ശബരിമല..
ജാതി മത വ്യവസ്ഥകള്‍ക്ക് അതീതമായ ആരാധനാകേന്ദ്രം!!
ജ്ഞാനം, കര്‍മ്മം, ഭക്തി എന്നീ യോഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന ഒരു സാധനയാണ് ശബരിമല തീര്‍ത്ഥാടനം.അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് വാദിച്ചിരുന്ന കാലഘട്ടത്തില്‍ പോലും എല്ലാ മതസ്ഥരും ശബരിമലയില്‍ വരുമായിരുന്നു..
തങ്ങളുടെ എല്ലാമെല്ലാമായ അയ്യനെ കാണാന്‍...
പതിനെട്ട് പടിയിലും നാമമന്ത്രങ്ങള്‍ ഉരുവിട്ട് ശബരിമല ശാസ്താവിനെ കാണാന്‍..
കൂട്ടത്തില്‍ മാളികപ്പുറത്തമ്മയേയും, വാവരുസ്വാമിയേയും കാണാന്‍..
പമ്പാഗണപതിക്ക് തേങ്ങാ ഉടച്ച്, ഒരേ സ്വരത്തില്‍ അവര്‍ അയ്യനെ വിളിക്കും..
"സ്വാമിയേ..അയ്യപ്പോ
അയ്യപ്പോ..സ്വാമിയേ
സ്വാമിയപ്പാ..അയ്യപ്പാ
ശരണമപ്പാ..അയ്യപ്പാ
പന്തളവാസാ.. അയ്യപ്പാ
പമ്പാനാഥാ.. അയ്യപ്പാ"
ഇവിടെ ജാതിയില്ല, മതമില്ല..
എല്ലാവരുടെയും മുന്നില്‍ ഒരേ ഒരു നാമം മാത്രം..
എല്ലാവരുടെയും മുന്നില്‍ ഒരേ ഒരു രൂപം മാത്രം..
അത്, കലിയുഗ വരദനായ, കാനനവാസനായ, അയ്യപ്പന്‍റെ രൂപമാണ്!!
വാവരു സ്വാമിയേയും, അയ്യപ്പനെയും മനസില്‍ ആരാധിക്കുന്ന ഒരു വ്യക്തിയായിരുന്നു മുസ്തഫ.ഒന്നിലേറെ തവണ മലക്ക് പോയിട്ടുമുണ്ട്.എന്നാല്‍ ജീവിതപ്രാരാബ്ധങ്ങള്‍ കാരണം ഇപ്പോള്‍ അതിനൊന്നും സമയമില്ലാതായിരിക്കുന്നു..
എങ്കിലും കേട്ടും, വായിച്ചും നേടിയ അറിവിലെ അയ്യപ്പ കഥ ഇപ്പോഴും മുസ്തഫയുടെ മനസിലുണ്ട്.ബ്രഹ്മദത്തന്‍റെ ജോലി സംബന്ധമായി ലഭിക്കേണ്ട രസീതിനെ കുറിച്ച് അവതരിപ്പിക്കാന്‍ വന്ന മുസ്തഫക്ക്, അയ്യപ്പന്‍ പന്തളം രാജാവിന്‍റെ ഒരു സേനാനായകന്‍ മാത്രമാണെന്ന പേരില്‍ അവതരിപ്പിച്ചു കൊണ്ട് ഇരിക്കുന്ന കഥ ഒട്ടും ദഹിച്ചില്ല.അതിനാല്‍ അദ്ദേഹം പെട്ടന്ന് പ്രതികരിച്ചു, അതായിരുന്നു വാവരുസ്വാമിയെ കുറിച്ചുള്ള ആ ചോദ്യത്തിന്‍റെ ഉറവിടം..
അപ്പോള്‍ വാവരു സ്വാമി ആരായിരുന്നു??
അതിനു മറുപടിയായി രവിവര്‍മ്മ ഇങ്ങനെ പറഞ്ഞു..
സേനാനായകനായ അയ്യപ്പന്‍റെ മുഖ്യ സഹായി ആണത്രേ വാവര്..
സേനാബലം വര്‍ദ്ധിപ്പിക്കാനുള്ള യാത്രയില്‍, മുസ്ലിം യോദ്ധാവായ ബാബറുമായി ഏറ്റുമുട്ടി എന്നും, പിന്നീട് അവര്‍ സന്ധി ചെയ്തു ചങ്ങാതിമാരായി എന്നതുമാണ് ഇവരെ കുറിച്ച് നിലനില്‍ക്കുന്ന കഥ.ഈ വാവരിനെ കൂടാതെ കടുത്ത എന്നൊരു പോരാളിയും അയ്യപ്പന്‍റെ സഹായി ആയിരുന്നു.ഒരിക്കല്‍ അയ്യപ്പനും വാവരും കടുത്തയും ചേര്‍ന്ന് ഒരു തീരുമാനമെടുത്തു..
പന്തള രാജ്യത്തെ രക്ഷിക്കണം, അതിനെ സകല അഭിവൃദ്ധിയിലും എത്തിക്കണം!!
അതിനു ഒരേ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു..
പരദേവതയായ ധര്‍മ്മശാസ്താവിന്‍റെ അനുഗ്രഹം..
