ഗായത്രിയമ്മയുടെ മടിയിലേക്ക് പതിയെ കിടന്നു.അത് കണ്ടതും രാധികയുടെ തലയില്‍ തലോടി കൊണ്ട് ആ വൃദ്ധ സ്ത്രീ പതിയെ പിറുപിറുത്തു:
"ഭഗവാനെ കാത്തു കൊള്ളേണമേ"

അങ്ങകലെ മുക്കുഴിയില്‍ രവിവര്‍മ്മയുടെ ശരീരത്തില്‍ ചെറിയ നീലനിറം ബാധിച്ച് തുടങ്ങിയിരിക്കുന്നു.രവിവര്‍മ്മയെ ആശ്വസിപ്പിച്ച് കൊണ്ട് ദേവനാരായണന്‍ സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നു.മറ്റുള്ള സ്വാമിമാരെല്ലാം രവിവര്‍മ്മയുടെ രക്ഷക്കായി പ്രാര്‍ത്ഥിച്ച് കൊണ്ട് ശരണം വിളി തുടരുകയായിരുന്നു..

"ഒന്നാം തിരുപടി...ശരണം പൊന്നയ്യപ്പാ...
സ്വാമി പൊന്നയ്യപ്പാ...അയ്യനെ പൊന്നയ്യപ്പാ..
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ!!

രണ്ടാം തിരുപടി...ശരണം പൊന്നയ്യപ്പാ...
സ്വാമി പൊന്നയ്യപ്പാ...അയ്യനെ പൊന്നയ്യപ്പാ..
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ!!"

ആ ശരണം വിളി അങ്ങനെ തുടരുകയാണ്..
ശബരിമലയിലെ പതിനെട്ട് പടിയെയും സൂചിപ്പിച്ചുള്ള ആ ശരണം വിളി കേട്ടപ്പോള്‍ രവിവര്‍മ്മ ദേവനാരായണനോട് പറഞ്ഞു:
"സ്വാമി, ഇപ്പോള്‍ എനിക്ക് മരണത്തെ ഭയമില്ല.ഈശ്വര സന്നിധിയിലേക്ക് യാത്രയാകുന്നതിനു മുന്നേ സത്യമാം പൊന്നിന്‍ പതിനെട്ടാം പടിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്"
രവിവര്‍മ്മയുടെ ആ ആഗ്രഹപ്രകാരം ദേവനാരായണന്‍ ആ വിവരങ്ങള്‍ പകര്‍ന്ന് കൊടുത്തു..
സത്യമാം പൊന്നിന്‍പതിനെട്ടാം പടിയെ കുറിച്ചുള്ള വിവരങ്ങള്‍..

വേദശാസ്‌ത്ര പുരാണങ്ങള്‍ വിവരിക്കുന്ന പരമസത്യമാണ്‌ ഈ പതിനെട്ട് പടികള്‍!!
പൂങ്കാവനത്തില്‍ ആകെ പതിനെട്ട് മലകളാണുള്ളത്..
കാളകെട്ടി, ഇഞ്ചിപ്പാറ, പുതുശ്ശേരിമല, കരിമല, നീലിമല, പൊന്നമ്പലമേട്‌, ചിറ്റമ്പലമേട്‌, മൈലാടുംമേട്‌, തലപ്പാറ, നിലയ്‌ക്കല്‍, ദേവന്‍മല, ശ്രീപാദമല, കല്‍ക്കിമല, മാതംഗമല, സുന്ദരമല, നാഗമല, ഗൗണ്ടമല, ശബരിമല എന്നിവയാണോ പതിനെട്ടു മലകള്‍.
പതിനെട്ടാംപടിയിലെ ഓരോ പടിയും ഒരു മലയെ പ്രതിനിധാനം ചെയ്യുന്നു എന്ന് ഒരു വിശ്വാസം!!

പതിനെട്ട് എന്ന സംഖ്യയെ കുറിച്ച് വേറെയും വിശേഷങ്ങളുണ്ട്..
ഭഗവദ്‌ഗീതയില്‍ പതിനെട്ട് അധ്യായങ്ങളാണുള്ളത്‌.കുരുക്ഷേത്രയുദ്ധം പതിനെട്ട് ദിവസമാണ്‌ നീണ്ടുനിന്നത്.അതേ പോലെ പുരാണങ്ങള്‍ പതിനെട്ട് ആണ്‌.മാത്രമല്ല സംഗീതത്തിലും പതിനെട്ട് അടിസ്ഥാന ഉപകരണങ്ങളാണുള്ളത്‌.ഇങ്ങനെ നോക്കിയാല്‍ ഈ പ്രപഞ്ചത്തിന്‍െറ മൂലകാരണമായി ആ പതിനെട്ടു പടികള്‍ കണക്കാക്കാം.

ഇനി മോക്ഷപ്രാപ്‌തിക്കുമുമ്പ്‌ മനുഷ്യന്‍ പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളാണിവ എന്നും പറയപ്പെടുന്നു..
അതായത് ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളായ കണ്ണ്‌,നാക്ക്‌, മൂക്ക്‌, ത്വക്ക്, ചെവി എന്നിവയെ സൂചിപ്പിക്കുന്നു.അടുത്ത എട്ടു പടികള്‍ അഷ്‌ടരാഗങ്ങളായ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്‌, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു.പിന്നീടുള്ള മൂന്ന് പടികള്‍ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു.അവസാനം വരുന്ന രണ്ട് പടികള്‍ വിദ്യയെയും, അവിദ്യയേയും പ്രതിനിധാനം ചെയ്യുന്നു.
ഒരു മനുഷ്യജന്മത്തില്‍ സ്വീകരിക്കുകയും തിരസ്ക്കരിക്കുകയും ചെയ്യേണ്ടവയാണ്‌ ഇവയെല്ലാം!!

ഇപ്പോള്‍ ദേവനാരായണന്‍റെ വിശദീകരണം കേള്‍ക്കാന്‍ ആ സംഘം മുഴുവനുണ്ട്..
സമയം മൂന്ന് മണി ആകാറായിരിക്കുന്നു..
രവിവര്‍മ്മ ഇപ്പോഴും ഉണര്‍ന്ന് തന്നെയിരിക്കുകയാണ്.
ദേവനാരായണന്‍റെ വാക്കുകള്‍ ആകാംക്ഷയോടെ കേട്ട് പതിനെട്ടാം പടിയില്‍ മനം അര്‍പ്പിച്ചിരിക്കുന്ന രവിവര്‍മ്മയോട് മറ്റ് ചില സങ്കല്‍പ്പങ്ങളും ആ മാന്ത്രികന്‍ സൂചിപ്പിച്ചു..

അയ്യപ്പന്മാര്‍ പടിയില്‍ തേങ്ങയുടച്ച്‌ വലതുകാല്‍വെച്ച്‌ വേണം പതിനെട്ടാം പടി കയറുവാന്‍.
തേങ്ങയുടയ്‌ക്കല്‍ ഒരു പ്രതീകാത്മക ചടങ്ങാണ്..
ഇവിടെ തേങ്ങയുടെ ചിരട്ട സ്ഥൂല ശരീരത്തെയും, പരിപ്പ്‌ സൂക്ഷ്‌മ ശരീരത്തെയും ഉള്ളിലുള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു.അതായത് ഭക്തന്‍െറ മനസ്സ്‌ `സ്ഥൂല' - `സൂക്ഷ്‌മ' ശരീരങ്ങള്‍ ഭേദിച്ച്‌ യഥാര്‍ഥമെന്നു കരുതുന്ന `കാരണത്തി'ലെത്തി ലയിക്കണം എന്ന് സങ്കല്‍പ്പം.
ഈ പതിനെട്ടാംപടി കടന്നുചെന്നാല്‍ കാണുന്നത്‌ ഭട്ടബന്ധം പൂണ്ട്‌, യോഗസമാധിപ്പൊരുളായി ചിന്മുദ്രയും കാട്ടി ഇരിക്കുന്ന അയ്യപ്പനെയാണ്‌.
അത് തന്നെയാണ്‌ ഒരു ഭക്തനു കിട്ടാവുന്ന പരമ പുണ്യമായ കാഴചയും!!

"ഈ പതിനെട്ടാം പടികയറാന്‍ എന്തെല്ലാം യോഗ്യത വേണമെന്ന് സ്വാമിക്കറിയാമോ?"
ദേവനാരായണന്‍റെ ഈ ചോദ്യത്തിനു രവിവര്‍മ്മയുടെ മറുപടി പതിഞ്ഞ സ്വരത്തില്‍ ഒരു മറു ചോദ്യമായിരുന്നു:
"എന്തെല്ലാം യോഗ്യതകളാ?"
"ശ്രദ്ധ, വീര്യം, സ്‌മൃതി, സമത്വബുദ്ധി എന്നി യോഗ്യതകള്‍ ആണ്‌ വേണ്ടത്. യമനിയമപാലനം വഴിയേ ഈ യോഗ്യത കൈവരിക്കൂ."
"യമനിയമപാലനമോ?"
അതേ, യമനിയമപാലനം തന്നെ..
വാക്കിലും പ്രവൃത്തിയിലും വിചാരത്തിലും പാലിക്കുന്ന അഹിംസ, സത്യം, ആഗ്രഹങ്ങള്‍ ഏറ്റാതെ സ്വന്തമല്ലാത്തതൊന്നും ആഗ്രഹിക്കാതെയും ഇരിക്കുക, ബ്രഹ്മചര്യം, അന്യരില്‍നിന്ന്‌ ഒന്നും സ്വീകരിക്കാതിരിക്കുക എന്നിങ്ങനെ അഞ്ചു കാര്യങ്ങളാണ്‌ യമനിയമങ്ങള്‍.
ഇങ്ങനെ വിശദീകരിക്കുന്ന കൂട്ടത്തില്‍ മുപ്പത് നിലവിളക്കുകള്‍, പതിനെട്ട് നാളികേരം, പതിനെട്ട് കലശവസ്‌ത്രങ്ങള്‍, പതിനെട്ട് പുഷ്‌പഹാരങ്ങള്‍ എന്നിവയാല്‍ നടത്തുന്ന പവിത്രമായ പടി പൂജയെ കുറിച്ചും ദേവനാരായണന്‍ സൂചിപ്പിച്ചു.

ഇപ്പോള്‍ സമയം മൂന്നര കഴിഞ്ഞിരിക്കുന്നു..
രവിവര്‍മ്മയുടെ ശരീരത്തില്‍ പൂര്‍ണ്ണമായും നീല നിറം ബാധിച്ചു.അയ്യപ്പസ്വാമിയെ മനസില്‍ ധ്യാനിച്ചിരുന്ന ആ സംഘാംഗങ്ങളില്‍ ഈ കാഴ്ച ഒരു നിരാശ പടര്‍ത്തി.
ദേവനാരായണന്‍ വിഷമത്തോടെ ഒരിടത്ത് മാറിയിരുന്നു ധ്യാനിക്കാന്‍ തുടങ്ങി..
സമയം പതുക്കെ നീങ്ങുകയായിരുന്നു..
മണി മൂന്നേ മുക്കാല്‍ കഴിഞ്ഞിരിക്കുന്നു..
രവിവര്‍മ്മ ആയാസപ്പെട്ട് കണ്ണ്‌ തുറന്ന് എല്ലാവരെയും ഒന്നു നോക്കി, എന്നിട്ട് പതുക്കെ ആ കണ്ണുകളടച്ചു.
"രവിമാമാ, രവിമാമാ" വൈഷ്ണവന്‍ കുലുക്കി വിളിച്ചു.
ഇല്ല, അനക്കമില്ല!!
"സ്വാമി, സ്വാമി" ബ്രഹ്മദത്തന്‍ ദേവനാരായണന്‍റെ അടുത്തേക്ക് ഓടി.
ഇല്ല, അദ്ദേഹവും ധ്യാനത്തില്‍ നിന്ന് ഉണരുന്നില്ല!!
എന്ത് ചെയ്യണമെന്നറിയാതെ ബ്രഹ്മദത്തന്‍ ആദിവാസികളുടെ മൂപ്പനായ കോരന്‍റെ അടുത്തേക്ക് ഓടി.

കോരന്‍ രവിവര്‍മ്മയുടെ സമീപമെത്തി കണ്ണ്‌ തുറന്ന് നോക്കിയട്ട് പറഞ്ഞു:
"രക്ഷയില്ല ചാമി, പോകും"
ഈ സമയം ധ്യാനത്തിലിരുന്ന ദേവനാരായണന്‍റെ മുന്നില്‍ തെളിഞ്ഞത് കണ്ഠകാളനടക്ഷേത്രമായിരുന്നു.കൂടെ ക്ഷേത്രത്തിനു സമീപം ഉണര്‍ന്ന് നില്‍ക്കുന്ന കൃഷ്ണന്‍കുട്ടി മാരാരുടെ മുഖവും അദ്ദേഹം കണ്ടു.
എന്നാല്‍ ദേവനാരായണനെ സന്തോഷിപ്പിച്ചത് മറ്റൊന്നായിരുന്നു..
മൃത്യുജ്ഞയഹോമസ്ഥലത്തിനു മുന്നില്‍ കത്തി നില്‍ക്കുന്ന നിലവിളക്കിന്‍റെ കാഴ്ച!!
അപ്പോല്‍ സമയം നാലുമണി ആകുന്നേ ഉണ്ടായിരുന്നുള്ളു..
ധ്യാനത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്ന് ദേവനാരായണന്‍ പറഞ്ഞു:
"രവിവര്‍മ്മ രക്ഷപെടും"
അത് കേട്ടതും എല്ലാവര്‍ക്കും അമ്പരപ്പ്..
മഹാവിഷഹാരിയായ കോരന്‍ പറയുന്നു രവിവര്‍മ്മ മരിച്ച് പോകുമെന്ന്!!
മഹാമാന്ത്രികനായ ദേവനാരായണന്‍ പറയുന്നു രവിവര്‍മ്മ രക്ഷപെടുമെന്ന്!!
എന്താണ്‌ സത്യമെന്നറിയാതെ അവര്‍ പകച്ച് നിന്നു..

അദ്ധ്യായം 47 - മൂന്നാമത്തെ അപകടം



പരിക്ഷത്ത് മഹാരാജാവ്..
അര്‍ജ്ജുനന്‍റെ മകനായ അഭിമന്യുവിന്‍റെ പുത്രന്‍!!
ഒരിക്കല്‍ ഇദ്ദേഹം മൃഗയവിനോദത്തിനായി സഞ്ചരിച്ച് കൊണ്ടിരിക്കേ, ഒരു ചത്ത പാമ്പിനെ എടുത്ത് ശമികന്‍ എന്ന മുനിയുടെ തോളിലിട്ടു.ഈ വിവരമറിഞ്ഞ് ശമികന്‍റെ പുത്രനായ ശൃംഗി, രാജാവിനെ ശപിച്ചു..
ഏഴ് ദിവസത്തിനുള്ളില്‍ തക്ഷകന്‍റെ കടിയേറ്റ് മഹാരാജാവ് മരിക്കും എന്നായിരുന്നു ആ ശാപം!!
ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്തു. ഒരു ഏഴുനിലമാളിക പണിയിച്ച്, രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളില്‍ നിപുണരായ പലരെയും യഥാസ്ഥാനങ്ങളില്‍ നിയമിച്ചു, കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി മദയാനകളെ ഏര്‍പ്പെടുത്തി, രാജാവ് അവിടെ താമസം തുടങ്ങി.

രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞയുടനെ കശ്യപമഹര്‍ഷി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു, രാജാവിനെ രക്ഷിക്കുക എന്നതായിരുന്നു ഉദ്ദേശം.രാജാവ് ബ്രാഹ്മണശാപം ഏറ്റിരിക്കുന്ന വിവരം അറിഞ്ഞയുടനെ തക്ഷകനും മനുഷ്യരൂപമെടുത്ത് അവിടേക്കു പുറപ്പെട്ടു.ഇടയ്ക്കുവച്ച് തക്ഷകന്‍ കശ്യപനെ കണ്ടു.കശ്യപനും തക്ഷകനും തമ്മില്‍ ചില മത്സരങ്ങളില്‍ ഏര്‍പ്പെടുകയും, കശ്യപന്‍റെ ശ്രേഷ്ഠത തക്ഷകന്‍ മനസിലാക്കുകയും ചെയ്തു.
വിഷഹാരിയായ കശ്യപന്‍ അവിടെ വന്നാല്‍ തന്റെ പ്രവര്‍ത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകന്‍ ചില വശീകരണവാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് അദ്ദേഹത്തെ മടക്കി അയച്ചു.

ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാന്‍ തരം നോക്കി തക്ഷകന്‍ ഹസ്തിനപുരത്തിലെത്തി.എന്നിട്ട് തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവര്‍ കൊണ്ടുപോയ പഴങ്ങളില്‍ ഒന്നില്‍ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകന്‍ ഒളിച്ചിരുന്നു.എന്നാല്‍ മരണഭയത്തില്‍ കഴിഞ്ഞിരുന്ന മഹാരാജാവ് താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തില്‍ കണ്ടുകൊള്ളാമെന്നു പറഞ്ഞ്, അവര്‍ കൊണ്ടുവന്ന ഫലമൂലാദികളെ സ്വീകരിച്ചു.
രാജാവുതന്നെ ഫലങ്ങളില്‍ ഓരോന്നെടുത്ത് മന്ത്രിമാര്‍ക്കു കൊടുത്തു. അതില്‍നിന്ന് വലുതായ ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി കീറിനോക്കി. അപ്പോള്‍ അതില്‍ കണ്ണുകള്‍ രണ്ടും കറുത്തും ഉടല്‍ അശേഷം ചുവന്നും ഏറ്റവും ചെറുതായ ഒരു കൃമി ഇരിക്കുന്നതുകണ്ട് രാജാവ് അദ്ഭുതത്തോടുകൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു:
"അല്ലയോ മന്ത്രിസത്തമരേ, സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാല്‍ മുനി ശാപം മിഥ്യയായി എന്നു വരേണ്ട.ഈ കീടം എന്നെ കടിച്ചുകൊള്ളട്ടെ."
അപ്പോള്‍ തന്നെ രാജാവ് പുഴുവിനെ എടുത്ത് തന്റെ കഴുത്തില്‍ വച്ചു. ഉടന്‍തന്നെ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെട്ടു.തുടര്‍ന്ന് തക്ഷകന്‍ രാജാവിനെ ദംശിക്കുകയും അദ്ദേഹം മരിച്ച് വീഴുകയും ചെയ്തു.

ഏകദേശം അതേ പോലൊരു അനുഭവമാണ്‌ രവിവര്‍മ്മക്കുമുണ്ടായത്..
സര്‍പ്പദംശനം..
അതും മാരകവിഷമുള്ള വെള്ളിനാഗത്തിന്‍റെ ദംശനം!!
വിഷ്ണുദത്തന്‍റെ നിലവിളി കേട്ട് ഒഴിഞ്ഞ് മാറുന്നതിനു മുമ്പ് അത് സംഭവിച്ചു.ഓടിയെത്തിയ ദേവനാരായണനു തടുക്കാന്‍ പോലും സമയം ലഭിച്ചിരുന്നില്ല..
പലപ്പോഴും ദേവനാരായണന്‍റെ മനസില്‍ പിടി നല്‍കാതെ വഴുതിമാറിയ അപകടം!!
തന്നെ പാമ്പ് കടിച്ചു എന്ന സത്യം മനസിലാക്കിയ രവിവര്‍മ്മ തളര്‍ച്ചയോടെ നിലത്തേക്കിരുന്നു.ഓടിയെത്തിയ ബ്രഹ്മദത്തനും കൂട്ടര്‍ക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
കൊടും കാട്!!
വൈദ്യസഹായത്തിനായി ഒരു മാര്‍ഗ്ഗവുമില്ല!!
"എന്ത് ചെയ്യും സ്വാമി?" ദേവനാരായണനോട് തിരുമേനിയുടെ ചോദ്യം.
എന്ത് ചെയ്യാന്‍??
കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കിയ ചരിത്രം തന്‍റെ കുടുംബത്തിലുണ്ട്.പക്ഷേ ഇവിടെ അത് സാധിക്കുകയില്ല, കാരണം ഇതൊരു നിയോഗമാണ്.
ദേവനാരായണന്‍ നിശബ്ദനായി നിന്നു.

സ്വാമിമാരുടെ നിലവിളിയാണ്‌ കോരന്‍റെയും കൂട്ടരുടെയും ശ്രദ്ധ അങ്ങോട്ട് തിരിച്ചത്..
"ഏന്‍ ചാമി?" കോരന്‍ കാരണം തിരക്കി.
മുസ്തഫയില്‍ നിന്ന് വിശദവിവരമറിഞ്ഞ കോരന്‍ രവിവര്‍മ്മയെ ശ്രുശ്രൂക്ഷിക്കന്‍ തയ്യാറായി.കാടിനെയും, കാടിന്‍റെ മക്കളെയും അറിയാവുന്നവനാണ്‌ കോരന്‍..
മാത്രമല്ല നല്ലൊരു വിഷഹാരിയും!!
ദംശനത്തിന്‍റെ പാട് കണ്ടപ്പോഴേ മൂപ്പന്‍ തുറന്ന് പറഞ്ഞു:
"വിശമുള്ള ജാതിയാ, നോക്കാന്നേ ഉള്ളു"
അതികഠിനമായ വിഷം വരെ ഇറക്കിയട്ടുള്ള കോരന്‍റെ വാക്കുകള്‍ കറുപ്പന്‍ അത്ഭുതത്തോടെയാണ്‌ കേട്ടത്..
എന്തേ മൂപ്പന്‍ ഇങ്ങനെ പറഞ്ഞത്??
ഈ സ്വാമി രക്ഷപെടില്ലേ??
കറുപ്പന്‍റെ മനസില്‍ ഒരായിരം സംശയങ്ങള്‍.

കോരന്‍റെ പ്രവൃത്തികള്‍ പെട്ടന്നായിരുന്നു..
തന്‍റെ കൈയ്യിലിരുന്ന സഞ്ചിയില്‍ നിന്ന് ഒരു ചെറിയ കത്തിയെടുത്ത് അയാള്‍ രവിവര്‍മ്മയുടെ കാലില്‍ സര്‍പ്പദംശനം ഏറ്റഭാഗത്ത് ചെറുതായി വരഞ്ഞു.തുടര്‍ന്ന് കാലില്‍ നിന്ന് രക്തം ഞെക്കി കളഞ്ഞു..
പിന്നീട് എന്തെല്ലാമോ മന്ത്രിച്ച് കൊണ്ട് സഞ്ചില്‍ നിന്ന് എടുത്ത ചില പൊടികളും, ചില ഇലകളും വെള്ളത്തില്‍ ചേര്‍ത്ത് കുഴച്ച് മുറിവിന്‍റെ ഭാഗത്ത് തേച്ച് പിടിപ്പിച്ചു.അതിനു ശേഷം ഒരു തുണിയെടുത്ത് ആ മുറിവ് കെട്ടി വച്ചു.
എന്നിട്ട് ഒന്നും മിണ്ടാതെ തന്‍റെ കിടപ്പുസ്ഥലത്തേക്ക് നടന്നു പോയി!!
എല്ലാവര്‍ക്കും അമ്പരപ്പായിരുന്നു..
എന്ത് മരുന്നാണ്‌ കെട്ടി വച്ചത്??
മൂപ്പന്‍ എന്താണ്‌ ഒന്നും സംസാരിക്കാതെ പോയത്??
കാര്യങ്ങള്‍ അറിയുന്നതിനായി ദേവനാരായണന്‍ മൂപ്പന്‍റെ അടുത്തേക്ക് പോയി.

