ആറന്‍മുളയിലെ ആ രാത്രി..
രവിവര്‍മ്മ ഞെട്ടിത്തരിച്ചിരിക്കുകയാണ്!!
കാരണം ദേവനാരായണന്‍ ആ സത്യം അവനോട് ബോധിപ്പിച്ചു...
തന്‍റെ മണിക്കൂറുകള്‍ എണ്ണപ്പെട്ടു എന്ന വാര്‍ത്ത അവന്‍റെ മനസില്‍ ഭയത്തിന്‍റെ വിത്തുകള്‍ പാകി തുടങ്ങിയിരിക്കുന്നു.ദേവനാരായണനും, വാമദേവന്‍ നമ്പൂതിരിയും, ബ്രഹ്മദത്തനുമെല്ലാം തന്നെ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന രീതിയിലാണ് ശബരിമലയിലേക്ക് കൊണ്ട് പോകുന്നത് എന്ന അറിവ് അവനു സഹിക്കാവുന്നതിലും ഏറെയായിരുന്നു.
"രക്ഷപെടാന്‍ ഒരു മാര്‍ഗവുമില്ലേ?" അവന്‍റെ ദയനീയമായ ചോദ്യം.
എത്ര വലിയ ശാസ്ത്രവിശ്വാസി ആയാലും മരണത്തെ മുന്നില്‍ കാണാറാവുമ്പോള്‍ അറിയാതെ ചോദിച്ച് പോകും...
എങ്ങനെ രക്ഷപെടാം?
അതിനുത്തരമായി വാമദേവന്‍ നമ്പൂതിരി പറഞ്ഞു:
"രണ്ട് വഴികളുണ്ട്, അതിലൊന്നാണ് മൃത്യുജ്ഞയഹോമം"
മൃത്യുജ്ഞയഹോമോ??
അതേ, മൃത്യുജ്ഞയഹോമം തന്നെ!!
അദ്ദേഹം അത് വിശദീകരിച്ചു..
മൃത്യുജ്ഞയ ഹോമം മഹാദവനു മുന്നിലാണ് നടത്തുന്നത്, കാരണം മൃത്യുജ്ഞയന്‍ മഹാദേവനാണ്.മരണത്തില്‍ നിന്ന് വരെ രക്ഷിക്കാന്‍ കഴിവുള്ളവന്‍, രക്ഷിച്ച ചരിത്രവുമുണ്ട്..
"മരണത്തില്‍ നിന്ന് രക്ഷിച്ചെന്നോ? ആരെ? എന്ന്?"
രവിവര്‍മ്മയുടെ ചോദ്യങ്ങളില്‍ വളരെ വളരെ പ്രതീക്ഷ.
"അതേ, മരണത്തില്‍ നിന്ന് രക്ഷിച്ചു, മാര്‍ക്കണ്ഡേയനെ"
"മാര്‍ക്കണ്ഡേയനോ? അതാരാ?"
"അതൊരു മുനികുമാരനായിരുന്നു, പതിനാറ് വയസ്സുള്ള ഒരു ബാലന്‍"
അനന്തരം രവിവര്‍മ്മയെ ബോധിപ്പിക്കുന്നതിനായി തിരുമേനി ആ കഥ പറഞ്ഞു..
മാര്‍ക്കണ്ഡേയന്‍റെ കഥ..
അത് ഇപ്രകാരമായിരുന്നു..
മൃകണ്ഡുമുനി തപസിലാണ്..
മഹാദേവന്‍ പ്രത്യക്ഷപ്പെടണം, ആഗ്രഹങ്ങള്‍ സാധിച്ച് തരണം...
അതി കഠിനമായ തപസ്സ്!!
ഒടുവില്‍ ഭഗവാന്‍ പ്രത്യക്ഷനായി, എന്നിട്ട് ആഗ്രഹം ആരാഞ്ഞു.
"എനിക്ക് ഒരു പുത്രനെ വേണം" മുനിയുടെ മറുപടി.
അതേ, അതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം!!
