ഓച്ചിറ പരബ്രഹ്മക്ഷേത്രം..
ഓച്ചിറക്കാളയും, മിഥുനമാസത്തിലെ ആവേശം നിറഞ്ഞ ഓച്ചിറക്കളിയും ഇവിടുത്തെ പ്രത്യേകതകളാണ്.ഇവിടെ നിന്നും പ്രസാദമായി ലഭിക്കുന്ന മണ്ണിനു പോലും മഹത്വമുണ്ട്.വൃശ്ചികം ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളില്‍ കുടില്‍കെട്ടി ഭജനം പാര്‍ക്കുക എന്തുള്ളതാണ് ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്.ഇങ്ങനെ വ്യത്യസ്തമായ ആചാരങ്ങളുള്ള ഈ ക്ഷേത്രത്തിലാണ് മലക്ക് പോകാനുള്ള കെട്ട് മുറുക്കിനു മുമ്പ് തൊഴുതുവരാനായി രവിവര്‍മ്മ, വൈഷ്ണവനോടൊപ്പം എത്തിയത്.
അവിടെ കണ്ട കാഴ്ചകള്‍ അവനില്‍ അത്ഭുതമുണര്‍ത്തി..
ശരണം വിളിയുമായി നടക്കുന്ന അയ്യപ്പസംഘങ്ങള്‍..
ഭജനമിരിക്കുന്ന ഭക്തജനങ്ങള്‍..
ഭിക്ഷതേടുന്ന ദേശാടന കൂട്ടം..
ഇനി അമ്പലത്തിനുമുണ്ട് പ്രത്യേകത..
ഗണപതിക്കാവ്, ഒണ്ടിക്കാവ് ,മഹാലക്ഷ്മിക്കാവ്, അയ്യപ്പ ക്ഷേത്രം,കല്‍ച്ചിറ, കിഴക്കു പടിഞ്ഞാറെ നടകള്‍, കൂട്ടത്തില്‍ ആല്‍ത്തറയില്‍ വാഴുന്ന ഓംകാര മൂര്‍ത്തിയും!!
ആദ്യമായി ഒരു ഭക്തിസാന്ദ്രമായ അന്തരീക്ഷം തനിക്ക് ചുറ്റും ഉയരുന്നതായി രവിവര്‍മ്മക്ക് തോന്നി!!
വായിച്ച് മറന്ന ചരിത്രത്തിന്‍റെ ഏടുകള്‍ രവിവര്‍മ്മയുടെ മനസില്‍ ഓടിയെത്തി..
ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച വേലുത്തമ്പിദളവയെ കുറിച്ചുള്ള ഓര്‍മ്മകള്‍..
ആ ചരിത്രപ്രകാരം കൊല്ലത്ത് ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച വേലുത്തമ്പി ദളവ, ഓച്ചിറയിലും ഒരു ക്ഷേത്രം പണികഴിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു പോലും. എന്നാല്‍ ദേവ പ്രശ്നത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് ദേവന് ഇഷ്ടമല്ലെന്ന് തെളിഞ്ഞു.അതിനാല്‍ ആല്‍മരത്തറകളില്‍ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായ് സങ്കല്‍പിച്ച്, ഇന്നു കാണുന്ന പ്രധാന ആരാധനാകേന്ദ്രങ്ങളായ ആല്‍ത്തറകള്‍ രണ്ടും അദ്ദേഹം പണികഴിപ്പിച്ചു.
"ഓച്ചിറയില്‍ പരബ്രഹ്മ രൂപമാണ്, വെറും നിരാകാര സങ്കല്പത്തിലുള്ള പരബ്രഹ്മ സ്വരൂപം.ഇവിടെ ബിംബങ്ങളില്ല, തന്ത്രങ്ങളില്ല, വൈദിക ആരാധനാക്രമങ്ങളില്ല. കാല, ദേശ, ഗുണരഹിതമായ പരബ്രഹ്മത്തെ പ്രതിനിധീകരിക്കാന്‍, അരയാല്‍വൃക്ഷം മാത്രമാണുള്ളത്."
ഒരു സ്വാമി ആരോടെന്നില്ലാതെ പറയുന്ന ശബ്ദം.
രവിവര്‍മ്മയെ കണ്ടതോടു കൂടി അയാള്‍ പ്രഭാക്ഷണം നിര്‍ത്തി.