തിരിച്ച് വന്ന ദേവനാരായണന്‍റെ മുഖത്തും ഒരു വിഷമഭാവം ഉണ്ടായിരുന്നു.
"എന്താ സ്വാമി, ഞാന്‍ മരിച്ച് പോകുമോ?" രവിവര്‍മ്മയുടെ ചോദ്യത്തില്‍ നല്ല ഭയമുണ്ടായിരുന്നു.
ആ മുഖത്ത് നോക്കി ദേവനാരായണനു കള്ളം പറയാന്‍ കഴിയുമായിരുന്നില്ല.
അദ്ദേഹം മൂപ്പന്‍ പറഞ്ഞത് വിശദമാക്കി..
രവിവര്‍മ്മയെ കടിച്ചത് അത്യപൂര്‍വ്വമായി കാണുന്ന വെള്ളിനാഗമാണ്.അതിവിഷമുള്ള ഇത് കടിച്ചാല്‍ മരണം സുനിശ്ചിതമാണ്.സാവധാനം വിഷം ബാധിക്കുന്നതിനാല്‍ ഉടനടി മരണം സംഭവിക്കാന്‍ സാധ്യതയില്ല.ദംശനം ഏല്‍ക്കുന്ന സമയം മുതല്‍ ആറ്‌ മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാം.പിന്നെ രക്ഷക്കായി ഒരു ശ്രമം എന്ന നിലയില്‍ വിഷത്തെ ചെറുക്കുന്ന പച്ചമരുന്ന് കെട്ടി വച്ചന്നേ ഉള്ളു.ഒരുപക്ഷേ രക്ഷപെടും, അല്ലെങ്കില്‍ രവിവര്‍മ്മ മരിക്കും.
"അപ്പോള്‍ രക്ഷപെടും എന്ന് ഉറപ്പിച്ച് പറയാന്‍ സ്വാമിക്ക് ഒരിക്കലും കഴിയില്ല അല്ലേ?"
ആ ചോദ്യം ചോദിച്ചപ്പോള്‍ രവിവര്‍മ്മയുടെ കണ്ണ്‌ നിറഞ്ഞിരുന്നു.അവനു ജീവിച്ച് മതിയായിരുന്നില്ല, അച്ഛനെയും അമ്മയേയും ചേച്ചിയേയും എല്ലാം പിരിഞ്ഞ് ഒറ്റക്കൊരു യാത്ര അവനു സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല.
അവന്‍ അറിയാതെ ചോദിച്ച് പോയി..
രക്ഷപെടും എന്ന് ഉറപ്പിച്ച് പറയാന്‍ സ്വാമിക്ക് ഒരിക്കലും കഴിയില്ലേ??
അതിനു മറുപടിയായി ദേവനാരായണന്‍ ഇങ്ങനെ പറഞ്ഞു:
"രക്ഷപെടും, ആറുമണിക്കൂറിനുള്ളില്‍ കണ്ഠകാളനടയിലെ മൃത്യുജ്ഞയഹോമസ്ഥലത്തെ വിളക്കിനു ആരെങ്കിലും തിരി കൊളുത്തിയാല്‍, സ്വാമി ഉറപ്പായി രക്ഷപെടും"

ഇപ്പോള്‍ സമയം പത്ത് കഴിഞ്ഞിരിക്കുന്നു..
ആറ്‌ മണിക്കൂര്‍ എന്ന് പറയുമ്പോള്‍ പുലര്‍ച്ചേ നാല്‌ മണി.ഇതിനുള്ളില്‍ വിളക്കിനു തിരി തെളിയിക്കണമെന്നാണ്‌ തിരുമേനി പറയുന്നത്..
പക്ഷേ എങ്ങനെ??
കണ്ഠകാളനടയില്‍ വിളക്കിനു തിരി തെളിയിക്കുന്നത് ശാന്തിക്കാരന്‍ തിരുമേനിയാണ്, അതും പുലര്‍ച്ചെ അഞ്ചരക്ക് ശേഷം.പിന്നെ തിരി തെളിയിക്കാന്‍ സാധ്യതയുള്ളത് തിരുമേനിയുടെ സഹായി ആയ കൃഷ്ണന്‍കുട്ടി മാരാരാണ്.വിശേഷദിവസങ്ങളില്‍ മാത്രമേ അദ്ദേഹം തിരി തെളിയിക്കാറുള്ളു.അങ്ങനെയുണ്ടെങ്കില്‍ തന്നെ പുലര്‍ച്ചെ അഞ്ച് മണിയെങ്കിലും ആവണം.
ഇത്രയും ചിന്തിച്ച വിഷ്ണുദത്തന്‍ ആധിയോടെ പറഞ്ഞു:
"നാല്‌ മണിക്കുള്ളില്‍ ആരും തിരി തെളിയിക്കുമെന്ന് തോന്നുന്നില്ല"
അനുജന്‍റെ അഭിപ്രായം കേട്ടപ്പോള്‍ ബ്രഹ്മദത്തന്‍ വിഷമത്തോടെ പറഞ്ഞു:
"മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെയാ യാത്ര തിരിച്ചത്, അല്ലെങ്കില്‍ രാധികയെ എങ്കിലും വിളിച്ച് പറയാമായിരുന്നു"
ഇങ്ങനെ വിവിധ അഭിപ്രായങ്ങള്‍ കേട്ട വൈഷ്ണവന്‍ കരഞ്ഞ് കൊണ്ട് ചോദിച്ചു:
"രവിമാമ മരിച്ച് പോകുമോ സ്വാമി?"
"ഇല്ല മോനെ, നമുക്ക് അയ്യപ്പസ്വാമിയെ വിളിക്കാം.ഭഗവാന്‍ വിളി കേള്‍ക്കും"
വാമദേവന്‍ നമ്പൂതിരി അവനെ ആശ്വസിപ്പിച്ചു.

തിരുമേനിയുടെ നിര്‍ദ്ദേശപ്രകാരം രവിവര്‍മ്മക്ക് അരുകിലിരുന്ന് അവര്‍ ഒരുമയോടെ ശരണം വിളിച്ചു..
അത് മനസറിഞ്ഞുള്ള ശരണം വിളിയായിരുന്നു..
മനസ്സും ശരീരവും ഭഗവാനില്‍ അര്‍പ്പിച്ച് മനം നൊന്തുള്ള ശരണം വിളി..

"സ്വാമിയേ..
....ശരണമയ്യപ്പാ
.......ശരണമയ്യപ്പാ
............ശരണമയ്യപ്പാ"

സമയം പാതിരാത്രിയായി..
ബ്രഹ്മദത്തന്‍റെ വീടായ വരിക്കാത്ത് ഇല്ലം..
എന്തോ ദുഃസ്വപ്നം കണ്ട് ഒരു അലര്‍ച്ചയോടെ രാധിക ചാടി എഴുന്നേറ്റു..
അവള്‍ നന്നേ വിയര്‍ത്ത് കുളിച്ചിരുന്നു..

അദ്ധ്യായം 46 - മലങ്കോട്ട കൊച്ചുവേലന്‍



മുക്കുഴിയിലെ ആ രാത്രി..
ഇപ്പോള്‍ സമയം എട്ടര ആയിരിക്കുന്നു..
ദേവനാരായണനും സംഘവും വിവിധ ചര്‍ച്ചകളില്‍ മുഴുകിയിരിക്കുകയാണ്..
തിരുവാഭരണഘോഷയാത്ര തന്നെയാണ്‌ അവരുടെ സംസാരവിഷയം.ഇപ്പോള്‍ അറിയാനുള്ള ആഗ്രഹവും, സംശയവും കൂടുതല്‍ വാമദേവന്‍ നമ്പൂതിരിക്കാണ്.അദ്ദേഹം ദേവനാരായണനോട് ചോദിച്ചു:
"സ്വാമി, തിരുവാഭരണഘോഷയാത്രക്കിടയില്‍ മറ്റൊരു വളര്‍ത്തച്ഛനെ കാണുമെന്ന് കേട്ടിട്ടുണ്ട്.പക്ഷേ താങ്കളുടെ പരാമര്‍ശത്തില്‍ അത് കണ്ടില്ലല്ലോ?"
"ക്ഷമിക്കണം, അത് ഞാന്‍ വിശദീകരിക്കാന്‍ വിട്ട് പോയതാ.മകരം ഒന്നാം തീയതി തിരുവാഭരണത്തിനു മുന്നില്‍ ഉറഞ്ഞ് തുള്ളുമെന്ന് പറഞ്ഞ കൊച്ചുവേലനാണ്‌ അയ്യപ്പസ്വാമിയുടെ മറ്റൊരു വളര്‍ത്തച്ഛനായി അറിയപ്പെടുന്നത്" ദേവനാരായണന്‍റെ മറുപടി.
ഈ വിശദീകരണത്തില്‍ തിരുമേനി തൃപ്തനായെങ്കിലും, മറ്റുള്ളവരില്‍ അതൊരു അമ്പരപ്പാണ്‌ ഉണ്ടാക്കിയത്.കാരണം അയ്യപ്പസ്വാമിയുടെ വളര്‍ത്തച്ഛനാണ്‌ പന്തളം രാജാവെന്ന് എല്ലാവരും കേട്ടിട്ടുണ്ട്.പക്ഷേ..
കൊച്ചുവേലന്‍ എങ്ങനെ വളര്‍ത്തച്ഛനായി??
എല്ലാവരുടെയും അമ്പരപ്പ് കണ്ട് ദേവനാരായണന്‍ അതിനെ കുറിച്ച് വിശദീകരിച്ചു..
മറ്റൊരു വളര്‍ത്തച്ഛനായ കൊച്ചുവേലനെ കുറിച്ചുള്ള ഐതിഹ്യം..

ഈ 'വളര്‍ത്തച്ഛന്‍' എന്നത് ഒരു സ്ഥാനപേരാണ്..
തലപ്പാറക്കോട്ടയിലെ വില്ലാളി വീരനു പന്തളം രാജാവ കല്‍പ്പിച്ച് നല്‍കിയ സ്ഥനപേര്!!
ഈ സ്ഥാനപേരിനു പിന്നില്‍ ഒരു ഐതിഹ്യം ഉണ്ടായിരുന്നു..
പുലിപ്പാലുമായി മടങ്ങിയെത്തിയ അയ്യപ്പഭഗവാനു തുണയായ കൊച്ചുവേലനെ കുറിച്ചുള്ള ഐതിഹ്യം..

മഹാറാണിയുടെ വ്യാജരോഗം മാറ്റാനാണല്ലോ പുലിക്കൂട്ടവുമായി മണികണ്ഠന്‍ പന്തളത്ത് എത്തിയത്.തുടര്‍ന്ന് തന്‍റെ അവതാരോദ്ദേശ്യം വെളിപ്പെടുത്തിയ അദ്ദേഹം തുടര്‍ന്നുള്ള കാലം കഴിച്ച് കൂട്ടുന്നതിനു ശബരിമല തിരഞ്ഞെടുത്തു.
അതോടെ പന്തളം രാജാവ് വിഷമത്തിലായി..
വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായ വനത്തിലാണ്‌ ശബരിമല!!
ഇവിടെ അയ്യപ്പനു ആരാണ്‌ തുണ??
ആ വിഷമത്തിലിരുന്ന രാജാവിനു ശബരിമലയിലെ വിവിധമലകളെ കുറിച്ചും, അവയുടെ അധിപന്‍മാരായ മലമൂപ്പന്‍മാരെ കുറിച്ചും സ്വപ്നദര്‍ശനം ലഭിച്ചു.
അങ്ങനെ അദ്ദേഹം അവരെ കൊട്ടാരത്തിലേക്ക് വരുത്തി..

തൊണ്ണൂറ്റി ഒമ്പത് മലകള്‍ ചേര്‍ന്നതാണ്‌ ശബരിമല!!
രാജാവിന്‍റെ ക്ഷണപ്രകാരം ഈ മലകളുടെ എല്ലാം അധിപന്‍മാര്‍ പന്തളത്തെത്തി.കാര്യം ഗ്രഹിച്ച അവര്‍ മണികണ്ഠനെ സംരക്ഷിക്കുക എന്ന ദൌത്യത്തിനായി, ശബരിമലയിലെ ഒന്നാമത്തെ മലയായ തലപ്പാറമലയിലെ വില്ലാളിവീരനെ മലങ്കോട്ടമലയിലെ കൊച്ചുവേലനായി സ്ഥാനപ്പെടുത്തി.ഇതോടൊപ്പം രാജാവ്, പൂങ്കാവനത്തിലെ വളര്‍ത്തച്ഛനായി കൊച്ചുവേലനു സ്ഥാനവും ചാര്‍ത്തി കൊടുത്തു എന്ന് ഐതിഹ്യം!!
മാത്രമല്ല, രാജമുദ്രയുള്ള ശംഖ്, അരമണി, ശൂലം, വാള്‍, തലപ്പാവ് എന്നിവയും രാജാവ് കൊച്ചുവേലനായി അനുവദിച്ച് നല്‍കി.

ഇതിനു ശേഷമാണ്‌ മണികണ്ഠന്‍ മലയിലേക്ക് പോകാന്‍ തയ്യാറെടുത്തത്..
ഈ സമയത്ത് വര്‍ഷത്തിലൊരിക്കല്‍ തിരുവാഭരണം ചാര്‍ത്തി ഭഗവാനെ ദര്‍ശിക്കാനുള്ള ആഗ്രഹം രാജാവ് പ്രകടിപ്പിച്ചു.ആ ആഗ്രഹം ഭഗവാന്‍ അംഗീകരിക്കുകയും, പൂങ്കാവനത്തിലെ വളര്‍ത്തച്ഛനായ കൊച്ചുവേലന്‍റെ തലപ്പാറക്കോട്ടയില്‍ ആഭരണപ്പെട്ടി പൂജിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
രാജാവ് നിര്‍ദ്ദേശങ്ങളെല്ലാം അംഗീകരിച്ചു!!
തുടര്‍ന്ന് മണികണ്ഠന്‍ ശബരിമലയിലേക്ക് യാത്ര ആരംഭിച്ചു..
ഈ യാത്രയില്‍ അദ്ദേഹത്തിനു തുണയായി കൊച്ചുവേലനും ഉണ്ടായിരുന്നു.
തലപ്പാറമലയില്‍ പള്ളികൊണ്ട് പൂജയും മറ്റുകര്‍മ്മങ്ങളും നടത്തിയ ശേഷമാണ്‌ അയ്യപ്പന്‍ ശബരിമലയിലെത്തികയും, ശാസ്താവിഗ്രഹത്തില്‍ വിലയം പ്രാപിക്കുകയും ചെയ്തത്.
"അപ്പോള്‍ കൊച്ചുവേലനോ?"
"വില്ലാളി വീരനായ കൊച്ചുവേലന്‍ തലപ്പാറമലയില്‍ കോട്ട കെട്ടി പൂജ ചെയ്യാന്‍ ആരംഭിച്ചു."

വളര്‍ത്തച്ഛന്‍ എന്ന സ്ഥാനപേരു കിട്ടിയ കൊച്ചുവേലന്‍റെ ഐതിഹ്യം ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചതിനു ശേഷം, തിരുവാഭരണഘോഷയാത്രയില്‍ കൊച്ചുവേലന്‍റെ പ്രാധാന്യവും ദേവനാരായണന്‍ വിശദീകരിച്ചു..
പന്തളത്ത് നിന്ന് പുറപ്പെടുന്ന തിരുവാഭരണഘോഷയാത്ര മകരമാസം ഒന്നാം തീയതിയാണ്‌ പ്ലാപ്പള്ളിക്ക് അടുത്തുള്ള തലപ്പാറമല കോട്ടയില്‍ എത്തുന്നത്.കോട്ടയെ പ്രദക്ഷിണം ചെയ്ത ശേഷം, കൊച്ചുവേലന്‍ തിരുവാഭരണങ്ങള്‍ താങ്ങി ഇറക്കി പൂജാദികര്‍മ്മങ്ങള്‍ ചെയ്യും.അതിനു ശേഷം ദക്ഷിണവാങ്ങി, അദ്ദേഹം തന്നെ തിരുവാഭരണപ്പെട്ടികള്‍ താങ്ങി ഉയര്‍ത്തിവിടും.തുടര്‍ന്ന് കൊച്ചുവേലനും ഘോഷയാത്രയോടൊപ്പം ശബരിമലക്ക് യാത്രയാകും.

ദേവനാരായണന്‍ വിശദീകരണം പൂര്‍ത്തിയാക്കിയപ്പോഴേക്കും സമയം പത്ത് മണി ആകാറായിരുന്നു.അതിനാല്‍ തന്നെ എല്ലാവരും ഉറങ്ങാന്‍ തയ്യാറെടുത്തു തുടങ്ങി..
വിരിവെക്കുന്ന സ്ഥലം ലക്ഷ്‌യമാക്കി മുമ്പേ നടന്നത് രവിവര്‍മ്മയായിരുന്നു.തൊട്ടുപിറകിനായി രവിവര്‍മ്മയെ ശ്രദ്ധിച്ച് കൊണ്ട് വിഷ്ണുദത്തനുമുണ്ടായിരുന്നു.
ഒരു നിമിഷം..
ഭയാനകമായ ഒരു കാഴ്ചയില്‍ വിഷ്ണുദത്തന്‍റെ കണ്ണുടക്കി.
അവന്‍ അലറി വിളിച്ചു:
"രവിവര്‍മ്മാ, അപകടം!!"
അത് കേട്ട് ഞെട്ടിത്തിരിഞ്ഞ രവിവര്‍മ്മക്ക് ഒഴിഞ്ഞ് മാറാന്‍ കഴിഞ്ഞില്ല..
നിലവിളി കേട്ട് ഓടിയെത്തിയ ദേവനാരായണന്‍ പോലും നിസഹായകനായി നിന്ന് പോയി..
അതായിരുന്നു ആ മാന്ത്രികന്‍ പോലും ഭയത്തോടെ കാത്തിരുന്ന നിമിഷം..
മൂന്നാമത്തെ അപകടം അതിന്‍റെ മുഴുവന്‍ ഭീകരതയോടും കൂടി രവിവര്‍മ്മയെ ബാധിക്കുന്ന നിമിഷം..
അത് സംഭവിക്കുകയും ചെയ്തിരിക്കുന്നു!!
ഈ സമയത്ത് തന്നെയായിരുന്നു കോരനും കൂട്ടരും മുക്കുഴിയിലെത്തിയത്..

അദ്ധ്യായം 45 - സംഘം മുക്കുഴിയില്‍



മുക്കുഴിയിലേക്കുള്ള യാത്ര..
"തമ്പുരാനെന്നാ സ്വാമി മലക്ക് വരുന്നത്?"
ഈ ചോദ്യം വാമദേവന്‍ നമ്പൂതിരിയുടെ വകയായിരുന്നു.
മൂന്നാം നാള്‍ ഇളയതമ്പുരാനും പരിവാരങ്ങളും പമ്പയിലെ രാജമണ്ഡപത്തില്‍ വിശ്രമിക്കും എന്ന് സൂചിപ്പിച്ച ശേഷമായിരുന്നു, തിരുവാഭരണം ശ്രീകോവിലിലേക്ക് കൊണ്ട് വരുന്നതിനെ കുറിച്ച് ദേവനാരായണന്‍ വിശദീകരിച്ചത്.
നാലാം നാള്‍ തമ്പുരാന്‍ എവിടെയാണ്??
ശേഷം ചടങ്ങുകളില്‍ തമ്പുരാന്‍റെ സ്ഥാനമെന്താണ്??
ഇതെല്ലാം അറിയാനുള്ള ആഗ്രഹത്തിലാണ്‌ തിരുമേനി ആ ചോദ്യം ചോദിച്ചത്..
തമ്പുരാനെന്നാ മലക്ക് വരുന്നത്??
അതിനു മറുപടിയായി ദേവനാരായണന്‍ പറഞ്ഞു:
"നാലാം നാളും തമ്പുരാന്‍ പമ്പയില്‍ തന്നെ താമസിക്കും, അഞ്ചാം നാള്‍ മുതലാണ്‌ അദ്ദേഹം ശേഷം ചടങ്ങുകളില്‍ സംബന്ധിക്കുക"
തുടര്‍ന്ന് അദ്ദേഹം അഞ്ചാം നാള്‍ മുതലുള്ള ചടങ്ങുകള്‍ വിവരിച്ചു..

അഞ്ചാം നാള്‍..
മകരമാസം മൂന്നാം തീയതി..
അന്ന് ഉച്ചപൂജക്ക് ശേഷം ശബരിമല നട അടക്കുകയും, പതിനെട്ടാം പടിയും പ്രദക്ഷിണ മുറ്റവും കഴുകി വൃത്തിയാക്കുകയും ചെയ്യുന്നു.ഉച്ചക്ക് ഒന്നെരയോടെ പമ്പയില്‍ നിന്ന് തമ്പുരാന്‍ സന്നിധാനത്തേക്ക് തിരിക്കും.ആ സംഘം നാലുമണിയോടെ ശരംകുത്തിയില്‍ എത്തുകയും, ആന, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ ദേവസ്വം ബോര്‍ഡിലെ അധികാരികള്‍ തമ്പുരാനെ സ്വീകരിക്കുകയും ചെയ്യുന്നു.തമ്പുരാന്‍ നടന്നാണ്‌ യാത്ര ചെയ്യുന്നതെങ്കിലും, ആനപ്പുറത്ത് ആണ്‌ അദ്ദേഹം വരുന്നത് എന്ന സങ്കല്‍പ്പത്തില്‍ ആനയുടെ പുറത്ത് ഒരു വെള്ളവസ്ത്രവും വിരിച്ചിരിക്കും.
തിരുവാഭരണ പേടകത്തിലെ ചെറിയ ചുരിക ദേവസ്വം പ്രതിനിധിയില്‍ നിന്ന് സ്വീകരിച്ച് കൊണ്ട്, അംഗവസ്ത്രവും മുണ്ടും പകരം സമ്മാനമായി തമ്പുരാന്‍ നല്‍കും.
തുടര്‍ന്ന് സന്നിധാനത്തിലേക്ക് യാത്ര ആരംഭിക്കും...
മുന്നില്‍ ചങ്ങലവിളക്ക്, അതിനു പിന്നില്‍ ഉടവാളും പരിചയുമായി കുറുപ്പ്, അതിനു പിന്നിലായി വലത്തെ കൈയ്യില്‍ ചുരിക പിടിച്ച് കൊണ്ട് തമ്പുരാന്‍, പുറകിനു പരിവാരങ്ങളും..
അവരുടെ ലക്ഷ്‌യം പതിനെട്ടാം പടിയാണ്.

