പരിക്ഷത്ത് മഹാരാജാവ്..
അര്‍ജ്ജുനന്‍റെ മകനായ അഭിമന്യുവിന്‍റെ പുത്രന്‍!!
ഒരിക്കല്‍ ഇദ്ദേഹം മൃഗയവിനോദത്തിനായി സഞ്ചരിച്ച് കൊണ്ടിരിക്കേ, ഒരു ചത്ത പാമ്പിനെ എടുത്ത് ശമികന്‍ എന്ന മുനിയുടെ തോളിലിട്ടു.ഈ വിവരമറിഞ്ഞ് ശമികന്‍റെ പുത്രനായ ശൃംഗി, രാജാവിനെ ശപിച്ചു..
ഏഴ് ദിവസത്തിനുള്ളില്‍ തക്ഷകന്‍റെ കടിയേറ്റ് മഹാരാജാവ് മരിക്കും എന്നായിരുന്നു ആ ശാപം!!
ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്തു. ഒരു ഏഴുനിലമാളിക പണിയിച്ച്, രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളില്‍ നിപുണരായ പലരെയും യഥാസ്ഥാനങ്ങളില്‍ നിയമിച്ചു, കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി മദയാനകളെ ഏര്‍പ്പെടുത്തി, രാജാവ് അവിടെ താമസം തുടങ്ങി.
രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞയുടനെ കശ്യപമഹര്‍ഷി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു, രാജാവിനെ രക്ഷിക്കുക എന്നതായിരുന്നു ഉദ്ദേശം.രാജാവ് ബ്രാഹ്മണശാപം ഏറ്റിരിക്കുന്ന വിവരം അറിഞ്ഞയുടനെ തക്ഷകനും മനുഷ്യരൂപമെടുത്ത് അവിടേക്കു പുറപ്പെട്ടു.ഇടയ്ക്കുവച്ച് തക്ഷകന്‍ കശ്യപനെ കണ്ടു.കശ്യപനും തക്ഷകനും തമ്മില്‍ ചില മത്സരങ്ങളില്‍ ഏര്‍പ്പെടുകയും, കശ്യപന്‍റെ ശ്രേഷ്ഠത തക്ഷകന്‍ മനസിലാക്കുകയും ചെയ്തു.
വിഷഹാരിയായ കശ്യപന്‍ അവിടെ വന്നാല്‍ തന്റെ പ്രവര്‍ത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകന്‍ ചില വശീകരണവാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് അദ്ദേഹത്തെ മടക്കി അയച്ചു.
ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാന്‍ തരം നോക്കി തക്ഷകന്‍ ഹസ്തിനപുരത്തിലെത്തി.എന്നിട്ട് തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവര്‍ കൊണ്ടുപോയ പഴങ്ങളില്‍ ഒന്നില്‍ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകന്‍ ഒളിച്ചിരുന്നു.എന്നാല്‍ മരണഭയത്തില്‍ കഴിഞ്ഞിരുന്ന മഹാരാജാവ് താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തില്‍ കണ്ടുകൊള്ളാമെന്നു പറഞ്ഞ്, അവര്‍ കൊണ്ടുവന്ന ഫലമൂലാദികളെ സ്വീകരിച്ചു.
രാജാവുതന്നെ ഫലങ്ങളില്‍ ഓരോന്നെടുത്ത് മന്ത്രിമാര്‍ക്കു കൊടുത്തു. അതില്‍നിന്ന് വലുതായ ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി കീറിനോക്കി. അപ്പോള്‍ അതില്‍ കണ്ണുകള്‍ രണ്ടും കറുത്തും ഉടല്‍ അശേഷം ചുവന്നും ഏറ്റവും ചെറുതായ ഒരു കൃമി ഇരിക്കുന്നതുകണ്ട് രാജാവ് അദ്ഭുതത്തോടുകൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു:
"അല്ലയോ മന്ത്രിസത്തമരേ, സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാല്‍ മുനി ശാപം മിഥ്യയായി എന്നു വരേണ്ട.ഈ കീടം എന്നെ കടിച്ചുകൊള്ളട്ടെ."
