പിറ്റേന്ന് പ്രഭാതം..
ഇല്ലത്തുള്ള ആര്‍ക്കും നടുക്കം വിട്ട് മാറിയിരുന്നില്ല.തലേ ദിവസത്തെ ഓര്‍മ്മ ഇപ്പോഴും അവരെ വേട്ടയാടുന്നു.വെള്ളിടി വെട്ടിയതിന്‍റെയും, കാവിലെ പാല മാത്രം നിന്നു കത്തയതിന്‍റെയും പൊരുള്‍ അറിയാതെ ഞെട്ടി നില്‍ക്കുകയാണ് എല്ലാവരും.രവിവര്‍മ്മയും മിണ്ടുന്നില്ല, അയാള്‍ വാവരു സ്വാമിയെ കുറ്റം പറഞ്ഞതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് എല്ലാവരും കുറ്റപ്പെടുത്തുന്നു.
ഇപ്പോള്‍ രവിക്കും ആ സംശയമുണ്ട്..
ഇനി അതായിരിക്കുമോ കാരണം??
ഹേയ്, ആവില്ല.
ഇന്നാണ് ശബരിമലക്ക് പോകേണ്ടത്, രാവിലെ മാലയിടണമെന്നാണ് വാമദേവന്‍ നമ്പൂതിരി പറഞ്ഞിരിക്കുന്നത്.പ്രഭാതത്തില്‍ കുളിച്ചൊരുങ്ങി കീഴ്ക്കോവില്‍ അയ്യപ്പസ്വാമിക്ഷത്രത്തില്‍ ചെല്ലണമെന്ന തിരുമേനിയുടെ വാക്കുകള്‍ മനസിലോര്‍ത്ത് ആ കുടുംബം തയ്യാറായി.ഗണപതി ഭഗവാനെ മനസില്‍ ധ്യാനിച്ച് അവര്‍ അയ്യപ്പക്ഷേത്രത്തിലേക്ക് യാത്രയായി..
ആദ്യമായി മലക്ക് പോകുന്ന സന്തോഷത്തില്‍ വൈഷ്ണവന്‍..
അയ്യപ്പനില്‍ മനസ്സ് അര്‍പ്പിച്ച് ദേവദത്തനും, വിഷ്ണുദത്തനും, ഗായത്രിയമ്മയും, രാധികയും..
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി മലക്ക് പോകാന്‍ കഴിയുന്ന സന്തോഷത്തില്‍ മുസ്തഫ..
പ്രത്യേകിച്ച് ഒരു ഭാവവും ഇല്ലാതെ രവിവര്‍മ്മ..
മനസില്‍ അലയടിക്കുന്ന ദുഃഖം പുറമേ കാട്ടാതെ, എല്ലാത്തിനും മുമ്പില്‍ എന്നവണ്ണം ബ്രഹ്മദത്തന്‍..
അവര്‍ ക്ഷേത്രസന്നിധിയിലെത്തി.
വാമദേവന്‍ നമ്പൂതിരി അവരെ കാത്ത് നില്‍പ്പുണ്ടായിരുന്നു.തിരുമേനി ഉള്‍പ്പെട്ട ഒരു സംഘം മലയിലേക്ക് നടന്ന് പോകുന്നു എന്ന് കേട്ട് കുറച്ച് നാട്ടുകാരും അവിടെ കൂടിയിരുന്നു..
എല്ലാവരുടേയും മനസില്‍ സംശയം നിഴലിച്ചു..
തിരുമേനി നടന്ന് മലക്ക് പോകുന്നുവോ?
അതും ഇല്ലത്തെ കുട്ടികള്‍ക്കൊപ്പം!!
എന്താണ് കാരണം??
ശരിയായ കാരണം അറിയില്ലെങ്കിലും ഒരു കാര്യം അവര്‍ക്ക് ഉറപ്പായിരുന്നു..
ഇല്ലത്തുള്ളവര്‍ക്ക് വേണ്ടി മാത്രമല്ല തിരുമേനി ഇതിനു തയ്യാറായത്..
അതിനും മേലെ എന്തോ ഒരു സത്യമുണ്ട്..
എന്താണത്??
ആര്‍ക്കും അറിയില്ല.
ആ ചടങ്ങിനുള്ള സമയമായി..
മലകയറ്റത്തിനു മുമ്പായി 'വനമുദ്ര' എന്നറിയപ്പെടുന്ന മാല ധരിക്കേണ്ട ചടങ്ങിന്....
'മുദ്രാധാരണം' എന്ന് അറിയപ്പെടുന്ന പവിത്രമായ ചടങ്ങിന്..
"സ്വാമിയേ.....
...ശരണമയ്യപ്പാ
....ശരണമയ്യപ്പാ
.....ശരണമയ്യപ്പാ"
ശരണം വിളികള്‍ അന്തരീക്ഷത്തിലെങ്ങും മുഴങ്ങി.