പതിനെട്ടാം പടിയിലെത്തുന്ന തമ്പുരാനെ കിണ്ടിയില്‍ വെള്ളവും, നാളികേരവുമായി മേല്‍ശാന്തി സ്വീകരിക്കും.ആ നാളികേരം തമ്പുരാന്‍ പതിനെട്ടാം പടിയില്‍ ഉടക്കുകയും, പിന്നീട് കുറുപ്പിനു പിന്നാലെ ചുരികയുമേന്തി പതിനെട്ടാം പടികയറി ഇടതുവശത്തു കൂടി നടന്ന് ശ്രീകോവിലിന്‍റെ സമീപമെത്തുകയും ചെയ്യുന്നു.എന്നിട്ട് അദ്ദേഹം തന്‍റെ കൈയ്യിലുള്ള ചെറിയ ചുരിക പടിയില്‍ വക്കുകയും, മേല്‍ശാന്തി അതെടുത്ത് ഭഗവാന്‍റെ വലതുഭാഗത്ത് സ്ഥാപിക്കുകയും ചെയ്യും..
അങ്ങനെ ഭഗവാന്‍ തിരുവാഭരണം പൂര്‍ണ്ണമായി അണിയും!!
തുടര്‍ന്ന് ഭഗവാനെയും, ഗണപതിയെയും, മറ്റ് ഉപദേവതമാരെയും കര്‍പ്പൂരാരാധന നടത്തി വന്ദിച്ച ശേഷം പ്രദക്ഷിണമായി വടക്കേ നടയിറങ്ങി പല്ലക്കില്‍ തമ്പുരാന്‍ മാളികപ്പുറത്തേക്ക് യാത്രയാവുന്നു.അവിടെയത്തി കര്‍പ്പൂരാരാധന തൊഴുത ശേഷം അവിടെയുള്ള രാജമണ്ഡപത്തില്‍ താമസിക്കുന്നു.മകരം ആറ്‌ വരെ തമ്പുരാനും പരിവാരങ്ങളും ഇവിടെ താമസിക്കുകയും, രാവിലെയും ഉച്ചക്കും, വൈകിട്ടുമുള്ള പൂജാസമയങ്ങളില്‍ ദര്‍ശനം നടത്തുകയും ചെയ്യുന്നു.

ദേവനാരായണന്‍റെ വിശദീകരണം ഇത്രയും ആയപ്പോഴേക്കും സംഘം മുക്കുഴിയില്‍ എത്തിയിരുന്നു..
അന്നേ ദിവസം രാത്രി അവിടെ കഴിയാനാണ്‌ തീരുമാനം.
വിരിവക്കാനുള്ള സ്ഥലത്ത് വച്ച് ആഹാരം ഒരുക്കി കഴിച്ച ശേഷം ഏഴാം ദിവസം മുതലുള്ള ചടങ്ങുകള്‍ അറിയുന്നതിനു എല്ലാവരും ദേവനാരായണന്‍റെ അടുത്തെത്തി.
അദ്ദേഹം വിവരണം തുടര്‍ന്നു..

ഏഴാം നാള്‍..
മകരമാസം അഞ്ചാം തീയതി..
അന്ന് പതിനൊന്ന് മണിയോടെ ക്ഷേത്രത്തില്‍ നെയ്യഭിക്ഷേകം അവസാനിക്കും.പന്ത്രണ്ട് മണിയോടെ തമ്പുരാനും കൂട്ടരും ക്ഷേത്രത്തിലെത്തി സോപാനത്തിന്‍റെ തെക്ക് ഭാഗത്ത് നില്‍ക്കും.
തുടര്‍ന്ന് കളകാഭിക്ഷേകവും നിവേദ്യപൂജയും..
ഇനി നട അടക്കുന്ന വരെ നെയ്യഭിക്ഷേകമില്ല!!
കളകാഭിക്ഷേകത്തിനു ശേഷം തന്ത്രിയില്‍ നിന്ന് പ്രസാദം വാങ്ങി തമ്പുരാന്‍ വലിയമ്പലത്തിന്‍റെ തെക്കുഭാഗത്ത് ഇരിക്കും.ഇവിടെ വച്ചാണ്‌ തന്ത്രിക്കും, മേല്‍ശാന്തിക്കും, പാണി, ശംഖ്, വാദ്യം തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്കും തമ്പുരാന്‍ ദക്ഷിണ നല്‍കുന്നത്.അതിനു ശേഷം മേല്‍ശാന്തിയേയും, തന്ത്രിയേയും, അധികൃതരേയും താന്‍ നടത്തുന്ന കളഭസദ്യയില്‍ പങ്ക് കൊള്ളാന്‍ ക്ഷണിച്ച ശേഷം മാളികപ്പുറത്തേക്ക് മടങ്ങുന്നു.
എട്ടാം നാള്‍ പതിവുള്ള ദര്‍ശനത്തിനു ശേഷം അദ്ദേഹം സന്നിധാനത്തിലേക്ക് താമസം മാറും.അന്നേ ദിവസം കളമെഴുത്തു പാട്ടിലും ഗുരുതിയിലും പങ്കെടുക്കുകയും കര്‍മ്മികള്‍ക്ക് ദക്ഷിണ നല്‍കുകയും ചെയ്യുന്നു.

ഒമ്പതാം നാള്‍..
മകരമാസം ഏഴാം തീയതി..
ഈ ദിവസം അഭിക്ഷേക ശേഷം ഗണപതിഹോമവും, നീരാഞ്ജനവും മാത്രമേ കാണു.പിന്നീട് മേല്‍ശാന്തി വിഗ്രഹത്തെ ശിരോവസ്ത്രം അണിയിച്ച്, അമ്പും വില്ലും നല്‍കി തമ്പുരാനുമായി കൂടികാഴ്ചക്ക് ഒരുക്കുന്നു.ശ്രീകോവിലിലെ എല്ലാ വിളക്കുകളും കൊളുത്തി, ഇടതുകൈയ്യില്‍ നീരാഞ്ജനവുമായി മേല്‍ശാന്തി ശ്രീകോവിലിന്‍റെ കതകിനു മറഞ്ഞ് നില്‍ക്കും..
ഈ സമയം തമ്പുരാന്‍ അവിടെയെത്തി കൂടികാഴ്ച നടത്തുകയും, കൈകൂപ്പി വിട ചോദിക്കുകയും ചെയ്യുന്നു.
ഉടന്‍ മേല്‍ശാന്തി മുന്നോട്ട് വന്ന് വിഗ്രഹത്തിലെ ശിരോവസ്ത്രവും, അമ്പും വില്ലും മാറ്റി, ഭസ്മാഭിക്ഷേകം നടത്തുന്നു.തുടര്‍ന്ന് രുദ്രാക്ഷമാലയും ദണ്ഡും അണിയിച്ച് ഭഗവാനെ ധ്യാനനിരതനാക്കുന്നു.
തുടര്‍ന്ന് മേല്‍ശാന്തി ശ്രീകോവിലിലെ വിളക്കുകള്‍ ഒന്നൊന്നായി അണക്കുകയും, ഒരു ചെറിയ തിരിയില്‍ ദീപം തെളിച്ച് തമ്പുരാനോട് ശ്രീകോവില്‍ അടക്കുന്നതിനു അനുവാദം ചോദിക്കുകയും ചെയ്യുന്നു.അനുവാദം ലഭിക്കുന്നതോടെ കര്‍പ്പൂരം കത്തിച്ച് നടയടച്ച് മേല്‍ശാന്തി താക്കോല്‍ തമ്പുരാനെ ഏല്‍പ്പിക്കുന്നു.

തുടര്‍ന്ന് ക്ഷേത്രത്തെ വലം വക്കുന്ന ചടങ്ങ്..
മുന്നില്‍ ഉടവാളും പരിചയുമായി കുറുപ്പും, പിന്നില്‍ നീരാഞ്ജനവുമായി മേല്‍ശാന്തിയും, അതിനു പിന്നില്‍ തമ്പുരാനുമായി ക്ഷേത്രം വലം വക്കുന്നു.പിന്നീട് കുറുപ്പും മേല്‍ശാന്തിയും പടിയിറങ്ങിയ ശേഷം, മേല്‍ശാന്തി നല്‍കിയ നാളീകേരം ഉടച്ച് തമ്പുരാന്‍ പതിനെട്ടം പടി അടച്ച് താഴെയിറങ്ങുന്നു.താഴെയെത്തുന്ന മേല്‍ശാന്തിയും തമ്പുരാനും പടിഞ്ഞാറോട്ട് ദര്‍ശനമായി സാഷ്ടാംഗം നമസ്ക്കരിക്കുന്നു.അതിനു ശേഷം തമ്പുരാന്‍ പടിഞ്ഞാറോട്ടും, മേല്‍ശാന്തി കിഴക്കോട്ടും തിരിഞ്ഞ് മുഖാമുഖമായി നില്‍ക്കുകയും, തമ്പുരാനു മേല്‍ശാന്തി ഒരു പണക്കിഴി നല്‍കുകയും ചെയ്യുന്നു.
ആ വര്‍ഷത്തെ വരവു ചിലവ് മിച്ചമാണ്‌ ആ കിഴിയെന്നു സങ്കല്‍പ്പം!!
തുടര്‍ന്ന് അടുത്ത വര്‍ഷം വരെ മാസപൂജ നടത്തുന്നതിനു താക്കോല്‍ തമ്പുരാന്‍ തിരിച്ച് ഏല്‍പ്പിക്കുകയും, തമ്പുരാനും കൂട്ടരും മടക്കയാത്ര ആരംഭിക്കുകയും ചെയ്യുന്നു.പമ്പയില്‍ ചെന്ന് തിരുവാഭരണവും പല്ലക്കുമായി നിലക്കല്‍ വഴി ളാഹ എസ്റ്റേറ്റിലെത്തി അവര്‍ രാത്രി അവിടെ വിശ്രമിക്കുന്നു.

പത്താം നാള്‍, അതായത് മകരമാസം എട്ടാം തീയതി പെരുനാട് ശ്രാംബിക്കല്‍ കുടുംബനാഥന്‍റെ ആതിഥേയം സ്വീകരിച്ച് വിശ്രമിക്കുകയും, തുടര്‍ന്ന് പെരിനാട് ക്ഷേത്രത്തിലേക്ക് തമ്പുരാനെയും തിരുവാഭരണത്തെയും ആനയിക്കുകയും, അവിടെ വച്ച് തമ്പുരാന്‍റെ നിര്‍ദ്ദേശപ്രകാരം തിരുവാഭരണങ്ങള്‍ ഭഗവാനു ചാര്‍ത്തുകയും ചെയ്യുന്നു.പിറ്റേന്ന് അവര്‍ ആറന്‍മുളയിലെ കിഴക്കേ നടയിലുള്ള കൊട്ടാരത്തില്‍ എത്തിചേരുന്നു.അവിടെ അറവാതുക്കല്‍ തിരുവാഭരണം ഇറക്കി വച്ച് അന്നവിടെ വിശ്രമിക്കുന്നു.
പന്ത്രണ്ടാം നാള്‍ ആറന്‍മുളയില്‍ നിന്ന് യാത്ര തിരിച്ച്, രാവിലെ എട്ടുമണിയോടെ പന്തളം ക്ഷേത്രത്തിനു അടുത്തുള്ള ആല്‍ത്തറയിലെത്തുന്ന ഇവരെ അവിടുത്തെ അയ്യപ്പസേവാസംഘം സ്വീകരിക്കുന്നു.അവിടെനിന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങളും, കൊട്ടാരത്തിലെ അംഗങ്ങളും കൂടി അവരെ ക്ഷേത്രത്തിലേക്ക് ആനയിക്കുകയും, പ്രദക്ഷിണ ശേഷം തമ്പുരാന്‍ തിരുവാഭരണം സൂക്ഷിക്കുന്ന അറയില്‍ ഉടവാള്‍ വെക്കുകയും ചെയ്യുന്നു.അതിനു ശേഷം അദ്ദേഹം കൊട്ടാരത്തിലേക്ക് മടങ്ങുന്നതോടെ മകരവിളക്ക് മഹോത്സവം അവസാനിക്കുന്നു.
ദേവനാരായണന്‍ പറഞ്ഞ് നിര്‍ത്തി.

ഇപ്പോള്‍ സമയം രാത്രി എട്ട് കഴിഞ്ഞിരിക്കുന്നു..
ഈ സമയം അകലെ നിന്ന് ഒരു സംഘവും മുക്കുഴിയിലേക്ക് എത്തി കൊണ്ടിരിക്കുകയായിരുന്നു..
അന്ന് മുക്കുഴിയില്‍ താമസിക്കുകയായിരുന്നു ആ സംഘത്തിന്‍റെ ഉദ്ദേശം.
അത് അവരായിരുന്നു..
കോരന്‍റെ നേതൃത്വത്തിലുള്ള ആദിവാസിസംഘം..

അദ്ധ്യായം 44 - തിരുവാഭരണ ഘോഷയാത്ര



കല്ലിടാംകുന്നില്‍ നിന്നും ഇഞ്ചിപ്പാക്കോട്ടയിലേക്കുള്ള യാത്രയിലാണ്‌ സംഘം.കടുവയും കാട്ടുപോത്തും സ്വൈര്യവിഹാരം നടത്തുന്ന ഘോരവനത്തിലൂടെയാണ്‌ ആ സംഘത്തിനു സഞ്ചരിക്കേണ്ടിയിരുന്നത്.ആ യാത്രയില്‍ തിരുവാഭരണഘോഷയാത്രയുടെ തുടര്‍ന്നുള്ള ചടങ്ങുകളെ കുറിച്ച് ദേവനാരായണന്‍ വിവരിച്ചു..

മൂന്നാം നാള്‍..
മകരമാസം ഒന്നാം തീയതി..
അന്നേ ദിവസം അതിരാവിലെ രണ്ട് മണിയോടെ തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്നു.ആ യാത്രയില്‍ അവര്‍ പ്ലാപ്പള്ളിയിലെ കൊച്ചുവേലന്‍റെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം നിലക്കല്‍ ക്ഷേത്രത്തില്‍ എത്തുന്നു.ഇവിടെ വച്ച് ഭക്തര്‍ക്ക് ഭസ്മം പ്രസാദമായി നല്‍കുന്ന ചടങ്ങ് ഉണ്ടായിരിക്കുന്നതാണ്.
തുടര്‍ന്ന് പ്രഭാതഭക്ഷണം, അതിനു ശേഷം കൊല്ലമുഴിയിലെ ആദിവാസികളുടെ സ്വീകരണം.പിന്നീട് വലിയാനവട്ടത്തെത്തി മധുരവാസികളായ ഭക്തജനങ്ങളുടെ സ്വീകരണം.പിന്നീട് തിരുവാഭരണവും, മറ്റ് പേടകങ്ങളും പ്രാചീന കാട്ടുപാതയായ നീലിമല വഴി സന്നിധാനത്തേക്ക് അയച്ചിട്ട് തമ്പുരാനും പരിവാരങ്ങളും പമ്പയിലുള്ള രാജമണ്ഡപത്തില്‍ വിശ്രമിക്കുന്നു.

ഇനി തിരുവാഭരണത്തിന്‍റെ യാത്ര..
ശബരിപീഠത്തിലെയും ശരംകുത്തിയാലിലെയും സ്വീകരണത്തിനു ശേഷം സന്നിധാനത്തെത്തുന്ന തിരുവാഭരണത്തിലെ പ്രധാന പേടകം മേല്‍ശാന്തി ഏറ്റുവാങ്ങി ശ്രീകോവിലിലേക്കും, മറ്റ് രണ്ട് പേടകങ്ങള്‍ മാളികപ്പുറത്തേക്കും ആനയിക്കുന്നു...
അന്നുതന്നെ ശ്രീകോവിലിലെ അയ്യപ്പവിഗ്രഹത്തില്‍, ചുരിക ഒഴികെ മറ്റെല്ലാ തിരുവാഭരണങ്ങളും ചാര്‍ത്തും!!
തുടര്‍ന്നാണ്‌ ദീപാരാധനക്ക് നട തുറക്കുന്നത്..
ഇതാണ്‌ പുണ്യദര്‍ശനം!!
ഈ മകരസംക്രമവേളയില്‍, മകരനക്ഷത്രം കിഴക്കുദിക്കുകയും, ദേവന്‍മാര്‍ നടത്തുന്ന പൂജയുടെ പ്രഭാവലയം അവിടെ ദൃശ്യമാകുകയും ചെയ്യും..
ആ ദിവ്യജ്യോതിസാണ്‌ മകരജ്യോതി!!
സര്‍വ്വാഭരണവിഭൂഷിതനായ പുത്രനെ കാണാന്‍ വിഷ്ണുപരമേശ്വരന്‍മാര്‍ നക്ഷത്രമായി വരുന്നതായി ഒരു സങ്കല്‍പ്പം!!

ദേവനാരായണന്‍റെ വിശദീകരണം കേട്ടപ്പോള്‍ വിഷ്ണുദത്തനു ഒരു സംശയം, അവനത് തുറന്ന് ചോദിച്ചു:
"ഈ മകരജ്യോതി തന്നെയല്ലേ മകരവിളക്ക്?"
"അല്ല, രണ്ടും രണ്ടാണെന്നാണ്‌ എന്‍റെ അഭിപ്രായം"
ഇങ്ങനെ പറഞ്ഞിട്ട് ദേവനാരായണന്‍ തന്‍റെ ചിന്താഗതി പങ്ക് വച്ചു..
ആകാശത്ത് കാണുന്ന ദിവ്യജ്യോതിസാണ്‌ മകരജ്യോതി.എന്നാല്‍ ഈ ദിവസം പൊന്നമ്പലമേട്ടില്‍ തെളിയുന്ന അഗ്നിപ്രഭാവത്തെയാണ്‌ മകരവിളക്കെന്ന് സങ്കല്‍പ്പിക്കുന്നത്.
"ആദിവാസികള്‍ അവരുടെ വിശ്വാസപ്രകാരം കത്തിക്കുന്നതാണെന്ന ആരോപണമുള്ളത് ഈ അഗ്നിപ്രഭാവത്തെയാണോ?" രവിവര്‍മ്മ പണ്ടെങ്ങോ വായിച്ച ഓര്‍മ്മയിലാണ്‌ അത് ചോദിച്ചത്.
"അതേ, കാട്ടില്‍ തെളിയുന്ന അഗ്നി ആദിവാസികള്‍ അവരുടെ വിശ്വാസപ്രകാരം കത്തിക്കുന്നതാണെന്ന് ഒരു ആരോപണം ഉള്ളത് നേരാ.എന്നാല്‍ മകരജ്യോതിയോടൊപ്പം പൊന്നമ്പലമേട്ടില്‍ തെളിയുന്ന അഗ്നിയെ ഭക്തിപൂര്‍വ്വം വണങ്ങാനാണ്‌ എല്ലാ അയ്യപ്പന്‍മാരും ആഗ്രഹിക്കുന്നത്"
അത് ശരിയാണ്‌ താനും..
ആ പുണ്യമുഹൂര്‍ത്തം ആഗ്രഹിക്കാത്ത ഭക്തനുണ്ടോ??
ഒരിക്കലെങ്കിലും നേരില്‍ തൊഴണമെന്ന ആഗ്രഹം എല്ലാവരുടെയും മനസിലുണ്ട്.

തുടര്‍ന്നാണ്‌ വേട്ടവിളി ചടങ്ങ്..
"വേട്ട വിളിയോ?" മുസ്തഫക്ക് ജിജ്ഞാസ.
അതേ, വേട്ടവിളി തന്നെ.ആ ചടങ്ങ് ഇപ്രകാരമാണ്..
തിരുവാഭരണം ചാര്‍ത്തുന്ന ദിവസം രാത്രി മാളികപ്പുറത്തമ്മയെ എഴുന്നള്ളിച്ച് പതിനെട്ടാം പടി വരെ കൊണ്ടു വരും.എന്നിട്ട് 'കന്നി അയ്യപ്പന്മാര്‍ വന്നിട്ടുണ്ടോ' എന്ന് വിളിച്ച് ചോദിക്കും.അതിനു മറുപടിയായി ശരം കുത്തി ആലില്‍ ചെന്ന് നോക്കാന്‍ ശാന്തിക്കാരന്‍ ആവശ്യപ്പെടും.
കന്നി അയ്യപ്പന്മാര്‍ ദര്‍ശനത്തിനായി എത്താത്ത വര്‍ഷത്തില്‍ മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചുകൊള്ളാം എന്നാണ് അയ്യപ്പന്‍ വാക്ക് നല്‍കിയിരിക്കുന്നു എന്ന് ഐതിഹ്യം!!
കന്നി അയ്യപ്പന്മാര്‍ ശരംകുത്തിയാലില്‍ ശരം കുത്തണമെന്നുണ്ട്. ശരംകുത്തിയാലില്‍ മാളികപ്പുറം ചെല്ലുമ്പോള്‍ അവിടം നിറയെ ശരമുണ്ടായിരിക്കും. പിന്നെ വാദ്യമേളങ്ങളില്ലാതെ മാളികപ്പുറം തിരിച്ചെഴുന്നള്ളുന്നു.
"ഐതിഹ്യത്തില്‍ എവിടെയാ മാളികപ്പുറത്തമ്മ?" രവിവര്‍മ്മയുടെ ചോദ്യം.
വളരെ നല്ല ചോദ്യം!!
സംഭവം ശരിയാണ്, രവിവര്‍മ്മക്ക് വിശദീകരിച്ച് കൊടുത്ത ഐതിഹ്യത്തില്‍ മാളികപ്പുറത്തമ്മയെ കുറിച്ച് ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല.
അതിനാല്‍ ദേവനാരായണന്‍ അത് വീശദീകരിച്ച് കൊടുത്തു..

മഹിഷി നിഗ്രഹത്തെ തുടര്‍ന്ന് ലീലക്ക് ശാപമോക്ഷം ലഭിക്കുകയും അവര്‍ സുന്ദരിയായ ഒരു സ്ത്രീയായി മാറുകയും ചെയ്തു.തന്നെ മോചിപ്പിച്ച മണികണ്ഠനില്‍ അനുരക്തയായ ആ ദേവി, അയ്യപ്പന്‍ തന്നെ വിവാഹം കഴിക്കേണമെന്ന് അപേക്ഷിക്കുന്നു.എന്നാല്‍ നിത്യബ്രഹ്മചാരിയായ ഭഗവാനു ആ വിവാഹത്തിനു സമ്മതമായിരുന്നില്ല.ഒടുവില്‍ ദേവിയുടെ നിരന്തരമായ അപേക്ഷ കണ്ടപ്പോള്‍, ശബരിമലയില്‍ കന്നി അയ്യപ്പന്‍മാര്‍ വരാതിരിക്കുന്ന വര്‍ഷത്തില്‍ ദേവിയെ വിവാഹം കഴിച്ചു കൊള്ളാമെന്ന് അദ്ദേഹം സമ്മതിച്ചു.അതിനായി കാത്തിരിക്കുന്ന ആ ദേവിയാണ്‌ മാളികപ്പുറത്തമ്മ.
ദേവനാരായണന്‍ വിശദീകരണം നിര്‍ത്തി.
"ശരംകുത്തിയാലും കന്നി അയ്യപ്പനും തമ്മിലെന്ത് ബന്ധം?"
മാളികപ്പുറത്തമ്മ ശരംകുത്തിയാലില്‍ പോകുന്ന ചടങ്ങിനെ കുറിച്ചറിയാനായിരുന്നു രവിവര്‍മ്മ അങ്ങനെ ചോദിച്ചത്.ആ ചോദ്യത്തിനു ദേവനാരായണന്‍ ഇങ്ങനെ വിശദീകരണം കൊടുത്തു..

