മുക്കുഴിയിലേക്കുള്ള യാത്ര..
"തമ്പുരാനെന്നാ സ്വാമി മലക്ക് വരുന്നത്?"
ഈ ചോദ്യം വാമദേവന്‍ നമ്പൂതിരിയുടെ വകയായിരുന്നു.
മൂന്നാം നാള്‍ ഇളയതമ്പുരാനും പരിവാരങ്ങളും പമ്പയിലെ രാജമണ്ഡപത്തില്‍ വിശ്രമിക്കും എന്ന് സൂചിപ്പിച്ച ശേഷമായിരുന്നു, തിരുവാഭരണം ശ്രീകോവിലിലേക്ക് കൊണ്ട് വരുന്നതിനെ കുറിച്ച് ദേവനാരായണന്‍ വിശദീകരിച്ചത്.
നാലാം നാള്‍ തമ്പുരാന്‍ എവിടെയാണ്??
ശേഷം ചടങ്ങുകളില്‍ തമ്പുരാന്‍റെ സ്ഥാനമെന്താണ്??
ഇതെല്ലാം അറിയാനുള്ള ആഗ്രഹത്തിലാണ് തിരുമേനി ആ ചോദ്യം ചോദിച്ചത്..
തമ്പുരാനെന്നാ മലക്ക് വരുന്നത്??
അതിനു മറുപടിയായി ദേവനാരായണന്‍ പറഞ്ഞു:
"നാലാം നാളും തമ്പുരാന്‍ പമ്പയില്‍ തന്നെ താമസിക്കും, അഞ്ചാം നാള്‍ മുതലാണ് അദ്ദേഹം ശേഷം ചടങ്ങുകളില്‍ സംബന്ധിക്കുക"
തുടര്‍ന്ന് അദ്ദേഹം അഞ്ചാം നാള്‍ മുതലുള്ള ചടങ്ങുകള്‍ വിവരിച്ചു..
അഞ്ചാം നാള്‍..
മകരമാസം മൂന്നാം തീയതി..
അന്ന് ഉച്ചപൂജക്ക് ശേഷം ശബരിമല നട അടക്കുകയും, പതിനെട്ടാം പടിയും പ്രദക്ഷിണ മുറ്റവും കഴുകി വൃത്തിയാക്കുകയും ചെയ്യുന്നു.ഉച്ചക്ക് ഒന്നെരയോടെ പമ്പയില്‍ നിന്ന് തമ്പുരാന്‍ സന്നിധാനത്തേക്ക് തിരിക്കും.ആ സംഘം നാലുമണിയോടെ ശരംകുത്തിയില്‍ എത്തുകയും, ആന, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ ദേവസ്വം ബോര്‍ഡിലെ അധികാരികള്‍ തമ്പുരാനെ സ്വീകരിക്കുകയും ചെയ്യുന്നു.തമ്പുരാന്‍ നടന്നാണ് യാത്ര ചെയ്യുന്നതെങ്കിലും, ആനപ്പുറത്ത് ആണ് അദ്ദേഹം വരുന്നത് എന്ന സങ്കല്‍പ്പത്തില്‍ ആനയുടെ പുറത്ത് ഒരു വെള്ളവസ്ത്രവും വിരിച്ചിരിക്കും.
തിരുവാഭരണ പേടകത്തിലെ ചെറിയ ചുരിക ദേവസ്വം പ്രതിനിധിയില്‍ നിന്ന് സ്വീകരിച്ച് കൊണ്ട്, അംഗവസ്ത്രവും മുണ്ടും പകരം സമ്മാനമായി തമ്പുരാന്‍ നല്‍കും.
തുടര്‍ന്ന് സന്നിധാനത്തിലേക്ക് യാത്ര ആരംഭിക്കും...
മുന്നില്‍ ചങ്ങലവിളക്ക്, അതിനു പിന്നില്‍ ഉടവാളും പരിചയുമായി കുറുപ്പ്, അതിനു പിന്നിലായി വലത്തെ കൈയ്യില്‍ ചുരിക പിടിച്ച് കൊണ്ട് തമ്പുരാന്‍, പുറകിനു പരിവാരങ്ങളും..
അവരുടെ ലക്ഷ്‌യം പതിനെട്ടാം പടിയാണ്.
