
നീരാജ്ഞനം..
ശാസ്താവിനു പ്രിയപ്പെട്ട വഴിപാട്!!
ക്ഷേത്ര നടയില്‍ നാളികേരം ഉടച്ച ശേഷം, രണ്ട് മുറികളിലും എള്ളെണ്ണ ഒഴിച്ച്, എള്ളുതിരി കത്തിച്ചാണ് നീരാജ്ഞനം നടത്തുക.ഗണപതിഭഗവാനു ഉണ്ണിയപ്പമെന്ന പോലെ, ഹനുമാന്‍സ്വാമിക്ക് ഉഴുന്നുവടയെന്ന പോലെ, കൃഷ്ണഭഗവാനു പാല്‍പായസമെന്ന പോലെ, ശാസ്താവിനു ഇഷ്ടപ്പെട്ട വഴിപാടായ നീരാജ്ഞനം നടത്തിയാല്‍ ശനിദോഷം അകലുമെന്ന് വിശ്വാസം.
ശനിഭഗവാന്‍റെ ഇഷ്ടനിറമായ കറുപ്പോ, ശനീശ്വരന്‍റെ ഇഷ്ടനിറമായ നീലയോ ധരിക്കുന്നതും, ശനിഭഗവാന്‍റെ ഇഷ്ടധാന്യമായ എള്ളിന്‍റെ കിഴികെട്ടി തിരി തെളിയിക്കുന്നതും, ശനിയാല്‍ ബാധിച്ച ദോഷങ്ങളകറ്റും എന്നറിയാവുന്ന ദേവദത്തനു, അയ്യപ്പക്ഷേത്രത്തില്‍ നീരാജ്ഞനം നടത്തുക എന്നതില്‍ കവിഞ്ഞ് ഒരു ഉപദേശം മകനു നല്‍കാന്‍ അറിയില്ലായിരുന്നു.എന്നാല്‍ നീരാജ്ഞനം കൊണ്ട് മാത്രം ബ്രഹ്മദത്തനു രക്ഷയില്ലെന്നാണ് വാമദേവന്‍ തിരുമേനിയുടെ ഭാഷ്യം.അതിനു കാരണവും പരിഹാരവും അദ്ദേഹം തന്നെ വിശദമാക്കി..
കീഴ്ക്കോവിലെ അയ്യപ്പ ക്ഷേത്രത്തില്‍ ശാന്തിയാകാന്‍ യോഗമുള്ളവനായിരുന്നു ബ്രഹ്മദത്തന്‍.വിധിയുടെ വിളയാട്ടം അദ്ദേഹത്തെ ഒരു ഗൃഹസ്ഥനാക്കി.ഇന്ന് അദ്ദേഹത്തെ ശനി വേട്ടയാടുകയാണ്.അഷ്ടമത്തിലെ ശനി അതിന്‍റെ പൂര്‍ണ്ണഭാവത്തില്‍ അദ്ദേഹത്തിനു നേരെ തിരിഞ്ഞിരിക്കുന്നു.
ശനീശ്വരനായ അയ്യപ്പനു അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയുമെന്നത് സത്യമാ, പക്ഷേ കീഴ്ക്കോവിലെ അയ്യപ്പശക്തിക്ക് ശനിയുടെ ദോഷം കുറക്കാനെ കഴിയു.ദര്‍ശന സമയത്ത് തന്നെ പൂര്‍ണ്ണമായി ശനിദോഷം മാറ്റി സകല ഐശ്വര്യവും പ്രദാനം ചെയ്യാനുള്ള ശക്തി ഒരിടത്തെയുള്ളു..
പന്തളവാസന്‍ കുടി കൊള്ളുന്ന സാക്ഷാല്‍ ശബരിമലയില്‍!!
ഇത്രയും വിശദമായി വിവരിച്ച ശേഷം വാമദേവന്‍ നമ്പൂതിരി പറഞ്ഞു:
"ബ്രഹ്മദത്താ, നീ ശബരിമലയില്‍ പോകണം"
മണ്ഡലകാലം..
വൃശ്ചികം ഒന്ന് മുതല്‍ നാല്‍പ്പത്തി ഒന്ന് ദിവസം നീണ്ട് നില്‍ക്കുന്ന അയ്യപ്പ ദര്‍ശന കാലഘട്ടം.