വര്‍ഷങ്ങളായി സന്താനസൌഭാഗ്യം ലഭിക്കാത്ത വിഷമമാണ് ആ കഠിന തപസ്സിനു കാരണമായത്.ആഗ്രഹം അറിഞ്ഞപ്പോള്‍ പരമേശ്വരന്‍ തിരികെ ചോദിച്ചു:
"പതിനാറ് വയസ്സുള്ള ജ്ഞാനിയായ ഒരു ഉത്തമ പുത്രനെ വേണോ, അതോ ദീര്‍ഘായുസ്സുള്ള ഒരു മഠയനെ വേണോ?"
"ഉത്തമപുത്രനെ മതി"
മുനിക്ക് രണ്ടാമത് ചിന്തിക്കേണ്ടിയിരുന്നില്ല.
അങ്ങനെ മുനിക്ക് പുത്രന്‍ ജനിച്ചു..
അവനാണ് മാര്‍ക്കണ്ഡേയന്‍..
പതിനാറ് വയസ്സ് മാത്രം ജീവിതം പറഞ്ഞിട്ടുള്ള ഉത്തമപുത്രന്‍!!
ഗുരുകുല വിദ്യാഭ്യാസ സമയം..
മാര്‍ക്കണ്ഡേയന്‍ പഠിച്ചു, മറ്റ് കുട്ടികളെക്കാള്‍ അറിവ് കൂടുതല്‍ സമ്പാദിച്ചു, മഹാദേവന്‍റെ വാക്കുകള്‍ പോലെ അവന്‍ ജ്ഞാനിയായി മാറി.ഗുരുക്കന്‍മാര്‍ക്കും ലോകത്തിനും അവനെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളു.പക്ഷേ മാതാപിതാക്കളുടെ മനസ്സില്‍ ദുഃഖം മാത്രം ബാക്കിയായി..
എത്ര ബുദ്ധിമാനായിട്ട് എന്ത് കാര്യം??
പതിനാറ് വയസ്സ് വരയെല്ലേ ആയുസ്സുള്ളു!!
ആ ചിന്ത, വൃദ്ധ ദമ്പതികളെ ദുഃഖസാഗരത്തിലേക്ക് തള്ളിയിട്ടു.
"മാതാശ്രീ, എന്താണ് ഈ ദുഃഖത്തിനു ഹേതു?"
അമ്മയുടെ ദുഃഖം മനസിലാക്കിയ മാര്‍ക്കണ്ഡേയന്‍റെ ചോദ്യം.
ആ മാതാവിനു മറുപടിയില്ല.
"പിതാശ്രീ, താങ്കളെങ്കിലും വിശദീകരിക്കു.സ്ഥായിയായ വിഷമത്തിനു എന്താണ് കാരണം?"
ഇപ്പോള്‍ ചോദ്യം പിതാവിനോടാണ്, അതിനു മറുപടിയായി അദ്ദേഹം ആ കാരണം വിവരിച്ചു..
ആ ദമ്പതികളുടെ ദുഃഖത്തിന്‍റെ കാരണം!!
പതിനാറാം വയസ്സില്‍ തന്‍റെ ജീവന്‍ ഒടുങ്ങുമെന്ന് മനസിലാക്കിയ മാര്‍ക്കണ്ഡേയന്‍, മഹാദേവനെ തന്നെ ശരണം പ്രാപിക്കാന്‍ തീരുമാനിച്ചു.ശിവലിംഗത്തെ പൂജിച്ച് അദ്ദേഹം കാലം കഴിച്ച് കൂട്ടി.
ഒടുവില്‍ ആ സമയം ആഗതമായി..
മാര്‍ക്കണ്ഡേയന്‍റെ മരണസമയം!!
കാലദൂതന്‍മാര്‍ രംഗത്തെത്തി, അവര്‍ മാര്‍ക്കണ്ഡേയ സമീപമെത്തി..
എന്ത് ഫലം??
സാക്ഷാല്‍ മഹാദേവനെ പൂജിച്ചിരിക്കുന്ന മാര്‍ക്കണ്ഡേയനെ അവര്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും??
അവരുടെ തോല്‍വി സാക്ഷാല്‍ യമദേവന്‍റെ രംഗപ്രവേശനത്തിനു കാരണമായി.ആ വിവരമറിഞ്ഞ മാര്‍ക്കണ്ഡേയന്‍ ശിവലിംഗത്തെ ആലിംഗനം ചെയ്തു കിടന്നു.