ശരം കുത്തിയാലില്‍ ചെന്നാണ്‌ ദേവി കന്നി അയ്യപ്പന്‍മാര്‍ വന്നിട്ടുണ്ടോന്ന് അറിയുന്നത്.എരുമേലിയില്‍ പേട്ട തുള്ളി വരുന്ന കന്നി അയ്യപ്പന്‍മാര്‍, തങ്ങളുടെ കയ്യിലുള്ള അമ്പ്, ശരംകുത്തിയാലില്‍ കുത്തി നിര്‍ത്തണമെന്നാണ്‌ പറയപ്പെടുന്നത്.പണ്ട് ശരമെയ്ത് ഭഗവാന്‍ ശബരിമല വാസസ്ഥലമായി തിരഞ്ഞെടുത്തതിനെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണിതെന്നും ഒരു വാദമുണ്ട്.എന്ത് തന്നെയായാലും 'വേട്ട വിളി' എന്ന ചടങ്ങില്‍ ശരംകുത്തിയാലില്‍ ചെല്ലുന്ന ദേവി അവിടെ കുത്തി വച്ചിരിക്കുന്ന ശരങ്ങള്‍ കണ്ട് മനോവേദനയോടെയാണ് തിരികെ യാത്ര ആകുന്നത്.

അത്ഭുതത്തോടെ വിശദീകരണം കേട്ട് നിന്ന രവിവര്‍മ്മയോട് ദേവനാരായണന്‍ പറഞ്ഞു:
"മകരവിളക്ക് കഴിഞ്ഞ് അഞ്ചാം നാള്‍ നട അടക്കും.അതുവരെ ഈ അനുഷ്ഠാനങ്ങള്‍ തുടരും"
ആ സംഘത്തില്‍ എല്ലാവര്‍ക്കും ഇതൊക്കെ പുതിയ അറിവുകളായിരുന്നു..
വൃശ്ചികം ഒന്ന് മുതല്‍ നാല്‍പ്പത്തി ഒന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മണ്ഡലക്കാലത്തിന്‍റെ സമാപനദിവസത്തെ മണ്ഡലപൂജക്ക് തങ്കയങ്കി ചാര്‍ത്തുന്നതും, മകരം ഒന്നാം തീയതി മകരവിളക്കിനു തിരുവാഭരണം ചാര്‍ത്തുന്നതുമെല്ലാം വിശദീകരിച്ച് കേട്ടപ്പോള്‍ വിഷ്ണുദത്തനു ഒരു സംശയം:
"അപ്പോ ഈ പമ്പാവിളക്ക് എന്തുവാ?"
ആ ചോദ്യത്തിനു ചിരിച്ച് കൊണ്ട് ദേവനാരായണന്‍ വിശദീകരണം നല്‍കി:
"ഇത് മകരവിളക്കിനു തലേന്നാള്‍ പമ്പയിലാണ്‌ നടക്കുന്നത്.വിളക്ക് ചങ്ങാടങ്ങള്‍ പമ്പയിലൂടെ ഒഴുക്കിവിടുന്ന ചടങ്ങാണ് പമ്പവിളക്ക്.എരുമേലി പേട്ട തുള്ളിയെത്തുന്ന അയ്യപ്പഭക്തന്മാര്‍ ഈ ദിവസം പമ്പാതീരത്ത് പമ്പാ സദ്യയും ഒരുക്കുന്നു.സാക്ഷാല്‍ ഭഗവാന്‍ സദ്യയില്‍ പങ്കുകൊള്ളാന്‍ എത്തുമെന്നാണ് വിശ്വാസം."

വിശദീകരണങ്ങള്‍ ഇങ്ങനെ തുടരവേ ആ സംഘം ഇഞ്ചിപ്പാറക്കോട്ടയിലെത്തി..
ദേവനാരായണന്‍റെ ഉപദേശപ്രകാരം, കോട്ടയിലെ ശാസ്താവിനെ തൊഴുത് നാളികേരമുടച്ച് അവര്‍ ശരണം വിളിച്ചു..

"സ്വാമിയേ...
...ശരണമയ്യപ്പാ
......ശരണമയ്യപ്പാ
.........ശരണമയ്യപ്പാ"

പ്രാര്‍ത്ഥനക്ക് ശേഷം ഭഗവാനു ഇഷ്ടമായ വെടിവഴിപാടും നടത്തിയട്ട്, അഴുതമേട് കയറിയതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ അവര്‍ അവിടെ വിശ്രമിച്ചു.
"ഈ പറകൊട്ടിപാട്ട്, വേട്ടവിളി പോലത്തെ ചടങ്ങാണോ?"
വെറുതെ ഇരിക്കുന്ന കൂട്ടത്തില്‍ വിഷ്ണുദത്തനാണ്‌ ആ സംശയം ചോദിച്ചത്.പറകൊട്ടിപാട്ട് മാളികപ്പുറത്തമ്മയുമായി ബന്ധപ്പെട്ട ചടങ്ങാണെന്ന് അറിയാം, എന്നാല്‍ എന്താണതെന്ന് അറിയാത്തതാണ്‌ ഇങ്ങനെ ഒരു ചോദ്യത്തിനു കാരണമായത്.
ആ സംശയത്തിനു മറുപടി നല്‍കിയത് വാമദേവന്‍ നമ്പൂതിരിയായിരുന്നു..
അത് ഇപ്രകാരമായിരുന്നു..

പാലാഴിമഥനത്തെ തുടര്‍ന്ന് വിഷ്ണുഭഗവാനു ശനിദോഷം ബാധിക്കുകയും, ശിവഭഗവാന്‍ വേലനായും പാര്‍വ്വതി ദേവി വേലത്തിയായും വന്ന് പാടി ഭഗവാന്‍റെ ശനിദോഷം അകറ്റുകയും ചെയ്തത്രേ.ആ സംഭവത്തെ അനുസ്മരിക്കുന്ന രീതിയില്‍, മാളികപ്പുറത്തമ്മയുടെ മുന്നില്‍ ഭക്തരുടെ ശനിദോഷം അകറ്റാനാണ്‌ പറകൊട്ടിപാട്ട് നടത്തുന്നത്.മണ്ഡപത്തിനു മുന്നിലായി പതിനഞ്ച് വേലന്‍മാര്‍ നിന്ന് കേശാദിപാദം കഥ പാടിയാണ്‌ ശനിദോഷം അകറ്റുന്നത്.

തിരുമേനി ഇങ്ങനെ വിശദീകരിച്ച് കഴിഞ്ഞപ്പോഴേക്കും എല്ലാവരുടെയും ക്ഷീണം മാറിയിരുന്നു.അവര്‍ അന്നത്തെ സങ്കേതത്തിലേക്കുള്ള യാത്ര തുടരുന്നതിനു തയ്യാറായി..
അന്ന് രാത്രിക്കുള്ളില്‍ മുക്കുഴി എത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്‌യം..
അതിനാണ്‌ അവര്‍ യാത്ര തുടര്‍ന്നതും..
എന്നാല്‍ ആ യാത്ര ആനക്കാടുകള്‍ക്ക് ഇടയിലൂടെയായിരുന്നു..
കാട്ടാനകള്‍ നിറഞ്ഞ ആനക്കാടുകളിലൂടെ..

അദ്ധ്യായം 43 - കല്ലിടാം കുന്നില്‍



എല്ലാവരും പരിഭ്രമിച്ച് പോയിരുന്നു.
രവിവര്‍മ്മ പൊതുവേ ഊര്‍ജ്ജസ്വലനാണ്, മാത്രമല്ല നല്ലൊരു കായികതാരവുമാണ്.അങ്ങനെയുള്ള യുവാവ് തലകറങ്ങുന്നു എന്ന് പറഞ്ഞ് ഇരുന്നത് മാത്രമായിരുന്നില്ല ആ പരിഭ്രമത്തിനു കാരണം.ഏത് നിമിഷവും, ഏതു രൂപത്തിലും രവിവര്‍മ്മയെ ബാധിക്കാന്‍ സാധ്യതയുള്ള അപകടത്തിന്‍റെ സൂചനയാണോ ആ തലകറക്കം എന്നുള്ള ചിന്തയാണ്‌ എല്ലാവരെയും ഏറെ പേടിപ്പെടുത്തിയത്.
"ഇപ്പോള്‍ എങ്ങനുണ്ട് സ്വാമി?" ചോദ്യം തിരുമേനിയുടെ വകയായിരുന്നു.
"ആശ്വാസമുണ്ട്" രവിവര്‍മ്മയുടെ മറുപടി.
തിരുവാഭരണഘോഷയാത്രയെ പറ്റിയുള്ള വിവരണം കേട്ട് കൊണ്ടിരിക്കെ, വരാന്‍ പോകുന്ന അപകടത്തെ കുറിച്ച് ഗഹനമായി ചിന്തിച്ചതിന്‍റെ അനന്തര ഫലമായിരുന്നു ആ തലകറക്കം.
എന്ത് തന്നെയായാലും അല്പം നേരം കൂടി വിശ്രമിക്കാന്‍ എല്ലാവരും തീരുമാനിച്ചു.

"അല്ല സ്വാമി, പന്തളം ക്ഷേത്രത്തില്‍ തിരുവാഭരണം ചാര്‍ത്തുമോ?"
ശബരിമലയിലെ തിരുവാഭരണ ചാര്‍ത്ത് കൂടാതെ, പന്തളത്തും ഇതേ ചടങ്ങുണ്ടോ എന്ന് അറിയാനുള്ള വിഷ്ണുദത്തന്‍റെ ആഗ്രഹമായിരുന്നു ഈ ചോദ്യത്തിനു പിന്നില്‍..
ആ വിശ്രമവേളയില്‍ വെറുതെ ഒരു നേരമ്പോക്കിനു ചോദിച്ച ചോദ്യം..
"ചാര്‍ത്തും, വിഷുവിനും, അയ്യന്‍െറ ജന്മനാളായ ഉത്രത്തിനുമാണ്‌ പന്തളത്ത്‌ ഇവ വിഗ്രഹത്തില്‍ ചാര്‍ത്തുക.."
ഒന്ന് നിര്‍ത്തിയട്ട് ദേവനാരായണന്‍ തുടര്‍ന്നു:
"ശബരിമല സന്നിധാനത്തിനും, പന്തളം ക്ഷേത്രത്തിനും പുറമേ ഒരിടത്ത് കൂടി തിരുവാഭരണം ചാര്‍ത്താറുണ്ട്"
"അതെവിടെ?" ബ്രഹ്മദത്തനു അത്ഭുതം.
"അത് റാന്നി പെരുനാട്‌ ക്ഷേത്രത്തിലാണ്.തിരുവാഭരണ ഘോഷയാത്രയുടെ മടക്കവഴിയില്‍ മകരം എട്ടിനാണ്‌ ഇവിടെ ആഭരണം ചാര്‍ത്തിയുള്ള ഉത്സവം"
ദേവനാരായണന്‍ വിശദീകരണം നിര്‍ത്തി.
അപ്പോഴേക്കും രവിവര്‍മ്മയുടെ ക്ഷീണം മാറിയിരുന്നു.ഭഗവാനെ മനസാല്‍ തൊഴുതു കൊണ്ട് അവര്‍ വീണ്ടും അഴുതമേട് കയറാന്‍ തുടങ്ങി..

ആ യാത്രയില്‍ തിരുവാഭരണഘോഷയാത്രയുടെ രണ്ടാം ദിനത്തെ കുറിച്ച് വിശദീകരിക്കന്‍ തുടങ്ങിയ ദേവനാരായണനോട് വാമദേവന്‍ നമ്പൂതിരി പറഞ്ഞു:
"സ്വാമി ഒരു സംശയമുണ്ട്"
"എന്തേ?"
"തിരുവാഭരണങ്ങള്‍ മൂന്നു പേടകങ്ങളിലായാണ്‌ കൊണ്ടുപോകുന്നതെന്ന് അറിയാം.എന്നാല്‍ വിശദമായി അറിയില്ല..."
ദേവനാരായണനു ആ സംശയം മനസിലായി..
മൂന്നു പേടകങ്ങളെ കുറിച്ചുള്ള വിശദീകരണമാണ്‌ തിരുമേനി ആഗ്രഹിക്കുന്നത്..
ആ വിശദീകരണം നല്‍കുന്നതിനു ആ മാന്ത്രികനു സന്തോഷമേ ഉണ്ടായിരുന്നുള്ളു..
അതിനാല്‍ അദ്ദേഹം ഇങ്ങനെ വിവരിച്ചു..

തിരുവാഭരണങ്ങള്‍ മൂന്നു പേടകങ്ങളില്‍ നിറച്ചാണ്‌ കൊണ്ടുപോകുന്നത്‌!!
ആദ്യത്തെ തിരുവാഭരണപ്പെട്ടിക്ക് ഗോപുരാകൃതിയാണ്..
തിരുമുഖം, പ്രഭ, പ്രഭാസത്യകമാര്‍, രണ്ടു സ്വര്‍ണവാളുകള്‍, രണ്ടു സ്വര്‍ണ ആനകള്‍, സ്വര്‍ണപ്പുലി, അരമണി, ശരപ്പൊളിമാല, എരിക്കിന്‍പൂമാല, മണികണ്‌ഠമാല, വില്ലുതളമാല, നവരത്‌നനമോതിരം തുടങ്ങിയ ആഭരണങ്ങള്‍ ഈ പെട്ടിയില്‍ നിറയ്‌ക്കുന്നു.
രണ്ടാമത്തെത് സമചതുരാകൃതിയിലുള്ള വെള്ളിപ്പെട്ടിയാണ്.തങ്കക്കുടം, പൂജാപാത്രങ്ങള്‍ തുടങ്ങിയവ ഇതാലാണ്‌ സൂക്ഷിക്കുക.മാളികപ്പുറത്തേക്കുള്ള കൊടികളും നെറ്റിപ്പട്ടവും മറ്റും നിറക്കുന്നത് ദീര്‍ഘചതുരാകൃതിയിലുള്ള കൊടിപ്പെട്ടിയിലാണ്‌.

ഇപ്പോള്‍ വാമദേവന്‍ നമ്പൂതിരിയുടെ സംശയം മാറിയിരിക്കുന്നു.ഇനി അദ്ദേഹത്തിനു തിരുവാഭരണഘോഷയാത്രയുടെ ബാക്കി അറിയേണമെന്നാണ്‌ ആഗ്രഹം.
അത് മനസിലാക്കിയ ദേവനാരായണന്‍ രണ്ടാം ദിവസത്തെ ചടങ്ങുകളെ കുറിച്ച് വിശദീകരിച്ചു..

രണ്ടാം നാള്‍..
ധനുമാസം ഇരുപത്തി ഒമ്പത്..
അന്ന് പുലര്‍ച്ചെ രണ്ടരമണിയോട് കൂടി തിരുവാഭരണഘോഷയാത്ര ആരംഭിക്കും.ആദ്യം ഇടപ്പാവൂര്‍ ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും, തുടര്‍ന്ന് വഞ്ചിയില്‍ പമ്പയാര്‍ കുറുകെ കടന്ന് ആഴിക്കല്‍ കുന്നുപാറപ്പുറത്തെ സ്വീകരണത്തില്‍ പങ്ക് കൊള്ളുകയും ചെയ്യുന്നു.അവിടുന്നു വടശ്ശേരിക്കരയില്‍ എത്തുന്ന തമ്പുരാന്‍, ചെറുകാവ് ദേവിക്ഷേത്രത്തില്‍ നിന്ന് താലപ്പൊലി സ്വീകരിച്ച്, ഭക്തജനങ്ങള്‍ക്ക് ഭസ്മം നല്‍കി അനുഗ്രഹിക്കുന്നു.
പത്തുമണിക്ക് വീണ്ടും യാത്ര തുടരുന്നു..
മാടമണ്‍ ക്ഷേത്രം വഴി മടത്തും മുഴിക്കടവ് എത്തുകയും, തുടര്‍ന്ന് പമ്പ കുറുകെ കടന്ന് പെരുനാട് ക്ഷേത്രത്തില്‍ എത്തുകയും ചെയ്യുന്നു.
ഇവിടെ ആഹാരം കഴിച്ച് ആ സംഘം വിശ്രമിക്കുന്നു.

മൂന്ന് മണിക്ക് ശേഷം വീണ്ടും യാത്ര..
ഈ യാത്രയില്‍ ചെട്ടിയാരുടെ പ്രാര്‍ത്ഥനാലയത്തിലെ സ്വീകരണം, പൂജ, നിവേദ്യം തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം, ചെമ്മണ്ണുകയറ്റം തുടങ്ങുന്ന സ്ഥലത്ത് വച്ച് വേലന്‍ ഉറഞ്ഞ് തുള്ളി ഈ സംഘത്തെ സ്വീകരിക്കും.അതിനു ശേഷം ളാഹാ തോട്ടത്തിലെ ഭക്തജനങ്ങളുടെ സ്വീകരണവും, തുടര്‍ന്ന് ളാഹാ വനം വകുപ്പിന്‍റെ ഓഫീസില്‍ വിശ്രമവും.
അങ്ങനെ രണ്ടാം ദിവസത്തെ യാത്ര അവസാനിക്കും.

ഇങ്ങനെ തിരുവാഭരണഘോഷയാത്രയെ കുറിച്ച് വിശദീകരിച്ചിരിക്കവേ അവര്‍ കല്ലിടാം കുന്നിലെത്തി.യാത്രാവിവരണം നിര്‍ത്തിയട്ട് ദേവനാരായണന്‍ എല്ലാവരോടുമായി പറഞ്ഞു:
"ഇതാണ്‌ കല്ലിടാം കുന്ന്, മഹിഷിനിഗ്രഹത്തിനു ശേഷം മണികണ്ഠന്‍ വലിച്ചെറിഞ്ഞ മഹിഷിയുടെ ജഡം വന്ന് വീണത് ഇവിടെയാണ്"
അതിനെ തുടര്‍ന്ന് ആ ദേശത്തിനു കല്ലിടാംകുന്നെന്ന് പേരു വരാനുള്ള കാരണവും അദ്ദേഹം വിവരിച്ചു..
മഹിഷിയുടെ ജഡം തുറസ്സായ സ്ഥലത്ത് കിടന്നാല്‍ അത് വളര്‍ന്ന് സൂര്യചന്ദ്രന്‍മാരുടെ ഗതിനിലക്കും എന്ന് മഹാവിഷ്ണുവിന്‍റെ മുന്നറിയിപ്പിനെ മാനിച്ച്, ജഡത്തിനു മുകളില്‍ കല്ലിട്ടാണ്‌ മണികണ്ഠന്‍ മുന്നോട്ട് നീങ്ങിയത്.
"അതിനാലാണോ അയ്യപ്പഭക്തന്‍മാര്‍ ഇവിടെ കല്ലിടുന്നത്? രവിവര്‍മ്മക്ക് അത്ഭുതം.
"അതേ, അതാണ്‌ കാരണം" ദേവനാരായണന്‍ തറപ്പിച്ച് പറഞ്ഞു.

തുടര്‍ന്ന് ആ സംഘം യാത്ര ആരംഭിച്ചു..
ഇഞ്ചിപ്പാറക്കോട്ട ലക്ഷ്‌യമാക്കിയുള്ള യാത്ര..

അദ്ധ്യായം 42 - കാനന യാത്ര



ആയിരത്തി തൊള്ളായിരത്തി എഴുപത്തി മൂന്നില്‍, തിരുവിതാംകൂറിലെ മഹാരാജാവായ ശ്രീ ചിത്തിരതിരുന്നാള്‍, നാന്നൂറ്റി ഇരുപത് പവന്‍ തൂക്കമുള്ള ഒരു തങ്കയങ്കി കാണിക്കയായി ഭഗവാനു സമര്‍പ്പിച്ചു.ഇന്നും മണ്ഡലപൂജക്ക് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ഈ തങ്കയങ്കി ചാര്‍ത്താറുണ്ട്.
മണ്ഡലപൂജക്ക് രണ്ട് നാള്‍ മുമ്പാണ്‌ തങ്കയങ്കി ഘോഷയാത്ര ആരംഭിക്കുന്നത്..
അന്നേ ദിവസം തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥയാത്ര ആറന്‍മുള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.ഈ തങ്കയങ്കിയാണ്‌ വൃശ്ചികം ഒന്നു തുടങ്ങി നാല്‍പ്പത്തി ഒന്നാം നാളില്‍, അതായത് മണ്ഡലപൂജക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നത്.എല്ലാവര്‍ഷവും മണ്‌ഡലപൂജ കഴിഞ്ഞ്‌, തങ്കയങ്കി ആറന്മുളയിലെത്തിച്ച്‌ ദേവസ്വംവക ഭണ്‌ഡാരത്തില്‍ സൂക്ഷിക്കും.

കോട്ടപ്പടിയില്‍ നിന്നും തുടര്‍ന്നുള്ള യാത്രയില്‍ തങ്കയങ്കിയെ കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ വാമദേവന്‍ നമ്പൂതിരി എല്ലാവര്‍ക്കുമായി വിശദീകരിച്ച് കൊടുത്തു, എന്നിട്ട് പറഞ്ഞു:
"ഇതേ പോലെ വിശേഷപ്പെട്ടതാണ്‌ എല്ലാവര്‍ഷവും ധനു ഇരുപത്തിയെട്ടിനു പന്തളത്ത് നിന്നും പുറപ്പെടുന്ന തിരുവാഭരണഘോഷയാത്രയും"
"എന്തെല്ലാമാണ്‌ അതിന്‍റെ ചടങ്ങുകള്‍?" വിഷ്ണുദത്തനു അതു കൂടി അറിഞ്ഞാല്‍ കൊള്ളാം.
"ക്ഷമിക്കണം വിശദമായി എനിക്ക് അറിയില്ല"
വാമദേവന്‍ നമ്പൂതിരി തന്‍റെ നിസഹായവസ്ഥ വെളിപ്പെടുത്തി.
എന്നാല്‍ ആ ചടങ്ങുകള്‍ ദേവനാരായണനു അറിയാമായിരുന്നു, എല്ലാവരുടെയും അറിവിനായി അദ്ദേഹമത് വിശദീകരിച്ചു..

ഒന്നാം നാള്‍..
ധനു ഇരുപത്തിയെട്ട്..
അന്നേ ദിവസം ബ്രാഹ്മമുഹൂര്‍ത്തം..
പന്തളം അയ്യപ്പക്ഷേത്ര സന്നിധിയാണ്‌ സ്ഥലം.തിരുവാഭരണം ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാനിവിടെ സൌകര്യമുണ്ട്.അന്ന് ബ്രഹ്മമുഹൂര്‍ത്തത്തില്‍ പന്തളത്തെ വലിയതമ്പുരാനെ ക്ഷേത്രനടയില്‍ നിന്ന് സ്വീകരിച്ച്, കിഴക്കേ ഇടവഴിയിലൂടെ അകത്തേക്ക് ആനയിക്കുന്നു..
തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അയ്യപ്പദര്‍ശനം!!
അതിനു ശേഷം ശ്രീകോവിലിന്‍റെ തെക്ക് ഭാഗത്ത് തയ്യാറാകിയ പീഠത്തില്‍ ഇരുന്ന് ഭക്തജനങ്ങള്‍ക്ക് ഭസ്മം നല്‍കി അനുഗ്രഹിക്കുന്നു..
ഇപ്പോള്‍ സമയം പത്തരയായി..
ഇളയതമ്പുരാന്‍ എഴുന്നെള്ളണ്ട സമയമായിരിക്കുന്നു..
രാജപ്രതിനിധിയായ ഇളയതമ്പുരാനും, വലിയ തമ്പുരാന്‍ പാലിച്ച ചടങ്ങുകളോടെ ദര്‍ശനം നടത്തുകയും അതിനു ശേഷം വലിയതമ്പുരാന്‍റെ ഇടതുഭാഗത്തായി നിലയുറപ്പിക്കുകയും ചെയ്യുന്നു.

