
"വിഘ്നേശ്വരാ, കാത്തുകൊള്ളേണമേ"
തടസ്സങ്ങള്‍ മാറാന്‍ ഗണപതിഭഗവാനെ മനസ്സാല്‍ ധ്യാനിച്ച് വാമദേവന്‍ നമ്പൂതിരി കവടി നിരത്തി.ചുറ്റും കൂടി നില്‍ക്കുന്നവരുടെ മുഖത്തെല്ലാം ആകാംക്ഷ...
എന്നാല്‍ കൂട്ടത്തില്‍ ബ്രഹ്മദത്തന്‍റെ മനസില്‍ ആകാംക്ഷ മാത്രമായിരുന്നില്ല.
കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ പലതിനെയും നേരിടേണ്ടി വന്നിട്ടുണ്ട്, പക്ഷേ ഇങ്ങനൊരു പതനം ആദ്യമായാണ്.രാധികയെ കല്യാണം കഴിച്ചതും, വൈഷ്ണവന്‍ ജനിച്ചതും, നഗരത്തില്‍ അറിയപ്പെടുന്ന കെട്ടിട കരാര്‍പണിക്കാരനായി വളര്‍ന്നതുമെല്ലാം ഈ കുറഞ്ഞ നാളുകളിലായിരുന്നു.ഇന്ന് വൈഷ്ണവനു പത്ത് വയസ്സുമായി.നഗരത്തിലെ ഏറ്റവും പ്രസിദ്ധമായ വിദ്യാലയത്തില്‍ പഠിക്കുന്ന അവനിതുവരെ അല്ലലറിഞ്ഞിട്ടില്ല, എന്നാല്‍ ഇപ്പോള്‍..
വിദ്യാഭ്യാസം കഴിഞ്ഞനാള്‍ മുതല്‍, കീഴ്ക്കോവിലെ അയ്യപ്പ ക്ഷേത്രത്തില്‍ ശാന്തിക്ക് പോകാനുള്ള അച്ഛന്‍റെ ഉപദേശത്തെ കാറ്റില്‍ പറത്തിയാണ് ബ്രഹ്മദത്തന്‍ നഗരത്തിലേക്ക് വണ്ടി കയറിയത്.അറിയപ്പെടുന്ന കരാറുപണിക്കാരനായ ഗൌരിവര്‍മ്മയെ പരിചയപ്പെട്ടതും സഹായിയായി കൂടിയതും പഴയ കഥ.പിന്നീട് ഗൌരിവര്‍മ്മയുടെ മകളായ രാധികാവര്‍മ്മയെ മംഗല്യം ചെയ്തു, അതിനുശേഷം രാധികയുടെ അനുജനായ രവിവര്‍മ്മയോടൊത്ത് അമ്മായിഅച്ഛന്‍റെ ജോലികള്‍ ഏറ്റെടുക്കുകയും ചെയ്തു, ആ പങ്കാളിത്തം വലിയ വിജയമായിരുന്നു.എല്ലാ കാര്യത്തിലും അവര്‍ ഒരു മനസ്സായിരുന്നു, ഈശ്വര വിശ്വാസത്തിലൊഴിച്ച്..
നാഗരിക ജീവിതം ആഗ്രഹിച്ചെങ്കിലും ബ്രഹ്മദത്തന്‍ ഈശ്വരവിശ്വാസിയായിരുന്നു.എന്നാല്‍ രവിവര്‍മ്മക്ക് ശാസ്ത്രങ്ങളിലും, ചരിത്രങ്ങളിലുമാണ് ഇഷ്ടകൂടുതല്‍.ഈശ്വരന്‍ ഇല്ല എന്ന് അയാള്‍ പറയില്ല, എന്നാല്‍ വസ്തുനിഷ്ഠമായ തെളിവുകള്‍ അയാള്‍ക്ക് ആവശ്യമാണ്.ബ്രഹ്മദത്തന്‍റെ മകനായ വൈഷ്ണവനും തന്‍റെ അമ്മാവന്‍റെ വഴിയാണ് ഇഷ്ടം, ഈശ്വരവിശ്വാസത്തെക്കാള്‍ ഉപരിയായി ചരിത്ര ആഖ്യാനം.
