ഇത് ദേവനാരായണന്‍ കേട്ട് വളര്‍ന്ന വിശ്വാസമാണ്..
മാന്ത്രികന്‍റെ മനകണ്ണില്‍, രവിവര്‍മ്മയെ ബാധിച്ച ശാപത്തിനു കാരണമായി വന്ന ഒരു നീരസത്തിന്‍റെ കഥ.സുന്ദര മഹിഷത്തിന്‍റെ നീരസത്തിന്‍റെ കഥ..
ആ കഥ ഇങ്ങനെയായിരുന്നു..
ഭൂതനാതോപാഖ്യാനം..
പതിനഞ്ച് അദ്ധ്യായങ്ങളായി ധര്‍മ്മശാസ്താവിന്‍റെ കഥകളടങ്ങിയ സംസ്കൃതഗ്രന്‌ഥം!!
ഇതിന്‍ പ്രകാരം ദത്തന്‍റെ ജനനം, ബ്രഹ്മ, വിഷ്ണു, മഹേശ്വര ശക്തികളുടെ സമന്വയത്തില്‍ നിന്നായിരുന്നത്രേ.അതേ പോലെ ദേവ പത്നിമാരുടെ ശക്തിയുടെ ചേര്‍ച്ചയായി ലീലയും ജനിച്ച് പോലും.ഈ കഥ പ്രകാരം ദത്തന്‍ ലീലയെ വിവാഹം കഴിച്ചു.
"വിവാഹം കഴിച്ചെന്നോ?"
വാമദേവന്‍ നമ്പൂതിരിക്ക് അത്ഭുതം.
അദ്ദേഹം കേട്ടിട്ടുള്ള കഥയില്‍ വിവാഹം കഴിച്ചു എന്ന് പരാമര്‍ശിക്കുന്നില്ല, മാത്രമല്ല വിവാഹ അഭ്യര്‍ത്ഥന നടത്തിയ ലീലയെ ശപിച്ചു എന്നും കേട്ടിരിക്കുന്നു!!
"അതേ, വിവാഹം കഴിച്ചു.ശരിക്കും അങ്ങനെയാണ് സംഭവിച്ചത്"
ദേവനാരായണന്‍ കഥ തുടര്‍ന്നു:..
വര്‍ഷങ്ങള്‍ കഴിഞ്ഞു..
ധ്യാനത്തില്‍ ശ്രദ്ധയൂന്നി ജീവിതം നയിച്ച ദത്തനു ലൌകിക ജീവിതങ്ങളോട് വിരക്തി തോന്നി തുടങ്ങിയത് സ്വാഭാവികമായി സംഭവിക്കാവുന്ന പ്രതിഭാസമായിരുന്നു.എന്നാല്‍ ലീലക്ക് ദത്തന്‍റെ ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല.ധ്യാനത്തില്‍ മുഴുകിയിരുന്ന സമയത്ത് ശൃംഗാരഭാവത്തില്‍ വന്ന ലീലയില്‍, ദത്തന്‍ കോപിഷ്ടനാകുകയും, മഹിഷിയായി ജനിക്കട്ടെ എന്ന് അവളെ ശപിക്കുകയും ചെയ്തു.ഇതാണ് മഹിഷിയുടെ ജനനത്തിനു കാരണമായ കഥ.
"അപ്പോള്‍ സുന്ദരമഹിഷമോ?"
അതോ..
അത് ലീലയുടെ ശാപഫലമായിരുന്നു...
സ്നേഹത്തോട് സമീപിച്ച തന്നെ ശപിച്ച ദത്തനു, ലീല നല്‍കിയ ശാപഫലം..
താന്‍ മഹിഷിയായി ജനിക്കുമ്പോല്‍ തന്നോടൊത്ത് കഴിയുന്ന മഹിഷമായി തീരട്ടെ എന്ന് അവള്‍ ദത്തനെ ശപിച്ചത്രേ!!!
ആ ശാപഫലമായുള്ള ദത്തന്‍റെ ജന്മമാണ് സുന്ദരമഹിഷം!!
"ഇതിനു എന്‍റെ ജീവിതവുമായി എന്ത് ബന്ധം?"
രവിവര്‍മ്മക്ക് അത് അറിഞ്ഞേ തീരു.
ആദ്യം വാമദേവന്‍ നമ്പൂതിരി ഒരു കഥ പറഞ്ഞു.അതിന്‍ പ്രകാരം സ്നേഹം നിരസിച്ച ദത്തനോടുള്ള ലീലയുടെ നീരസം യുഗങ്ങളായി സഞ്ചരിച്ച് തന്നില്‍ ശാപമായെത്തി എന്ന് വിശദമാക്കി.ഇപ്പോള്‍ അതേ കഥയില്‍ ലീലയും തിരിച്ച് ശപിച്ചെന്ന് ദേവനാരായണന്‍ പറയുന്നു.
അപ്പോള്‍ തന്നെ ബാധിക്കുന്ന ശാപം എന്താണ്??
രവിവര്‍മ്മയുടെ ചോദ്യം ന്യായമായത് തന്നെ.
രവിവര്‍മ്മയുടെ സംശയത്തിനു മറുപടിയായി ദേവനാരായണന്‍ ഇങ്ങനെ പറഞ്ഞു..