ദേവനാരായണന്‍ ഇത്രയും വിശദീകരിച്ചപ്പോഴേക്കും അവര്‍ അഴുതാനദിക്കരയിലെത്തി.ഇനി മുന്നില്‍ മലയാണ്..
കിഴക്കാം തൂക്കായി കിടക്കുന്ന അഴുതാമേട്!!
അതിനാല്‍ തന്നെ ഒന്നു വിശ്രമിച്ചട്ട് വേണം യാത്ര ആരംഭിക്കാന്‍.ദേവനാരായണന്‍റെ ഉപദേശപ്രകാരം വിശ്രമിച്ച ശേഷം അഴുതയില്‍ മുങ്ങി കല്ലുമായാണ്‌ അവര്‍ യാത്ര ആരംഭിച്ചത്..
"ഈ കല്ലെന്തിനാ അങ്കിളേ?"
"അത് കല്ലിടാം കുന്നിലിടാനാ മോനെ"
വൈഷ്ണവന്‍റെ ചോദ്യത്തിനു ദേവനാരായണന്‍ മറുപടി പറഞ്ഞു.എന്നാല്‍ കല്ലിടാനുള്ള കാരണത്തെ കുറിച്ച് വൈഷ്ണവന്‍ ചോദിച്ചുമില്ല, ദേവനാരായണന്‍ വിശദീകരിച്ചതുമില്ല.
അവര്‍ യാത്ര തുടര്‍ന്നു..
ആ യാത്രയില്‍ ദേവനാരായണന്‍ വിശദമാക്കി..
തിരുവാഭരണഘോഷയാത്രയിലെ മറ്റ് ചടങ്ങുകള്‍..

ഒന്നാം ദിവസം പന്ത്രണ്ട് മണിയോടെ ഉച്ചപൂജക്കായി പന്തളം അയ്യപ്പനടയടക്കും.പിന്നീട് നട തുറക്കുമ്പോള്‍ അയ്യപ്പസ്വാമിയേയും, തിരുവാഭരണത്തേയും, അതേപോലെ പീഠത്തില്‍ പ്രത്യേകമായി വച്ച ഉടവാളിനേയും മേല്‍ശാന്തി നീരാജ്ഞനമുഴിയും.തുടര്‍ന്ന് തീര്‍ത്ഥവും പ്രസാദവും നല്‍കിയ ശേഷം അദ്ദേഹം ഉടവാള്‍ വലിയ തമ്പുരാനെ ഏല്‍പ്പിക്കുന്നു.അതിനു ശേഷം വലിയതമ്പുരാന്‍ ഉടവാള്‍ ഇളയതമ്പുരാനു കൈമാറുകയും യാത്രക്ക് അനുമതി നല്‍കുകയും ചെയ്യുന്നു.
"അപ്പോള്‍ വലിയതമ്പുരാന്‍ ശബരിമലക്ക് വരില്ലേ?" ചോദ്യം രവിവര്‍മ്മയുടെതാണ്.
"ഇല്ല, തമ്പുരാന്‍ വരില്ല"
"അതെന്താ?"
"തമ്പുരാനു അയ്യപ്പസ്വാമിയുടെ അച്ഛന്‍റെ സ്ഥാനമാ, തമ്പുരാന്‍ മലകയറിയാല്‍ ഭഗവാനു ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കേണ്ടി വരും"
എല്ലാം മനസിലായ പോലെ രവിവര്‍മ്മ തലയാട്ടി.
ദേവനാരായണന്‍ വിശദീകരണം തുടര്‍ന്ന്..

ഉച്ചക്ക് ഒരു മണിയോട് കൂടി രാജകുടുംബാംഗങ്ങളാല്‍ എടുക്കപ്പെടുന്ന തിരുവാഭരണം പ്രദക്ഷിണമായി കിഴക്കെ ഇടനാഴികയിലൂടെ ക്ഷത്രകവാടത്തില്‍ എത്തിക്കും.ഇവിടെ നിന്നും തിരുവാഭരണവാഹകര്‍, തിരുവാഭരണവും മറ്റ് പേടകവും ശിരസിലേറ്റി പ്രദക്ഷിണമായി മേടക്കല്ലിറങ്ങി കൈപ്പുഴക്ഷേത്രം വഴി കുളനടക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്നു..
"അപ്പോള്‍ ഇളയതമ്പുരാനോ?" ഇക്കുറി സംശയം തിരുമേനിക്കാണ്.
തിരുവാഭരണയാത്രയോടൊപ്പം ഇളയതമ്പുരാനും കാണുമെന്ന് അദ്ദേഹത്തിനറിയാം, അതാണ്‌ ദേവനാരായണന്‍ ഇളയതമ്പുരാനെ കുറിച്ച് പരാമര്‍ശിക്കാത്തത് കണ്ട് തിരുമേനി എടുത്ത് ചോദിച്ചത്..
അപ്പോള്‍ ഇളയതമ്പുരാനോ??
അത് പറയാം..

രാജപ്രതിനിധിയായ ഇളയതമ്പുരാനാണ്‌ തിരുവാഭരണം കൈകാര്യം ചെയ്യാന്‍ അവകാശമുള്ള ഏക വ്യക്തി.അതിനാല്‍ തിരുവാഭരണത്തോടൊപ്പം കിഴക്കേനടയിലേക്ക് അദ്ദേഹവും പുറപ്പെടും.തുടര്‍ന്ന് ക്ഷേത്രപ്രദക്ഷണം കഴിഞ്ഞ് മേടക്കല്ല്‌ വഴി നടുവിലെ മാളികമുറ്റത്തു തയ്യാറായി നില്‍ക്കുന്ന പല്ലക്കിനടുത്ത് എത്തുകയും, ഉടവാള്‍ കുറുപ്പിനെ ഏല്‍പ്പിക്കുകയും ചെയ്യുന്നു..
ഇനി വടക്കേമുറി കൊട്ടാരത്തിലേക്കുള്ള യാത്രയാണ്..
ഉടവാളും പരിചയുമായി കുറുപ്പ് മുന്നിലും, പിന്നിലായി പല്ലക്കില്‍ ഇളയതമ്പുരാനും കൊട്ടാരത്തില്‍ എത്തുകയും, വിധിപ്രകാരം കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച ശേഷം പരിവാരങ്ങളോടൊത്ത് കൊട്ടാരവളപ്പിലെ പതിനട്ട് പടിയിറങ്ങി, പരമ്പരാഗതപാതയിലൂടെ കുളനടക്ഷേത്രത്തിന്‍റെ തെക്കേ നടയില്‍ എത്തുകയും ചെയ്യുന്നു.

ഇവിടെ കാത്ത് നില്‍ക്കുന്ന പല്ലക്കില്‍ കയറി അദ്ദേഹം കുളനടക്ഷേത്രത്തില്‍ എത്തി ചേരുന്നു.
ഇനി യാത്ര കുളനടക്ഷേത്രത്തില്‍ നിന്നാണ്..
തിരുവാഭരണപേടകങ്ങളുടെ വാഹകര്‍ മുന്നിലായും, അതിനു പിന്നിലായി ഉടവാളും പരിചയുമായി കുറുപ്പും, തൊട്ട് പുറകിലായി കാല്‍ നടയായി തമ്പുരാനും യാത്ര ആരംഭിക്കുന്നു..
ആ യാത്രയില്‍ ഉടനീളം തിരുവാഭരണത്തിനും ഇളയതമ്പുരാനും പല സ്ഥലങ്ങളിലും ഭക്തജനങ്ങള്‍ സ്വീകരണം നല്‍കുന്നു.ഉള്ളന്നൂര്‍, ആറന്‍മുള, പൊന്നിന്‍തോട്ടം, ചെറുകോല്‍ ക്ഷേത്രങ്ങളില്‍ ദര്‍ശിച്ച്, രാത്രിയോട് കൂടി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ ഈ സംഘം എത്തുന്നു.തുടര്‍ന്ന് സ്നാനാദി കര്‍മ്മങ്ങള്‍ക്ക് ശേഷം തമ്പുരാന്‍ ഭക്തജനങ്ങള്‍ക്ക് വിഭൂതി നല്‍കി അനുഗ്രഹിക്കുകയും, പൂജാരിയുടെ ആതിഥ്യം സ്വീകരിച്ച് പരിവാരസമേതനായി ക്ഷേത്രത്തില്‍ തങ്ങുകയും ചെയ്യുന്നു.

ഒന്നാം ദിവസത്തെ യാത്രയെ കുറിച്ചുള്ള വിശദീകരണം നിര്‍ത്തിയ ദേവനാരായണന്‍ കണ്ടത് വിഷ്ണുദത്തന്‍റെ കൈയ്യില്‍ മുറുകെ പിടിക്കുന്ന രവിവര്‍മ്മയെ ആണ്!!
"എന്ത് പറ്റി സ്വാമി?"
"തലകറങ്ങുന്ന പോലെ"
ഇങ്ങനെ പറഞ്ഞ് കൊണ്ട് രവിവര്‍മ്മ നിലത്തേക്കിരുന്നു..

അദ്ധ്യായം 41 - ഇനി വനയാത്ര



എരുമേലിയിലെ ആ രാത്രി..
രവിവര്‍മ്മ ഉള്‍പ്പെട്ട സംഘം പേട്ട തുള്ളലിനെ സംബന്ധിച്ചുള്ള ചര്‍ച്ചയിലാണ്.
അമ്പലപ്പുഴക്കാരും ആലങ്ങാട്ടുകാരും പേട്ടതുള്ളുന്നതിനെ കുറിച്ച് ദേവനാരായണന്‍ എല്ലാവര്‍ക്കും വിശദീകരിച്ച് കൊണ്ടിരിക്കുന്നു..
"ഉച്ചക്ക് മുമ്പാണ്‌ അമ്പലപ്പുഴക്കാര്‍ പേട്ട തുള്ളുന്നത്, അവരുടെ പേട്ട തുള്ളല്‍ ആരംഭിക്കുമ്പോള്‍ കൊച്ചമ്പലത്തിനു മുകളില്‍ കൃഷ്ണപരുന്ത് വട്ടമിട്ട് പറക്കും.അമ്പലപ്പുഴ കൃഷ്ണസ്വാമി പേട്ടതുള്ളല്‍ തൃക്കണ്‍പാര്‍ത്താലേ സഫലമാകു എന്ന വിശ്വാസത്തിന്‍റെ പൂര്‍ത്തീകരണമാണ്‌ ആ കൃഷ്ണപരുന്ത്"
"അപ്പോ ആലങ്ങാട്ടുകാരോ?"
"ഉച്ചക്ക് ശേഷമാണ്‌ ആലങ്ങാട്ടുകാരുടെ പേട്ടതുള്ളല്‍.ആ സമയത്ത് ആകാശത്ത് നക്ഷത്രോദയം ഉണ്ടാകും"
"ഇതൊക്കെ ശരിക്കുമുള്ളതാണോ?" രവിവര്‍മ്മക്ക് വിശ്വസിക്കാന്‍ പ്രയാസം.
"സംശയിക്കേണ്ടാ ഇതെല്ലാം സത്യമാ"
ദേവനാരായണന്‍ പറഞ്ഞ് നിര്‍ത്തി.

രാത്രി ആയതോട് കൂടി ഒരോരുത്തരായി ഉറക്കത്തിലേക്ക് വഴുതി വീണു.രവിവര്‍മ്മയും, വൈഷ്ണവനും എല്ലാം നല്ല ഉറക്കത്തില്‍ തന്നെ.ബ്രഹ്മദത്തന്‍ ഉറങ്ങുന്നുണ്ടെങ്കിലും ഇടക്കിടെ ഞെട്ടി ഉണരും.അയാളുടെ ഉപബോധമനസില്‍ രവിവര്‍മ്മയെ കുറിച്ചുള്ള ചിന്തകള്‍ മാത്രം..
ഇടക്കെപ്പോഴോ ഞെട്ടിയുണര്‍ന്ന ബ്രഹ്മദത്തന്‍ ഒരു കാഴ്ച കണ്ടു..
എല്ലാവരും കിടക്കുന്നതിനു അകലെ മാറി രണ്ട്പേര്‍ ഉറങ്ങാതെ ഇരിക്കുന്നു!!
ഈശ്വരാ, അത് ദേവനാരായണനും തിരുമേനിയുമല്ലേ??
എന്താണ്‌ അവര്‍ സംസാരിക്കുന്നത്??
ബ്രഹ്മദത്തന്‍ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.

"എന്ത് പറ്റി?"
ബ്രഹ്മദത്തന്‍റെ പരിഭ്രാന്തി കലര്‍ന്ന ചോദ്യം കേട്ടപ്പോള്‍ ദേവനാരായണന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു:
"നാളത്തെ യാത്രയെ കുറിച്ച് ആലോചിക്കുകയായിരുന്നു, നാളെ നമുക്ക് മുക്കുഴിയില്‍ എത്തണം"
ഇങ്ങനെ പറഞ്ഞ ശേഷം പോകേണ്ട വഴിയെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു..
ഇനിയുള്ള യാത്ര കാനനത്തിലൂടെയാണ്!!
എരുമേലിയില്‍ നിന്ന് പമ്പ വരെ ഏകദേശം അമ്പത്തി ഒന്ന് കിലോമീറ്റര്‍ ദൂരമുണ്ട്.ഇവിടെ നിന്നും യാത്ര തുടങ്ങിയാല്‍ പേരൂര്‍ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട പിന്നെ മുക്കുഴി.
"നാളെ നമുക്ക് അവിടെ വിശ്രമിക്കാം"
പിറ്റേദിവസം മുക്കുഴിയില്‍ വിശ്രമിക്കാം എന്ന് കേട്ടപ്പോള്‍ ബ്രഹ്മദത്തന്‍ ചോദിച്ചു:
"അപ്പോള്‍ നാളെ പമ്പയിലെത്തില്ലേ?"
"ഇല്ല സ്വാമി, നാളെ എത്തില്ല.മറ്റേന്നാള്‍ കരിയിലാം തോടും, കരിമലയും, വലിയാനവട്ടവും, ചെറിയാനവട്ടവും കടന്ന് നമ്മള്‍ പമ്പയിലെത്തും"
ദേവനാരായണന്‍ വിശദമാക്കി കൊടുത്തു.
വഴിയെ കുറിച്ച് ഏകദേശ ധാരണയായപ്പോള്‍ ബ്രഹ്മദത്തന്‍ ചോദിച്ചു:
"ഈ വനത്തിലൂടെയുള്ള യാത്ര അപകടമല്ലേ?"
"സാധാരണ മലക്ക് പോകുന്ന സ്വാമിമാരെ സംബന്ധിച്ച് ഈ കാനന പാതയില്‍ അപകടം വരില്ല.എന്നാല്‍ രവിവര്‍മ്മക്ക് ഈ യാത്ര അപകടം നിറഞ്ഞത് തന്നെയാണ്"

ദേവനാരായണന്‍റെ ഈ മറുപടി ബ്രഹ്മദത്തനെ കൂടുതല്‍ വിഷമിപ്പിച്ചതേയുള്ളു.രവിവര്‍മ്മക്ക് ഒരു അപകടം കൂടി ഉണ്ടാവുമെന്ന് അറിയാമെങ്കിലും, കഴിഞ്ഞ് പോയ അപകടങ്ങള്‍ പോലെ മൂന്നാമത്തതും രവിവര്‍മ്മയെ ബാധിക്കില്ല എന്ന് അയാള്‍ വിശ്വസിക്കാന്‍ ശ്രമിക്കുന്നു.അപ്പോഴാണ്‌ ദേവനാരായണന്‍ ഈ യാത്ര അപകടം നിറഞ്ഞതാണെന്നു പറയുന്നത്, അതിനാല്‍ അയാള്‍ ചോദിച്ചു:
"സ്വാമി ശരിക്കും അപകടം ഉണ്ടാകുമോ?"
ബ്രഹ്മദത്തന്‍റെ ചോദ്യത്തിന്‍റെ അര്‍ത്ഥം ദേവനാരായണനു പിടികിട്ടി.രവിവര്‍മ്മയെ ബാധിക്കാതെ മൂന്നാമത്തെ അപകടം ഒഴിഞ്ഞു പോകുമോന്നാണ്‌ ചോദ്യം.എന്നാല്‍ അതിനെ കുറിച്ച് തീര്‍ച്ചയില്ലാത്ത ആ മാന്ത്രികന്‍, അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്ന മുഖഭാവത്തിലാണ്‌ ആ ചോദ്യത്തിനു മറുപടി നല്‍കിയത്:
"ഇവിടെ നിന്ന് പുറപ്പെട്ടാല്‍ പേരൂര്‍തോട്.അവിടെ നിന്ന്‌ ഇരുമ്പൂന്നിക്കരയിലേയ്‌ക്ക്‌ മൂന്നു കിലോമീറ്ററുണ്ട്‌.ഇരുമ്പൂന്നിക്കരയില്‍ നിന്ന്‌ കാനനം ആരംഭിക്കുന്നു, പിന്നെ പമ്പയിലെത്തുന്ന വരെ അപകടമാണ്‌ സ്വാമി"
ദേവനാരായണന്‍റെ ഈ മറുപടിയില്‍ മനംനൊന്ത ബ്രഹ്മദത്തന്‍ പതിയെ തിരികെ നടന്നു.ബ്രഹ്മദത്തന്‍ കേള്‍ക്കില്ല എന്ന് ഉറപ്പായപ്പോള്‍ വാമദേവന്‍ നമ്പൂതിരി ചോദിച്ചു:
"രവിവര്‍മ്മ പമ്പയില്‍ എത്തുമോ?"
ആ ചോദ്യത്തിനു മഹാമാന്ത്രികനായ ദേവനാരായണനു മറുപടി ഉണ്ടായിരുന്നില്ല, അല്പ സമയം കഴിഞ്ഞപ്പോള്‍ പതിഞ്ഞ സ്വരത്തില്‍ അയാള്‍ പറഞ്ഞു:
"എനിക്ക് പ്രതീക്ഷയില്ല!!"
ആ രാത്രി അങ്ങനെ കഴിഞ്ഞു.

പിറ്റേന്ന് പ്രഭാതമായി..
ദേവനാരായണനും സംഘവും അന്നത്തെ യാത്രക്ക് തയ്യാറായി..
ഇരുമുടിക്കെട്ടുമേന്തി യാത്ര തുടങ്ങും നേരം ശരണം വിളികള്‍ അവിടെയെങ്ങും മുഴങ്ങി..

"അരവണപ്രിയനേ....
........ശരണമയ്യപ്പാ!!
പമ്പാവാസനേ....
........ശരണമയ്യപ്പാ!!
പന്തളരാജനേ....
........ശരണമയ്യപ്പാ!!
വീരമണികണ്ഠനേ...
........ശരണമയ്യപ്പാ!!
വില്ലാളി വീരനേ....
........ശരണമയ്യപ്പാ!!
ഓങ്കാര പൊരുളേ....
........ശരണമയ്യപ്പാ!!"

എരുമേലിയില്‍ നിന്നും ആ സംഘം യാത്ര ആരംഭിച്ചു..

"ശബരിമലയിലെ അയ്യപ്പന്‍റെ ഉറക്ക് പാട്ട് ഏതാണെന്ന് അറിയാമോ?" വാമദേവന്‍ നമ്പൂതിരിയുടെ ചോദ്യം രവിവര്‍മ്മയോടായിരുന്നു.
"അറിയാം, ഹരിവരാസനം"
ഇങ്ങനെ മറുപടി നല്‍കിയ ശേഷം രവിവര്‍മ്മ തിരിച്ച് തിരുമേനിയോട് ചോദിച്ചു:
"ഹരിവരാസനം എഴുതിയത് ആരാണെന്ന് അറിയാമോ?"
തിരുമേനിക്ക് മറുപടിയില്ല!!
വെറുതെ ചോദിച്ച ഒരു ചോദ്യം തിരിച്ചടിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല!!
ശബ്ദം താഴ്ത്തി അദ്ദേഹം ചോദിച്ചു:
"സ്വാമിക്ക് അറിയാമോ ആരാണെന്ന്?"
"കമ്പക്കുടി കുളത്തു അയ്യര്‍ രചിച്ചതാണെന്നാണ്‌ എന്‍റെ അറിവ്"
ഇങ്ങനെ മറുപടി നല്‍കിയ ശേഷം അത് ശരിയാണോ എന്ന അര്‍ത്ഥത്തില്‍ രവിവര്‍മ്മ ദേവനാരായണനെ നോക്കി, അത് കണ്ടതും അദ്ദേഹം പറഞ്ഞു:
"ശരിയാണ്, കമ്പക്കുടി കുളത്തു അയ്യര്‍ എന്നൊരു ഗുരുസ്വാമിയാണ്‌ ഹരിവരാസനം രചിച്ചത്.രാത്രിയില്‍ അയ്യപ്പന്‍മാര്‍ ഈ പാട്ട് ഒത്ത് പാടിയാണ്‌ ശബരിമല നട അടക്കുന്നത്"

ഹരിവരാസനത്തില്‍ നിന്നും ആ സംഘത്തിന്‍റെ ചര്‍ച്ച ശബരിമലയിലെ ദിവസപൂജകളിലേക്കും, തുടര്‍ന്ന് ഉത്സവപരിപാടികളിലേക്കും വഴിമാറി.എല്ലാവരുടെയും അറിവിനായി ഉത്സവം സംബന്ധിച്ചുള്ള പ്രധാന സംഭവങ്ങള്‍ ദേവനാരായണന്‍ വിവരിച്ചു കൊടുത്തു..

ഉത്സവത്തിനു മുമ്പായി പ്രാസാദ ശുദ്ധി, വാസ്തുബലി, വാസ്തു പുണ്യാഹം, മുളയിടല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ശുദ്ധി ക്രിയകള്‍ നടത്തും.അതേപോലെ ചതുശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, ഇരുപത്തിയഞ്ച് കലശം എന്നിവ ഉള്‍പ്പെടുന്ന ബിംബശുദ്ധിക്രിയകളും നടത്തും. മാത്രമല്ല കൊടിയേറ്റം‍‍‍‍‍, ശ്രീഭൂതബലി‍‍‍‍‍, ഉത്സവബലി, പള്ളിവേട്ട, വിളക്കെഴുന്നള്ളിപ്പ്, ആറാട്ട് ‍‍‍‍‍എന്നീ പരിപാടികളും ഉത്സവത്തോട് അനുബന്ധിച്ച് ഉള്ളവയാണ്.

ഇങ്ങനെ വിശദീകരണം തുടരവേ ആ സംഘം പേരൂര്‍ തോട് പിന്നിട്ട് ഇരുമ്പൂന്നിക്കരയിലെത്തി.