നഗരസഭക്ക് വേണ്ടി കെട്ടിട സമുച്ചയത്തിന്‍റെ പണി തുടങ്ങുന്ന വരെ എല്ലാം ഭദ്രമായിരുന്നു..
കയ്യിലുള്ള മൂലധനമെല്ലാം ചിലവാക്കി ബ്രഹ്മദത്തന്‍ ആ ജോലി പൂര്‍ത്തിയാക്കി.എന്നാല്‍ അതിന്‍റെ രസീത് ഇത് വരെ പണമായില്ല.സര്‍ക്കാരിന്‍റെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്ന ആ രസീത് മാറി പണമാകാതെ ജീവിതം തന്നെ മുന്നോട്ട് കൊണ്ട് പോകാന്‍ പാടുള്ള ഈ അവസ്ഥയാണ് ബ്രഹ്മദത്തനെ വീണ്ടും തന്‍റെ ഗ്രാമത്തില്‍ എത്തിച്ചത്.അച്ഛനായ ദേവദത്തന്‍റെ ഉപദേശപ്രകാരം അയാള്‍ വാമദേവന്‍ നമ്പൂതിരിയെ വരുത്തി..
തിരുമേനി കവടി നോക്കി പറഞ്ഞാല്‍ അച്ചിട്ടാ..
അത് സംഭവിച്ചിരിക്കും!!
ഈശ്വരവിശ്വാസത്തോടെ അവര്‍ കാത്തിരിക്കുകയാണ്, വാമദേവന്‍ നമ്പൂതിരിയുടെ വാക്കുകള്‍ക്കായി...
ബ്രഹ്മദത്തന്‍, രാധിക, ബ്രഹ്മദത്തന്‍റെ അച്ഛന്‍ ദേവദത്തന്‍, അമ്മ ഗായത്രി, അനുജന്‍ വിഷ്ണുദത്തന്‍, പിന്നെ പന്തം കണ്ട പെരുച്ചാഴിയെ പോലെ വൈഷ്ണവനും, അതേ പോലെ ഇതിലൊന്നും ഒരു കാര്യവുമില്ലെന്ന മട്ടില്‍ രവിവര്‍മ്മയും.
കവടിയില്‍ നിന്നും തല ഉയര്‍ത്തി നമ്പൂതിരി എല്ലാവരെയും ഒന്ന് നോക്കി, എന്നിട്ട് പറഞ്ഞു:
"ശനിയാണ് കാരണം"
ആ വാക്കുകളിലെ അര്‍ത്ഥം ഗ്രഹിച്ച് ദേവദത്തന്‍ തിരികെ ചോദിച്ചു:
"എന്താണാവോ പരിഹാരം?"
അതിനു മറുപടി അദ്ദേഹത്തില്‍ നിന്നും ഒരു വാക്ക് മാത്രമായിരുന്നു:
"തത്വമസി"
കീഴ്ക്കോവിലെ അയ്യപ്പക്ഷേത്രത്തില്‍ കൂട്ടമണിയടി ശബ്ദം!!
ബ്രഹ്മദത്തന്‍റെ മനസിനുള്ളില്‍ ഒരായിരം ശരണം വിളികള്‍..
"ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ....
.....ശരണമയ്യപ്പ
........ശരണമയ്യപ്പ"
അങ്ങകലെ ശബരിമലയില്‍ പതിനെട്ട് പടി കടന്ന് ചെന്നാല്‍ മുന്നില്‍ കാണുന്ന വാക്ക്..
തത്വമസി..
തത് ത്വം അസി..
അത് നീ ആകുന്നു!!
കലിയുഗവരദന്‍ എന്ന ഈ കഥ ഇവിടെ തുടങ്ങുന്നു.
