ആറന്‍മുളയിലെ രാത്രി അവസാനിച്ചു..
ഇടപ്പാവൂര്‍ ദേവി ക്ഷേത്രം ലക്ഷ്‌യമാക്കി ആ സംഘം യാത്ര ആരംഭിച്ചു.
ആകെ മൂകത മാത്രം, ആര്‍ക്കും മിണ്ടാട്ടവുമില്ല, ശരണം വിളികളുമില്ല!!
എല്ലാവരുടെയും മനസ്സ് രവിവര്‍മ്മയിലായിരുന്നു..
എന്താണ് അരൂപിയായ അപകടം??
എന്താണ് രൂപിയായ അപകടം??
എന്താണ് മൂന്നാമത്തെ അപകടം??
രവിവര്‍മ്മ രക്ഷപെടുമോ ഇല്ലയോ??
എല്ലാവരുടെയും മനസില്‍ ഈ ചിന്ത മാത്രം.
രവിവര്‍മ്മ തളര്‍ന്ന് പോയിരിക്കുന്നു.ദേവനാരായണന്‍ ഒരു സാധാരണ വ്യക്തിയല്ലെന്ന് രവിവര്‍മ്മക്ക് തീര്‍ച്ചയായി.അദ്ദേഹം സൂചിപ്പിച്ച കാര്യവും കാരണവും തന്‍റെ പതനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും രവിവര്‍മ്മക്ക് ഉറപ്പായി.
മനസിലെ വിഷമം അടക്കി അവന്‍ വാമദേവന്‍ നമ്പൂതിരിയോട് ചോദിച്ചു:
"സ്വാമി മൃത്യുജ്ഞയഹോമം കൂടാതെ രക്ഷപെടാന്‍ ഒരു സാധ്യത കൂടിയുണ്ടെന്ന് തിരുമേനി സൂചിപ്പിച്ചല്ലോ, അതെന്താ?"
"അത് ഈ യാത്രയാണ് സ്വാമി, ഭഗവാന്‍റെ സന്നിധിയിലേക്കുള്ള ഈ യാത്ര"
വാമദേവന്‍ നമ്പൂതിരിയുടെ വാക്കുകള്‍ കേട്ട ദേവനാരായണന്‍ എല്ലാവരോടുമായി പറഞ്ഞു:
"ശബരിമലയിലേക്കുള്ള യാത്ര ശരണം വിളിയുമായി ആവണം, എല്ലാവരും ഭഗവാനെ വിളിച്ച് നടക്കിന്‍"
ആ വാക്കുകള്‍ മാനിച്ച് അവര്‍ ശരണം വിളിച്ച് തുടങ്ങി..
ദുഃഖം തളംകെട്ടിയ മനസ്സുമായി വളരെ പതിഞ്ഞ സ്വരത്തില്‍..
"സ്വാമിയേ... അയ്യപ്പോ
അയ്യപ്പോ...സ്വാമിയേ
സ്വാമിയേ... അയ്യപ്പോ
അയ്യപ്പോ...സ്വാമിയേ"
ശരണം വിളികള്‍ക്ക് ശക്തിയില്ലാത്ത പോലെ..
സങ്കടത്തോടെയുള്ള ശരണം വിളിയില്‍ വാക്കുകള്‍ മുറിഞ്ഞ് പോകുന്ന പോലെ..
റോഡരുകില്‍ നിന്നിരുന്നവര്‍ പോലും ആ സംഘത്തിന്‍റെ ശരണം വിളിയെ അത്ഭുതത്തോടെ നോക്കി.
എന്നാല്‍ ക്രമേണ ശരണം വിളിയുടെ താളം മാറി തുടങ്ങി..
വ്യത്യസ്തവിളികള്‍ക്ക് ഒരേ താളമായി..
പതിഞ്ഞ സ്വരത്തില്‍ നിന്നും ആത്മവിശ്വാസത്തോടുള്ള ശരണമന്ത്രത്തിന്‍റെ മുഴക്കം...
അത് എങ്ങും മറ്റൊലി കൊണ്ടു..
"സ്വാമിയപ്പാ...അയ്യപ്പാ
ശരണമപ്പാ...അയ്യപ്പാ
പന്തളവാസാ..അയ്യപ്പാ
പമ്പാനാഥാ...അയ്യപ്പാ
കലിയുഗവരദാ...അയ്യപ്പാ
കാനനവാസാ....അയ്യപ്പാ"
ശരണം വിളികള്‍ക്ക് ഒരേ താളം!!
സ്വാമിമാരുടെ മനസില്‍ ഒരേ രൂപം..
ഹരിഹരസുതനായ അയ്യപ്പസ്വാമിയുടെ രൂപം!!
