ബ്രഹ്മദത്തനും വാമദേവന്‍ നമ്പൂതിരിയും തമ്മില്‍ നടന്ന സംഭാഷണങ്ങള്‍ ആരും ശ്രദ്ധിച്ചിരുന്നില്ല.എല്ലാവരുടെയും മനസ്സ് ദേവദത്തന്‍റെ വിശദീകരണത്തിലായിരുന്നു.അയ്യപ്പന്‍ വിളക്കിനെ കുറിച്ച് അത് വരെ കേള്‍ക്കാത്ത കഥകള്‍ കേട്ട് അത്ഭുതപ്പെട്ട് നിന്ന രവിവര്‍മ്മ ആകാംക്ഷയോട് ചോദിച്ചു:
"അപ്പോള്‍ അയ്യപ്പന്‍ പാട്ട് എന്നാലെന്താ?"
ആ ചോദ്യത്തിനു മറുപടിയായി, അയ്യപ്പന്‍ പാട്ടിനെ കുറിച്ചും, അതിന്‍റെ മഹത്വത്തെ കുറിച്ചും ദേവദത്തന്‍ വിശദീകരിച്ചു..
അയ്യപ്പന്‍ വിളക്ക് കത്തിച്ച് പൂജ തുടങ്ങിയതിനു ശേഷമാണ് അയ്യപ്പന്‍ പാട്ട്!!
ശബരിമല തീര്‍ത്ഥാടനത്തിനു വ്രതം അനുഷ്ഠിക്കുന്ന സ്വാമിമാരുടെ ഭവനത്തിലോ, അതേ പോലെ ക്ഷേത്രസന്നിധിയിലോ ആണ് അയ്യപ്പന്‍ പാട്ട് നടത്തുന്നത്.ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് പാട്ട് നടത്തുന്നത്.പന്തലിട്ട് അലങ്കരിച്ചിടത്ത്, അയ്യപ്പന്‍, ഗണപതി, സുബ്രഹ്മണ്യന്‍, മാളികപ്പുറത്തമ്മ, വാവര്‍ എന്നീ ദേവതമാരെ സങ്കല്‌പിച്ചു പീഠമിട്ട് പൂജ നടത്തിയശേഷമാണ് പാട്ട് ആരംഭിക്കുക.അയ്യപ്പന്‍റെ കഥയാണ് ഇതില്‍ പ്രതിപാദിക്കുന്നത്, ഇതിനെ ശാസ്താംപാട്ടെന്നും ഉടുക്ക് പാട്ടെന്നും അറിയപ്പെടുന്നു.
"ഉടുക്കു പാട്ടോ അതെന്താ?" രാധികയുടെ സംശയം.
"ഉടുക്ക് പ്രമാണിവാദ്യം ആയി ഉപയോഗിക്കുന്നു എന്നേ ഉള്ളു"
ഉടുക്ക് കൊട്ടിപാട്ട് എന്ന് കേട്ടിട്ടുള്ളതിനാല്‍ രാധികക്ക് വേഗത്തില്‍ അതിന്‍റെ അര്‍ത്ഥം മനസിലായി.എന്നാല്‍ രവിവര്‍മ്മക്ക് സംശയങ്ങള്‍ തുടങ്ങുകയായിരുന്നു:
"അയ്യപ്പന്‍പാട്ടിനു ശാസ്ത്രിയമായ വശങ്ങളുണ്ടോ?"
ഈശ്വരാ, ദേ പിന്നെയും ശാസ്ത്രം!!
രാധികക്ക് ഇങ്ങനെയാണ് തോന്നിയത്.
എന്നാല്‍ ദേവദത്തന്‍ പുഞ്ചിരിച്ച് കൊണ്ട് അതിനു മറുപടി നല്‍കി..
ശാസ്താംപാട്ടിനു ഏഴ് ഭാഗങ്ങളാണുള്ളത്...
പാണ്ടിശ്ശേവം, പുലിശ്ശേവം, ഈഴശ്ശേവം, ഇളവശ്ശേവം, വെളിശ്ശേവം, പന്തളശ്ലേവം, വേളാര്‍ശ്ലേവം എന്നിവയാണവ.നാട്ടില്‍പുറങ്ങളില്‍ ഇവ `സേവാംപാട്ടുകള്‍' എന്ന പേരിലറിയപ്പെടുന്നു.
"സേവാം പാട്ടോ?" രവിവര്‍മ്മ അത് ആദ്യമായി കേള്‍ക്കുകയായിരുന്നു.
"അതേ, സേവാപാട്ട്.പാലാഴിമഥനം, സൂര്‍പ്പം എന്നിവയെല്ലാം സേവാംപാട്ടില്‍ വരുന്നുണ്ട്"
ഇങ്ങനെ മറുപടി നല്‍കിയ ശേഷം ഒരോന്നിന്‍റെയും പ്രത്യേകത പറയാനും ദേവദത്തന്‍ മറന്നില്ല..
പാലാഴിമഥനമാണ് പ്രധാന സേവംപാട്ട്. പതിനെട്ട് പാട്ടുകളാണ് ഇതിനുള്ളത്.പാലാഴിമഥനമാണ് അവതരിപ്പിക്കന്നതെങ്കില്‍ അഞ്ചുമണിക്കൂറിലേറെസമയം നീണ്ടുനില്‌ക്കും.എന്നാല്‍ സൂര്‍പം കഥയില്‍ പാട്ടുകളുടെ എണ്ണം ഒമ്പതാണ്.