ഇതിന്‍റെ കഥാഗതിയെ കുറിച്ച് ഒരു ചെറിയ വിവരണം..
ഇതൊരു യാത്രയാണ്..
ശബരിമലയുടെ നടവഴികളിലൂടെ ശരണം വിളിയുമായി ഒരു യാത്ര..
വിധിയുടെ വിളയാട്ടത്തിനു മുന്നില്‍ പകച്ച് നിന്ന ഒരു കൂട്ടം മനുഷ്യരുടെ തീര്‍ത്ഥയാത്ര..
കൂട്ടത്തില്‍ സത്യം തേടിയുള്ള ഒരു പുണ്യയാത്രയും!!
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇത് സാക്ഷാല്‍ ഹരിഹരസുതനായ അയ്യപ്പസ്വാമിയുടെ കഥയാണ്, മുനിയായ ഗാലവന്‍റെയും, മകള്‍ ലീലയുടെയും, ശിഷ്യന്‍ ദത്തന്‍റെയും കഥയാണ്, എന്തിനേറെ പറയുന്നു, ഇത് പന്തളം രാജവംശത്തിന്‍റെ കഥയാണ്.കൂട്ടത്തില്‍, ആചാരങ്ങളും അനുഷ്ഠാനങ്ങളും, ചരിത്രങ്ങളും, പുരാണങ്ങളും വിവരിക്കാനൊരു എളിയ ശ്രമവും.ബ്രഹ്മദത്തനും, വൈഷ്ണവനും, രവിവര്‍മ്മയും, കൂടെയുള്ള കഥാപാത്രങ്ങളും അതിനുള്ള ഉപാധി മാത്രം.
ഇതില്‍ എഴുതിയിരിക്കുന്ന അയ്യപ്പസ്വാമിയുടെ കഥകളൊന്നും എന്‍റെ സൃഷ്ടിയല്ല, പല ലേഖനങ്ങളില്‍ നിന്നും, വിവിധ പുസ്തകങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണിവ.ഈ കഥകളുടെ ആധികാരികത ചോദ്യം ചെയ്താല്‍, വിശദമാക്കാന്‍ എന്‍റെ കൈയ്യില്‍ തെളിവുകളില്ല.അറിഞ്ഞ കഥകള്‍ നിങ്ങളെ അറിയിക്കാന്‍ ഒരു ശ്രമം,അത്ര മാത്രം!!
അവകാശവാദങ്ങളില്ല, ആര്‍പ്പുവിളികളില്ല..
സര്‍ക്കാരിന്‍റെ ചുവപ്പ് നാടയില്‍ ജീവിതം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ബ്രഹ്മദത്തന്‍ എന്ന മനുഷ്യനില്‍ നിന്നാണ് ഈ കഥ ആരംഭിക്കുന്നത്.ഏതൊരു മനുഷ്യന്‍റെയും ജീവിത രീതിക്ക് പിന്നിലും ഒരു കഥ കാണും.ഇതിലെ കഥാപാത്രങ്ങളുടെ ജീവിതവും അങ്ങനെ തന്നെ..
നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജീവിതം തിരിച്ച് പിടിക്കാനുള്ള യാത്ര അവര്‍ക്ക് നല്‍കിയത് അത്ഭുതങ്ങളായിരുന്നു.മുറിഞ്ഞ് പോയ കണ്ണികള്‍ തിരികെ ചേര്‍ക്കാന്‍ ഇറങ്ങിയപ്പോള്‍ അവരെ കാത്ത് നിന്നത് അപകടങ്ങളായിരുന്നു.
ആ കഥയാണ് ഇവിടെ വിവരിക്കുന്നത്!!
മഹിഷി മര്‍ദ്ദനനായ അയ്യപ്പനെ മനസില്‍ ധ്യാനിച്ച്, കലിയുഗവരദന്‍ തുടരുന്നു..