ഇനി കോട്ടപ്പടിയാണ്..
നാടിനെയും കാടിനെയും വേര്‍തിരിക്കുന്ന കോട്ടപ്പടി!!
അവിടെ കര്‍പ്പൂരം കത്തിച്ച് ആ സംഘം ഉറക്കെ ശരണം വിളിച്ചു:

"കോട്ടപ്പടിയേ....
....ശരണമെന്‍റയ്യപ്പാ
......ശരണമെന്‍റയ്യപ്പാ
........ശരണമെന്‍റയ്യപ്പാ"

അവര്‍ കാനനയാത്ര ആരംഭിക്കുകയാണ്‌...
ഏത് ദിശയില്‍ നിന്നും, എങ്ങനെ വേണമെങ്കിലും അപകടം വരാന്‍ സാധ്യതയുള്ള യാത്ര..

അദ്ധ്യായം 40 - സംഘം എരുമേലിയില്‍



ദേവനാരായണനെ അത്ഭുതപ്പെടുത്തിയ ആണ്‍കുട്ടിയുടെ സമീപത്തേക്ക് ഒരാള്‍ വന്നു..
ഒരു വേടന്‍റെ രൂപമുള്ളവന്‍..
അത് രുദ്രനായിരുന്നു!!
കാട്ടില്‍ നിന്നും തേന്‍ ശേഖരിക്കുന്നതാണത്രേ രുദ്രന്‍റെ ജോലി.അതിനായി പോകുമ്പോള്‍ തന്‍റെ മകനേയും അദ്ദേഹം കൂടെ കൊണ്ട് പോകാറുണ്ട്.നല്ലൊരു വില്ലാളിയായ ആ പുത്രനാണ്‌ വേടനെ പല അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്നത്!!
ഇന്ന് അവന്‍ രവിവര്‍മ്മയുടെയും രക്ഷകനായി!!

അച്ഛനോടൊത്ത് തേനെടുക്കാന്‍ കാട്ടിലേക്ക് പോകാന്‍ വന്നതായിരുന്നു ആ പയ്യന്‍.എരുമേലി വരെ അവന്‍ വേഗത്തില്‍ പോകും, കാരണം ശരണം വിളികളുമായി നീങ്ങുന്ന സ്വാമിമാരെ അവനു ഇഷ്ടമാണ്.അന്നും അങ്ങനെ വന്നപ്പോഴാണ്‌ അവന്‍ ആ കാഴ്ച കണ്ടത്..
സ്വാമിമാരുടെ ഒരു സംഘത്തിനു നേരെ പാഞ്ഞടുക്കുന്ന ഒരു എരുമ!!
അപ്പോള്‍ അവന്‍ മറ്റൊന്നും ചിന്തിച്ചില്ല..
വില്ല്‌ കുലച്ചതും, അമ്പെയ്തതും നിമിഷ നേരത്തിനുള്ളിലായിരുന്നു!!
അമ്പ് കൊണ്ട് എരുമ വീഴുന്നത് കണ്ടിട്ടും അവന്‍റെ കലിയടങ്ങിയില്ലായിരുന്നു.രുദ്രന്‍ സമീപത്തെത്തി അവനെ ആശ്വസിപ്പിച്ചു.അവന്‍റെ അടുത്തേക്ക് ചെന്ന ദേവനാരായണനും സംഘവും വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷിച്ചു.
രവിവര്‍മ്മക്ക് എങ്ങനെ നന്ദി പറയേണമെന്ന് അറിയില്ല!!
തൊഴുകൈയ്യോടെ നിന്ന അവരെ നോക്കി ചിരിച്ച് കൊണ്ട് ആ അച്ഛനും മകനും യാത്രയായി.അവര്‍ പോകുന്നതിനു മുമ്പ് വാമദേവന്‍ നമ്പൂതിരി ചോദിച്ചു:
"എന്താ കുഞ്ഞേ നിന്‍റെ പേര്?"
"കാനനവാസന്‍"
ചിരിച്ച് കൊണ്ട് മറുപടി നല്‍കി ആ പയ്യന്‍ യാത്രയായി.
അച്ഛന്‍റെ പേര്‌ രുദ്രന്‍, മകന്‍ കാനനവാസന്‍..
സാക്ഷാല്‍ മഹാദേവന്‍റെയും അയ്യപ്പന്‍റെയും പേരുകള്‍!!
തിരുമേനി അമ്പരപ്പോടെ തിരിഞ്ഞ് നോക്കി, ആ നോട്ടത്തിന്‍റെ അര്‍ത്ഥം ദേവനാരായണനു മനസിലായി.

"പണ്ട് അയ്യപ്പഭഗവാന്‍ ഇവിടെ വച്ച് എരുമയെ കൊന്നതിനാലാണ്‌ ഇവിടം എരുമയെക്കൊല്ലി അഥവാ എരുമേലി എന്ന് അറിയപ്പെട്ടത്.ഇപ്പോള്‍ ചരിത്രം ആവര്‍ത്തിച്ചു എന്ന് തന്നെ പറയാം"
ദേവനാരായണന്‍റെ ഈ വിശദീകരണം എല്ലാവരും അത്ഭുതത്തോടെയാണ്‌ കേട്ടത്.
"അപ്പോള്‍ ആ പയ്യന്‍?" ബ്രഹ്മദത്തനു ഏതാണ്ടെല്ലാം മനസിലായതു പോലെ.
"അത് കാനനവാസന്‍, വേടനായ രുദ്രന്‍റെ മകന്‍.നമുക്ക് അങ്ങനെ കരുതാം.അല്ലെങ്കില്‍ സാക്ഷാല്‍ അയ്യപ്പഭഗവാന്‍ ആ രൂപത്തില്‍ രവിവര്‍മ്മയെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ വന്നതുമാകാം"
ഇങ്ങനെ മറുപടി നല്‍കിയട്ട് ആ മഹാമാന്ത്രികന്‍ ചോദിച്ചു:
"ഭഗവാനു വേണ്ടി നമുക്ക് എരുമേലി പേട്ട തുള്ളിയാലോ?"
രവിവര്‍മ്മക്ക് എന്തിനും സമ്മതമായിരുന്നു, എങ്കിലും അറിയാനുള്ള ആഗ്രഹത്തിനു അവന്‍ ആരാഞ്ഞു:
"എന്തെല്ലാമാണ്‌ അതിന്‍റെ ചടങ്ങുകള്‍?"
ദേവനാരായണന്‍ അത് വിശദമാക്കി കൊടുത്തു..

മഹിഷിവധത്തിന്‍റെ കഥയറിഞ്ഞ് ജനങ്ങള്‍ നടത്തിയ ആനന്ദ നൃത്തത്തിന്‍റെ പുനരാവിഷ്ക്കാരമാണത്രേ പേട്ട തുള്ളല്‍.ഇത് നടത്തുന്നതിനായി തീര്‍ത്ഥാടകര്‍ എരുമേലി അങ്ങാടിയില്‍ നിന്നും ശരവും, ധാന്യവും, പച്ചക്കറികളും വാങ്ങി വരും.ഒരോ സംഘത്തിന്‍റെയും ഈ സാധനങ്ങള്‍ ഒരു കമ്പിളിപ്പുതപ്പില്‍ കെട്ടിയ ശേഷം നീണ്ട വടിയില്‍ തൂക്കിയിട്ട്, ആ വടിയുടെ രണ്ടറ്റവും രണ്ട് പേര്‍ ചുമന്ന് കൊണ്ട് സംഘത്തോടൊപ്പം നീങ്ങുന്നു.
കറുപ്പോ നീലയോ വസ്ത്രം ധരിച്ച്, മുഖത്ത് ചായം പൂശി, 'അയ്യപ്പത്തിന്തകത്തോം സ്വാമിത്തിന്തകത്തോം' എന്ന് ആര്‍പ്പ് വിളിച്ച് സംഘാംഗങ്ങള്‍ ആനന്ദനൃത്തം ചവിട്ടുന്നു.
കൊച്ചമ്പലത്തിലെത്തി പ്രാര്‍ത്ഥനക്ക ശേഷമാണത്രേ പേട്ട തുള്ളല്‍ തുടങ്ങുന്നത്!!
പച്ചിലക്കൊമ്പും പിടിച്ച് ആര്‍പ്പ് വിളികളോടെ അവര്‍ നൃത്തം വെച്ച് വാവരുപള്ളിയില്‍ പ്രവേശിച്ച് പ്രദിക്ഷിണം വയ്ക്കുന്നു.എന്നിട്ട് അവിടെ കാണിക്കയിട്ട് മുസ്ലിം പുരോഹിതനില്‍ നിന്ന് ഭസ്മം പ്രസാദമായി വാങ്ങി ഒരു കിലോമീറ്റര്‍ അകലെയുള്ള വലിയമ്പലം ലക്ഷ്യമാക്കി നീങ്ങുന്നു.
"എന്നിട്ട്?" രവിവര്‍മ്മക്ക് ചടങ്ങുകളെ കുറിച്ച് കൂടുതലറിയാനുള്ള ആകാംക്ഷ.
ദേവനാരായണന്‍ തുടര്‍ന്നു..

വലിയമ്പലത്തില്‍ എത്തുന്ന സംഘം, കൈയ്യിലുള്ള മരച്ചില്ലുകള്‍ അമ്പലത്തിന്‍റെ മേല്‍ക്കുരയിലേക്ക് എറിയുകയും, അമ്പലത്തിനെ പ്രദക്ഷിണം വച്ച്, കര്‍പ്പൂരം കത്തിച്ച് പേട്ട തുള്ളല്‍ അവസാനിപ്പിക്കുകയും ചെയ്യുന്നു.
"പേട്ട തുള്ളലിനു ആരാണ്‌ ഒരുക്കുന്നത്?"
പാരമ്പര്യപ്രകാരം രണ്ടാം പ്രാവശ്യം തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് ഒരുക്കാം, ഇവരെ 'രണ്ടാം കന്നി' എന്ന് വിളിക്കുന്നു.
"അപ്പോള്‍ മൂന്നാം തവണ പോകുന്നവരോ?"
"അവരെ മുതല്‍പ്പേര്‍ എന്നും, നാലാം പ്രാവശ്യം പോകുന്നവരെ ഭരിപ്പൂ എന്നും, അഞ്ചാം പ്രാവശ്യം പോകുന്നവരെ പഴമ എന്ന സ്ഥാനപേരിലും അറിയപ്പെടുന്നു"
"കന്നി അയ്യപ്പനു പേട്ട തുള്ളലില്‍ എന്താ പ്രത്യേകത?"
"കന്നി അയ്യപ്പന്‍മാര്‍ നിര്‍ബന്ധമായും പേട്ട തുള്ളണമെന്നാണ്‌ പറയുന്നതു.മാത്രമല്ല പേട്ടതുള്ളല്‍ സമയത്ത് കന്നി അയ്യപ്പന്‍ ഒരു അമ്പ് ധരിക്കുന്ന ചടങ്ങുമുണ്ട്"
വിശദീകരണം നിര്‍ത്തിയട്ട് ദേവനാരായണന്‍ ചോദിച്ചു:
"നമുക്ക് പേട്ട തുള്ളിയാലോ?"
എല്ലാവര്‍ക്കും അതിനു സമ്മതമായിരുന്നു.
അന്നേ ദിവസം പേട്ട തുള്ളി അവര്‍ എരുമേലിയില്‍ കഴിഞ്ഞ് കൂടി.
രവിവര്‍മ്മയുടെ മനസ്സ് ഇപ്പോള്‍ ശാന്തമാണ്...
ഒന്നും രണ്ടും അപകടങ്ങള്‍ ഒഴിഞ്ഞ് പോയ പോലെ മൂന്നാമത്തെ അപകടവും ഒഴിഞ്ഞ് പോകുമെന്ന് അയാള്‍ വിശ്വസിച്ച് തുടങ്ങി!!
എന്നാല്‍ പിന്നീടുണ്ടായ അനുഭവങ്ങള്‍ ആ വിശ്വാസത്തെ തെറ്റിക്കുന്നതായിരുന്നു..

അദ്ധ്യായം 39 - രണ്ടാമത്തെ അപകടം



പുത്തന്‍ വീട്..
ഈ പേരിനു ഒരു ചരിത്രമുണ്ട്!!
പുലിപ്പാലു തേടി അയ്യപ്പന്‍ വനത്തിലെത്തിയത് മഹിഷിയുടെ പ്രഭാവ കാലത്തായിരുന്നു.അവള്‍ വരബലത്താല്‍ അഹങ്കരിച്ച് ഭൂമിയും, ദേവലോകവും ഒരേപോലെ വിറപ്പിച്ചിരുന്ന കാലഘട്ടം!!
ഈ സമയത്താണ്‌ ഭഗവാന്‍ എരുമേലിക്ക് സമീപം എത്തിചേര്‍ന്നത്.അവിടെയുള്ള സമീപവാസികളെല്ലാം എരുമയെ ഭയന്നാണ്‌ കഴിഞ്ഞിരുന്നത്.
അന്ന് മണികണ്ഠന്‍ അവിടെയൊരു വീട്ടില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചു.അതിനായി അനുവാദം ചോദിച്ച് അദ്ദേഹം ഒരു വീട്ടിലെത്തി.അവിടെ ഒരു മുത്തശ്ശി മാത്രമാണ്‌ ഉണ്ടായിരുന്നത്.മുത്തശ്ശിയില്‍ നിന്ന് മഹിഷിയുടെ ആക്രമണ കഥ അറിഞ്ഞപ്പോള്‍ ഭഗവാന്‍ മഹിഷിയെ നേരിടാന്‍ തയ്യാറാണെന്ന് അറിയിച്ചു.എന്നാല്‍ ഭഗവാന്‍റെ അവതാരോദ്ദേശം അറിയാത്ത മുത്തശ്ശി ബാലനെ നിരുത്സാഹപ്പെടുത്താനായി പറഞ്ഞു:
"മോന്‍ കരുതുന്ന പോലെയല്ല, മഹിഷി ഭയങ്കരിയാണ്.മാത്രമല്ല ഇന്നിവിടെ അന്തിയുറങ്ങാനും സൌകര്യമില്ല, കാരണം ഇതൊരു പഴയവീടാണ്"
ഭഗവാന്‍ അതുകേട്ട് ചിരിച്ചു, എന്നിട്ട് പറഞ്ഞു:
"ഇത് പഴയവീടല്ല മുത്തശ്ശി, പുത്തന്‍വീടാണ്"
അന്നേ ദിവസം വീടിന്‍റെ ഉമ്മറത്ത് ഭഗവാന്‍ കിടന്നുറങ്ങി.

കഥ പറയുന്നത് ഒന്ന് നിര്‍ത്തിയട്ട് വാമദേവന്‍ നമ്പൂതിരി എല്ലാവരോടുമായി പറഞ്ഞു:
"ഇന്നും ആ വീട് പുത്തന്‍ വീടെന്നാണ്‌ അറിയപ്പെടുന്നത്.ഭഗവാന്‍ നല്‍കിയ പള്ളിവാളും മറ്റും അവിടെ പൂജിക്കുന്നുണ്ടത്രേ"
"അയ്യോ കഥയുടെ ബാക്കി പറ" വൈഷ്ണവന്‍റെ ക്ഷമ നശിച്ച് തുടങ്ങി.
ആ പത്ത് വയസ്സുകാരന്‍റെ ആഗ്രഹത്തെ മാനിച്ച് തിരുമേനി ബാക്കി കഥ പറഞ്ഞു..

ദേവലോകത്ത് മഹിഷിയുടെ പരാക്രമങ്ങള്‍ തുടരുകയായിരുന്നു..
ഇതിനെ കുറിച്ച് അറിഞ്ഞ ഭഗവാന്‍ ശിവഭൂതഗണങ്ങളുടെ സഹായത്തോടെ ദേവലോകത്ത് എത്തി.അവിടെ വച്ച് അദ്ദേഹം മഹിഷിയെ നേരിട്ടു.യുദ്ധത്തിനിടയില്‍ അദ്ദേഹം മഹിഷിയെ ഭൂമിയിലേക്ക് തള്ളിയിടുകയും, അവള്‍ അഴുതാനദിക്കരയില്‍ വന്ന് വീഴുകയും ചെയ്തു.
ഇവിടെ വച്ച് നടന്ന അതിഭയങ്കരമായ യുദ്ധത്തിനൊടുവില്‍ ഭഗവാന്‍ മഹിഷിയെ നിഗ്രഹിച്ചു!!!
എന്നിട്ട് പുലിപ്പാലു തേടി യാത്ര തുടങ്ങി..
ആ യാത്രയില്‍ മഹാദേവന്‍ അദ്ദേഹത്തിനു മുന്നില്‍ പ്രത്യക്ഷനാകുകയും, ജന്മോദ്ദേശം സഫലമായതിനാല്‍ പന്തളം രാജ്യത്തേക്ക് മടങ്ങി രാജാവിനെ ആശ്വസിപ്പിക്കാന്‍ ഉപദേശിക്കുകയും ചെയ്തു.
അങ്ങനെ മണികണ്ഠന്‍ പന്തളത്തേക്ക് മടങ്ങി.
"അപ്പോ പുലിപ്പാലോ?" വൈഷ്ണവനു ആ കഥ കൂടി അറിയണം.
തിരുമേനി കഥ തുടര്‍ന്നു..

പുലിപ്പാലിനെ കുറിച്ച് ആലോചിച്ച മണികണ്ഠനോടെ, ദേവേന്ദ്രന്‍റെ സഹായം അതിനായി ലഭിക്കുമെന്ന് മഹാദേവന്‍ ഉപദേശിച്ചിരുന്നു.അതിനാലാണ്‌ തിരികെ പന്തളത്തേക്ക് പോകുവാന്‍ അദ്ദേഹം തയ്യാറായത് തന്നെ.തിരിച്ചുള്ള യാത്രാ മദ്ധ്യേ ദേവേന്ദ്രനെ കണ്ട്മുട്ടുകയും, ദേവേന്ദ്രന്‍ പുലിയായും, ദേവസ്ത്രീകള്‍ പെണ്‍പുലികളായും അദ്ദേഹത്തോടൊപ്പം പന്തളത്തേക്ക് പോകുവാന്‍ തയ്യാറാകുകയും ചെയ്തു..
അങ്ങനെ പുലിപ്പുറത്ത് കയറി മണികണ്ഠന്‍ പന്തളത്തെത്തി!!
സ്വീകരിക്കാന്‍ വന്ന രാജാവിനോട് ആവശ്യമുള്ള പുലിപ്പാലു കറന്നെടുത്തോളാന്‍ അയ്യപ്പന്‍ സമ്മതം കൊടുത്തു.എന്നാല്‍ ഭഗവാന്‍റെ മഹത്വം മനസിലാക്കിയ രാജാവ് തൊഴുകൈകളോട് ഇങ്ങനെ പറഞ്ഞു:
"അങ്ങ് വനത്തിലേക്ക് യാത്രയായ അന്നു തന്നെ രാജ്ഞിയുടെ അസുഖം ഭേദമായി, ദയവായി പുലികളെ മടക്കി അയച്ചാലും"
തന്നോട് മാപ്പ് അപേക്ഷിച്ച രാജാവിനോട് മണികണ്ഠന്‍ പറഞ്ഞു:
"ഇവിടെ ശിക്ഷയുടെയോ മാപ്പിന്‍റെയോ കാര്യമുദിക്കുന്നില്ല.ദേവകാര്യാര്‍ത്ഥമായ എന്‍റെ അവതാരം സഫലമായി, ഇനി ഞാന്‍ ദേവലോകത്തേക്ക് മടങ്ങുകയാണ്"
അന്ന് മണികണ്ഠനു പന്ത്രണ്ട് വയസ്സ് തികയുന്ന ദിവസമായിരുന്നു!!

സത്യം മനസിലാക്കിയ രാജാവ് മണികണ്ഠന്‍റെ പേരില്‍ ഒരു ക്ഷേത്രം പണിയേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.അതിന്‍റെ പ്രകാരം അയ്യപ്പന്‍ ഒരു അമ്പെയ്ത് സ്ഥാനം നിശ്ചയിക്കുകയും, അവിടെ ദേവഋഷിയായ വിശ്വകര്‍മ്മാവിന്‍റെ സഹായത്താല്‍ ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു.
ഇനി പ്രതിഷ്ഠ നടത്തണം..
അത് എങ്ങനെ വേണമെന്ന് എല്ലാവരും ചിന്തിച്ച് നില്‍ക്കേ, സാക്ഷാല്‍ പരശുരാമന്‍ അവിടെ വരുകയും, ധര്‍മ്മശാസ്താവിന്‍റെ പ്രതിഷ്ഠ നടത്തുകയും ചെയ്തു!!
"അപ്പോള്‍ അയ്യപ്പനോ?" രവിവര്‍മ്മക്ക് അത് കൂടി അറിയണം.
പ്രതിഷ്ഠ നടത്തിയ ശുഭമുഹൂര്‍ത്തത്തില്‍ ഭഗവാന്‍ അയ്യപ്പന്‍ ധര്‍മ്മശാസ്താ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചത്രേ!!
അതിനാലാണ്‌ ശബരിമലയില്‍ നിത്യബ്രഹ്മചാരിയായ അയ്യപ്പനെ ആരാധിക്കുന്നത്.
തിരുമേനി കഥ പറഞ്ഞ് അവസാനിപ്പിച്ചു.

പിന്നീടുള്ള യാത്രയില്‍ രവിവര്‍മ്മയുടെ ചിന്ത ആ കഥയെ കുറിച്ചായിരുന്നു.അയ്യപ്പന്‍റെ ചരിത്രകഥയേക്കാള്‍ തിളക്കമേറിയ ഐതിഹ്യകഥയെ കുറിച്ച്..
അപ്പോള്‍ അയ്യപ്പന്‍ ഭഗവാനായിരുന്നോ??
ഈ കഥയില്‍ മാളികപ്പുറത്തമ്മ ആരാണ്??
ഈ കഥയുമായി ബന്ധപ്പെട്ട് ആചാരങ്ങള്‍ എങ്ങനെ വന്നു??
അവന്‍റെ മനസില്‍ ഒരായിരം ചോദ്യങ്ങള്‍!!

"രവിമാമാ...മാറിക്കോ!!!"
വൈഷ്ണവന്‍റെ അലര്‍ച്ചയാണ്‌ രവിവര്‍മ്മയെ ഓര്‍മ്മയില്‍ നിന്ന് തിരികെ എത്തിച്ചത്.ഞെട്ടിത്തിരിഞ്ഞ് പുറകിലേക്ക് നോക്കിയ അവന്‍ ആ കാഴ്ച കണ്ട് ഭയന്ന് പോയി..
ഒരു ഇടഞ്ഞ എരുമ തന്നെ ലക്ഷ്‌യമാക്കി പാഞ്ഞ് വരുന്നു!!
ഒരു നിമിഷം..
എരുമയുടെ ലക്ഷ്‌യത്തെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുള്ള ദേവനാരായണന്‍ പഞ്ചാക്ഷരി മന്ത്രം ഉറക്കെ ജപിച്ച് കൊണ്ട് രവിവര്‍മ്മയുടെ മുന്നിലേക്ക് കയറി നിന്നു..
പാഞ്ഞ് വന്ന എരുമ ദേവനാരായണന്‍റെ അടുത്തെത്തിയപ്പോള്‍ ഒന്ന് നിന്നു..
പിന്നെ ഒരു വശത്തേക്ക് മറിഞ്ഞ് വീണു!!
മുന്നില്‍ വന്ന അപകടം ഒഴിഞ്ഞ് മാറിയെന്ന് ചിന്തിച്ച് എല്ലാവരും ആശ്വസിച്ചു.എന്നാല്‍ മറ്റൊരു രൂപം കണ്ട് ദേവനാരായണന്‍ പകച്ച് നിന്നു പോയി..
അത് ജ്വലിക്കുന്ന മുഖത്തോട് നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ രൂപമായിരുന്നു!!
അപകടത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ ദേവനാരായണന്‍റെ മനസില്‍ തെളിഞ്ഞ് വന്ന അതേ രൂപം..

