"സ്വാമിയേ....അയ്യപ്പോ
അയ്യപ്പോ.......സ്വാമിയേ
സ്വാമിയേ....അയ്യപ്പോ
അയ്യപ്പോ.......സ്വാമിയേ"
ശരണം വിളികളുമായി ആ സംഘം യാത്രയിലാണ്..
ശബരിമലയിലേക്കുള്ള നടവഴികളിലൂടെയുള്ള തീര്‍ത്ഥയാത്രയില്‍..
തങ്ങളുടെ എല്ലാമെല്ലാമായ അയ്യനെ കാണാനുള്ള പുണ്യയാത്രയില്‍..
പുതിയിടവും, കരിമുട്ടവും കടന്ന് കൊയ്പ്പള്ളികാരാഴ്മ വഴി അവര്‍ ചെട്ടികുളങ്ങരയിലെത്തി.അതിനു ശേഷം കാട്ടുവള്ളില്‍ അയ്യപ്പക്ഷേത്രം പിന്നിട്ട്, കണ്ടിയൂര്‍ മഹാദേവന്‍റെ മുന്നിലൂടെ യാത്ര ചെയ്ത അവര്‍, ഇടവഴികളിലൂടെ മാവേലിക്കര ശ്രീകൃഷ്ണസ്വാമിയുടെ അടുത്തെത്തി.സാക്ഷാല്‍ മുകുന്ദനെ മനസില്‍ തൊഴുത് അവര്‍ കരയംവെട്ടം ലക്ഷ്യമാക്കി നടന്നു..
ഈ യാത്രയില്‍ അവര്‍ ക്ഷീണം അറിയുന്നില്ല.
മനസ്സില്‍ ഒരു രൂപം മാത്രം..
വില്ലാളിവീരനായ മണികണ്ഠന്‍റെ രൂപം!!
നാവില്‍ ഒരു നാമം മാത്രം..
ഹരിഹരസുതനായ അയ്യപ്പന്‍റെ നാമം!!
"പമ്പാഗണപതി...ശരണം പൊന്നയ്യപ്പാ
ശബരീപീഠം...ശരണം പൊന്നയ്യപ്പാ
മാളികപ്പുറത്തമ്മ...ശരണം പൊന്നയ്യപ്പാ
കുളത്തൂപ്പുഴബാലന്‍...ശരണം പൊന്നയ്യപ്പാ
അച്ചങ്കോവില്‍അരശന്‍...ശരണം പൊന്നയ്യപ്പാ
ആര്യങ്കാവിലയ്യന്‍...ശരണം പൊന്നയ്യപ്പാ
സ്വാമിയെ ശരണം...ശരണം പൊന്നയ്യപ്പാ
സ്വാമിയല്ല്ലാതൊരു...ശരണമില്ലയ്യപ്പാ"
കരയംവെട്ടം ഹനുമത്-ദേവി ക്ഷേത്രം..
അന്നേ ദിവസം ഈ സംഘം അന്തിയുറങ്ങാന്‍ തീരുമാനിച്ചത് ഇവിടെയായിരുന്നു.ഗണപതി ഭഗവാന്‍, ഹനുമാന്‍സ്വാമി, ഭദ്രാദേവി എന്നീ പ്രതിഷ്ഠകളാണ് ഇവിടെ മുഖ്യമായുള്ളത്.രവിവര്‍മ്മയും കൂട്ടരും അവിടെയെത്തിയപ്പോള്‍, അവരുടെ വരവ് പ്രതീക്ഷിച്ച പോലെ ഒരാള്‍ അവരെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു..
അത് ദേവനാരായണനായിരുന്നു..
മേലത്തൂര്‍ മനയിലെ മഹാമാന്ത്രികനായ ദേവനാരായണന്‍!!
ഒരു നിയോഗം പോലെ രവിവര്‍മ്മയുടെ രക്ഷക്കായി കാത്തിരിക്കുന്നവന്‍!!
നടന്ന ക്ഷീണമാകാം കാരണം, ഒരോരുത്തരായി ഉറക്കത്തിലേക്ക് വഴുതി വീണു..
എന്നാല്‍ ഉറക്കം വരാതെ രവിവര്‍മ്മ റോഡിലേക്ക് ഇറങ്ങി.അയാളുടെ മനസ്സ് ആകെ താളം തെറ്റിയിരിക്കുകയാണ്.ശബരിമല യാത്രക്കായി മാലയിട്ടതും, ഇറങ്ങി തിരിച്ചതും ശരി തന്നെ.പക്ഷേ എന്ത് സങ്കല്‍പ്പത്തിലാണ് അയ്യപ്പനെ കാണേണ്ടത്?
ഈശ്വര സങ്കല്‍പ്പത്തില്‍ കാണാന്‍ തക്കതായി എന്തേലും കാരണമുണ്ടോ??
അതോ, ഇനിയും അറിയപ്പെടാതെ കിടക്കുന്ന കഥകളുണ്ടോ??
"ഉണ്ട്, കഥകളിനിയും ബാക്കിയുണ്ട്" ഒരു ശബ്ദം.
രവിവര്‍മ്മ ഞെട്ടിപ്പോയി.
ഉറക്കം വരാതെ റോഡിലൂടെ ഉലാത്തുന്ന രവിവര്‍മ്മയുടെ അരികില്‍ വന്ന ദേവനാരായണന്‍റെ ശബ്ദമായിരുന്നത്.തന്‍റെ മനസിലുയര്‍ന്ന ചോദ്യത്തിനു ഉത്തരം നല്‍കിയ വ്യക്തിയെ രവിവര്‍മ്മ അത്ഭുതത്തോടെ നോക്കി..
