"അല്ല തിരുമേനി, ഞാന്‍ കാരണം രവിക്ക് എന്താണ് അപകടം?"
ബ്രഹ്മദത്തന് അതറിയണം, ഇന്ന് വരെ രവിവര്‍മ്മയെ സ്വന്തം അനുജനെ പോലെയെ കണ്ടിട്ടുള്ളു.ജീവിതത്തില്‍ കൂടെ ചേര്‍ത്ത് നിര്‍ത്തിയാണ് വളര്‍ത്തിയത്.അടുത്തിടെ നഗരത്തില്‍ ദീര്‍ഘദൂര പാതയുമായി ബന്ധപ്പെട്ട ഒരു ജോലി വന്നപ്പോഴും അവന്‍റെ പേരിലാണ് അപേക്ഷിച്ചത്.കോടികള്‍ ലാഭമുള്ള ജോലിയാണത്, കിട്ടിയാല്‍ എന്നന്നേക്കുമായി അവന്‍ രക്ഷപെടുമെന്ന് കരുതി.അതിനിടയിലാണ്‌കെട്ടിട സമുച്ചയത്തിന്‍റെ പണവുമായി ബന്ധപ്പെട്ടുള്ള ഈ പ്രശ്നം.ആ തിരക്കിനിടയില്‍ അവനു വേണ്ടി ചെയ്ത അപേക്ഷയെ പറ്റി കൂടുതല്‍ അന്വേഷിച്ചില്ല എന്നത് മാത്രമാണ് താന്‍ അവനു അറിഞ്ഞോണ്ട് ചെയ്ത ദ്രോഹം..
അതെങ്ങനെ അവന്‍റെ ജീവിതത്തെ ബാധിക്കും??
ബ്രഹ്മദത്തന്‍റെ ഈ സംശയത്തിനു തിരുമേനി ഇങ്ങനെ മറുപടി നല്‍കി..
ഉദയനല്ലൂര്‍ ഗ്രാമത്തിന്‍റെ ഐശ്വര്യം കീഴ്ക്കാവിലെ അയ്യപ്പസ്വാമിയാണ്.അവിടെ ശാന്തിയാകാനുള്ള യോഗം വളരെ കുറച്ച് ആളുകള്‍ക്കേ ഉണ്ടാകാറുള്ളു.വര്‍ഷങ്ങള്‍ക്ക് മുമ്പ്, വാമദേവന്‍ നമ്പൂതിരിയുടെ അച്ഛനും, നാട്ടിലെ പ്രശസ്ത ജ്യോതിഷിയും മാന്ത്രികനുമായ ഭട്ടതിരി അതിനായി ചൂണ്ടിക്കാട്ടിയ വ്യക്തിയായിരുന്നു ബ്രഹ്മദത്തന്‍.അന്ന് ബ്രഹ്മദത്തന്‍റെ ജാതകം എഴുതിയപ്പോള്‍ അദ്ദേഹം ദേവദത്തനോട് പറഞ്ഞു:
"അയ്യപ്പനെ സേവിക്കാന്‍ യോഗമുള്ള പയ്യനാ, പക്ഷേ..."
"എന്താ തിരുമേനി ഒരു പക്ഷേ?" ദേവദത്തന്‍ അങ്കലാപ്പോടെ ചോദിച്ചു.
"അറിയില്ല, കാരണം എനിക്ക് അറിയില്ല, എനിക്കത് വിശദീകരിക്കാന്‍ പറ്റുമെന്ന് തോന്നണില്യ"
ഇങ്ങനെ പറഞ്ഞ ശേഷം ഭട്ടതിരി തന്‍റെ മാന്ത്രികപുരയിലേക്ക് കയറി.ദേവദത്തന്‍ നിരാശയോട് ഇല്ലത്തേക്കും മടങ്ങി.പിറ്റേന്ന് നേരം വെളുത്തത് ഒരു ഞെട്ടിക്കുന്ന വാര്‍ത്തയുമായി ആയിരുന്നു..
ഭട്ടതിരി ഇഹലോകവാസം വെടിഞ്ഞു!!
അപ്പോള്‍ ഭട്ടതിരി ജാതകം നോക്കി പറഞ്ഞ ആ പക്ഷേയുടെ അര്‍ത്ഥം??