ശരണം വിളിയുടെയും, വൃതാനുഷ്ഠാനങ്ങളുടെയും ആ ദിനങ്ങള്‍ ബ്രഹ്മദത്തന്‍റെ മനസില്‍ ഓടിയെത്തി.കുട്ടിക്കാലത്ത് ആദ്യമായി മലയില്‍ പോയ ഓര്‍മ്മകള്‍..
"എന്തിനാണച്ഛാ നാല്‍പ്പത്തി ഒന്ന് ദിവസം വ്രതമെടുക്കുന്നത്?"
"മോനേ, നീ കന്നി അയ്യപ്പനാ.വൃശ്ചികം ഒന്ന് മുതല്‍ നാല്‍പ്പത്തി ഒന്ന് ദിവസം വ്രതമെടുത്ത് വേണം മലക്ക് പോകാന്‍"
"കന്നി അയ്യപ്പനെന്ന് വച്ചാല്‍ എന്താണച്ഛാ?"
"ആദ്യമായി മലക്ക് പോകുന്ന എല്ലാവരും കന്നി അയ്യപ്പനാണ് മോനെ.കന്നി അയ്യപ്പന്‍മാര്‍ ശബരിമലയില്‍ വരാത്ത വര്‍ഷം ഭഗവാന്‍ മാളികപ്പുറത്തമ്മയെ മംഗല്യം ചെയ്യുമെന്നാ പറയുന്നത്"
"മാളികപ്പുറമോ, അതാരാ?"
"അതെല്ലാം ഗുരുസ്വാമി പറഞ്ഞ് തരും"
ഗുരുസ്വാമിയോ??
ഹിമാലയത്തില്‍ നിന്നും വന്ന വലിയ സന്യാസി ആയിരിക്കും!!
ഇങ്ങനെയായിരുന്നു ചിന്ത, പക്ഷേ ഗുരുസ്വാമിയെ കണ്ട് അറിയാതെ ചിരിച്ച് പോയി, കാര്യസ്ഥനായ മാധവമാമാ..
പതിനെട്ട് വര്‍ഷം മല ചവിട്ടിയതിനാലാണത്രേ അദ്ദേഹം ഗുരുസ്വാമിയായത്.അന്ന് മലക്ക് പോകാന്‍ തയ്യാറായ തന്നോട് അദ്ദേഹം ഉപദേശിച്ചതെല്ലാം ഇന്നും ഓര്‍മ്മയിലുണ്ട്..
സ്വാമിഅയ്യപ്പ രൂപമുള്ള രുദ്രാക്ഷമാല ധരിച്ച് നാല്‍പ്പത്തിയൊന്ന് ദിവസം വൃതമെടുക്കണം, ശരീരവും മനസും ശുദ്ധമായി സൂക്ഷിക്കണം, രണ്ട് നേരം കുളിക്കണം, സസ്യാഹാരം മാത്രമേ കഴിക്കാവു, ദിവസവും അയ്യപ്പനെ പൂജിക്കണം..
ശബരിമലയില്‍ പോകുന്നതിനുമുണ്ടത്രേ ചില വ്യവസ്ഥകള്‍..
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറരുതു പോലും.ലഹരിയുള്ളത് ഒന്നും ഉപയോഗിക്കരുത്.പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ആരും മല ചവിട്ടെരുത്, എന്ന് മാത്രമല്ല ഉത്സവത്തിനു പമ്പയില്‍ ആറാട്ട് നടക്കുന്ന ദിവസം യൌവനയുക്തകളായ സ്ത്രികള്‍ പമ്പയില്‍ വരാനും പാടില്ലത്രേ.
ആദ്യമായി മലക്ക് പോയപ്പോള്‍ അയ്യപ്പന്‍ കഞ്ഞി എന്ന പേരില്‍ കഞ്ഞി സദ്യ നടത്തിയതും, ഗ്രാമത്തിലെ എല്ലാവരും അതില്‍ പങ്കെടുത്തതുമെല്ലാം ഇന്നും ഓര്‍ക്കുന്നു.
അതിനു ശേഷമായിരുന്നു ആഴിപൂജ..
വീടിനു മുമ്പില്‍ പന്തലിട്ടതും, അയ്യപ്പനെയും വാവരെയും കടുത്തസ്വാമിയേയും മാളികപ്പുറത്തമ്മയേയും പ്രതിഷ്ഠിച്ച് പൂജിച്ചതും, ആഴിയെ വലം വച്ചതുമെല്ലാം എത്ര രസകരമായിരുന്നു.