പതിനെട്ടാം പടിയിലെത്തുന്ന തമ്പുരാനെ കിണ്ടിയില്‍ വെള്ളവും, നാളികേരവുമായി മേല്‍ശാന്തി സ്വീകരിക്കും.ആ നാളികേരം തമ്പുരാന്‍ പതിനെട്ടാം പടിയില്‍ ഉടക്കുകയും, പിന്നീട് കുറുപ്പിനു പിന്നാലെ ചുരികയുമേന്തി പതിനെട്ടാം പടികയറി ഇടതുവശത്തു കൂടി നടന്ന് ശ്രീകോവിലിന്‍റെ സമീപമെത്തുകയും ചെയ്യുന്നു.എന്നിട്ട് അദ്ദേഹം തന്‍റെ കൈയ്യിലുള്ള ചെറിയ ചുരിക പടിയില്‍ വക്കുകയും, മേല്‍ശാന്തി അതെടുത്ത് ഭഗവാന്‍റെ വലതുഭാഗത്ത് സ്ഥാപിക്കുകയും ചെയ്യും..
അങ്ങനെ ഭഗവാന്‍ തിരുവാഭരണം പൂര്‍ണ്ണമായി അണിയും!!
തുടര്‍ന്ന് ഭഗവാനെയും, ഗണപതിയെയും, മറ്റ് ഉപദേവതമാരെയും കര്‍പ്പൂരാരാധന നടത്തി വന്ദിച്ച ശേഷം പ്രദക്ഷിണമായി വടക്കേ നടയിറങ്ങി പല്ലക്കില്‍ തമ്പുരാന്‍ മാളികപ്പുറത്തേക്ക് യാത്രയാവുന്നു.അവിടെയത്തി കര്‍പ്പൂരാരാധന തൊഴുത ശേഷം അവിടെയുള്ള രാജമണ്ഡപത്തില്‍ താമസിക്കുന്നു.മകരം ആറ് വരെ തമ്പുരാനും പരിവാരങ്ങളും ഇവിടെ താമസിക്കുകയും, രാവിലെയും ഉച്ചക്കും, വൈകിട്ടുമുള്ള പൂജാസമയങ്ങളില്‍ ദര്‍ശനം നടത്തുകയും ചെയ്യുന്നു.
ദേവനാരായണന്‍റെ വിശദീകരണം ഇത്രയും ആയപ്പോഴേക്കും സംഘം മുക്കുഴിയില്‍ എത്തിയിരുന്നു..
അന്നേ ദിവസം രാത്രി അവിടെ കഴിയാനാണ് തീരുമാനം.
വിരിവക്കാനുള്ള സ്ഥലത്ത് വച്ച് ആഹാരം ഒരുക്കി കഴിച്ച ശേഷം ഏഴാം ദിവസം മുതലുള്ള ചടങ്ങുകള്‍ അറിയുന്നതിനു എല്ലാവരും ദേവനാരായണന്‍റെ അടുത്തെത്തി.
അദ്ദേഹം വിവരണം തുടര്‍ന്നു..
ഏഴാം നാള്‍..
മകരമാസം അഞ്ചാം തീയതി..
അന്ന് പതിനൊന്ന് മണിയോടെ ക്ഷേത്രത്തില്‍ നെയ്യഭിക്ഷേകം അവസാനിക്കും.പന്ത്രണ്ട് മണിയോടെ തമ്പുരാനും കൂട്ടരും ക്ഷേത്രത്തിലെത്തി സോപാനത്തിന്‍റെ തെക്ക് ഭാഗത്ത് നില്‍ക്കും.
തുടര്‍ന്ന് കളകാഭിക്ഷേകവും നിവേദ്യപൂജയും..
ഇനി നട അടക്കുന്ന വരെ നെയ്യഭിക്ഷേകമില്ല!!
കളകാഭിക്ഷേകത്തിനു ശേഷം തന്ത്രിയില്‍ നിന്ന് പ്രസാദം വാങ്ങി തമ്പുരാന്‍ വലിയമ്പലത്തിന്‍റെ തെക്കുഭാഗത്ത് ഇരിക്കും.ഇവിടെ വച്ചാണ് തന്ത്രിക്കും, മേല്‍ശാന്തിക്കും, പാണി, ശംഖ്, വാദ്യം തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്കും തമ്പുരാന്‍ ദക്ഷിണ നല്‍കുന്നത്.അതിനു ശേഷം മേല്‍ശാന്തിയേയും, തന്ത്രിയേയും, അധികൃതരേയും താന്‍ നടത്തുന്ന കളഭസദ്യയില്‍ പങ്ക് കൊള്ളാന്‍ ക്ഷണിച്ച ശേഷം മാളികപ്പുറത്തേക്ക് മടങ്ങുന്നു.
