മാങ്കൊമ്പില്‍ സേവ്യര്‍..
അത്യാവശ്യം നല്ലൊരു നാട്ടുപ്രമാണി.ഇടപ്പാവൂര്‍ ദേവിക്ഷേത്രത്തിനു അടുത്തായി ആണ് ഇദ്ദേഹത്തിന്‍റെ ഭവനം.ആട്, മാട്, കോഴി എന്ന് വേണ്ടാ, എല്ലാ മൃഗങ്ങളും ഇദ്ദേഹത്തിനു സഹോദരങ്ങളാണ്.ഇവയോടൊത്ത് സുഖമായ ജീവിതം.
അന്ന് വൈകുന്നേരം വീടിനു മുന്നില്‍ നിന്നിരുന്ന ഇദ്ദേഹത്തിന്‍റെ ചെവിയില്‍ ആ ശബ്ദം മുഴങ്ങി..
വഴിയിലൂടെ പോണ സ്വാമിമാരുടെ ശരണം വിളിയുടെ ശബ്ദം..
"സ്വാമിയെ....അയ്യപ്പോ
അയ്യപ്പോ....സ്വാമിയെ
സ്വാമിയപ്പാ...അയ്യപ്പാ
ശരണമപ്പാ...അയ്യപ്പാ"
"സ്വാമി ശരണം"
പിറുപിറുത്ത് കൊണ്ട് സേവ്യര്‍ വീട്ടിലേക്ക് കയറി.
സേവ്യറിന്‍റെ ചെവികളില്‍ മുഴങ്ങി കേട്ടത് രവിവര്‍മ്മയും സംഘവും വിളിച്ച ശരണം വിളികളായിരുന്നു.ഇടപ്പാവൂര്‍ ദേവിക്ഷേത്രത്തിലേക്കുള്ള ആ യാത്രയില്‍ ദേവനാരായണന്‍ പറഞ്ഞ കഥയിലായിരുന്നു അവരുടെ മനസ്സ്..
പ്രതികാരത്തിനിറങ്ങിയ മഹിഷിയുടെ കഥയില്‍..
മഹിഷിയുടെ പ്രതികാരം ആളിക്കത്തി..
അവള്‍ ബ്രഹ്മദേവനെ തപസ്സ് ചെയ്തു, കൊടും തപസ്സ്!!
ഒടുവില്‍ ബ്രഹ്മദേവനു പ്രത്യക്ഷപ്പെടേണ്ടി വന്നു.ആ ഭക്തയുടെ തപസില്‍ പ്രസാദിച്ച ദേവന്‍ എന്ത് വരമാണ് വേണ്ടതെന്ന് ആരാഞ്ഞു.അതിനു മറുപടിയായി അവള്‍ പറഞ്ഞു:
"ശിവ-വിഷ്‌ണു സംയോഗത്താല്‍ ജനിക്കുന്ന ശിശുവില്‍നിന്നല്ലാതെ തനിക്കു മരണം സംഭവിക്കാന്‍ പാടില്ല, മാത്രമല്ല ആ ശിശു മനുഷ്യനായി കഴിയുകയും വേണം"
എന്തൊരു വല്ലാത്ത ആഗ്രഹം??
പക്ഷേ എന്ത് ചെയ്യാന്‍, ബ്രഹ്മദേവന്‍ വരം കൊടുക്കാമെന്ന് സമ്മതിച്ചു പോയി!!
അങ്ങനെ മഹിഷിക്ക് ആ വരം ലഭിച്ചു..
ശിവന്‍റെയും വിഷ്ണുവിന്‍റെയും പുത്രനാല്‍ മാത്രമേ വധിക്കപ്പെടു എന്ന വരം!!
മഹിഷിയുടെ അക്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു...
ഭൂലോകത്ത് മാത്രമല്ല, ദേവലോകത്തും അവള്‍ അക്രമം അഴിച്ച് വിട്ടു!!
ദേവന്‍മാര്‍ ഒന്ന് ചേര്‍ന്നു..
അവര്‍ ശിവഭഗവാനെയും, വിഷ്ണുഭഗവാനെയും കണ്ട് സങ്കടം ഉണര്‍ത്തിച്ചു.അതിന്‍റെ ഫലമായി ജനിച്ചതാണ് ധര്‍മ്മ ശാസ്താവ്.
"അപ്പോ ധര്‍മ്മശാസ്താവിന്‍റെ അച്ഛനാരാണ്?" രവിവര്‍മ്മയുടെ ചോദ്യം.
"മഹാദേവന്‍"
"അമ്മയോ?" രവിവര്‍മ്മക്ക് വീണ്ടും സംശയം
"മോഹിനി" ദേവനാരായണന്‍റെ മറുപടി.
"മോഹിനിയോ അതാരാ?"
ഇത് വരെ കേള്‍ക്കാത്ത കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ രവിവര്‍മ്മക്ക് കൂടുതല്‍ ആകാംക്ഷയായി.
"മോഹിനി മഹാവിഷ്ണുവാണ്, ശരിക്ക് പറഞ്ഞാല്‍ വിഷ്ണുമായയാണ്"
വിഷ്ണുമായയോ??
അതേ, വിഷ്ണുമായ തന്നെ!!