മലകയറാന്‍ തയ്യാറായ ആ സംഘം മാല ധരിച്ചു..
അങ്ങനെ അവര്‍ അയ്യപ്പന്‍മാരായി..
വൃതമെടുത്ത് മാലയിടുന്ന ഭക്തനും അയ്യപ്പനായി മാറുന്ന സങ്കല്‍പ്പം..
എത്രയോ മഹത്തരമായ സങ്കല്‍പ്പം!!
"വൈഷ്ണവന്‍ കന്നി അയ്യപ്പനാണ്, ആഴിപൂജ നടത്തേണ്ടതുണ്ടോ?"
ബ്രഹ്മദത്തന്‍റെ ചോദ്യം തിരുമേനിയോടാണ്.
"എന്തുവാ അച്ഛാ ആഴിപൂജ എന്നാല്‍?" വൈഷ്ണവനു അതും സംശയം.
അവന്‍റെ ചോദ്യത്തിനു മറുപടി കൊടുത്തത് വാമദേവന്‍ തിരുമേനിയായിരുന്നു..
മലക്ക് പോകുന്നതിനു മുമ്പ്, പ്രാര്‍ത്ഥനയോടെ ആഴിയെ വലം വച്ച് പ്രദക്ഷിണം ചെയ്യുന്നതിനാണ് ആഴിപൂജ എന്ന് പറയുന്നത്.കന്നി അയ്യപ്പന്റെ വീടിന് മുന്നില്‍ പന്തല്‍ നിര്‍മ്മിച്ച്, അയ്യപ്പന്‍, വാവര്‍, കടുത്തസ്വാമി, മാളികപ്പുറം എന്നിവരെ പ്രതിഷ്ഠിച്ച്, പൂജയും വാദ്യവുമായി തീയില്‍ ചാടി സ്വയം പരിശുദ്ധരാകുന്നു എന്നാണ് സങ്കല്‍പം.
ഇത് കേട്ടുകൊണ്ടാണ് രവിവര്‍മ്മ അവിടെക്ക് വന്നത്, വന്നപാടെ അവന്‍ ചോദിച്ചു:
"ഇന്നലെ പാല കത്തിയത് പോരെ, ഇനിയും തീ വേണോ?"
"പാല കത്തിയെന്നോ?"
തിരുമേനിക്ക് അത്ഭുതം.
തിരുമേനിയെ കാണുമ്പോള്‍ തന്നെ പറയേണമെന്ന് കരുതിയതാണ്, പക്ഷേ ചടങ്ങിന്‍റെ തിരക്ക് കാരണം ബ്രഹ്മദത്തനു അതിനു സാധിച്ചില്ല.പാല കത്തിയെന്ന് കേട്ട് അത്ഭുതപ്പെട്ട് നില്‍ക്കുന്ന തിരുമേനിയോട് അവന്‍ കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങള്‍ പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞ് തിരുമേനി പറഞ്ഞു:
"നന്നായി, ഈശ്വരന്‍ കാത്തു"
"നാന്നായെന്നോ, എന്താ തിരുമേനി കാരണം?" ബ്രഹ്മദത്തന്‍റെ ചോദ്യത്തിലും ഒരു സന്തോഷഭാവം.
"രവിവര്‍മ്മയെ രക്ഷിക്കാന്‍ ആരോ തീരുമാനിച്ചതിന്‍റെ സുചനയാണത്"
"അത് ആരാണ് തിരുമേനി? എങ്ങനെ രക്ഷിക്കും?" ബ്രഹ്മദത്തനു ആകാംക്ഷയായി.
ആരാണെന്ന് അറിയില്ല, എങ്ങനെയാണെന്നും അറിയില്ല.പക്ഷേ പാലയുടെ തെക്ക് വശത്തേക്കുള്ള ശിഖിരം ഒടിഞ്ഞത് രവിവര്‍മ്മയുടെ ജീവനെയാണ് സൂചിപ്പിച്ചത്.അതിനു കാരണമായ പാല തന്നെ തീയില്‍ അമര്‍ന്നു എന്നത് ഒരു നല്ല സൂചനയാണ്.
പക്ഷേ എങ്ങനെ??
തിരുമേനിക്ക് മറുപടിയില്ല.
നിശബ്ദനായി നില്‍ക്കുന്ന വാമദേവന്‍ നമ്പൂതിരിയോട് ബ്രഹ്മദത്തന്‍ വീണ്ടും ചോദിച്ചു:
"രവിവര്‍മ്മയുടെ ദോഷങ്ങള്‍ മാറുമോ തിരുമേനി?"
അതിനും തിരുമേനിക്ക് മറുപടിയില്ല.
പക്ഷേ അദ്ദേഹത്തിന്‍റെ മനസ്സ് മന്ത്രിച്ചു..
മാറും, മാറ്റം പ്രകൃതി നിയമമാണ്..