എന്തെല്ലാമോ പുലമ്പിക്കൊണ്ട് ആ സ്വാമി രവിവര്‍മ്മയുടെ അടുത്തേക്ക് വന്നു.ആ വരവും നോട്ടവും കണ്ടിട്ടാകണം വൈഷ്ണവന്‍ അമ്മാവന്‍റെ കൈയ്യില്‍ മുറുകെ പിടിച്ചു.
"ഒടുവില്‍ നീ വന്നു അല്ലേ?" സ്വാമിയുടെ ചോദ്യം.
"നിങ്ങളാരാ?"
"ഞാന്‍ അസുരഗണം, ദേവജന്മം. നീ ദേവഗണം, അസുരജന്മം"
ഇങ്ങനെ പറഞ്ഞ ശേഷം ഒരു ഭ്രാന്തനെ പോലെ ചിരിച്ച് കൊണ്ട് അയാള്‍ ഓണ്ടിക്കാവിലേക്ക് യാത്രയായി.പോകുന്ന വഴി തിരിഞ്ഞ് നിന്ന് അയാള്‍ ഉറക്കെ പറഞ്ഞു:
"ഇത് കാശിയാ, ദക്ഷിണകാശി, പ്രാര്‍ത്ഥിച്ചോ"
അയാളുടെ ഭാവവും പെരുമാറ്റവും കണ്ട് ഭയന്ന് പോയ വൈഷ്ണവന്‍ അമ്മാവനോട് ചേര്‍ന്ന് നിന്നു.
"മോന്‍ പേടിക്കേണ്ടാ, അയാള്‍ക്ക് വട്ടാ"
വൈഷ്ണവനെ ഇങ്ങനെ ആശ്വസിപ്പിച്ചെങ്കിലും, അകാരണമായ ഒരു ഭയം രവിവര്‍മ്മയെയും പിടികൂടി.
വിഷമം പോലെ തന്നെ ഭയവും മനുഷ്യനെ ഈശ്വരസങ്കല്‍പ്പത്തോട് അടുപ്പിക്കാറുണ്ട്.അമ്പലങ്ങളില്‍ തൊഴുത് പരിചയമില്ലെങ്കിലും, ആ പ്രത്യേക സാഹചര്യത്തില്‍ പ്രപഞ്ചശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് രവിവര്‍മ്മ തന്‍റെ പ്രദക്ഷിണം പൂര്‍ത്തിയാക്കി.ഇരുമുടി കെട്ടിനു വേണ്ട സാധനങ്ങള്‍ വാങ്ങി തിരിച്ച് വീട്ടിലേക്ക് പോകാന്‍ തയ്യാറായ രവിവര്‍മ്മയെ നോക്കി അത്ഭുതത്തോടെ ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു..
അത് ഉണ്ണി നമ്പൂതിരിയായിരുന്നു..
ഓച്ചിറ സ്വദേശിയായ ഉണ്ണി നമ്പൂതിരിക്ക് രവിവര്‍മ്മയെ ഒരിക്കല്‍ കണ്ട ഓര്‍മ്മയെ ഉള്ളു.അത് നഗരത്തില്‍ വച്ച് നടന്ന ഒരു മത്സരത്തിനിടയിലായിരുന്നു..
ഈശ്വരവിശ്വാസികളും ശാസ്ത്രവാദികളും തമ്മിലുള്ള ഒരു വാഗ്ദ്വാനത്തിനിടക്ക്..
അന്ന് ഈശ്വര വിശ്വാസത്തിനു വേണ്ടി സംസാരിക്കാന്‍ മുന്നില്‍ നിന്നത് ഉണ്ണി നമ്പൂതിരിയാണെങ്കില്‍ നിരീശ്വരവിശ്വാസം മുന്‍നിര്‍ത്തി ശാസ്ത്രവാദത്തിനു ചുക്കാന്‍ പിടിച്ചത് രവിവര്‍മ്മയായിരുന്നു.
എങ്ങുമെങ്ങും എത്താതെ പോയ ഒരു വാഗ്ദ്വാനം!!
ആ നിരീശ്വരവാദി ഓച്ചിറയില്‍ തൊഴുന്നത് കണ്ടിട്ടാണ് ഉണ്ണി നമ്പൂതിരി അത്ഭുതപ്പെട്ടത്.
"രവിവര്‍മ്മക്ക് എന്നെ ഓര്‍മ്മയുണ്ടോ?"
"ഉണ്ണിയല്ലേ?"
"അതേ, രവിവര്‍മ്മക്കും ഭക്തിയായോ?"