അപ്പോള്‍ തന്നെ രാജാവ് പുഴുവിനെ എടുത്ത് തന്റെ കഴുത്തില്‍ വച്ചു. ഉടന്‍തന്നെ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെട്ടു.തുടര്‍ന്ന് തക്ഷകന്‍ രാജാവിനെ ദംശിക്കുകയും അദ്ദേഹം മരിച്ച് വീഴുകയും ചെയ്തു.
ഏകദേശം അതേ പോലൊരു അനുഭവമാണ് രവിവര്‍മ്മക്കുമുണ്ടായത്..
സര്‍പ്പദംശനം..
അതും മാരകവിഷമുള്ള വെള്ളിനാഗത്തിന്‍റെ ദംശനം!!
വിഷ്ണുദത്തന്‍റെ നിലവിളി കേട്ട് ഒഴിഞ്ഞ് മാറുന്നതിനു മുമ്പ് അത് സംഭവിച്ചു.ഓടിയെത്തിയ ദേവനാരായണനു തടുക്കാന്‍ പോലും സമയം ലഭിച്ചിരുന്നില്ല..
പലപ്പോഴും ദേവനാരായണന്‍റെ മനസില്‍ പിടി നല്‍കാതെ വഴുതിമാറിയ അപകടം!!
തന്നെ പാമ്പ് കടിച്ചു എന്ന സത്യം മനസിലാക്കിയ രവിവര്‍മ്മ തളര്‍ച്ചയോടെ നിലത്തേക്കിരുന്നു.ഓടിയെത്തിയ ബ്രഹ്മദത്തനും കൂട്ടര്‍ക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
കൊടും കാട്!!
വൈദ്യസഹായത്തിനായി ഒരു മാര്‍ഗ്ഗവുമില്ല!!
"എന്ത് ചെയ്യും സ്വാമി?" ദേവനാരായണനോട് തിരുമേനിയുടെ ചോദ്യം.
എന്ത് ചെയ്യാന്‍??
കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കിയ ചരിത്രം തന്‍റെ കുടുംബത്തിലുണ്ട്.പക്ഷേ ഇവിടെ അത് സാധിക്കുകയില്ല, കാരണം ഇതൊരു നിയോഗമാണ്.
ദേവനാരായണന്‍ നിശബ്ദനായി നിന്നു.
സ്വാമിമാരുടെ നിലവിളിയാണ് കോരന്‍റെയും കൂട്ടരുടെയും ശ്രദ്ധ അങ്ങോട്ട് തിരിച്ചത്..
"ഏന്‍ ചാമി?" കോരന്‍ കാരണം തിരക്കി.
മുസ്തഫയില്‍ നിന്ന് വിശദവിവരമറിഞ്ഞ കോരന്‍ രവിവര്‍മ്മയെ ശ്രുശ്രൂക്ഷിക്കന്‍ തയ്യാറായി.കാടിനെയും, കാടിന്‍റെ മക്കളെയും അറിയാവുന്നവനാണ് കോരന്‍..
മാത്രമല്ല നല്ലൊരു വിഷഹാരിയും!!
ദംശനത്തിന്‍റെ പാട് കണ്ടപ്പോഴേ മൂപ്പന്‍ തുറന്ന് പറഞ്ഞു:
"വിശമുള്ള ജാതിയാ, നോക്കാന്നേ ഉള്ളു"
അതികഠിനമായ വിഷം വരെ ഇറക്കിയട്ടുള്ള കോരന്‍റെ വാക്കുകള്‍ കറുപ്പന്‍ അത്ഭുതത്തോടെയാണ് കേട്ടത്..
എന്തേ മൂപ്പന്‍ ഇങ്ങനെ പറഞ്ഞത്??
ഈ സ്വാമി രക്ഷപെടില്ലേ??
കറുപ്പന്‍റെ മനസില്‍ ഒരായിരം സംശയങ്ങള്‍.
കോരന്‍റെ പ്രവൃത്തികള്‍ പെട്ടന്നായിരുന്നു..
തന്‍റെ കൈയ്യിലിരുന്ന സഞ്ചിയില്‍ നിന്ന് ഒരു ചെറിയ കത്തിയെടുത്ത് അയാള്‍ രവിവര്‍മ്മയുടെ കാലില്‍ സര്‍പ്പദംശനം ഏറ്റഭാഗത്ത് ചെറുതായി വരഞ്ഞു.തുടര്‍ന്ന് കാലില്‍ നിന്ന് രക്തം ഞെക്കി കളഞ്ഞു..