"അയ്യോ, അപ്പോ അയ്യപ്പന്‍പാട്ടിന്‍റെ മൊത്തം ചടങ്ങുകള്‍ എത്ര നീണ്ടു നില്‍ക്കും"
"അതോ, അത് ഒരു പകലും രാവും വരെ നീണ്ട് നില്‍ക്കും"
അദ്ദേഹം വിശദീകരണം തുടര്‍ന്നു..
ഇഷ്‌ടദേവതകളെ സ്‌തുതിച്ചു പാടിയശേഷം പാലാഴിമഥനം, ശാസ്‌താവിന്‍റെ ജനനം, ശൂര്‍പകന്‍റെ തപസ്സ്, ശൂര്‍പകാസുരവധം, ശൂരപത്മാസുരകഥ, മഹിഷീമര്‍ദനം, പന്തളശ്ശേവുകം, പാണ്ടിശ്ശേവുകം തുടങ്ങിയ കഥാഭാഗങ്ങള്‍ ആഖ്യാനം ചെയ്യുന്ന പാട്ടുകള്‍ എന്നിവയെല്ലാം സന്ദര്‍ഭാനുഗുണം പാടുക പതിവാണ്.
"എന്താണിതിന്‍റെ മറ്റ് ചടങ്ങുകള്‍?" രവിവര്‍മ്മക്ക് ജിഞാസ അടക്കാന്‍ കഴിയുന്നില്ല.
ഈ ചോദ്യത്തിനും ദേവദത്തനു വ്യക്തമായ മറുപടിയുണ്ടായിരുന്നു..
ആറുപേരുടെ സംഘമാണ് അയ്യപ്പന്‍പാട്ട് നയിക്കുക. സംഘത്തലവന്‍ പാട്ടിന് തുടക്കമിടും. പിന്നീട് ഓരോരുത്തരായി പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്യും. ഇങ്ങനെ പാടി അവസാനിപ്പിച്ചതിനു ശേഷമാണ് താലം എഴുന്നെള്ളിപ്പ്..
"താലം എഴുന്നെള്ളിപ്പോ, അതെന്താ?" രാധികയുടെ ചോദ്യം.
അതോ, അത് അടുത്തുള്ള ക്ഷേത്രത്തില്‍ നിന്ന് ഭഗവതിയെ എഴുന്നെള്ളിക്കുന്ന ചടങ്ങാണ്.ഇവിടെ ഭഗവതിയായി കരുതുന്നത് മാളികപ്പുറത്തമ്മയേ ആണത്രേ.ഈ ഭഗവതിയെ കുടിയിരുത്തിയതിനുശേഷം പൂജയും നെയ്യ് നിലയ്‌ക്കലും നടത്തും.തുടര്‍ന്ന് പൊന്തിയും പരിചയും നടത്തി അയ്യപ്പന്‍ വിളക്കിന്‍റെയും പാട്ടിന്‍റെയും അവസാന ചടങ്ങുകളിലേക്ക് എത്തും.
"പൊന്തിയോ??" മുസ്തഫ അങ്ങനൊരു വാക്ക് ആദ്യമായി കേള്‍ക്കുകയാ.
"പൊന്തിയെന്നാല്‍ മുട്ടി"
ഇങ്ങനെ മറുപടി പറഞ്ഞ ശേഷം ദേവദത്തന്‍ അതു വിശദീകരിച്ചു..
അയ്യപ്പനും വാവരും തമ്മിലുള യുദ്ധത്തെയാണ് ഇതനുസ്‌മരിപ്പിക്കുന്നത്. പ്രത്യേകം വെളിച്ചപ്പാടന്മാര്‍ ഇരുവര്‍ക്കും വേണ്ടി രംഗത്തുവരും. അരമണിയും ചുരികയും ചിലമ്പുമണിഞ്ഞ് അയ്യപ്പനും, ലുങ്കിലും ബെല്‍റ്റും പച്ചത്തൊപ്പിയുമണിഞ്ഞ് വാവരും വരും.തുടര്‍ന്ന് യുദ്ധവും അതിനുശേഷമുള്ള സന്ധിചെയ്യലോടുംകൂടി `പൊന്തിം പരിചയും' സമാപിക്കുന്നു.പൂജകഴിഞ്ഞ് മംഗളം പാടിയാണ് അയ്യപ്പന്‍പാട്ട് അവസാനിക്കുന്നത്.
ഇങ്ങനെ വിശദീകരണം അവസാനിപ്പിച്ചിട്ട് അദ്ദേഹം രവിവര്‍മ്മയോട് പറഞ്ഞു:
"ചില പ്രദേശങ്ങളിലെ അയ്യപ്പന്‍ പാട്ടില്‍ ഒരു വ്യത്യസ്ത കഥയാണ്, അതിനു സ്വാമി അന്ന് പറഞ്ഞ കഥയുമായി നല്ല സാമ്യമുണ്ട്"
എങ്ങനെ??
എല്ലാവര്‍ക്കും ആകാംക്ഷ.
അതിനു മറുപടിയായി ദേവദത്തന്‍ ആ കഥ പറഞ്ഞു..
ചിലയിടങ്ങളില്‍ അവതരിപ്പിക്കുന്ന അയ്യപ്പന്‍പാട്ടിലെ വ്യത്യസ്തമായ കഥ..