അദ്ധ്യായം 38 - മണികണ്ഠന്‍റെ കഥ



വിഷ്ണുദത്തനും ദേവനാരായണനും തമ്മില്‍ നടന്ന സംഭാക്ഷണം ആരും അറിയുന്നുണ്ടായിരുന്നില്ല.എല്ലാവരും വാമദേവന്‍ നമ്പൂതിരിയുടെ കഥയില്‍ മുഴുകിയിരിക്കുകയായിരുന്നു...
പന്തളത്തെത്തിയ മണികണ്ഠന്‍റെ കഥയില്‍..

പന്തളം കൊട്ടാരം..
ശരിക്കും രാജകുമാരനെ പോലെയായിരുന്നു രാജാവ് മണികണ്ഠനെ വളര്‍ത്തിയത്.കുട്ടികളില്ലാത്ത തങ്ങള്‍ക്ക് ദൈവം തന്ന നിധിയാണെന്നാണ്‌ കരുതി രാജ്ഞിയും, ഒരു അമ്മയുടെ കരുതലോടെ ഭഗവാനെ ശുശ്രൂഷിച്ചു.കാലം കടന്ന് പോയി.അങ്ങനെയിരിക്കെ റാണിക്ക് ഒരു കുട്ടി പിറന്നു.മണികണ്ഠനും ആ രാജകുമാരനും സന്തോഷത്തോടെ ആ കൊട്ടാരത്തില്‍ കഴിഞ്ഞ് വന്നു..
മണികണ്ഠന്‍റെ ഗുരുകുല വിദ്യാഭ്യാസം..
മറ്റ് കുട്ടികള്‍ക്കില്ലാത്ത ഒരു അസാധാരണ പാടവം മണികണ്ഠനു ഉണ്ടായിരുന്നു, ആ കുമാരന്‍ വളരെ വേഗത്തില്‍ വിദ്യകള്‍ അഭ്യസിച്ചു.കാലം മണികണ്ഠനെ ഒരു ധീരയോദ്ധാവാക്കി മാറ്റി.

മൂത്ത പുത്രനായ മണികണ്ഠനെ യുവരാജാവായി വാഴിക്കാന്‍ രാജാവ് തീരുമാനിച്ചു.എന്നാല്‍ ദുഷ്ടനായ മന്ത്രിക്ക് ഈ തീരുമാനം ഇഷ്ടമായില്ല..
അയാള്‍ മണികണ്ഠനെ വകവരുത്താന്‍ തീരുമാനിച്ചു!!
"അയ്യോ എന്നിട്ട്?"
ആ ചോദ്യം ചോദിച്ചത് വൈഷ്ണവനായിരുന്നു.രവിവര്‍മ്മക്ക് മുന്നിലായി യാത്ര ചെയ്യുന്ന ബ്രഹ്മദത്തന്‍റെ കൈ പിടിച്ച് നടക്കുവാണെങ്കിലും അവന്‍റെ ശ്രദ്ധ മുഴുവന്‍ കഥയിലാണ്.രാജകുമാരനെ കളഞ്ഞ് കിട്ടിയതും, രാജാവാക്കാന്‍ പോകുന്നതുമെല്ലാം ഭാവനയില്‍ കണ്ട് കൊണ്ടിരുന്ന അവനു മന്ത്രിയുടെ രംഗപ്രവേശം സ്വല്പം ഭയമുണ്ടാക്കാതെയിരുന്നില്ല.
മണികണ്ഠനു എന്ത് സംഭവിച്ചു എന്ന് അവനു അറിയണം.
അവന്‍ ആകാംക്ഷയോടെ തിരുമേനിയുടെ മുഖത്തേക്ക് നോക്കി..
അദ്ദേഹം കഥ തുടര്‍ന്നു..

മന്ത്രി പല ദുര്‍മന്ത്രവാദങ്ങളും നടത്തി നോക്കി!!
ഭഗവാനു ഇത് വല്ലതും ഏല്‍ക്കുമോ??
ഇല്ല!!
ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊല്ലാനായി അടുത്ത ശ്രമം...
എവിടെ??
അതും പരാജയപ്പെട്ടു!!
ഒടുവില്‍ ആ മന്ത്രിയുടെ തലയില്‍ ഒരു ദുഷ്ടബുദ്ധി ഉദിച്ചു.അത് തന്നെ പ്രാവര്‍ത്തികമാക്കാന്‍ അയാള്‍ തീരുമാനിച്ചു.ആ ദുഷ്ടന്‍ നേരെ രാജ്ഞിയുടെ അടുത്ത് ചെന്നു, എന്നിട്ട് പറഞ്ഞു:
"രാജാവ് മണികണ്ഠനെ യുവരാജാവാക്കാന്‍ പോകുന്നു"
"നല്ലതല്ലേ?" രാജ്ഞിയുടെ മറുചോദ്യം.
"മണികണ്ഠന്‍ യുവരാജാവായാല്‍ തമ്പുരാട്ടിയുടെ മകനു രാജ്യാധികാരം നഷ്ടമാകും"
ആ മറുപടി ഒരു ചതിപ്രയോഗത്തിനുള്ള കാരണമായി..
മന്ത്രിയും രാജ്ഞിയും ചേര്‍ന്ന് നടത്തിയ ഒരു കപടനാടകത്തിനുള്ള കാരണം..

അധികാരമോഹം..
ഏതൊരു മനുഷ്യനിലും മറ്റുള്ളവരെ ചതിക്കാനുള്ള വിഷവിത്ത് വിതക്കാന്‍ ഇതിനു കഴിയും.അന്ന് പന്തളത്തും അത് തന്നെയാണ്‌ സംഭവിച്ചത്.കുട്ടികളില്ലാത്തപ്പോള്‍ ദൈവം തന്ന വരത്തെ, മൂത്ത പുത്രനായി കണ്ട് വളര്‍ത്തിയ മണികണ്ഠനെ, മന്ത്രിയുടെ വാക്കില്‍ മയങ്ങി ചതിക്കാന്‍ രാജ്ഞി തീരുമാനിച്ചു..
എന്തിനു വേണ്ടി??
സ്വന്തം വയറ്റില്‍ വളര്‍ന്ന പുത്രനു രാജ്യം ലഭിക്കാന്‍ വേണ്ടി!!
അതിനായി രാജ്ഞി തലവേദന നടിച്ച് കിടന്നു..
സഹിക്കാന്‍ വയ്യത്ത തലവേദന പോലും!!
കൊട്ടാരം വൈദ്യന്‍ രംഗത്തെത്തി...
രാജ്ഞിയെ പരിശോധിച്ചട്ട് അദ്ദേഹം പറഞ്ഞു:
"ഈ രോഗം ചികിത്സിച്ച് ഭേദമാക്കണമെങ്കില്‍, പുലിപ്പാല്‍ ലഭിക്കണം"
പുലിപ്പാലോ??
എല്ലാവരും ഭയന്നു പോയി!!

രാജ്ഞിയുടെ ചതി മനസിലാക്കാതിരുന്ന രാജാവ് പുലിപ്പാലിനായി സൈന്യത്തെ കാട്ടിലേക്ക് അയച്ചു.ഒരു രക്ഷയുമില്ല, പുലിപ്പാല്‍ കിട്ടാതെ അവര്‍ മടങ്ങി വന്നു.ഒടുവില്‍ പുലിപ്പാലു കൊണ്ട് വരുന്നവര്‍ക്ക് പാതി രാജ്യം വരെ രാജാവ് വാഗ്ദാനം ചെയ്തു..
എന്നിട്ടും ആരും തയ്യാറായില്ല!!
ഒടുവില്‍ സാക്ഷാല്‍ മണികണ്ഠന്‍ ആ ദൌത്യം ഏറ്റെടുക്കാന്‍ തയ്യാറായി..
കാട്ടില്‍ പോയി പുലിപ്പാലുമായി വരാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം സൂചിപ്പിച്ചെങ്കിലും, യുവരാജാവ് ആകേണ്ട കുമാരനെ കാട്ടിലേക്ക് അയക്കാന്‍ രാജാവ് തയ്യാറായില്ല.എന്നാല്‍ മാതാവിനെ രക്ഷിക്കേണ്ടത് തന്‍റെ ചുമതലയാണെന്ന് ബോധിപ്പിച്ച ശേഷം രാജാവില്‍ നിന്ന് അനുവാദം വാങ്ങി മണികണ്ഠന്‍ കാട്ടിലേക്ക് യാത്രയായി..

എല്ലാവരും കഥയില്‍ ലയിച്ച് നടക്കുകയാണ്...
ആ സംഘം എരുമേലി ആവാറായിരിക്കുന്നു!!
പുലിപ്പാലിനായി മണികണ്ഠന്‍ വനത്തിലേക്ക് യാത്രയായതും, അവിടെ വച്ച് നടന്ന യുദ്ധങ്ങളും, ഒടുവില്‍ പുലിപ്പാലുമായി വരാനുള്ള കാരണവും വാമദേവന്‍ നമ്പൂതിരി സരസമായി വിശദീകരിച്ചു..
രവിവര്‍മ്മയുടെ മനസ്സ് ഇപ്പോള്‍ ആ സങ്കല്‍പ്പത്തിലാണ്..
പുലിപ്പാല്‌ തേടി കാട്ടിലേക്ക് പോയ അയ്യപ്പനെ കുറിച്ചുള്ള സങ്കല്‍പ്പത്തില്‍..
മണികണ്ഠന്‍ എന്ന വിളിപ്പേരോട് കൂടിയ അയ്യപ്പഭഗവാന്‍റെ കഥയില്‍ ലയിച്ചിരുന്ന വൈഷ്ണവന്‍ വളരെ സന്തോഷത്തിലാണ്, വളരെ നാള്‍ കൂടിയിട്ട് ഒരു യുദ്ധത്തിന്‍റെ കഥ കേട്ട സന്തോഷത്തില്‍.
അച്ഛന്‍റെ കൈയ്യില്‍ പിടിച്ചാണെങ്കിലും ഇരുവശങ്ങളിലേക്കും നോക്കിയാണ്‌ അവന്‍റെ യാത്ര.അങ്ങനെ നടന്ന് പോകുന്ന കൂട്ടത്തില്‍ വെറുതെ തിരിഞ്ഞ് രവിവര്‍മ്മയെ നോക്കിയ അവന്‍ ആ കാഴ്ച കണ്ട് ഞെട്ടിപ്പൊയി!!
തൊണ്ട പൊട്ടുന്ന ഒച്ചയില്‍ അവന്‍ അലറിപറഞ്ഞു:
"രവിമാമാ...മാറിക്കോ!!!"
ആ അലര്‍ച്ച കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയ എല്ലാവരും ആ കാഴ്ച കണ്ട് നടുങ്ങി പോയി!!
സാക്ഷാല്‍ ദേവനാരായണന്‍ പോലും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നു..

അദ്ധ്യായം 37 - ഐതിഹ്യത്തിലെ കഥ



"സ്വാമിയപ്പാ...അയ്യപ്പാ
ശരണമപ്പാ.....അയ്യപ്പാ
പമ്പാവാസാ....അയ്യപ്പാ
പന്തളവാസാ...അയ്യപ്പാ"

ശരണം വിളികളുമായി ആ സംഘം എരുമേലിക്ക് അടുത്ത് എത്താറായിരിക്കുന്നു..
വിഷ്ണുദത്തന്‍റെ ചിന്ത മുഴുവന്‍ രവിവര്‍മ്മയെ ബാധിക്കാന്‍ പോകുന്ന അപകടത്തെ കുറിച്ചായിരുന്നു, ദേവനാരായണന്‍റെ അഭിപ്രായ പ്രകാരം അപകടത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ കാണുന്ന ആണ്‍കുട്ടിയുടെ രൂപത്തിനെ കുറിച്ച്...
ആരായിരിക്കും ആ ആണ്‍കുട്ടി??
സുന്ദരമഹിഷവുമായി അവനു എന്താണ്‌ ബന്ധം??
വിഷ്ണുദത്തന്‍റെ ചിന്തകള്‍ കാട് കയറി തുടങ്ങി!!
ഈ സമയത്ത് വിഷ്ണുദത്തന്‍റെയും കൂട്ടരുടെയും പിന്നില്‍ നിന്നും മറ്റൊരു സംഘത്തിന്‍റെ ശരണം വിളി ഉയര്‍ന്നു..

"സ്വാമിപാദം അയ്യപ്പപാദം
അയ്യപ്പപാദം സ്വാമിപാദം"

ആ ശരണം വിളിയുടെ അര്‍ത്ഥം മനസിലാക്കിയ ദേവനാരായണന്‍ അവര്‍ക്കായി ഒഴിഞ്ഞ് കൊടുക്കാന്‍ സംഘാംഗളോട് പറഞ്ഞു.
പിന്നില്‍ നിന്നും 'സ്വാമിപാദം' പറഞ്ഞ സംഘം രവിവര്‍മ്മയെയും കൂട്ടരെയും കടന്ന് മുന്നേറി.
അടുത്ത നിമിഷം അവര്‍ ഭഗവാനെ ശരണം വിളിച്ച് തുടങ്ങി..
ഇപ്പോള്‍ അവരുടെ ശരണം വിളിക്ക് മറ്റൊരു ശബ്ദമായിരുന്നു...
മറ്റൊരു താളമായിരുന്നു.

"വില്ലാളി വീരനെ.....ശരണമയ്യപ്പാ
വീര മണികണ്ഠനേ.....ശരണമയ്യപ്പാ
കര്‍പ്പൂരപ്രിയനെ.....ശരണമയ്യപ്പാ
വന്‍പുലി വാഹനനേ.....ശരണമയ്യപ്പാ"

ആ ശരണം വിളി കേട്ടതും വൈഷ്ണവന്‍ ബ്രഹ്മദത്തനോട് ചോദിച്ചു:
"വന്‍പുലി വാഹനനോ?"
അയ്യപ്പന്‍റെ വാഹനം കുതിരയാണെന്ന ദേവനാരായണന്‍റെ വാക്കുകള്‍ അവന്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്.അതിനാലാണ്‌ അവന്‍ ചോദിച്ചത്..
വന്‍പുലി വാഹനനോ??
ആ പത്ത് വയസ്സുകാരന്‍റെ ചോദ്യത്തിനു മറുപടി പറഞ്ഞത് വാമദേവന്‍ നമ്പൂതിരിയായിരുന്നു.വൈഷ്ണവന്‍ മാത്രമല്ല, രവിവര്‍മ്മയും കൂടി മനസിലാക്കണം എന്ന ഉദ്ദേശവും തിരുമേനിക്ക് ഉണ്ടായിരുന്നു.
അതിനാല്‍ അദ്ദേഹം ആ കഥ വിശദീകരിച്ച് പറഞ്ഞു...
പുലിപ്പുറത്ത് ഏറി വന്ന അയ്യപ്പന്‍റെ കഥ..

ഈ കഥ നടക്കുന്നത് പന്തളത്താണ്...
പാണ്ഡ്യരാജവംശത്തിലെ ധീരനും, നീതിമാനുമായ രാജശേഖര രാജാവിന്‍റെ കാലഘട്ടം..
എല്ലാ സൌഭാഗ്യങ്ങളും നിറഞ്ഞ രാജാവിന്‍റെ ജീവിതത്തില്‍ ഒരേ ഒരു ദുഃഖം മാത്രമേ ഉണ്ടായിരുന്നുള്ളു, അത് പുത്രഭാഗ്യം ഇല്ലാത്തതിലുള്ള ദുഃഖമായിരുന്നു.ശിവഭക്തനായ രാജാവ്, ശിവപ്രീതിക്കായി വളരെയധികം പൂജകള്‍ നടത്തി ദിവസങ്ങള്‍ തള്ളി നീക്കി.അതേ പോലെ ദുഃഖിതയായ രാജ്ഞി, വിഷ്ണുഭഗവാനോട് ഒരു പുത്രനെ തരണേന്ന് പ്രാര്‍ത്ഥിക്കുന്നുമുണ്ടായിരുന്നു..
ഇതേ സമയത്ത് തന്നെയാണ്‌ വരബലത്താല്‍ അഹങ്കാരിയായ മഹിഷി ആക്രമണം അഴിച്ച് വിട്ടതും, ശിവഭഗവാനു വിഷ്ണുമായയില്‍ ധര്‍മ്മശാസ്താവ് ജനിക്കുന്നതും.അങ്ങനെ ഹരിഹരസുതനായ ധര്‍മ്മശാസ്താവിനെ പന്തളം രാജാവിനു നല്‍കാന്‍ ശിവഭഗവാന്‍ തീരുമാനിച്ചു..

ശരണം വിളികളുമായി നടന്ന സംഘം മുഴുവന്‍ ഇപ്പോള്‍ വാമദേവന്‍ നമ്പൂതിരിയുടെ വാക്കുകള്‍ ശ്രദ്ധിക്കുകയാണ്.മഹിഷീമര്‍ദ്ദനത്തിനെ കുറിച്ചുള്ള കഥയുടെ ഏകദേശ രൂപം മാത്രമേ അവര്‍ക്ക് അറിയുകയുള്ളു.അതിനാല്‍ തന്നെ എല്ലാവരും ആ കഥയില്‍ മുഴുകി..

ഇത് പമ്പാതീരം..
നായാട്ടിനായി പുറപ്പെട്ട പന്തളം രാജാവ് ഇവിടെ എത്തിയപ്പോള്‍ ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു.ആ ശബ്ദം കേട്ട ഭാഗത്ത് ചെന്നു നോക്കിയ അദ്ദേഹം അത്ഭുതപ്പെട്ടു പോയി..
ചുറ്റുപാടും പ്രഭ വിതറി ഒരു ബാലന്‍ കിടക്കുന്നു!!
ആരാണിത്??
ആരാണീ ബാലനെ ഇവിടെ ഉപേക്ഷിച്ചത്??
രാജാവിനു അത്ഭുതമായി.
മുമ്പില്‍ കിടക്കുന്നത് ഹരിഹരസുതനായ ശാസ്താവിന്‍റെ അവതാരമായ അയ്യപ്പനാണെന്ന് അദ്ദേഹത്തിനു മനസിലായില്ല.കഴുത്തില്‍ ഒരു മണി കെട്ടി, തേജസ്സോട് കിടക്കുന്ന ബാലന്‍, ഈശ്വര അവതാരമാണെന്ന് അദ്ദേഹം ചിന്തിച്ചില്ലെന്നാതാണ്‌ സത്യം!!
"എന്നിട്ട് രാജാവ് എന്ത് ചെയ്തു?" വൈഷ്ണവന്‍റെ ചോദ്യം.
അവന്‍ ഈ കഥ ആദ്യമായി കേള്‍ക്കുകയാണ്, അവന്‍ പഠിക്കുന്ന സ്ക്കൂളില്‍ ആരും അവനോട് ഇങ്ങനെ ഒരു കഥ പറഞ്ഞിട്ടില്ല.അതിനാല്‍ തന്നെ കഥയുടെ ബാക്കി അറിയാന്‍ അവനു ആകാംക്ഷ ഏറെയാണ്.

"രാജശ്രേഷ്ഠാ, ഈ ബാലനെ കൊട്ടാരത്തിലേക്ക് കൊണ്ട് പോകുക.കഴുത്തില്‍ മണി കെട്ടിതൂക്കിയ ഇവനെ മണികണ്ഠന്‍ എന്ന് വിളിക്കുക.താങ്കളുടെ സകല ഐശ്വരത്തിനു ഈ ബാലന്‍ നിദാനമാകും.ഇവനു പന്ത്രണ്ട് വയസ്സാകുമ്പോള്‍ ഇവന്‍ ആരെന്നുള്ള സത്യം താങ്കള്‍ക്ക് മനസിലാകും"
ഇത് ഒരു സന്യാസിയുടെ വാക്കുകള്‍ ആയിരുന്നു..
അമ്പരന്ന് നിന്ന രാജാവിനോട് കുട്ടിയെ കൊട്ടാരത്തിലേക്ക് കൊണ്ട് പോകാന്‍ ഉപദേശിച്ച ശേഷം ആ സന്യാസി അപ്രത്യക്ഷനായി.
രാജാവ് സന്തോഷം കൊണ്ട് മതിമറന്നു!!
കുട്ടികളില്ലാത്ത തനിക്ക് ഒരു പുത്രനെ ലഭിച്ചിരിക്കുന്നു!!
മഹാദേവാ, നന്ദി..നന്ദി..
ആ ബാലനുമായി കൊട്ടാരത്തിലെത്തിയ അദ്ദേഹം, രാജ്ഞിയോട് സത്യം ബോധിപ്പിച്ചു.രാജ്ഞിക്കും സന്തോഷമായി, വിഷ്ണുഭഗവാനു നന്ദി പറഞ്ഞ് കൊണ്ട് രാജ്ഞി ആ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു.

"അത് ആണ്‍കുട്ടിയല്ല"
ദേവനാരായണന്‍റെ ആത്മഗതം അല്പം ഉറക്കെയായി പോയി!!
കഥയില്‍ ശ്രദ്ധിച്ചിരുന്ന ആരും അത് കേട്ടില്ലെങ്കിലും, വിഷ്ണുദത്തന്‍റെ കാതില്‍ ആ വാചകമെത്തി.അവന്‍ ചോദിച്ചു:
"ആര്‌ ആണ്‍കുട്ടിയല്ലന്ന്?"
"ആ അപകടം, അത് ആണ്‍കുട്ടിയല്ല" ദേവനാരായണന്‍റെ മറുപടി.
ഇപ്പോള്‍ വിഷ്ണുദത്തനു കാര്യം ബോധ്യമായി, രവിവര്‍മ്മയെ ബാധിക്കാന്‍ പോകുന്ന അപകടത്തെ കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്, അവനു സംശയമായി:
"ആണ്‍കുട്ടിയല്ലെങ്കില്‍ പിന്നെയെന്ത്?"
"അതൊരു നാല്‍കാലിയാണ്, വളരെ അപകടകാരിയായ നാല്‍ക്കാലി"
ദേവനാരായണന്‍റെ ഈ മറുപടി വിഷ്ണുദത്തനില്‍ സംശയം വളര്‍ത്തിയതേയുള്ളു:
"അപ്പോള്‍ അപകടത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ താങ്കള്‍ കണ്ടെന്ന് പറയുന്ന ആണ്‍കുട്ടിയുടെ മുഖം?"
"അറിയില്ല, ഒന്ന് ഉറപ്പാണ്, സുന്ദരമഹിഷത്തില്‍ നിന്നും ഉത്ഭവിച്ച ശാപമായി ഒരിക്കലും സുന്ദരനായ ആണ്‍കുട്ടി വരില്ല.ആ രൂപം ഒരു ഭ്രമമാകാം, ശരിക്കും അങ്ങനെ ഒരു ആണ്‍കുട്ടി കാണില്ല"
ഇത് ദേവനാരായണനു പറ്റിയ രണ്ടാമത്തെ തെറ്റായിരുന്നു...
അങ്ങനെ ഒരു ആണ്‍കുട്ടി ഉണ്ടായിരുന്നു..
അവനും എരുമേലി ലക്ഷ്‌യമാക്കി സഞ്ചരിക്കുകയായിരുന്നു..

