ആറന്‍മുള ശ്രീകൃഷ്ണസ്വാമിക്ഷേത്രം..
കരയംവെട്ടത്ത് നിന്ന് യാത്ര തുടര്‍ന്ന ആ അയ്യപ്പസംഘത്തിനു ഇപ്പോള്‍ ലക്ഷ്യം ഈ ക്ഷേത്രമാണ്.രാത്രിക്ക് മുമ്പേ അവിടെയെത്താനായി ശരണം വിളികളുമായി ആ സംഘം നടന്ന് നീങ്ങി..
"ഭൂലോക നാഥനേ.....ഭൂമിപ്രപഞ്ചനേ
കാനന വാസനേ.......കര്‍പൂര പ്രിയനേ
വില്ലാളി വീരനേ.......വീരമണികണ്ഠനേ
ഹരിഹര സുതനേ......മോഹിനീ സുതനേ"
ശരണം വിളിയുമായുള്ള ആ യാത്രയില്‍ തന്നിലെ മാറ്റം രവിവര്‍മ്മ തിരിച്ചറിഞ്ഞു.ഇപ്പോള്‍ ആദ്യമാദ്യമുണ്ടായിരുന്ന നിഷേധത്തേക്കാള്‍, അയ്യപ്പനെ കുറിച്ച് അറിയാനുള്ള ആകാംക്ഷയായിരുന്നു രവിവര്‍മ്മയുടെ മനസില്‍.അവന്‍ ദേവനാരായണനോട് ചോദിച്ചു:
"മറ്റ് കഥകള്‍ എന്തെല്ലാമാണ് സ്വാമി?"
ആ ചോദ്യത്തെ മാനിച്ച് കൊണ്ട് അദ്ദേഹം ചില സങ്കല്‍പ്പങ്ങള്‍ പറഞ്ഞു..
അയ്യപ്പസ്വാമിയെ കുറിച്ച് കരുതി പോകുന്ന ചില വേറിട്ട സങ്കല്‍പ്പങ്ങള്‍..
തെക്കേ ഇന്ത്യയിലെ ചരിത്രാതീത ദ്രാവിഡസങ്കല്‌പമാണത്രേ ശാസ്‌താവ്!!
വേലനും, പാണനും, പുലയനും, പറയനും, ഗണകനും, അതേ പോലെ ഗിരിവര്‍ഗ്ഗക്കാരും, ഈ ശാസ്താവിന്‍റെ ആരാധകരാണ്.
"അപ്പോള്‍ ശാസ്താവ് ഇവരുടെ ദൈവമാണോ?" രവിവര്‍മ്മയുടെ സംശയം.
ആ ചോദ്യം ദേവനാരായണനില്‍ ഒരു ചെറുപുഞ്ചിരി ഉണര്‍ത്തി, അദ്ദേഹം പറഞ്ഞു:
"ദൈവത്തിനു ജാതിയുമില്ല, മതവുമില്ല.അതെല്ലാം മനുഷ്യരുടെ സൃഷ്ടിയാ"
"എന്ന് വച്ചാല്‍?"
അതിനു മറുപടിയായി മറ്റ് ചില സങ്കല്‍പ്പങ്ങളും അദ്ദേഹം വിവരിച്ചു..
ശബരിമല ഉള്‍പ്പെടെയുള്ള കിഴക്കന്‍ മലയോര മേഖല പണ്ട് തൊട്ടേ ജനവാസകേന്ദ്രമായിരുന്നുവത്രെ. നദിയും ക്ഷേത്രവും കേന്ദ്രീകരിച്ചു വളര്‍ന്നുവന്ന ഒരു പ്രദേശമായിരുന്നു ഇത്.ഇവിടെ ഗ്രാമങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കുന്ന വില്ലാളിവീരനായ അയ്യനാരാണ് പില്‍ക്കാലത്ത് `അയ്യനും', `അയ്യപ്പനു'മായി മാറിയതെന്ന് ഒരു സങ്കല്‍പ്പം.
"ഇത് മാത്രമല്ല ഇനിയുമുണ്ട് വിശ്വാസങ്ങള്‍.."
അദ്ദേഹം തുടര്‍ന്നു...
കാണിക്കാരന്‍, മല അരയന്‍, ഉള്ളാടര്‍, മന്നാന്‍, ഊരാളി തുടങ്ങിയ ഗിരിവര്‍ഗക്കാര്‍ നൂറ്റാണ്ടുകളായി ശബരിമല അടിവാരത്തില്‍ താമസിച്ചുവരുന്നു.അതിനാല്‍ ആ വിഭാഗത്തില്‍പ്പെടാത്ത ആദിവാസികളുടെ ദൈവമാണ് അയ്യപ്പന്‍ എന്ന വിശ്വാസത്തിനും ശക്തിയേറെയാണ്.
"കൊള്ളാല്ലോ സങ്കല്‍പ്പങ്ങള്‍!!"
രവിവര്‍മ്മക്ക് താല്‍പര്യമേറി.
ഇനി മറ്റൊരു കഥയുണ്ട്..
