നാനാ ദിക്കില്‍ നിന്നും സൈന്യബലം ശേഖരിച്ച അയ്യപ്പന്‍, എരുമേലിയിലെത്തി യുദ്ധത്തിനു പുറപ്പെട്ടു.തുടര്‍ന്ന് ശത്രുക്കളെ മുഴുവന്‍ വകവരുത്തുകയും, ശബരിമല ശാസ്താക്ഷേത്രം പുനര്‍ നിര്‍മ്മാണം നടത്തുകയും ചെയ്തു.അങ്ങനെ അയ്യപ്പന്‍ ശാസ്താവില്‍ വിലയം പ്രാപിച്ചു.
ദേവദത്തന്‍ കഥ പറഞ്ഞു നിര്‍ത്തി.
കഥയുടെ മിക്ക ഭാഗങ്ങളും തന്‍റെ കഥയോട് സാമ്യമുള്ളതിനാല്‍ ദേവദത്തനോട് രവിവര്‍മ്മക്ക് ഒരു സംശയം ചോദിക്കാനുണ്ടായിരുന്നു.ഒരിക്കല്‍ താന്‍ പറഞ്ഞ കഥ കേട്ട് എല്ലാവരും ചോദിച്ച സംശയം:
"ഇതില്‍ മാളികപ്പുറത്തമ്മ ആരായിരുന്നു?"
ആ ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലെ ദേവദത്തന്‍ മറുപടി പറയാന്‍ തയ്യാറായി..
സേനാബലം വര്‍ദ്ധിപ്പിക്കാനുള്ള ദേശാടനത്തിനു ശേഷം അയ്യപ്പന്‍ ചീരപ്പന്‍ചിറ മൂപ്പന്‍റെ കളരിയില്‍ തിരിച്ചെത്തി.ഇവിടെ വച്ച് മൂപ്പന്‍റെ മകള്‍ അദ്ദേഹത്തോട് വിവാഹഭ്യര്‍ത്ഥന നടത്തി.എന്നാല്‍ നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍ അവളെ ഭാര്യയായി സ്വീകരിച്ചില്ല. അയ്യപ്പനോടുള്ള അചഞ്ചലമായ ഭക്തിയില്‍ യോഗിനിയായി മാറിയ ആ സാധ്വിയാണ് പിന്നീട് മാളികപ്പുറത്തമ്മ ആയതത്രേ!!
രവിവര്‍മ്മക്ക് എല്ലാം അത്ഭുതമായിരുന്നു!!
ഇത് വരെ അവന്‍ അറിഞ്ഞിട്ടുള്ള കഥയുമായി വളരെയധികം സാമ്യം പുലര്‍ത്തുന്ന കഥ.ആകെയുള്ള വ്യത്യാസങ്ങള്‍ ചീരപ്പന്‍ മൂപ്പന്‍റെ കളരിയും, മാളികപ്പുറത്തമ്മയെ കുറിച്ചുള്ള വിശദീകരണവും മാത്രം.കഥാഗതിയിലെ ഇങ്ങനെ ഒരു വഴിത്തിരുവ് ആണ് അവനെ അത്ഭുതപ്പെടുത്തിയത്.മനസിലെ സംശയം ഏറിയപ്പോള്‍ രവിവര്‍മ്മ ചോദിച്ചു:
"അപ്പോള്‍ ഇതാണോ ശരിക്കുള്ള കഥ?"
അതിനുള്ള മറുപടി വാമദേവന്‍ നമ്പൂതിരിയുടെത് ആയിരുന്നു:
"വിശ്വാസങ്ങള്‍ക്കനുസരിച്ച് കഥകള്‍ മാറും സ്വാമി, ശരിക്കുള്ള കഥ വരുന്നതേയുള്ളു"
ആ സഭ അവിടെ പൂര്‍ണ്ണമായി.
സമയം വൈകുന്നേരമാകുന്നു..