ഉച്ചഭക്ഷണത്തിനും, വിശ്രമത്തിനും ശേഷം യാത്ര തുടര്‍ന്നപ്പോളേക്കും രവിവര്‍മ്മയില്‍ ഒരു ആത്മവിശ്വാസം വന്ന് നിറഞ്ഞിരുന്നു, ശരണം വിളികളില്‍ നിന്നും ആര്‍ജിച്ച ആത്മവിശ്വാസം!!
"സ്വാമി, ആരാ ഈ അയ്യപ്പന്‍?"
രവിവര്‍മ്മയുടെ ചോദ്യം ദേവനാരായണനോടായിരുന്നു.ആ ചോദ്യം കേട്ടതും വാമദേവന്‍ നമ്പൂതിരി ബ്രഹ്മദത്തനോട് പറഞ്ഞു:
"സ്വാമി, ഈ ചോദ്യം ഒരു കൊടുങ്കാറ്റാണ്, ഒരു വലിയ മാറ്റത്തിന്‍റെ കൊടുങ്കാറ്റ്"
അത് ശരിയായിരുന്നു..
ആ ചോദ്യം രവിവര്‍മ്മയെ കൂട്ടിക്കൊണ്ട് പോയത് മറ്റൊരു ലോകത്തേക്കായിരുന്നു..
ഐതിഹ്യങ്ങളിലൂടെയും വാമൊഴിയിലൂടെയും വളര്‍ന്ന് വന്ന മറ്റൊരു ലോകത്തേക്ക്..
ഹരിഹരസുതനായ അയ്യപ്പസ്വാമിയുടെ കഥകളുടെ ലോകത്തേക്ക്..
എന്നാല്‍ ആ ഒരു കഥ പറയുക എളുപ്പമായിരുന്നില്ല, അതിനാല്‍ ദേവനാരായണന്‍ മറ്റൊരു കഥയാണ് പറഞ്ഞത്,രംഭാസുരന്‍റെ മകനായ മഹിഷാസുരന്‍റെ കഥ..
ആ കഥ ഇപ്രകാരമായിരുന്നു..
ദത്തന്‍റെ ശാപത്തിനാല്‍ ലീല, കരംഭന്‍ എന്ന അസുരന്‍റെ മകളായി മഹിഷി മുഖത്തോട് ഭൂമിയില്‍ വന്ന് ജനിച്ചു.മഹിഷിയുടെ പിതാവായ കരംഭന്‍റെ സഹോദരനായിരുന്നു രംഭാസുരന്‍.ഈ രംഭാസുരനു ഒരു മകനുണ്ട്..
മഹിഷാസുരന്‍!!
ഈ മഹിഷാസുരന്‍ ഒരിക്കല്‍ ബ്രഹ്മാവിനെ തപസ്സ് ചെയ്തു, കഠിനമായ പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ ബ്രഹ്മാവ് അവനില്‍ പ്രസാദിച്ചു.എന്ത് വരമാണ് വേണ്ടത് എന്ന ഭഗവാന്‍റെ ചോദ്യത്തിനു അവന്‍ ഇങ്ങനെ മറുപടി പറഞ്ഞു:
"ഭഗവാനെ, ഭൂമിയില്‍ വന്ന് പിറക്കുന്ന ആര്‍ക്കും എന്നെ വധിക്കാന്‍ കഴിയരുത്"
ബ്രഹ്മാവ് ആ വരം നല്‍കി അവനെ അനുഗ്രഹിച്ചു!!
വരബലത്തില്‍ അഹങ്കരിച്ച ഈ അസുരന്‍ ഭൂമിയിലും, ദേവലോകത്തും അക്രമം അഴിച്ചു വിട്ടു.ദേവന്‍മാര്‍ക്ക് ഇരിക്കപൊറുതി ഇല്ലാതെയായി.അവര്‍ രക്ഷക്കായി ത്രിമൂര്‍ത്തികളോട് അപേക്ഷിച്ചു.ദേവന്‍മാരുടെ അപേക്ഷപ്രകാരം ത്രിമൂര്‍ത്തികള്‍ തങ്ങളുടെ ശക്തി സമന്വയിപ്പിച്ച് ഒരു പുതിയ സൃഷ്ടി നടത്തി..
അതായിരുന്നു ദിവ്യപ്രഭയോട് ജനിച്ച ചണ്ഡികാദേവി..
സാക്ഷാല്‍ മഹിഷാസുരമര്‍ദ്ദിനി..
തുടര്‍ന്ന് ദേവിയും മഹിഷാസുരനും തമ്മില്‍ യുദ്ധമാകുകയും, അസുരനെ ദേവി വധിക്കുകയും ചെയ്തു.തന്‍റെ സഹോദരന്‍റെ നാശം മഹിഷിയില്‍ പ്രതികാരം വളര്‍ത്തി...
അതൊരു തുടക്കമായിരുന്നു..
ഹരിഹരസുതന്‍റെ ജനനത്തിന്‍റെ തുടക്കം..