"ഹേയ്, എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ മലക്ക് പോകാന്‍ മാലയിട്ടു, അത്രേയുള്ളു"
ശബരിമലക്കോ??
ഉണ്ണി നമ്പൂതിരിക്ക് അത്ഭുതം.
കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പോയിട്ടുണ്ടങ്കിലും ഉണ്ണി നമ്പൂതിരിക്ക് ഇതേ വരെ ശബരിമലയില്‍ പോകാന്‍ സാധിച്ചിട്ടില്ല.ആഗ്രഹമില്ലാഞ്ഞിട്ടല്ല, അച്ഛന്‍റെയും, മുത്തശ്ചന്‍റെയും എതിര്‍പ്പാണ് തടസ്സം.പരമഭക്തരായ ഉണ്ണിയുടെ വീട്ടുകാര്‍ ശബരിമലയാത്രക്ക് എതിരാണെന്നത് രവിവര്‍മ്മയെ അത്ഭുതപ്പെടുത്തി, അവന്‍ അറിയാതെ ചോദിച്ച് പോയി:
"അതെന്താ?"
"അത്, അയ്യപ്പന്‍ വേറെ ജാതിയിലുള്ള ആളാണത്രേ"
ങ്ങേ!!
അയ്യപ്പനും ജാതിയോ??
രവിവര്‍മ്മ ഞെട്ടിപോയി.
ആ മാനസികാവസ്ഥ മനസിലായതിനാലാവണം, ഉണ്ണി നമ്പൂതിരി ആ കഥ പറഞ്ഞു..
അവരുടെ കുടുംബത്തില്‍ വിശ്വസിച്ച് വരുന്ന കഥ..
ഈഴവനായി കാണപ്പെടുന്ന അയ്യപ്പന്‍റെ കഥ..
ഓച്ചിറയില്‍ വച്ച് ഉണ്ണിനമ്പൂതിരി ഈ കഥ പറയുന്ന സമയത്താണ് ബ്രഹ്മദത്തന്‍ ചന്തയില്‍ നിന്ന് തിരിച്ച് വന്നത്.അതിനു ശേഷം ദേഹശുദ്ധി വരുത്തി അവരെല്ലാം മലക്ക് പോകാന്‍ ഒരുങ്ങി നിന്നു.താനടക്കം എല്ലാവരും തയ്യാറായിട്ടും രവിവര്‍മ്മ തിരിച്ച് വരാഞ്ഞത് അയാളില്‍ പരിഭ്രമം വളര്‍ത്തി.എല്ലാമറിയുന്ന വാമദേവന്‍ നമ്പൂതിരി തന്നെ അവനെ പറഞ്ഞ് വിട്ടതില്‍ ബ്രഹ്മദത്തനു നല്ല അമര്‍ഷം ഉണ്ടായിരുന്നു, അതയാള്‍ മറച്ച് വയ്ക്കാതെ സൂചിപ്പിക്കുകയും ചെയ്തു:
"രവിവര്‍മ്മയെ തനിയെ പറഞ്ഞ് വിടേണ്ടിയിരുന്നില്ല"
അതിനു മറുപടിയായി തിരുമേനി പറഞ്ഞു:
"പേടിക്കേണ്ടാ, നാളെ രാത്രി കഴിയുന്ന വരെ അപകടമൊന്നും ഉണ്ടാകില്ല, അവര്‍ തിരിച്ച് വരും"
തിരുമേനി അത് പറഞ്ഞതും, രവിവര്‍മ്മയുടെ കാര്‍ ഇല്ലത്ത് വന്ന് നിന്നതും ഒരേ സമയമായിരുന്നു.താമസിച്ച കാരണമറിയാന്‍ എല്ലാവരും രവിവര്‍മ്മയുടെ അടുത്തേക്ക് പോയി, ബ്രഹ്മദത്തന്‍ ഒഴികെ.അയാളുടെ മനസില്‍ തൊട്ട് മുമ്പേ തിരുമേനി പറഞ്ഞ വാചകമായിരുന്നു..
'നാളെ രാത്രി കഴിയുന്ന വരെ അപകടമൊന്നും ഉണ്ടാകില്ല'
അപ്പോള്‍ നാളെ രാത്രി കഴിഞ്ഞാല്‍??
ആ ചോദ്യത്തിനു വാമദേവന്‍ നമ്പൂതിരിയുടെ പക്കല്‍ മറുപടി ഉണ്ടായിരുന്നില്ല..