ഭൂമിയില്‍ സുന്ദരമഹിഷത്തോടൊത്ത് വിഹരിച്ചിരുന്ന മഹിഷി, പിന്നീട് അയ്യപ്പഭഗവാനാല്‍ വധിക്കപ്പെട്ടു.പ്രിയതമയുടെ വിരഹത്തില്‍ സുന്ദരമഹിഷത്തിനുണ്ടായ നീരസം, പിന്നീട് യുഗങ്ങളായി സഞ്ചരിച്ച്, ഒരു അസുരശക്തിയുടെ പ്രതികാര മനോഭാവത്തിലേക്ക് രൂപാന്തരം പ്രാപിച്ചു.ഇന്നതിന്‍റെ ലക്ഷ്‌യം, ഉത്രം നക്ഷത്രത്തില്‍ ജനിച്ച, മണികണ്ഠന്‍ എന്ന വിളിപ്പേരോട് കൂടിയ, അയ്യപ്പഭഗവാന്‍റെ ഇഷ്ടപ്പെട്ട ഭക്തനാകാന്‍ യോഗമുള്ള, രവിവര്‍മ്മയാണ്.
"എന്ത് അപകടമാവും സംഭവിക്കുക" ബ്രഹ്മദത്തന്‍റെ ചോദ്യം.
"അറിയില്ല, എന്നാല്‍ ഒരു കാര്യം ഉറപ്പാണ്, സുന്ദരമഹിഷത്തിന്‍റെ അസുരമനോഭാവത്തില്‍ നിന്ന് രൂപം പ്രാപിച്ച ഈ അപകടം അരൂപിയല്ല, ഒരു രൂപമുള്ള ജീവിയില്‍ നിന്നാണ്"
"എന്ത് ജീവി?" രവിവര്‍മ്മയുടെ ചോദ്യത്തില്‍ ഒരു ഭീതി പോലെ.
"അത് പറയാന്‍ സാധിക്കില്ല, പക്ഷിയാകാം, മൃഗമാകാം, മനുഷ്യനുമാകാം"
ദേവനാരായണന്‍ പറഞ്ഞ് നിര്‍ത്തി.
അപ്പോഴാണ് വാമദേവന്‍ നമ്പൂതിരിയുടെ മനസില്‍ ഒരു സംശയം വന്നത്, അതയാള്‍ ചോദിക്കുകയും ചെയ്തു:
"മൂന്ന് അപകടം എന്നല്ലേ സൂചിപ്പിച്ചത്, എന്താണ് മൂന്നാമത്തെ അപകടകാരണം?"
അതിനും ആ മാന്ത്രികന്‍റെ പക്കല്‍ മറുപടിയുണ്ടായിരുന്നു..
ഒരു മനുഷ്യനു നൂറ് മരണമുണ്ടത്രേ!!
അവന്‍ നൂറ് പ്രാവശ്യം മരിക്കുമെന്ന് ഇതിനു അര്‍ത്ഥമില്ല.ഒരു മനുഷ്യായുസ്സിനുള്ളില്‍ നൂറ് പ്രാവശ്യം മരണത്തെ നേരിടാനുള്ള സാധ്യതയുണ്ടെന്ന് സാരം.എന്നാല്‍ ഈശ്വരവിശ്വാസവും, ആയുസ്സിന്‍റെ ബലവും അവനെ അതില്‍ നിന്നെല്ലാം കാത്ത് രക്ഷിക്കുന്നു.രവിവര്‍മ്മക്ക് ഇപ്പോള്‍ നല്ല സമയമല്ല, അസുരശക്തികള്‍ അവനെ വട്ടമിട്ട് പറക്കുകയാണ്.മാത്രമല്ല, ആയുസ്സിനു ഹാനിയുണ്ടാവാന്‍ സാധ്യത വളരെ കൂടിയ നേരവും.ഇതാണ് മൂന്നാമത്തെ അപകടത്തിനുള്ള കാരണം.
"ഇത് എന്ത് തരം അപകടമാ?" മുസ്തഫയുടെ ചോദ്യത്തില്‍ ഒരു വിഷമമുണ്ടായിരുന്നു.
പക്ഷേ ദേവനാരായണന്‍ മറുപടി പറയുന്നില്ല!!
"അല്ല, എന്തപകടമാണാവോ?" തിരുമേനിയുടെയും ചോദ്യം.
അവരുടെ ആകാംക്ഷ കണ്ടപ്പോള്‍ ദേവനാരായണന്‍ നിരാശയുടെ സ്വരത്തില്‍ പറഞ്ഞു:
"പിടികിട്ടണില്യ, എത്ര ശ്രമിച്ചിട്ടും അത് മാത്രം വഴുതി പോകുന്നു"
ഒന്ന് നിര്‍ത്തിയട്ട് ഒരു കാര്യം അദ്ദേഹം അടിവരയിട്ട് സൂചിപ്പിച്ചു:
"ഒരു കാര്യം ഉറപ്പാ, മറ്റ് രണ്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടാലും ഇത് രവിവര്‍മ്മയെ ബാധിച്ചിരിക്കും"
ആ മറുപടി എല്ലാവരിലും ഒരു നിരാശ പരത്തി..
അവര്‍ പരസ്പരം നോക്കി..