ഒടുവില്‍ ദേവനാരായണന്‍റെ വാക്കുകള്‍ സത്യമായി..
രവിവര്‍മ്മ കണ്ണ് തുറന്നു!!
മാത്രമല്ല ദേഹത്ത് ബാധിച്ചിരുന്ന നീലനിറവും ഇപ്പോഴില്ല!!
ശരണം വിളികളുമായി നിന്നിരുന്ന ആ സംഘത്തിന്‍റെ കണ്ണ് നിറഞ്ഞു.മരിച്ച് പോകും എന്ന് കരുതിയ രവിവര്‍മ്മ കണ്ണ് തുറന്നത് കണ്ട് അമ്പരന്ന് നിന്ന കോരന്‍ മൂപ്പനോട് ദേവനാരായണന്‍ പറഞ്ഞു:
"സ്വാമിയുടെ ചികിത്സയും, ഈശ്വരാന്നുഗ്രഹവുമാണ് രവിവര്‍മ്മയെ രക്ഷിച്ചത്"
ആ പാവം ആദിവാസി വൃദ്ധനു അത് കേട്ട് സന്തോഷമായി.
രവിവര്‍മ്മ രക്ഷപെട്ട സന്തോഷത്തില്‍ നിന്ന സംഘം രാവിലെ യാത്രക്ക് തയ്യാറായി.പുതുശ്ശേരി താവളം കടന്ന്, നീലിമല കയറി, വലിയാനവട്ടവും ചെറിയാനവട്ടവും പിന്നിട്ട് പമ്പയില്‍ എത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്‌യം..
ശരണം വിളികളോട് ആ സംഘം യാത്ര ആരംഭിച്ചു..
"സ്വാമിയപ്പാ....അയ്യപ്പാ
ശരണമപ്പാ....അയ്യപ്പാ
പന്തളവാസാ....അയ്യപ്പാ
പമ്പാനാഥാ....അയ്യപ്പാ
ഹരിഹരസുതനെ....അയ്യപ്പാ"
അവര്‍ പമ്പയിലെത്തി.
തുടര്‍ന്നവര്‍ പമ്പയില്‍ സ്നാനവും പിതൃതര്‍പ്പണവും നടത്തി.പിന്നീട് പമ്പാസദ്യയും, പമ്പവിളക്കും നടത്തി ആ സംഘം അന്നവിടെ തങ്ങി.
പിറ്റേന്ന് വെളുപ്പിനെ രണ്ട്മണി..
പമ്പയില്‍ കുളിച്ച് ആ സംഘം മലകയറ്റം ആംഭിച്ചു!!
നാളീകേരമുടച്ച് പമ്പാഗണപതിയെ വന്ദിച്ച്, ശക്തി,ശ്രീരാമന്‍,ഹനുമാന്‍ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിച്ച്, പന്തളരാജസങ്കേതത്തില്‍ നിന്ന് പ്രസാദം വാങ്ങി, അവര്‍ മലചവിട്ടി തുടങ്ങി..
"സ്വാമിയേ...അയ്യപ്പോ
അയ്യപ്പോ..സ്വാമിയേ"
എങ്ങും ശരണം വിളികള്‍ മാത്രം!!
ഭഗവാനെ കാണാനുള്ള വെമ്പലോടെ അവര്‍ വേഗം നടന്നു.
നീലിമല കയറി അപ്പാച്ചിമേടിലെത്തിയപ്പോള്‍, കന്നിഅയ്യപ്പന്‍മാരായ രവിവര്‍മ്മയോടും വൈഷ്ണവനോടും അരിപൊടി കൊണ്ടുള്ള ഉണ്ടകള്‍ താഴ്വാരത്തേക്ക് എറിയാന്‍ തിരുമേനി ആവശ്യപ്പെട്ടു.
"അതെന്തിനാ അങ്കിളേ?"
"അതോ, അത് ദുര്‍ദ്ദേവതമാരെ പ്രീതിപ്പെടുത്താനാ"
ആ സംഘം യാത്ര തുടര്‍ന്നു..
ഇനി ശബരീപീഠം..
ശബരിയുടെ സ്വര്‍ഗ്ഗാരോഹണം നടന്ന സ്ഥലം!!
അവിടെ തേങ്ങയടിച്ച് കര്‍പ്പൂരം കത്തിച്ച് അവര്‍ മലകയറ്റം തുടര്‍ന്നു.പമ്പയില്‍ വച്ച് പിരിയുന്ന, സ്വാമി അയ്യപ്പന്‍ റോഡെത്തുന്ന മരക്കൂട്ടം കടന്ന് അവര്‍ ശരംകുത്തിയിലെത്തി.
രവിവര്‍മ്മയും വൈഷ്ണവനും തങ്ങളുടെ കൈയ്യിലുള്ള ശരം അവിടെ കുത്തി വച്ചു!!