എട്ടാം നാള്‍ പതിവുള്ള ദര്‍ശനത്തിനു ശേഷം അദ്ദേഹം സന്നിധാനത്തിലേക്ക് താമസം മാറും.അന്നേ ദിവസം കളമെഴുത്തു പാട്ടിലും ഗുരുതിയിലും പങ്കെടുക്കുകയും കര്‍മ്മികള്‍ക്ക് ദക്ഷിണ നല്‍കുകയും ചെയ്യുന്നു.
ഒമ്പതാം നാള്‍..
മകരമാസം ഏഴാം തീയതി..
ഈ ദിവസം അഭിക്ഷേക ശേഷം ഗണപതിഹോമവും, നീരാഞ്ജനവും മാത്രമേ കാണു.പിന്നീട് മേല്‍ശാന്തി വിഗ്രഹത്തെ ശിരോവസ്ത്രം അണിയിച്ച്, അമ്പും വില്ലും നല്‍കി തമ്പുരാനുമായി കൂടികാഴ്ചക്ക് ഒരുക്കുന്നു.ശ്രീകോവിലിലെ എല്ലാ വിളക്കുകളും കൊളുത്തി, ഇടതുകൈയ്യില്‍ നീരാഞ്ജനവുമായി മേല്‍ശാന്തി ശ്രീകോവിലിന്‍റെ കതകിനു മറഞ്ഞ് നില്‍ക്കും..
ഈ സമയം തമ്പുരാന്‍ അവിടെയെത്തി കൂടികാഴ്ച നടത്തുകയും, കൈകൂപ്പി വിട ചോദിക്കുകയും ചെയ്യുന്നു.
ഉടന്‍ മേല്‍ശാന്തി മുന്നോട്ട് വന്ന് വിഗ്രഹത്തിലെ ശിരോവസ്ത്രവും, അമ്പും വില്ലും മാറ്റി, ഭസ്മാഭിക്ഷേകം നടത്തുന്നു.തുടര്‍ന്ന് രുദ്രാക്ഷമാലയും ദണ്ഡും അണിയിച്ച് ഭഗവാനെ ധ്യാനനിരതനാക്കുന്നു.
തുടര്‍ന്ന് മേല്‍ശാന്തി ശ്രീകോവിലിലെ വിളക്കുകള്‍ ഒന്നൊന്നായി അണക്കുകയും, ഒരു ചെറിയ തിരിയില്‍ ദീപം തെളിച്ച് തമ്പുരാനോട് ശ്രീകോവില്‍ അടക്കുന്നതിനു അനുവാദം ചോദിക്കുകയും ചെയ്യുന്നു.അനുവാദം ലഭിക്കുന്നതോടെ കര്‍പ്പൂരം കത്തിച്ച് നടയടച്ച് മേല്‍ശാന്തി താക്കോല്‍ തമ്പുരാനെ ഏല്‍പ്പിക്കുന്നു.
തുടര്‍ന്ന് ക്ഷേത്രത്തെ വലം വക്കുന്ന ചടങ്ങ്..
മുന്നില്‍ ഉടവാളും പരിചയുമായി കുറുപ്പും, പിന്നില്‍ നീരാഞ്ജനവുമായി മേല്‍ശാന്തിയും, അതിനു പിന്നില്‍ തമ്പുരാനുമായി ക്ഷേത്രം വലം വക്കുന്നു.പിന്നീട് കുറുപ്പും മേല്‍ശാന്തിയും പടിയിറങ്ങിയ ശേഷം, മേല്‍ശാന്തി നല്‍കിയ നാളീകേരം ഉടച്ച് തമ്പുരാന്‍ പതിനെട്ടം പടി അടച്ച് താഴെയിറങ്ങുന്നു.താഴെയെത്തുന്ന മേല്‍ശാന്തിയും തമ്പുരാനും പടിഞ്ഞാറോട്ട് ദര്‍ശനമായി സാഷ്ടാംഗം നമസ്ക്കരിക്കുന്നു.അതിനു ശേഷം തമ്പുരാന്‍ പടിഞ്ഞാറോട്ടും, മേല്‍ശാന്തി കിഴക്കോട്ടും തിരിഞ്ഞ് മുഖാമുഖമായി നില്‍ക്കുകയും, തമ്പുരാനു മേല്‍ശാന്തി ഒരു പണക്കിഴി നല്‍കുകയും ചെയ്യുന്നു.