പമ്പാനദീതീരത്തായി, ശബരിമലയുടെ അടിവാരത്തില്‍ പാര്‍ത്തിരുന്ന, ബുദ്ധമതത്തിന്‍റെ അനുയായി ആയ ഒരു ബ്രഹ്മചാരിയായിരുന്നത്രേ അയ്യപ്പന്‍.ശത്രുക്കളെ ഭയന്നു നാട് വിട്ട് വനത്തില്‍ അഭയംപ്രാപിച്ച പാണ്‌ഡ്യരാജാവിനേയും കുടുംബത്തേയും അദ്ദേഹം സഹായിക്കുകയും, വീണ്ടും രാജ്യപ്രാപ്‌തിയിലെത്തിക്കുകയും ചെയ്തന്ന വിശാസവും നിലനില്‍ക്കുന്നു പോലും.
"കൊള്ളാം, ബുദ്ധമതത്തിലും കഥയോ?"
രവിവര്‍മ്മയുടെ ഈ ചോദ്യത്തിനു ആ മാന്ത്രികന്‍ ഇങ്ങനെ മറുപടി നല്‍കി:
"ബുദ്ധമതവും ശബരിമലയുമായി ബന്ധപ്പെടുത്തി ഒരുപാട് കഥകളുണ്ട്"
"അതെന്ത് കഥ?"
രവിവര്‍മ്മക്ക് അതറിയണം, കാരണം ഈ കഥകള്‍ക്ക് ചരിത്രവുമായി ബന്ധമുണ്ട്..
രവിവര്‍മ്മക്കായി ദേവനാരായണന്‍ ആ സങ്കല്‍പ്പം പറഞ്ഞു..
ബുദ്ധമതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ശാസ്താ സങ്കല്‍പ്പം..
ഈ സമയത്ത്, മൈലുകള്‍ക്ക് പിന്നില്‍ നിന്നും, മറ്റൊരു അയ്യപ്പസംഘവും ഇതേ നടവഴികളിലൂടെ ശബരിമലക്ക് വരുന്നുണ്ടായിരുന്നു.അന്നേ ദിവസം ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്നും യാത്ര തുടങ്ങിയ, ആദിവാസികളുടെ സംഘമായിരുന്നത്..
ആ കൂട്ടത്തില്‍ കറുപ്പന്‍ അസ്വസ്ഥനാണ്!!
സന്നിധാനത്ത് തൊഴുത ശേഷം, കോഴിക്കോട് വഴി വയനാടിനു മടങ്ങാനാണ് തീരുമാനം.തിരികെ കോട്ടയത്ത് നിന്നും കോഴിക്കോടിനുള്ള ടിക്കറ്റ് എടുത്തിരിക്കുന്നത് കൂട്ടത്തിലെ വിദ്യാസമ്പന്നനായ കറുപ്പനാണ്.കരുതിയതിലും ഒരു ദിവസം താമസിച്ചാണ് ഇപ്പോഴത്തെ യാത്ര!!
അവന്‍ മൂപ്പന്‍റെ അടുത്തേക്ക് നീങ്ങി.
കോരനു കറുപ്പനെ വലിയ ഇഷ്ടമാണ്, അദ്ദേഹത്തിന്‍റെ മകളെ കറുപ്പനായി പറഞ്ഞ് വച്ചിരിക്കുകയാണ്.ആ കറുപ്പനാണ് ശരണം വിളികള്‍ മറന്ന് മറ്റെന്തോ ചിന്തയാല്‍ സമീപത്ത് വന്നിരിക്കുന്നത്..
ആ വ്യത്യാസം മനസിലാക്കി മൂപ്പന്‍ ചോദിച്ചു:
"എന്ന ചാമി?"
"ഏന്‍റെ കണക്ക് പിഴച്ചു, ശ്രീഘ്രം പോണം, ഇല്ലെന്നാ..."
കറുപ്പന്‍ പറഞ്ഞ് നിര്‍ത്തി.
മൂപ്പനു കാര്യം മനസിലായി...
താമസിച്ചാല്‍ തൊഴുത് വരുമ്പോള്‍ തീവണ്ടി കിട്ടില്ലത്രേ!!
മൂപ്പന്‍ എല്ലാവരോടുമായി പറഞ്ഞു:
"അന്തി കൂട്ടണ്ടാ, ശീഘ്രാട്ടെ.."
രാത്രിയിലെ വിശ്രമം പോലും കുറച്ച് മതി എന്ന തീരുമാനത്തില്‍ ആ സംഘം നടപ്പിനു വേഗം കൂട്ടി.
ഒരു പക്ഷേ അവരുടെ യാത്രയുടെ ഗതി മാറ്റിയത്, അയ്യപ്പസ്വാമിയുടെ തീരുമാനമായിരിക്കാം..
അപകടത്തിലേക്ക് നടന്ന് നീങ്ങുന്ന രവിവര്‍മ്മയെ രക്ഷിക്കാനുള്ള ഭഗവാന്‍റെ തീരുമാനം..