പിന്നീട് എന്തെല്ലാമോ മന്ത്രിച്ച് കൊണ്ട് സഞ്ചില്‍ നിന്ന് എടുത്ത ചില പൊടികളും, ചില ഇലകളും വെള്ളത്തില്‍ ചേര്‍ത്ത് കുഴച്ച് മുറിവിന്‍റെ ഭാഗത്ത് തേച്ച് പിടിപ്പിച്ചു.അതിനു ശേഷം ഒരു തുണിയെടുത്ത് ആ മുറിവ് കെട്ടി വച്ചു.
എന്നിട്ട് ഒന്നും മിണ്ടാതെ തന്‍റെ കിടപ്പുസ്ഥലത്തേക്ക് നടന്നു പോയി!!
എല്ലാവര്‍ക്കും അമ്പരപ്പായിരുന്നു..
എന്ത് മരുന്നാണ് കെട്ടി വച്ചത്??
മൂപ്പന്‍ എന്താണ് ഒന്നും സംസാരിക്കാതെ പോയത്??
കാര്യങ്ങള്‍ അറിയുന്നതിനായി ദേവനാരായണന്‍ മൂപ്പന്‍റെ അടുത്തേക്ക് പോയി.
തിരിച്ച് വന്ന ദേവനാരായണന്‍റെ മുഖത്തും ഒരു വിഷമഭാവം ഉണ്ടായിരുന്നു.
"എന്താ സ്വാമി, ഞാന്‍ മരിച്ച് പോകുമോ?" രവിവര്‍മ്മയുടെ ചോദ്യത്തില്‍ നല്ല ഭയമുണ്ടായിരുന്നു.
ആ മുഖത്ത് നോക്കി ദേവനാരായണനു കള്ളം പറയാന്‍ കഴിയുമായിരുന്നില്ല.
അദ്ദേഹം മൂപ്പന്‍ പറഞ്ഞത് വിശദമാക്കി..
രവിവര്‍മ്മയെ കടിച്ചത് അത്യപൂര്‍വ്വമായി കാണുന്ന വെള്ളിനാഗമാണ്.അതിവിഷമുള്ള ഇത് കടിച്ചാല്‍ മരണം സുനിശ്ചിതമാണ്.സാവധാനം വിഷം ബാധിക്കുന്നതിനാല്‍ ഉടനടി മരണം സംഭവിക്കാന്‍ സാധ്യതയില്ല.ദംശനം ഏല്‍ക്കുന്ന സമയം മുതല്‍ ആറ് മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാം.പിന്നെ രക്ഷക്കായി ഒരു ശ്രമം എന്ന നിലയില്‍ വിഷത്തെ ചെറുക്കുന്ന പച്ചമരുന്ന് കെട്ടി വച്ചന്നേ ഉള്ളു.ഒരുപക്ഷേ രക്ഷപെടും, അല്ലെങ്കില്‍ രവിവര്‍മ്മ മരിക്കും.
"അപ്പോള്‍ രക്ഷപെടും എന്ന് ഉറപ്പിച്ച് പറയാന്‍ സ്വാമിക്ക് ഒരിക്കലും കഴിയില്ല അല്ലേ?"
ആ ചോദ്യം ചോദിച്ചപ്പോള്‍ രവിവര്‍മ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.അവനു ജീവിച്ച് മതിയായിരുന്നില്ല, അച്ഛനെയും അമ്മയേയും ചേച്ചിയേയും എല്ലാം പിരിഞ്ഞ് ഒറ്റക്കൊരു യാത്ര അവനു സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല.
അവന്‍ അറിയാതെ ചോദിച്ച് പോയി..
രക്ഷപെടും എന്ന് ഉറപ്പിച്ച് പറയാന്‍ സ്വാമിക്ക് ഒരിക്കലും കഴിയില്ലേ??
