ഇത് വിന്ധ്യാപര്‍വ്വതം..
ഈ കഥ നടക്കുന്നത് ഈ പര്‍വ്വതത്തിന്‍റെ താഴ്‌വരയിലാണ്.കാലഘട്ടം വളരെ പഴക്കമേറിയതുമാണ്.പഴക്കമേറിയത് എന്ന് പറയുമ്പോള്‍ സാക്ഷാല്‍ അയ്യപ്പഭഗവാന്‍റെ ജനനത്തിനുമൊക്കെ ഏറെ മുമ്പേ..
ഈശ്വരസാമിപ്യം ആഗ്രഹിക്കുന്ന മുനിമാരുടെ ധ്യാന സങ്കേതമായിരുന്നു ഈ വിന്ധ്യാപര്‍വ്വത താഴ്‌വര.പര്‍ണ്ണശാല തീര്‍ത്ത് ഹോമങ്ങളും യാഗങ്ങളുമായി, ഈശ്വര വിശ്വാസത്തോടെ ധ്യാനിച്ചിരിക്കുന്ന മുനിമാരില്‍ പ്രധാനി ആയിരുന്നു ഗാലവന്‍.അദ്ദേഹത്തിന്‍റെ പര്‍ണ്ണശാലയുടെ മനോഹാരിതക്ക് കാരണം, മുനിയുടെ പ്രിയ പുത്രിയായിരുന്നു..
ആ പുത്രിയുടെ പേരാണ് ലീല..
അതിസുന്ദരിയും യൌവനയുക്തയുമായ മുനികുമാരി!!
ഗാലവമുനിയുടെ ധ്യാനവും, അറിവും അദ്ദേഹത്തിനു നിരവധി ശിഷ്യന്‍മാരെ നേടികൊടുത്തു.മുനിയോടോത്ത് ലൌകിക സുഖങ്ങള്‍ മറന്ന് അവരും ധ്യാനത്തിലേര്‍പ്പെട്ടു.ആ ശിഷ്യന്‍മാരില്‍ പ്രധാനി ആയിരുന്നു ദത്തന്‍..
സുന്ദരനായ ആ മുനികുമാരനോട് ലീലക്ക് പ്രേമം തോന്നിയത് സ്വാഭാവികം.തന്‍റെ ഇഷ്ടം അദ്ദേഹത്തെ അറിയിക്കാന്‍ അവള്‍ പലവഴിയിലും ശ്രമിച്ചു.
എന്ത് ഫലം??
മുനികുമാരന്‍ ഒറ്റക്കാലില്‍ തപസ്സ് തന്നെ!!
ഒടുവില്‍ നേരിട്ട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ ലീല തയ്യാറായി.അങ്ങനെ ധ്യാനനിമഗ്നനായിരുന്ന മുനികുമാരനോട് ലീല ചോദിച്ചു:
"എന്നെ പട്ടമഹഷി ആക്കാമോ?"
പട്ടമഹഷി എന്നാല്‍ ഭാര്യ എന്ന് അര്‍ത്ഥം.പക്ഷേ ലൌകികജീവിതത്തില്‍ ആകൃഷ്ടനല്ലാത്ത ദത്തന് ഇത് കേട്ട് കോപമാണ് വന്നത്, അവന്‍ അവളെ ശപിച്ചു:
"നീ ഒരു മഹിഷി ആയി പോകട്ടെ"
മഹഷി എന്നതിനു പകരം മഹിഷി അഥവാ എരുമ ആയി പോകട്ടെ എന്ന ആ ശാപം ഫലിച്ചു.അങ്ങനെ ലീല, കരംഭന്‍ എന്ന അസുരന്‍റെ മകളായി മഹിഷീമുഖത്തോട് ഭൂമിയില്‍ വന്ന് ജനിച്ചു, അവളായിരുന്നു പില്‍ക്കാലത്ത് അയ്യപ്പനാല്‍ വധിക്കപ്പെട്ട മഹിഷി.
"നല്ല കഥ, ഇതിനു ഞാന്‍ എന്തോ വേണം?" രവിവര്‍മ്മയുടെ ചോദ്യം.