ഒരു നാല്‍പ്പത്തിയഞ്ച് വയസ്സ് പ്രായം, തേജസ്സുള്ള മുഖം..
"ആരാ?"
"ദേവനാരായണന്‍" ഒറ്റവാക്കില്‍ മറുപടി.
"എന്‍റെ മനസിലുള്ളത് നിങ്ങളെങ്ങനെയറിഞ്ഞു?"
രവിവര്‍മ്മയുടെ ആ ചോദ്യം ദേവനാരായണനില്‍ ഒരു പുഞ്ചിരി വളര്‍ത്തി, അയാള്‍ പറഞ്ഞു:
"കഥകള്‍ സത്യത്തിന്‍റെ മറ്റൊരു വശമാണ്.ശബരിമലയിലേക്കുള്ള ഒരോ തീര്‍ത്ഥാടനവും സത്യം തേടിയുള്ള യാത്രയാണ്"
"നിങ്ങള്‍ക്കറിയുമോ സത്യമെന്തെന്ന്?" രവിവര്‍മ്മയുടെ ചോദ്യം.
"സത്യം അറിയണമെങ്കില്‍ ആദ്യം മിഥ്യ അറിയണം.ഇപ്പോള്‍ സമാധാനമായി ഉറങ്ങു, നമുക്കിനിയും സമയമുണ്ട്"
ഇങ്ങനെ പറഞ്ഞ ശേഷം അദ്ദേഹം തിരികെ നടന്നു.
അവരുടെ സംഭാക്ഷണം ശ്രദ്ധിച്ച് കൊണ്ട് ദൂരെയൊരാള്‍ നില്‍പ്പുണ്ടായിരുന്നു, അത് വാമദേവന്‍ നമ്പൂതിരിയായിരുന്നു..
രവിവര്‍മ്മയുടെ അടുത്ത് നിന്നും തന്‍റെ ഇരുപ്പടത്തിലേക്ക് മടങ്ങിയെത്തിയ ആ രൂപം ആരാണെന്ന് വാമദേവന്‍ നമ്പൂതിരിക്ക് മനസിലായില്ല.അദ്ദേഹം പതിയെ അങ്ങോട്ട് ചെന്നു..
"ആരാണ് നിങ്ങള്‍?"
"തത്വമസ്സി" ഒറ്റവാക്കില്‍ മറുപടി.
തത്വമസ്സി..
തത് ത്വം അസി..
അത് നീയാകുന്നു!!
ആ മറുപടി കേട്ടതോട് കൂടി തിരുമേനിക്ക് ഒരു കാര്യം വ്യക്തമായി.തന്‍റെ മുന്നിലിരിക്കുന്ന കക്ഷി ചില്ലറക്കാരനല്ല, അതോടെ അദ്ദേഹത്തിനു ആകാംക്ഷയായി:
"പേര് എന്താണോവോ?"
"ദേവനാരായണന്‍" ഈ കുറിയും മറുപടി ഒറ്റവാക്കില്‍ തന്നെ.
"എവിടുന്നാണാവോ?"
"അടുത്തൂന്ന് തന്നെ, മേലത്തൂര്‍ മനയില്‍ നിന്ന്"
ഈശ്വരാ...
വാമദേവന്‍ നമ്പൂതിരിയുടെ കണ്ണുകളില്‍ അത്ഭുതം.
മേലത്തൂര്‍ മനയിലെ ദേവനാരായണനോ??
മഹാമാന്ത്രികനായ ബ്രഹ്മഗുരു സ്വാമിയുടെ ശിഷ്യനായ ദേവനാരായണന്‍!!
തിരുമേനിയുടെ മനസില്‍ സന്തോഷ പെരുമഴ.
"കൂട്ടത്തില്‍ കാലപാശ ബന്ധനം ഉണ്ടോന്ന് സ്വാമി സംശയിക്കുന്നു, അല്ലേ?"
ദേവനാരായണന്‍റെ ചോദ്യം തിരുമേനിയോടായിരുന്നു.അതിനു അദ്ദേഹം മറുപടി നല്‍കി:
"രവിവര്‍മ്മയെ ബാധിച്ചോന്നൊരു സംശയം"
"അല്ല, അത് കാലപാശ ബന്ധനമല്ല.അസുര ശക്തികളുടെ പ്രതികാരമാ"
ദേവനാരായണന്‍റെ ഈ മറുപടി കേട്ടതോടെ ആകാംക്ഷാപൂര്‍വ്വം തിരുമേനി ചോദിച്ചു:
"രക്ഷപെടാന്‍ സാധ്യതയുണ്ടോ?"
ദേവനാരായണനു മറുപടിയില്ല, പകരം ഹനുമാന്‍ സ്വാമിയുടെ അമ്പലത്തിലേക്ക് നോക്കി അയാള്‍ പിറുപിറുത്തു:
"രക്ഷിക്കേണ്ടവര്‍ ഉറക്കത്തിലാണ്"
അത് സത്യമായിരുന്നു...
വയനാട്ടിലെ ആദിവാസികളുടെ നേതാവായ കോരന്‍റെ നേതൃത്വത്തില്‍ വന്ന സംഘം അന്നേ ദിവസം തങ്ങിയത് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമീക്ഷേത്രത്തിലായിരുന്നു..
രാത്രിയുടെ ആ അന്ത്യയാമങ്ങളില്‍ അവര്‍ ഗാഢനിദ്രയിലായിരുന്നു..