അതിനായി ശത്രുക്കളാല്‍ തകര്‍ക്കപ്പെട്ട ശബരിമല പുനരുദ്ധരീകരിക്കാന്‍ അവര്‍ തീരുമാനിച്ചു.
"മാമാ, യുദ്ധം ഇല്ലേ?" വൈഷ്ണവന്‍റെ ചോദ്യം.
പത്ത് വയസ്സേ ഉള്ളെങ്കിലും യുദ്ധത്തിലാ അവനു കമ്പം.അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, ചാനലായ ചാനലുകളിലെല്ലാം യുദ്ധവും, ആക്ഷന്‍ സിനിമകളും മാത്രം കാണിക്കുമ്പോള്‍ അയ്യപ്പകഥയിലും അവനത് പ്രതീക്ഷിക്കുന്നുണ്ടാകാം.അവന്‍റെ ചോദ്യം കേട്ടില്ലേ..
യുദ്ധം ഇല്ലേന്ന്??
"ഉണ്ട് മോനേ, യുദ്ധം ഉണ്ട്" വൈഷ്ണവനെ ഇങ്ങനെ ആശ്വസിപ്പിച്ച ശേഷം രവിവര്‍മ്മ പറഞ്ഞു:
"ശബരിമല പുനരുദ്ധാനത്തിനു തയ്യാറായ അയ്യപ്പനും കൂട്ടര്‍ക്കും ഭീഷണിയായി നിന്നത് എരുമേലിക്ക് അപ്പുറത്തായി തമ്പടിച്ചിരുന്ന ശത്രുക്കളായിരുന്നു...
ഇഞ്ചിപ്പാറ കോട്ടയിലും, തലപ്പാറ കോട്ടയിലുമായി വ്യാപിച്ച് കിടന്ന മറവപ്പട"
"അയ്യോ, എന്നിട്ട്?"
പറയാം..
എരുമേലിയില്‍ വച്ചായിരുന്നു അയ്യപ്പനും കൂട്ടരും പടയൊരുക്കം നടത്തിയത്.യുദ്ധസാമഗ്രികളും ആഹാരസാധങ്ങളും ശേഖരിച്ച് അവിടുന്നവര്‍ യുദ്ധത്തിനു യാത്ര ആരംഭിച്ചു..
അമ്പലപ്പുഴയില്‍ നിന്ന് എത്തിയ സംഘം, ആദ്യം വാവരുടെ നേതൃത്വത്തില്‍ പുറപ്പെട്ടു, അതിനു ശേഷമായിരുന്നു ബാക്കിയുള്ളവര്‍ അയ്യപ്പന്‍റെ നേതൃത്വത്തില്‍ യുദ്ധത്തിനു ഇറങ്ങി തിരിച്ചത്.ഇരുമുടി കെട്ടില്‍ ആഹാര സാധനങ്ങള്‍ ശേഖരിച്ച്, ആയുധപാണികളായാണ് ഇരു സംഘങ്ങളും എരുമേലിയില്‍ നിന്ന് പുറപ്പെട്ടത്...
രവിവര്‍മ്മ കഥ പറയുന്നത് നിര്‍ത്തിയ ശേഷം എല്ലാവരോടുമായി ചോദിച്ചു:
"ഇപ്പോഴും ഇരുമുടിക്കെട്ടില്‍ ആഹാരസാധങ്ങള്‍ അല്ലേ കൊണ്ട് പോകുന്നത്?"
ആകെ നിശബ്ദത..
ആര്‍ക്കും മറുപടിയില്ല!!
രവിവര്‍മ്മ ചോദ്യം വിഷ്ണുദത്തനു നേരെയാക്കി:
"മാഷിനു എരുമേലി പേട്ട തുള്ളലിനെ കുറിച്ച് അറിയാമോ?"
"അറിയാം" വിഷ്ണുദത്തന്‍റെ മറുപടി.
"ആദ്യം പേട്ട തുള്ളുന്ന അമ്പലപ്പുഴക്കാര്‍ എരുമേലി കൊച്ചമ്പലത്തില്‍ നിന്ന് ഇറങ്ങി, പിന്നെ വാവരു പള്ളിയില്‍ കയറി അല്ലേ പോകുന്നത്?"
"അതേ"
"രണ്ടാമത് പേട്ട തുള്ളുന്ന ആലങ്ങാട്ടുകാര്‍ മുസ്ലിം പള്ളിയില്‍ കയറാറുണ്ടോ?"
"ഇല്ലന്നാ തോന്നുന്നേ"
"തോന്നലല്ല, ഇല്ല.കാരണം അന്ന് യുദ്ധത്തിനു വാവരുടെ നേതൃത്വത്തില്‍ ആദ്യം പോയ അമ്പലപ്പുഴക്കാര്‍ മാത്രമേ പള്ളിയില്‍ കയറിയിട്ടുള്ളു" ആത്മവിശ്വാസത്തോടെയുള്ള രവിവര്‍മ്മയുടെ പ്രഖ്യാപനം.
ആരും തിരിച്ച് പറയുന്നില്ല, വാമദേവന്‍ നമ്പൂതിരി പോലും!!
"അയ്യോ മാമാ, യുദ്ധം പറ" വൈഷ്ണവന്‍റെ വിലാപം.
"പറയാം മോനേ"
രവിവര്‍മ്മ യുദ്ധത്തിലേക്ക് കടന്നു..