അദ്ധ്യായം 36 - മാന്ത്രികന്‍റെ മനകണ്ണ്‌



രവിവര്‍മ്മയെ എരുമേലിയിലെ രാത്രിക്ക് മുന്നേ അപകടം ബാധിക്കുമെന്ന് ദേവനാരായണനു ഉറപ്പായിരുന്നു.ആ അപകടത്തെ ചെറുക്കുന്നതിനായിരുന്നു ബ്രഹ്മദത്തനെ അദ്ദേഹം മുന്നിലേക്ക് നിര്‍ത്തിയത്...
നേരിട്ട് ഒരു ആക്രമണം ഉണ്ടാവാതിരിക്കാന്‍!!
രവിവര്‍മ്മയുടെ മുന്നില്‍ ബ്രഹ്മദത്തനും, വലത് വശത്ത് ദേവനാരായണനും നില്‍ക്കുമ്പോള്‍ ആ ഭാഗങ്ങളില്‍ നിന്ന് ഒരു അപകടം വരില്ലെന്ന് വാമദേവന്‍ നമ്പൂതിരിക്ക് ഉറപ്പുണ്ടായിരുന്നു.പിന്നെ സാധ്യതയുള്ളത് ഇടത് ഭാഗമാണ്...
അങ്ങനെ ഒരു അപകടം സംഭവിക്കാതിരിക്കാനാണ്‌ വാമദേവന്‍ നമ്പൂതിരി ഇടത് ഭാഗത്തേക്ക് മാറിയത്.എന്നാല്‍ മറ്റ് സംഘാംഗങ്ങള്‍ക്ക് ഇതിനെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല..
അവര്‍ ശരണം വിളികളുമായി യാത്ര തുടരുകയായിരുന്നു...

"സ്വാമിയേ...അയ്യപ്പോ
അയ്യപ്പോ....സ്വാമിയേ
ഭഗവാനെ...ഭഗവതിയെ
ഭഗവതിയെ...ഭഗവാനെ
ദേവനെ...ദേവിയെ
ദേവിയെ.....ദേവനെ"

എരുമേലിയിലെ ശാസ്താക്ഷേത്രത്തില്‍ തങ്ങാനായിരുന്നു വാമദേവന്‍ നമ്പൂതിരിയുടെ തീരുമാനം.അതിനു അടുത്ത് തന്നെയാണ്‌ വാവരുപള്ളിയും സ്ഥിതി ചെയ്യുന്നത്.ശാസ്താക്ഷേത്രവും വാവരുപള്ളിയും അടുത്തായിട്ടാണ്‌ സ്ഥിതി ചെയ്യുന്നതെന്ന് എല്ലാവരെയും അറിയിക്കുന്നതിനായി ദേവനാരായണന്‍ ഇങ്ങനെ പറഞ്ഞു:
"ശിവഭഗവാന്‍റെ ഒരു പുത്രനായ അയ്യപ്പനും, മറ്റൊരു പുത്രനായ വാവരും എരുമേലിയില്‍ അടുത്തടിത്ത് സ്ഥിതി ചെയ്യുന്നു"
ആ വാചകം കേട്ട് എല്ലാവരും ഞെട്ടിപ്പോയി!!
ശിവപുത്രനായ വാവരോ??
അതെങ്ങനെ??
"സ്വാമിക്ക് തെറ്റിയതാണൊ?" വിഷ്ണുദത്തനൊരു സംശയം.
"തെറ്റിയില്ല സ്വാമി, വാവരു ശിവഭഗവാന്‍റെ മകനാ"
ദേവനാരായണന്‍ ഉറപ്പിച്ച് പറഞ്ഞു.
"അതെങ്ങനെ?" ചോദ്യം ബ്രഹ്മദത്തന്‍റെ വകയായിരുന്നു.
അതിനു മറുപടിയായി ദേവനാരായണന്‍ ഒരു കഥ പറഞ്ഞു...
അയ്യപ്പന്‍വിളക്ക്‌ നടത്തുമ്പോള്‍ കൂടെ പാടുന്ന വാവര്‍ പാട്ടിലെ വാവരുസ്വാമിയുടെ കഥ..
ശിവപുത്രനായ വാവരുസ്വാമിയുടെ കഥ..

ശിവഭഗവാനും വിഷ്ണുഭഗവാനും തമ്മില്‍ ഒരിക്കല്‍ പിണക്കമായി...
അന്ന് വിഷ്ണുഭഗവാന്‍ ഒരു മുസ്ലിംയുവാവിന്‍റെ വേഷത്തില്‍ ത്രിപുരന്‍മാരുടെ അടുത്ത് ചെല്ലുകയും, അവരെ നാലാം വേദം പഠിപ്പിക്കുകയും ചെയ്തു.അനന്തരം അദ്ദേഹം ഈ ത്രിപുരന്‍മാരെ ശിവഭഗവാനു എതിരെ നയിച്ചു.
ത്രിപുരന്‍മാര്‍ ശിവലിംഗം തകര്‍ത്തു!!!
"അയ്യോ എന്നിട്ട്?" വൈഷ്ണവന്‍ പേടിച്ച് പോയി.
എന്നിട്ടോ...??
തകര്‍ക്കപ്പെട്ട ശിവലിംഗത്തില്‍ നിന്നും രക്തം ഒഴുകാന്‍ തുടങ്ങി.അപകടത്തിന്‍റെ ഗൌരവം മനസിലാക്കിയ ദേവന്‍മാര്‍ അര്‍ച്ചന നടത്തുകയും അങ്ങനെ രക്തമൊഴുക്ക് നില്‍ക്കുകയും ചെയ്തു.
"അപ്പോ വിഷ്ണുഭഗവാനോ?"
അത് വിഷ്ണുദത്തന്‍റെ ചോദ്യമായിരുന്നു.വിഷ്ണുഭഗവാനെ മനസാല്‍ ധ്യാനിക്കുന്ന അവന്‌, മുസ്ലിംവേഷം കെട്ടിയ വിഷ്ണുഭഗവാന്‍റെ കഥ അറിയാന്‍ വളരെ ആഗ്രഹമായി..
ദേവനാരായണന്‍ കഥ തുടര്‍ന്നു...

മുസ്ലിം വേഷാധാരിയായ വിഷ്ണുഭഗവാന്‍, കാതിയുമ്മ എന്ന സ്ത്രീയെ വിവാഹം കഴിച്ചു.അവര്‍ക്ക് ഒരു പുത്രി ജനിക്കുകയും ചെയ്തു, അതാണത്രേ പാത്തുമ്മ!!
വര്‍ഷങ്ങള്‍ കഴിഞ്ഞു...
പാത്തുമ്മ യൌവനയുകതയായി!!
ഈ കാലഘട്ടത്തില്‍ മഹാദേവന്‍ ആ പെണ്‍കുട്ടിയെ കാണുകയും, അദ്ദേഹത്തിനു അവളില്‍ മോഹമുദിക്കുകയും ചെയ്തു.അങ്ങനെ പരമേശ്വരബീജത്തിനാല്‍ പാത്തുമ്മ ഗര്‍ഭിണിയായി..
ഇപ്രകാരം ശിവഭഗവാനു, വിഷ്ണുഭഗവാന്‍റെ മകളായ പാത്തുവില്‍ ജനിച്ച പുത്രനാണത്രേ വാവര്‍!!!
വാവരുസ്വാമിയുടെ ജനനത്തെ കുറിച്ച് ഇങ്ങനെ വിശദീകരിച്ച ശേഷം, വാവരുപാട്ടിലെ മറ്റ് ചരിതങ്ങള്‍ കൂടി ദേവനാരായണന്‍ വ്യക്തമാക്കി..

പയറ്റുവിദ്യയെല്ലാം അഭ്യസിച്ച വാവര്‍, വാണിഭത്തിനായി യാത്ര ആരംഭിച്ചു...
കപ്പലില്‍ യാത്ര ചെയ്തിരുന്ന ഇദ്ദേഹം കുറുവാനപള്ളിക്ക് അടുത്ത് കപ്പല്‍ നങ്കൂരമിടുവിക്കുകയും, അതിനു ശേഷം ഒരു പച്ച നിറത്തിലുള്ള കുതിരയുടെ പുറത്തേറി യാത്ര ആരംഭിക്കുകയും ചെയ്തു.ആനപുറത്ത് സഞ്ചരിച്ച് കൊണ്ടിരുന്ന അയ്യപ്പന്‍ ഈ യാത്രകാണുകയും, കുതിരയുടെ വാല്‍കാണം ആവശ്യപ്പെടുകയും ചെയ്തു.
ഇതിനെ ചൊല്ലിയുള്ള സംവാദം ഒരു യുദ്ധത്തിലാണ്‌ കലാശിച്ചത്!!
യുദ്ധത്തിനിടയില്‍ വാവരുടെ കുതിരയുടെ കാലുകള്‍ അയ്യപ്പന്‍ വെട്ടികളഞ്ഞത്രേ!!
പകരം അയ്യപ്പന്‍റെ ആനയുടെ കാലുകള്‍ വെട്ടി വാവര്‍ പ്രതികാരം ചെയ്തു.
തങ്ങളുടെ ദിവ്യകഴിവിനാല്‍, ആനകാലുകള്‍ അയ്യപ്പനും, കുതിരക്കാലുകള്‍ വാവരും പുനഃസൃഷ്ടിച്ചു.ശത്രുവിന്‍റെ കഴിവില്‍ പരസ്പരം ബഹുമാനം തോന്നിയ അവര്‍, സുഹൃത്തുക്കളായി മലകയറി.
ദേവനാരായണന്‍ കഥ പറഞ്ഞ് അവസാനിപ്പിച്ചു.

ദേവനാരായണന്‍ വിശദീകരിച്ച വാവരുപാട്ടിലെ വാവര്‍സ്വാമിയുടെ കഥയില്‍ മനമുറപ്പിച്ച് എല്ലാവരും യാത്ര ചെയ്തുകൊണ്ടിരിക്കെയാണ്‌ വിഷ്ണുദത്തന്‍ അത് ശ്രദ്ധിച്ചത്..
രവിവര്‍മ്മയുടെ മുന്നിലും, ഇരുഭാഗങ്ങളിലുമായി സൂക്ഷ്മതയോടെ യാത്ര ചെയ്യുന്ന ബ്രഹ്മദത്തനും, ദേവനാരായണനും, തിരുമേനിയും..
എന്തോ അപകടം വരുന്നു!!
വിഷ്ണുദത്തനു ഉറപ്പായി.
"സ്വാമി എന്താ പ്രശ്നം? രൂപിയായ അപകടം?"
ദേവനാരായണനോടുള്ള വിഷ്ണുദത്തന്‍റെ ചോദ്യം വിറയാര്‍ന്ന ശബ്ദത്തിലായിരുന്നു.
"അതേ അപകടം തന്നെ" ദേവനാരായണന്‍റെ പതിഞ്ഞ സ്വരത്തിലുള്ള മറുപടി.
"എന്ത് അപകടം?"
"അറിയില്ല, പക്ഷേ അപകടം ചിന്തിക്കുമ്പോള്‍ മനസില്‍ വരുന്നത് ഒരു പയ്യന്‍റെ മുഖമാ..."
ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു:
"..എരുമേലിയില്‍ അപകടകാരിയായ ഒരു ആണ്‍കുട്ടി നില്‍പ്പുണ്ടെന്ന് തോന്നുന്നു."
ഇത് ദേവനാരായണനു പറ്റിയ ആദ്യത്തെ തെറ്റായിരുന്നു..
കാരണം ആ സമയത്ത് എരുമേലിയില്‍ അങ്ങനെ ഒരു ആണ്‍കുട്ടി നില്‍പ്പുണ്ടായിരുന്നില്ല!!
എന്നാല്‍ ആ പ്രദേശത്ത് ഒരു എരുമ അലഞ്ഞ് നടക്കുന്നുണ്ടായിരുന്നു..

അദ്ധ്യായം 35 - ഉദയാസ്തമന കൂത്ത്



ശാസ്താകാവ്..
അയ്യപ്പന്‍ പൂജക്ക് വൃക്ഷാരാധനയുമായി ബന്ധമുണ്ട് എന്നതിന്‍റെ തെളിവ്!!
ശ്രീപരശുരാമന്‍ നൂറ്റെട്ടു ശാസ്‌താകാവുകളും, അതേ പോലെ ദുര്‍ഗാലയങ്ങളും കേരളത്തിന്‍റെയും നാനാഭാഗങ്ങളിലുമായി സ്ഥാപിച്ചുവെന്നാണ്‌ ഐതിഹ്യം.മലക്ക് പോകാന്‍ വ്രതമെടുത്തിരിക്കുന്ന അയ്യപ്പന്‍മാര്‍ ആലപിക്കുന്ന ശാസ്താംപാട്ടിനെയും, ഭജനകീര്‍ത്തനത്തെയും, ഉടുക്കു കൊട്ടി പാട്ടിനെയും കൂടാതെ, വിവിധതരം അയ്യപ്പന്‍ പാട്ടുകള്‍ ഈ കാവുകളില്‍ ആലപിക്കുന്നുണ്ട്.

ഉദയാസ്തമനകൂത്തിനെ കുറിച്ച് മനസിലാക്കണമെങ്കില്‍, ശാസ്താകാവുകളില്‍ പാടുന്ന വിവിധതരം അയ്യപ്പന്‍ പാട്ടുകളെ കുറിച്ച് ബോധമുണ്ടായിരിക്കണം.ഇത് ദേവനാരായണനു നന്നായി അറിയാം.അതിനാല്‍, ഉദയാസ്തമകൂത്ത് എന്തെന്നുള്ള ചോദ്യത്തിനു മറുപടിയായി, ഈ ശാസ്താംപാട്ടുകളെ കുറിച്ചുള്ള വിശദീകരണമാണ്‌ അദ്ദേഹം ആദ്യം നല്‍കിയത്..

നന്ദുണിപ്പാട്ട്‌:
ഇതും ഒരു തരം അയ്യപ്പന്‍പാട്ടാണ്.അയ്യപ്പന്‍ കാവുകളിലും, ഭഗവതി ക്ഷേത്രങ്ങളിലും, കളമെഴുത്തും പാട്ടും നടത്തുന്ന, തെയ്യംപാടികള്‍ അഥവാ ദൈവംപാടികള്‍ എന്ന വിഭാഗത്തിലുള്ള ആളുകള്‍ നന്ദുണിയും കൈമണിയും ഉപയോഗിച്ച് പാടുന്ന പാട്ടാണിത്.

അയ്യപ്പന്‍ തീയാട്ടു പാട്ടുകള്‍:
തീയാട്ട് രണ്ട് വിധമുണ്ട്...
ഒന്ന് കാളിത്തീയാട്ട്, മറ്റെത് അയ്യപ്പന്‍ തീയാട്ട്!!
തീയാട്ടുണ്ണികള്‍ നടത്തുന്നതാണ്‌ കാളിത്തിയാട്ട്.എന്നാല്‍ തീയാടിനമ്പ്യാന്‍മാര്‍ ശാസ്താവിന്‍റെ പ്രീതിക്ക് വേണ്ടി അയ്യപ്പന്‍ കാവുകളില്‍ നടത്തുന്നതാണ്‌ അയ്യപ്പന്‍ തീയാട്ട്.
"ഇത് തന്നല്ലേ അയ്യപ്പന്‍ കൂത്ത്?"
വാമദേവന്‍ നമ്പൂതിരിയുടെ ചോദ്യത്തിനു മറുപടിയായി ദേവനാരായണന്‍ പറഞ്ഞു:
"അതേ, ഉത്തരകേരളത്തില്‍ ഇതിനെ അയ്യപ്പന്‍ കൂത്തെന്നും അറിയപ്പെടുന്നു"

ഉച്ചപ്പാട്ട്‌:
ഉച്ചപ്പൂജ കഴിഞ്ഞ് കാവില്‍ നടത്തുന്ന പാട്ട്.വെറ്റില, പട്ട്, കുരുത്തോല, വെള്ള വസ്ത്രം, എന്നിവയാല്‍ അലങ്കരിച്ച പന്തലില്‍ വച്ചോ, അല്ലെങ്കില്‍ പാട്ട് കൊട്ടിലില്‍ വെച്ചോ ആണ്‌ ഉച്ചപ്പാട്ട് നടത്തുന്നത്.

കളംപാട്ട്‌:
ഇത് കളം പൂജക്ക് ശേഷം പാടുന്ന പാട്ടുകളാണ്.
"കളം പൂജയോ?" വിഷ്ണുദത്തനു അതങ്ങോട്ട് ദഹിച്ചില്ല.
അതേ, കളം പൂജ തന്നെ..
പഞ്ചവര്‍ണ്ണപെടി കൊണ്ട് അയ്യപ്പന്‍റെ വിവിധരൂപങ്ങള്‍ കളമെഴുതുന്നു.ഈ കളമെഴുത്ത് അയ്യപ്പന്‍ തീയാട്ടിന്‍റെ ഭാഗമാണ്.അതിനു ശേഷമാണ്‌ കളം പൂജ നടത്തുന്നത്.

കളത്തിലാട്ടം‌:
ഇത് ഒരുതരം നൃത്തകലയാണ്, അയ്യപ്പന്‍കൂത്തിന്‍െറ മുഖ്യമായ രംഗമാണ്‌ ഈ കളത്തിലാട്ടം.

വലിയപാട്ട്‌‌:
ഇത് തീയാടികള്‍ പാടുന്ന കഥാഗാനങ്ങളാണ്.വളരെ ദൈര്‍ഘ്യമേറിയ ഗാനശാഖ ആയതിനാല്‍ ഇവ വലിയപാട്ട് എന്ന് അറിയപ്പെടുന്നു.അയ്യപ്പന്‍റെ ജനനവും, അതിനു ഹേതുവായ സംഭവങ്ങളും ഈ പാട്ടിലൂടെ ആഖ്യാനം ചെയ്യുന്നുണ്ടത്രേ!!

തോറ്റംപാട്ട്‌:
താളത്തോട് കൂടി ഗദ്യരൂപത്തില്‍ അയ്യപ്പന്‍റെ കഥ പറയുന്നതാണിത്.കളംപാട്ടിന്‍റെ അവസാനത്തിലാണ്‌ തോറ്റങ്ങള്‍ പാടുന്നത്.അയ്യപ്പന്‍റെ ജനനവും, വേദപരീക്ഷയുമെല്ലാം പന്ത്രണ്ടു ഖണ്ഡങ്ങളിലായി ഇതില്‍ ആഖ്യാനം ചെയ്തിരിക്കുന്നു.ശരിക്കും പറഞ്ഞാല്‍, വേഷഭൂഷാദികളോടെ അവതരിപ്പിക്കുന്ന കൂത്തിലെ കഥ തന്നെയാണ്‌ ഇതിലെയും ഉള്ളടക്കം.

ദേവനാരായണന്‍ ഈ വിശദീകരണം പൂര്‍ത്തിയാക്കിയപ്പോഴേക്കും ഉച്ചഭക്ഷണത്തിനും, വിശ്രമത്തിനുമുള്ള സമയം ആയി.വഴിയരുകില്‍ കണ്ട ക്ഷേത്രത്തിലെ കളത്തട്ടില്‍ അവര്‍ സ്ഥാനം പിടിച്ചു.ആഹാരം പാകം ചെയ്യാനും, ഭക്ഷിക്കുന്നതിനും യോജിച്ച നേരം..
ആ വിശ്രമവേളയില്‍, ആഹാരം കഴിച്ചതിനു ശേഷം, ദേവനാരായണന്‍ ഉദയാസ്തമനകൂത്തിനെ കുറിച്ച് വിശദീകരിച്ചു..

അയ്യപ്പന്‍ തീയാട്ടിന്‍റെ ഏറ്റവും വികസിത രൂപമാണ്‌ ഉദയാസ്തമനകൂത്ത്.ധര്‍മ്മശാസ്താവ് ജന്മരഹസ്യം ആരാഞ്ഞപ്പോള്‍, പരമശിവന്‍റെ നിര്‍ദ്ദേശപ്രകാരം നന്ദികേശന്‍ മുദ്രകൈയ്യാല്‍ ശാസ്തോല്‍പത്തി ആടി കാണിക്കുന്നതാണ്‌ കൂത്തിന്‍റെ പശ്ചാത്തലം!!
ദുര്‍വ്വാസാവിന്‍റെ ശാപവും, പാലാഴിമഥനവും, മോഹിനിയില്‍ ശിവന്‍റെ പുത്രനായി ശാസ്താവ് ജനിച്ചതുമെല്ലാം ഇതില്‍ പ്രതിപാദിക്കുന്നു.
എന്നാല്‍ അതിനു ശേഷമുള്ള കഥയില്‍ വ്യത്യാസമുണ്ട്...
തീയാട്ടിനാധാരമായ കഥ പ്രകാരം, കൈലാസത്തില്‍ വളരുന്ന ശാസ്താവ് ഭൃഗുമഹര്‍ഷിയില്‍ നിന്ന് സകല വേദങ്ങളും സ്വായത്തമാക്കുകയും, ഇന്ദ്രനെ വേദപരീക്ഷയില്‍ പരാജിതനാക്കുകയും ചെയ്യുന്നു.ഇതിനു ശേഷം, മഹാദേവന്‍റെ നിര്‍ദ്ദേശപ്രകാരം ശാസ്താവ് മലനാട്ടില്‍ അഥവാ കേരളത്തില്‍ മനുഷ്യരുടെ കുലദൈവമായി വരുന്നു.
ദേവനാരായണന്‍ വിശദീകരണം പൂര്‍ത്തിയാക്കി.

ഇപ്പോള്‍ വിശ്രമവേള കഴിഞ്ഞിരിക്കുന്നു, ഇനി യാത്ര ആരംഭിക്കാം..
എരുമേലി ലക്ഷ്‌യമാക്കിയുള്ള ആ സംഘത്തിന്‍റെ യാത്ര..

"കര്‍പ്പൂരപ്രിയനേ...കര്‍പ്പൂരപ്രിയനേ
കാനനവാസനേ...കാനനവാസനേ
വീരമണികണ്ഠനേ...വീരമണികണ്ഠനേ
വില്ലാളിവീരനേ...വില്ലാളിവീരനേ"

ഭഗവാനില്‍ മനസ്സ് അര്‍പ്പിച്ച് ശരണം വിളികളുമായി അവര്‍ നീങ്ങുകയാണ്..
പെട്ടന്ന് എന്തോ അപകടം മണത്ത പോലെ ദേവനാരായണന്‍ ബ്രഹ്മദത്തനെ രവിവര്‍മ്മയുടെ മുന്നിലേക്ക് കയറ്റി നടത്തി.ആ കാഴ്ച കണ്ട വാമദേവന്‍ നമ്പൂതിരി, രവിവര്‍മ്മയുടെ ഇടത് ഭാഗത്തേക്ക് മാറി..
ദേവനാരായണന്‍ മുന്‍കൂട്ടി കണ്ടത് രണ്ടാമത്തെ അപകടമായിരുന്നു..
രവിവര്‍മ്മയെ ബാധിക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ അപകടം..
രൂപമുള്ള ശത്രുവില്‍ നിന്നും സംഭവിക്കാവുന്ന അപകടം..