മലക്ക് പോകുമ്പോള്‍ കൊണ്ട് പോകാനുള്ള ആഹാര സാധങ്ങള്‍ തയ്യാറാക്കാന്‍ ബ്രഹ്മദത്തന്‍ ഇറങ്ങി തിരിച്ചു.ആഹാരസാധങ്ങള്‍ മാത്രം പോരാ, നടന്ന് പോകുകയായതിനാല്‍ ആഹാരം തയ്യാറാക്കുന്നതിനാവശ്യമായ സംവിധാനങ്ങളും വേണം.വേണ്ട സാധനങ്ങളുടെ ലിസ്റ്റുമായി ബ്രഹ്മദത്തന്‍ ചന്തയിലേക്ക് യാത്രയായി, കൂടെ മുസ്തഫയും.ഇതേ സമയം വിഷ്ണുദത്തനും ദേവദത്തനും തിരുമേനിയോടൊപ്പം ക്ഷേത്രത്തിലെ ഒരുക്കങ്ങള്‍ക്കായി തയ്യാറായി.ഇരുമുടിക്കെട്ടും അനുബന്ധ സാധനങ്ങളും വാങ്ങാന്‍ അവര്‍ രവിവര്‍മ്മയെ ഏല്‍പ്പിച്ചു...
"ഇരുമുടിക്കെട്ടിലാതെ മലകയറാന്‍ പറ്റില്ലേ?"
ഇരുമുടിക്കെട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങേണം എന്ന് കേട്ടപ്പോള്‍ രവിവര്‍മ്മക്ക് ഇങ്ങനെ ഒരു ചോദ്യമാണ് നാവില്‍ വന്നത്.
"പരമപവിത്രമായ പതിനെട്ടാം പടി കയറുവാന്‍ ഇരുമുടിക്കെട്ട് നിര്‍ബന്ധമാണ് സ്വാമി.വ്രതനിഷ്ഠയോടെ പള്ളിക്കെട്ടും ശിരസ്സിലേറ്റി, കല്‍ക്കെട്ടില്‍ നാളീകേരമുടച്ച്, ഒന്നാം തൃപ്പടി തൊട്ട് തൊഴുതു വേണം സത്യമായ പൊന്നും പതിനെട്ടാം പടി കയറുവാന്‍"
ഒന്ന് നിര്‍ത്തിയട്ട് തിരുമേനി തുടര്‍ന്നു:
"ഇനി ഇരുമുടിക്കെട്ടില്ലാതെ ചെല്ലുന്നവര്‍ക്ക് വടക്ക് ഭാഗത്ത് കൂടി ദര്‍ശനം നടത്താനുള്ള സൌകര്യവും ഉണ്ട്"
"അപ്പോള്‍ പതിനെട്ടാം പടി ഇരുമുടിക്കെട്ടില്ലാതെ ആര്‍ക്കും കയറാന്‍ പറ്റില്ലെന്ന് സാരം.അല്ലേ?" രവിവര്‍മ്മക്ക് അതൊന്ന് ഉറപ്പാക്കണം.
"അതിനും ചില ഒഴിവുകളുണ്ട് സ്വാമി.ശബരിമലയിലെ തന്ത്രിക്ക് പടി കയറുന്നതിനു ഇരുമുടിക്കെട്ടിന്‍റെ ആവശ്യമില്ല.അതേ പോലെ പടി പൂജാ വേളയില്‍ മേല്‍ശാന്തിക്കും പരികര്‍മ്മികള്‍ക്കും ഇരുമുടിക്കെട്ടില്ലാതെ പടികയറാം.മാത്രമല്ല മകരസംക്രമ സന്ധ്യയില്‍ അയ്യപ്പഭഗവാന്‍റെ തിരുവാഭരണത്തെ അനുഗമിച്ചെത്തുന്ന രാജപ്രതിനിധിക്കും, അതേ പോലെ തങ്ക അങ്കി ഘോഷയാത്രയും തിരുവാഭരണ ഘോഷയാത്രയും സ്വീകരിക്കാന്‍ അയ്യപ്പഭഗവാന്‍റെ അനുജ്ഞ വാങ്ങി ശ്രീകോവിലില്‍ നിന്ന് മാലയണിഞ്ഞ് എത്തുന്ന ദേവസ്വം പ്രതിനിധികള്‍ക്ക് ആ ചടങ്ങിന്‍റെ സമയത്തും, ഇരുമുടിക്കെട്ടില്ലാതെ പടി കയറാം"
പതിനെട്ടാം പടി കയറുവാന്‍ ഇരുമുടിക്കെട്ട് ആവശ്യമാണെന്ന് ബോധ്യമായതോടെ വൈഷ്ണവനൊപ്പം ഓച്ചിറയില്‍ പോയി തൊഴുതുവരുമ്പോള്‍ കെട്ട് നിറക്കാനുള്ള സാധനങ്ങള്‍ വാങ്ങി വരാമെന്ന് രവിവര്‍മ്മ ഏറ്റു.ആ ആത്മവിശ്വാസത്തോടെയുള്ള പ്രഖ്യാപനം കണ്ട് തിരുമേനി അയാളോട് ചോദിച്ചു:
"സ്വാമിക്ക് കെട്ട് നിറക്കാന്‍ എന്തെല്ലാം വേണമെന്ന് അറിയാമോ?"