ദേവദത്തനു ഒന്നും മനസിലായില്ല.
എങ്കിലും തന്‍റെ മകന്‍ വളര്‍ന്ന് വന്നപ്പോള്‍ അദ്ദേഹം ആകുന്ന രീതിയില്‍ കീഴ്ക്കാവില്‍ ശാന്തിക്ക് പോകാന്‍ അവനെ നിര്‍ബന്ധിച്ചു.പക്ഷേ ബ്രഹ്മദത്തനു ശാന്തിയില്‍ ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല, അങ്ങനെയാണ് അവന്‍ ഉദയനല്ലൂര്‍ ഉപേക്ഷിച്ച് നഗരത്തിലേക്ക് ചേക്കേറിയത്.അവിടെ വച്ച് രാധികയെ മംഗല്യം ചെയ്ത് രവിവര്‍മ്മയോടൊത്ത് കരാറു പണി തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്..
രവിവര്‍മ്മയുടെ ജാതകം ഗ്രാഹ്യ സ്വഭാവമുള്ളതാണ്.നന്മയായാലും തിന്മയായാലും അതിനെ ഒരേപോലെ ബാധിക്കും.ശാന്തിയാകാന്‍ യോഗമുണ്ടായിട്ട് ഉപേക്ഷിച്ച് വന്ന ബ്രഹ്മദത്തനിലെ ദോഷം രവിവര്‍മ്മക്കാണ് ബാധിച്ചത്.
"കൊള്ളാം, അതും എന്‍റെ നെഞ്ചത്താണോ?" രവിവര്‍മ്മയുടെ ചോദ്യം.
"അങ്ങനെയാണ് ഉണ്ണി കവടിയില്‍ കണ്ടത്"
വാമദേവന്‍ നമ്പൂതിരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ രവിവര്‍മ്മ വീണ്ടും ചോദിച്ചു:
"അല്ല, തിരുമേനിക്ക് തലക്ക് നല്ല സുഖമില്ലേ?"
"നിഷേധിക്കരുത് കുഞ്ഞേ, ഞാന്‍ പറഞ്ഞത് സത്യമാ, കത്തി നില്‍ക്കുന്ന ഈ നിലവിളക്കാണെ സത്യം" തന്‍റെ കവടിക്ക് മുന്നില്‍ കത്തി നിന്നിരുന്ന നിലവിളക്കിനെ സാക്ഷിയാക്കി തിരുമേനി സത്യം ചെയ്തു.
"ങീ..ങീ..ങീ..ങീ" വൈഷ്ണവന്‍റെ വലിയ വായിലുള്ള നിലവിളി അവിടെ മുഴങ്ങി.
തിരുമേനി എഴുന്നേറ്റ് അവന്‍റെ അരികിലെത്തി, എന്നിട്ട് ചോദിച്ചു:
"മോനെന്തിനാ കരയുന്നേ?"
"എനിക്ക് എല്ലാം മനസിലായി" അവന്‍റെ മറുപടി.
"ഹത് ശരി, മോനെന്താ മനസിലായത്?"
"രവിമാമ മരിച്ച് പോകും!"
വൈഷണവന്‍ അത് പറഞ്ഞതും, ഉത്തരത്തിലിരുന്ന് ഒരു പല്ലി ചിലച്ചതും ഒരേ നേരമായിരുന്നു.അതേ കേട്ടതും തിരുമേനിയുടെ മുഖം വല്ലാതെ വലിഞ്ഞ് മുറുകി, അദ്ദേഹം ആ പല്ലിയിരുന്ന ഭാഗത്തേക്ക് നോക്കി പിറുപിറുത്തു:
"പരദേവതമാരേ, കാത്തുകൊള്ളേണമേ"
മറുപടിയായി എങ്ങ് നിന്നോ വന്ന ഒരു കാറ്റ് അവിടെ വീശിയടിച്ചു...
കവടിക്ക് മുന്നില്‍ കത്തി നിന്നിരുന്ന നിലവിളക്ക് ആ കാറ്റില്‍ അണഞ്ഞു!!
തിരുമേനി ഒരു തളര്‍ച്ചയോടെ നിലത്തേക്കിരുന്നു..