തുടര്‍ന്ന് മലകയറി അവര്‍ സന്നിധാനത്തെത്തി..
പതിനെട്ടാം പടിക്കിരുവശത്തായുള്ള കറുപ്പുസ്വാമിയേയും കടുത്ത സ്വാമിയേയും വണങ്ങി, നാളീകേരമുടച്ച് അവര്‍ പതിനെട്ടാം പടി ശരണം വിളികളോട് കയറി തുടങ്ങി..
"സത്യമാം പൊന്നിന്‍ പതിനെട്ടാം പടിയേ..
........ശരണമയ്യപ്പാ
................ശരണമയ്യപ്പാ
..........................ശരണമയ്യപ്പാ"
അയ്യപ്പദര്‍ശനം..
ദിവസങ്ങളായി കാത്ത് നിന്ന പുണ്യദര്‍ശനം!!
ഒരുനോക്കേ കണ്ടുള്ളു എങ്കിലും ആ രൂപം രവിവര്‍മ്മയുടെ മനസില്‍ പതിഞ്ഞു!!
അയാള്‍ കൈകൂപ്പി വിളിച്ചു:
"സ്വാമിയേ...ശരണമയ്യപ്പാ"
കന്നിമൂല ഗണപതി, മാളികപ്പുറത്തമ്മ, നാഗരാജാവ്, നവഗ്രഹങ്ങള്‍, വാവര്‍നട..
ആ സംഘം എല്ലായിടവും മനസറിഞ്ഞ് തൊഴുതു!!
വടക്ക് കിഴക്ക് ഭാഗത്തേക്ക് ചൂണ്ടിക്കാട്ടി ദേവനാരായണന്‍ പറഞ്ഞു:
"അതാണ് ഉരുക്കുഴി തീര്‍ത്ഥം.ദേവന്‍മാര്‍ ഭഗവാനു സഹസ്രകലശാഭിക്ഷേകം നടത്താനുപയോഗിക്കുന്ന ഇതിനെ കുംഭതീര്‍ത്ഥം എന്നും അറിയപ്പെടുന്നു"
അതും അവര്‍ക്ക് പുതിയ അറിവായിരുന്നു.
ദര്‍ശനശേഷം പ്രസാദവും വാങ്ങി പതിയെ ആയിരുന്നു അവര്‍ മലയിറങ്ങിയത്.മൃത്യുജ്ഞയഹോമസ്ഥലത്ത് നിലവിളക്ക് കത്തിയിരുന്നതും, കൂടെ മാരാരെ കണ്ടതുമെല്ലാം ആ യാത്രയില്‍ ദേവനാരായണന്‍ രവിവര്‍മ്മയോട് സൂചിപ്പിച്ചു.പമ്പയിലെത്തിയപ്പോല്‍ ദേവനാരായണന്‍ മാവേലിക്കരക്കുള്ള ബസ്സും, മറ്റുള്ളവര്‍ കായംകുളം ഭാഗത്തേക്കുള്ള ബസ്സും തിരക്കി തുടങ്ങിയിരുന്നു.
അങ്ങനെ അവര്‍ രണ്ടായി പിരിയുകയായിരുന്നു..
അപ്പോള്‍ മലയിറങ്ങി വന്ന കോരനേയും കൂട്ടരെയും കാണുകയും.അവരോട് നന്ദി പറഞ്ഞ ശേഷം സംഘം മടക്കയാത്രക്ക് തയ്യാറാകുകയും ചെയ്തു.ആ യാത്രക്ക് മുമ്പേ ദേവനാരായണന്‍ രവിവര്‍മ്മയോട് പറഞ്ഞു:
"നാട്ടിലെത്തിയട്ട് ഇല്ലത്ത് വരണം.എല്ലാം നല്ലരീതിയില്‍ കഴിഞ്ഞത് ഈശ്വരാധീനമാണ്, ഇനി നല്ലതേ വരു.ജീവിതത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കും"
തുടര്‍ന്ന് അവര്‍ രണ്ടായി പിരിഞ്ഞു.
ആ മടക്കയാത്രയില്‍ രവിവര്‍മ്മയുടെ മനസില്‍ ദേവനാരായണന്‍റെ വാക്കുകളായിരുന്നു..
'ജീവിതത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കും'
ആ വാക്കുകള്‍ സത്യമായിരുന്നു..
ആപത്തുകള്‍ തരണം ചെയ്ത രവിവര്‍മ്മയെ കാത്തിരുന്നത് സന്തോഷങ്ങളായിരുന്നു..
അത് വിശദമാക്കാനായി രാധിക ആ സംഘം തിരിച്ച് വരുന്നതും കാത്തിരിക്കുകയായിരുന്നു..