പിന്നീട് മലയിലേക്ക് യാത്രയായി...
എല്ലാവര്‍ക്കും വെള്ള തോര്‍ത്ത് കൊണ്ടുള്ള ഇരുമുടി കെട്ട് കിട്ടിയപ്പോള്‍ തനിക്ക് കന്നിസ്വാമി ആയതിനാല്‍ ചുവന്ന പട്ട് കൊണ്ടുള്ള ഇരുമുടി കെട്ടായിരുന്നു.ശരണം വിളി ഗുരുസ്വാമി വിളിച്ചതിന്‍റെയും മറ്റുള്ളവരത് ഏറ്റ് ചൊല്ലിയതിന്‍റെയും മറ്റൊലികള്‍ അന്തരീക്ഷത്തിലെങ്ങും നിറയുന്ന പോലെ..
"സ്വാമിയേ..അയ്യപ്പോ
അയ്യപ്പോ..സ്വാമിയേ
സ്വാമിയപ്പാ..അയ്യപ്പാ
ശരണമപ്പാ....അയ്യപ്പാ"
"ബ്രഹ്മാ, തിരുമേനി പറഞ്ഞ പോലെ ശബരിമലക്ക് പോയ് കൂടേ?"
അച്ഛന്‍റെ ചോദ്യം ബ്രഹ്മദത്തനെ പഴയ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തി.
"പോകാന്‍ ഞാന്‍ തയ്യാറാണച്ഛാ, പക്ഷേ...."
പക്ഷേ??
ഇനിയൊരിക്കല്‍ മലക്ക് പോകുമ്പോള്‍ വൈഷ്ണവനെയും കൂടെ കൂട്ടണമെന്ന് കരുതിയിരുന്നതാണ്.ഇപ്പോള്‍ മണ്ഡലകാലം ആരംഭിച്ചിരിക്കുന്നു.ഒരു കന്നി അയ്യപ്പനായി അവനെ കൊണ്ട് പോകണമെങ്കില്‍ നാല്‍പ്പത്തി ഒന്ന് ദിവസം വ്രതും അനുഷ്ഠിക്കണമല്ലോ, ഇനി അത് സാധ്യമല്ല.
എന്താണൊരു പോംവഴി??
അതിനു മറുപടി നല്‍കിയത് വാമദേവന്‍ നമ്പൂതിരിയായിരുന്നു:
"ഒരു പോംവഴിയുണ്ട്, ശബരിമലക്ക് നടന്ന് പോകണം"
പത്ത് നൂറ്റമ്പത് കിലോമീറ്റര്‍ നടന്ന് പോകാനോ!!
അതും ഈ പത്ത് വയസ്സുകാരനെയും കൊണ്ട്??
രവിവര്‍മ്മ ബ്രഹ്മദത്തന്‍റെ ചെവിയില്‍ പതിയെ ചോദിച്ചു:
"ഈ കെളവനു വട്ടാണോ?"
അതിനു മറുപടി നല്‍കിയത് സാക്ഷാല്‍ വാമദേവന്‍ നമ്പൂതിരിയായിരുന്നു:
"ഇത് ഭ്രാന്തല്ല ഉണ്ണി, മഹിഷിയെ വധിച്ച ശേഷം ശബരിമലയില്‍ കുടി കൊള്ളുന്ന അയ്യപ്പനെ നടന്ന് തന്നെ പോയി തൊഴണം"
അതിനു മറുപടിയായി രവിവര്‍മ്മ ഒരു ചോദ്യം ചോദിച്ചു:
"അയ്യപ്പന്‍ മഹിഷിയെയാണോ വധിച്ചത്, ഉദയനനെയല്ലേ?"
ഉദയനനെയോ??
അതേ ഉദയനനെ തന്നെ!!
അത്ഭുതപ്പെട്ട് നിന്ന അവരോട് രവിവര്‍മ്മ ആ കഥ വിവരിച്ചു..
കൊല്ലവര്‍ഷം 377നോട് അനുബന്ധിച്ച് പന്തളം കേന്ദ്രമാക്കി അരങ്ങേറിയതെന്ന് പറയപ്പെടുന്ന ഒരു കഥ, ഉദയനനെ വധിച്ച അയ്യപ്പന്‍റെ കഥ..