യമദേവന്‍ സത്യസന്ധനാണ്, ധര്‍മ്മനിഷ്ഠയുള്ളവനാണ്..
മാര്‍ക്കണ്ഡേയന്‍റെ മരണം എഴുതപ്പെട്ടതാണ്, അത് മാറ്റാനാകില്ല!!
അതിനാല്‍ തന്നെ മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം മാര്‍ക്കണ്ഡേയന്‍റെ നേര്‍ക്ക് കാലപാശം ഏറിഞ്ഞു.
"അയ്യോ, എന്നിട്ട്?" വൈഷ്ണവന്‍റെ ഭയന്ന ശബ്ദം.
"പേടിക്കേണ്ടാ മോനെ, മാര്‍ക്കണ്ഡേയന്‍ രക്ഷപെട്ടു"
എങ്ങനെ??
മാര്‍ക്കണ്ഡേയനെ ലക്ഷ്‌യമാക്കി എറിഞ്ഞ കാലപാശം വീണത് ശിവലിംഗത്തെയും ചുറ്റിയായിരുന്നു.തനിക്ക് നേരെയും കാലപാശം വീണു എന്ന് മനസിലാക്കിയ മഹാദേവന്‍, ശിവലിംഗത്തില്‍ നിന്ന് പുറത്ത് വരികയും, കാലനെ വധിക്കുകയും ചെയ്തു.
"അപ്പോ, ഇപ്പോള്‍ യമദേവനില്ലേ?" രവിവര്‍മ്മക്ക് അതറിഞ്ഞാല്‍ മതി.
"ഉണ്ട് സ്വാമി, യമദേവന്‍ ഇപ്പോഴുമുണ്ട്"
അതെങ്ങനെ??
കാലന്‍ വധിക്കപ്പെട്ടതോടെ ദേവന്‍മാര്‍ അവിടെ പ്രത്യക്ഷമാകുകയും, യമദേവനെ പുനര്‍ജീവിപ്പിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.അതിന്‍ പ്രകാരം മഹാദേവന്‍ യമദേവനെ പുനര്‍ജ്ജീവിപ്പിക്കുകയും, മാര്‍ക്കണ്ഡേയനു എന്നും പതിനാറ് വയസ്സോട് ജീവിക്കാന്‍ അനുഗ്രഹിക്കുകയും ചെയ്തു.
ഇത്രയും വിശദീകരിച്ചിട്ട് തിരുമേനി രവിവര്‍മ്മയോട് പറഞ്ഞു:
"കാലകാലനായ, മൃത്യുജ്ഞനായ, കാശിനാഥനായ, ശിവഭഗവാനു നിന്നെ രക്ഷിക്കാന്‍ കഴിയും"
അത് കേട്ടതും ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിനു മുന്നില്‍ വച്ച് ഭ്രാന്തനെന്നു കരുതിയ സ്വാമിയുടെ വാക്കുകള്‍ രവിവര്‍മ്മയുടെ മനസിലേക്ക് ഓടിയെത്തി....
"ഇത് കാശിയാ, ദക്ഷിണകാശി, പ്രാര്‍ത്ഥിച്ചോ"
വാമദേവന്‍ നമ്പൂതിരി കഥ പറയുന്ന സമയത്ത് ദേവനാരായണന്‍ ധ്യാനത്തിലായിരുന്നു..
രവിവര്‍മ്മയെ രക്ഷിക്കാനുള്ള വഴി തേടിയുള്ള ധ്യാനത്തില്‍..
പെട്ടന്ന് അദ്ദേഹം കണ്ണ് തുറന്നു, എന്നിട്ട് പറഞ്ഞു:
"ശാപം ബാധിച്ചു, മഹാശാപം ബാധിച്ചു"
"ആരെ?" വാമദേവന്‍ നമ്പൂതിരിയുടെ ചോദ്യം.
"താങ്കളുടെ കര്‍മ്മത്തെ"
അത് കേട്ട് അമ്പരന്ന് പോയ തിരുമേനിയോട് ദേവനാരായണന്‍ ആ ശാപത്തെ കുറിച്ച് പറഞ്ഞു...
സാക്ഷാല്‍ കാശിനാഥനായ മഹാദേവന്‍റെ ശാപത്തെ കുറിച്ച്..