മോഹിനി ജനനം ഒരു ശാപത്തില്‍ നിന്നാണ് തുടങ്ങിയത്..
ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ദുര്‍വാസാവ് മഹര്‍ഷിയുടെ ശാപത്തില്‍ നിന്ന്..
ആ ശാപം ഇങ്ങനെയായിരുന്നു..
ദേവന്‍മാര്‍ക്ക് ജരാനര ബാധിച്ച് പോകട്ടെ!!
എത്ര കഠിനമായ ശാപം!!
ഒടുവില്‍ ശാപമോക്ഷവും കിട്ടി..
അമൃത് കുടിച്ചാല്‍ മതിയത്രേ!!
അങ്ങനെ അമൃത് ലഭിക്കുന്നതിനായി അവര്‍ പാലാഴി കടയാന്‍ തീരുമാനിച്ചു..
അതിന്‍പ്രകാരം, മന്ഥരപര്‍വതം കടകോലും വാസുകി എന്ന സര്‍പ്പം കയറുമാക്കി പാലാഴി മഥനം ആരംഭിച്ചു.കയറിന്‍റെ ഒരുഭാഗം പിടിച്ചിരുന്നത് ദേവന്‍മാരാണെങ്കില്‍ മറുഭാഗം അസുരന്‍മാരുടെ കൈയ്യിലായിരുന്നു.
"അപ്പോഴല്ലേ കൂര്‍മ്മാവതാരം സംഭവിച്ചത്?" വിഷ്ണുദത്തന്‍റെ ചോദ്യം.
അതേ, ഇവിടെയായിരുന്നു വിഷ്ണുഭഗവാന്‍റെ രണ്ടാമത്തെ അവതാരമായ കൂര്‍മ്മാവതാരം സംഭവിച്ചത്.പാലാഴി മഥനത്തിനു ഇടയില്‍ ആധാരമില്ലാത്തതിനാല്‍, സമുദ്രത്തിലാണ്ടുപോയ മന്ഥരപര്‍വതത്തെ പൂര്‍വസ്ഥിതിയില്‍ എത്തിയ്ക്കുന്നതിനായാണ് കൂര്‍മ്മാവതാരം ഭഗവാന്‍ കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി അദ്ദേഹം പര്‍വതത്തെ മേല്പോട്ടുയര്‍ത്തി.
"എന്നിട്ട് അമൃത് ലഭിച്ചോ?" മുസ്തഫക്ക് കഥയുടെ ബാക്കി അറിയേണം.
"അമൃത് ലഭിച്ചു, പക്ഷേ ലഭിച്ചത് അസുരന്‍മാര്‍ക്കാണ്"
ദേവനാരായണന്‍ കഥ തുടര്‍ന്നു..
അങ്ങനെ അമൃതുമായി അസുരന്‍മാര്‍ യാത്രയായി.അവര്‍ അത് സേവിച്ചാല്‍ ഈ ലോകമേ അവരുടെ കൈയ്യിലാകും എന്നറിയാവുന്ന ദേവന്‍മാര്‍ വിഷ്ണുഭഗവാനെ അഭയം പ്രാപിച്ചു.ദേവന്‍മാരുടെ ആഗ്രഹപ്രകാരം വിഷ്ണുഭഗവാന്‍ ഒരു മനോഹരിയായ സ്ത്രീ രൂപം പൂണ്ടു.അത് വിഷ്ണുഭഗവാന്‍റെ മായ ആയിരുന്നു..
സാക്ഷാല്‍ വിഷ്ണുമായയായ മോഹിനി..
അവള്‍ അസുരന്‍മാരുടെ അടുത്തേക്ക് യാത്രയായി..
ഇടപ്പാവൂര്‍ ദേവിക്ഷേത്രത്തില്‍ ഇരുന്ന് ദേവനാരായണന്‍ കഥ പറഞ്ഞ് കൊണ്ടിരുന്ന ദിവസം...
ഇപ്പോള്‍ സമയം രാത്രി ഒന്നേ മുക്കാല്‍ കഴിഞ്ഞിരിക്കുന്നു..
സേവ്യറിന്‍റെ വീട്ടില്‍ എല്ലാവരും നല്ല ഉറക്കത്തിലാണ്..
എന്നാല്‍ ജാക്കിയുടെ മനസില്‍ എന്തൊക്കെയോ ദുഃസ്വപ്നങ്ങള്‍ പോലെ, ഉറക്കത്തിലും അവന്‍ തല വെട്ടിച്ച് കൊണ്ടിരുന്നു.അടുത്തനിമിഷം അവന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു!!
തലവെട്ടിച്ച് ഇരുഭാഗത്തേക്കും നോക്കിയ ശേഷം സേവ്യറിനെ പോലും അറിയിക്കാതെ അവന്‍ പുറത്തേക്ക് കുതിച്ചു..
അവന്‍റെ യാത്രയുടെ ലക്ഷ്‌യം ഇടപ്പാവൂര്‍ ദേവിക്ഷേത്രമായിരുന്നു..
ആ യാത്രക്ക് ഒരു നിയോഗവും ഉണ്ടായിരുന്നു..
അരൂപിയായ ശത്രുവില്‍ നിന്നും രവിവര്‍മ്മയെ രക്ഷിക്കുക എന്ന നിയോഗം..