അതിനു മറുപടിയായി ദേവനാരായണന്‍ ഇങ്ങനെ പറഞ്ഞു:
"രക്ഷപെടും, ആറുമണിക്കൂറിനുള്ളില്‍ കണ്ഠകാളനടയിലെ മൃത്യുജ്ഞയഹോമസ്ഥലത്തെ വിളക്കിനു ആരെങ്കിലും തിരി കൊളുത്തിയാല്‍, സ്വാമി ഉറപ്പായി രക്ഷപെടും"
ഇപ്പോള്‍ സമയം പത്ത് കഴിഞ്ഞിരിക്കുന്നു..
ആറ് മണിക്കൂര്‍ എന്ന് പറയുമ്പോള്‍ പുലര്‍ച്ചേ നാല് മണി.ഇതിനുള്ളില്‍ വിളക്കിനു തിരി തെളിയിക്കണമെന്നാണ് തിരുമേനി പറയുന്നത്..
പക്ഷേ എങ്ങനെ??
കണ്ഠകാളനടയില്‍ വിളക്കിനു തിരി തെളിയിക്കുന്നത് ശാന്തിക്കാരന്‍ തിരുമേനിയാണ്, അതും പുലര്‍ച്ചെ അഞ്ചരക്ക് ശേഷം.പിന്നെ തിരി തെളിയിക്കാന്‍ സാധ്യതയുള്ളത് തിരുമേനിയുടെ സഹായി ആയ കൃഷ്ണന്‍കുട്ടി മാരാരാണ്.വിശേഷദിവസങ്ങളില്‍ മാത്രമേ അദ്ദേഹം തിരി തെളിയിക്കാറുള്ളു.അങ്ങനെയുണ്ടെങ്കില്‍ തന്നെ പുലര്‍ച്ചെ അഞ്ച് മണിയെങ്കിലും ആവണം.
ഇത്രയും ചിന്തിച്ച വിഷ്ണുദത്തന്‍ ആധിയോടെ പറഞ്ഞു:
"നാല് മണിക്കുള്ളില്‍ ആരും തിരി തെളിയിക്കുമെന്ന് തോന്നുന്നില്ല"
അനുജന്‍റെ അഭിപ്രായം കേട്ടപ്പോള്‍ ബ്രഹ്മദത്തന്‍ വിഷമത്തോടെ പറഞ്ഞു:
"മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെയാ യാത്ര തിരിച്ചത്, അല്ലെങ്കില്‍ രാധികയെ എങ്കിലും വിളിച്ച് പറയാമായിരുന്നു"
ഇങ്ങനെ വിവിധ അഭിപ്രായങ്ങള്‍ കേട്ട വൈഷ്ണവന്‍ കരഞ്ഞ് കൊണ്ട് ചോദിച്ചു:
"രവിമാമ മരിച്ച് പോകുമോ സ്വാമി?"
"ഇല്ല മോനെ, നമുക്ക് അയ്യപ്പസ്വാമിയെ വിളിക്കാം.ഭഗവാന്‍ വിളി കേള്‍ക്കും"
വാമദേവന്‍ നമ്പൂതിരി അവനെ ആശ്വസിപ്പിച്ചു.
തിരുമേനിയുടെ നിര്‍ദ്ദേശപ്രകാരം രവിവര്‍മ്മക്ക് അരുകിലിരുന്ന് അവര്‍ ഒരുമയോടെ ശരണം വിളിച്ചു..
അത് മനസറിഞ്ഞുള്ള ശരണം വിളിയായിരുന്നു..
മനസ്സും ശരീരവും ഭഗവാനില്‍ അര്‍പ്പിച്ച് മനം നൊന്തുള്ള ശരണം വിളി..
"സ്വാമിയേ..
....ശരണമയ്യപ്പാ
.......ശരണമയ്യപ്പാ
............ശരണമയ്യപ്പാ"
സമയം പാതിരാത്രിയായി..
ബ്രഹ്മദത്തന്‍റെ വീടായ വരിക്കാത്ത് ഇല്ലം..
എന്തോ ദുഃസ്വപ്നം കണ്ട് ഒരു അലര്‍ച്ചയോടെ രാധിക ചാടി എഴുന്നേറ്റു..
അവള്‍ നന്നേ വിയര്‍ത്ത് കുളിച്ചിരുന്നു..