ആ വര്‍ഷത്തെ വരവു ചിലവ് മിച്ചമാണ് ആ കിഴിയെന്നു സങ്കല്‍പ്പം!!
തുടര്‍ന്ന് അടുത്ത വര്‍ഷം വരെ മാസപൂജ നടത്തുന്നതിനു താക്കോല്‍ തമ്പുരാന്‍ തിരിച്ച് ഏല്‍പ്പിക്കുകയും, തമ്പുരാനും കൂട്ടരും മടക്കയാത്ര ആരംഭിക്കുകയും ചെയ്യുന്നു.പമ്പയില്‍ ചെന്ന് തിരുവാഭരണവും പല്ലക്കുമായി നിലക്കല്‍ വഴി ളാഹ എസ്റ്റേറ്റിലെത്തി അവര്‍ രാത്രി അവിടെ വിശ്രമിക്കുന്നു.
പത്താം നാള്‍, അതായത് മകരമാസം എട്ടാം തീയതി പെരുനാട് ശ്രാംബിക്കല്‍ കുടുംബനാഥന്‍റെ ആതിഥേയം സ്വീകരിച്ച് വിശ്രമിക്കുകയും, തുടര്‍ന്ന് പെരിനാട് ക്ഷേത്രത്തിലേക്ക് തമ്പുരാനെയും തിരുവാഭരണത്തെയും ആനയിക്കുകയും, അവിടെ വച്ച് തമ്പുരാന്‍റെ നിര്‍ദ്ദേശപ്രകാരം തിരുവാഭരണങ്ങള്‍ ഭഗവാനു ചാര്‍ത്തുകയും ചെയ്യുന്നു.പിറ്റേന്ന് അവര്‍ ആറന്‍മുളയിലെ കിഴക്കേ നടയിലുള്ള കൊട്ടാരത്തില്‍ എത്തിചേരുന്നു.അവിടെ അറവാതുക്കല്‍ തിരുവാഭരണം ഇറക്കി വച്ച് അന്നവിടെ വിശ്രമിക്കുന്നു.
പന്ത്രണ്ടാം നാള്‍ ആറന്‍മുളയില്‍ നിന്ന് യാത്ര തിരിച്ച്, രാവിലെ എട്ടുമണിയോടെ പന്തളം ക്ഷേത്രത്തിനു അടുത്തുള്ള ആല്‍ത്തറയിലെത്തുന്ന ഇവരെ അവിടുത്തെ അയ്യപ്പസേവാസംഘം സ്വീകരിക്കുന്നു.അവിടെനിന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങളും, കൊട്ടാരത്തിലെ അംഗങ്ങളും കൂടി അവരെ ക്ഷേത്രത്തിലേക്ക് ആനയിക്കുകയും, പ്രദക്ഷിണ ശേഷം തമ്പുരാന്‍ തിരുവാഭരണം സൂക്ഷിക്കുന്ന അറയില്‍ ഉടവാള്‍ വെക്കുകയും ചെയ്യുന്നു.അതിനു ശേഷം അദ്ദേഹം കൊട്ടാരത്തിലേക്ക് മടങ്ങുന്നതോടെ മകരവിളക്ക് മഹോത്സവം അവസാനിക്കുന്നു.
ദേവനാരായണന്‍ പറഞ്ഞ് നിര്‍ത്തി.
ഇപ്പോള്‍ സമയം രാത്രി എട്ട് കഴിഞ്ഞിരിക്കുന്നു..
ഈ സമയം അകലെ നിന്ന് ഒരു സംഘവും മുക്കുഴിയിലേക്ക് എത്തി കൊണ്ടിരിക്കുകയായിരുന്നു..
അന്ന് മുക്കുഴിയില്‍ താമസിക്കുകയായിരുന്നു ആ സംഘത്തിന്‍റെ ഉദ്ദേശം.
അത് അവരായിരുന്നു..
കോരന്‍റെ നേതൃത്വത്തിലുള്ള ആദിവാസിസംഘം..