പുച്ഛത്തോടുള്ള അനുജന്‍റെ പെരുമാറ്റം കണ്ട് രാധിക ഞെട്ടി, അവള്‍ വെപ്രാളത്തില്‍ പറഞ്ഞു:
"രവി, മിണ്ടാതിരി"
"അല്ല ചേച്ചി, ധ്യാനിച്ചിരിക്കേണ്ട മുനിക്ക് ഒരു മുനികുമാരി ഉണ്ടായതിനു ഞാന്‍ എന്ത് ചെയ്യാന്‍? പോട്ടെ, അവള് മുനികുമാരനെ പ്രേമിച്ചതിനു എനിക്ക് എന്ത് ചെയ്യാന്‍ പറ്റും? ഒടുവില്‍ അവന്‍ അവളെ ശപിച്ച് പോലും..."
ഒരു നിമിഷം നിര്‍ത്തിയട്ട് അവന്‍ തിരുമേനിയോട് ചോദിച്ചു:
"ഇതും എന്‍റെ ജീവിതവുമായി എന്ത് ബന്ധം?"
രവിവര്‍മ്മയുടെ ആ ചോദ്യത്തെ ഒരു പുഞ്ചിരി കൊണ്ട് നേരിട്ട് വാമദേവന്‍ തിരുമേനി പറഞ്ഞു:
"ഉത്രം നക്ഷത്രത്തില്‍ ജനനം, മണികണ്ഠന്‍ എന്ന് വിളിപ്പേര്, ഉണ്ണിയെ സംബന്ധിച്ച് അയ്യപ്പസ്വാമി വിളിപ്പുറത്താണ്.എന്നാല്‍ ധര്‍മ്മശാസ്താവിനെ ഈശ്വരസങ്കല്‍പ്പത്തിലും അയ്യപ്പനെ മനുഷ്യസങ്കല്‍പ്പത്തിലും കാണുന്ന കാരണം ഉണ്ണിക്ക് അദ്ദേഹത്തോട് അടുക്കാന്‍ കഴിയുന്നില്ല, ഇത് ഒരു ഭാഗം.."
ഒരു നിമിഷം നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു:
"ലീലയെ ദത്തന്‍ ശപിച്ച നിമിഷം, സ്നേഹം നിരസിച്ച പുരുഷനോട് ഏതൊരു സ്ത്രീക്കും ഉണ്ടാകുന്ന പോലെ ഒരു നീരസം അവളിലുമുണ്ടായി.ഈശ്വരവിശ്വാസത്തില്‍ കഴിയുന്ന ദത്തനു അത് ഏറ്റില്ല, എന്നാല്‍ അതേ യോഗമുള്ളതും ഈശ്വരവിശ്വാസം കുറഞ്ഞതുമായ ഒരു ഗ്രഹനിലയാണ് ഉണ്ണിയുടെത്.യുഗങ്ങളായി സഞ്ചരിക്കുന്ന ലീലയുടെ വെറുപ്പ്, ഇന്നൊരു ശാപമായി ഉണ്ണിയില്‍ പതിച്ചിരിക്കുന്നു"
എന്ത്???
രവിവര്‍മ്മയുടെ കണ്ണ് തള്ളി!!
എന്നാല്‍ കാര്യങ്ങളുടെ കിടപ്പ് വശം ഏകദേശം ഗ്രഹിച്ച ബ്രഹ്മദത്തന്‍റെ അമ്മ, ഗായത്രി തമ്പുരാട്ടി ചോദിച്ചു:
"രവിക്കുഞ്ഞിനെ രണ്ട് കാര്യം ബാധിച്ചെന്നാണല്ലോ പറഞ്ഞത്, എന്താണ് രണ്ടാമത്തെതിനു കാരണം?"
ഇപ്പോള്‍ തിരുമേനിയുടെ മുഖത്ത് ചിരിയില്ല, അദ്ദേഹം പറഞ്ഞു:
"രണ്ടാമത്തെ ശാപത്തിനു കാരണവും ഒരു ദത്തനാ, ബ്രഹ്മദത്തന്‍"
"അയ്യോ, ഞാനോ?" ബ്രഹ്മദത്തനു അമ്പരപ്പ്.
അതേ, ബ്രഹ്മദത്തന്‍ തന്നെ..