"ഇല്ല"
"പിന്നെങ്ങനെയാ സാധങ്ങള്‍ വാങ്ങുന്നത്?"
"അത് കടയില്‍ പോയി ചോദിച്ചാല്‍ പോരെ?"
"പോരാ, നമ്മള്‍ ചോദിച്ച് തന്നെ വാങ്ങണം."
ഇങ്ങനെ പറഞ്ഞ ശേഷം കെട്ട് നിറക്കാന്‍ വേണ്ട സാധനങ്ങളും, അവയുടെ ആവശ്യകതയും തിരുമേനി വിശദീകരിച്ചു.
കന്നി അയ്യപ്പനായതിനാല്‍ ചുവന്ന പട്ട് കൊണ്ടുള്ള ഇരുമുടി വൈഷ്ണവനും രവിവര്‍മ്മക്കും വാങ്ങണം.മറ്റുള്ളവര്‍ക്കെല്ലാം വെള്ള തോര്‍ത്ത് കൊണ്ടുള്ള ഇരുമുടി മതി.പിന്‍മുടിയില്‍ വയ്ക്കേണ്ട ആഹാരസാധങ്ങളും, അവ പാകം ചെയ്യാനുള്ള പാത്രവും, പിന്നെ കിടക്കാനുള്ള പായും, കരിമ്പടവുമെല്ലാം ബ്രഹ്മദത്തന്‍ വാങ്ങി വരും.മുന്‍മുടിയില്‍ വയ്ക്കേണ്ട സാധങ്ങള്‍ മാത്രം രവിവര്‍മ്മ വാങ്ങിയാല്‍ മതി.
"എന്തെല്ലാം സാധനങ്ങള്‍ വാങ്ങണം?" രവിവര്‍മ്മ ലിസ്റ്റെടുക്കാന്‍ തയ്യാറായി.
വെറ്റില, അടയ്‌ക്ക, നാളികേരം, നെയ്‌ത്തേങ്ങ...
"നെയ്ത്തേങ്ങയോ?" രവിവര്‍മ്മക്ക് അത്ഭുതം.
"നെയ്യ് വാങ്ങിയാല്‍ മതി, തേങ്ങ തുരന്ന് അതില്‍ നെയ് നിറച്ച് അടയ്ക്കുന്നതാണ് നെയ്ത്തേങ്ങ"
തിരുമേനി വിശദീകരിച്ച് കൊടുത്തു, തുടര്‍ന്ന് മറ്റ് സാധനങ്ങളുടെ ലിസ്റ്റും പറഞ്ഞു..
നാണയം, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, അവില്‍, മലര്‍, കല്‍ക്കണ്ടം, ഉണക്കമുന്തിരി, തേന്‍, പനിനീര്, കദളിപ്പഴം, വറപൊടി, ഉണക്കലരി, കുരുമുളക്, കാലിപ്പുകയില..
"പണ്ടായിരുന്നേല്‍ കഞ്ചാവ് പൊതിയും കരുതുമായിരുന്നു"
തിരുമേനിയുടെ ഈ വാചകങ്ങള്‍ രവിവര്‍മ്മക്ക് അതിശയമുണര്‍ത്തി, അവന്‍ ചോദിച്ചു:
"എന്തിനാ കഞ്ചാവ്, പോന്ന വഴിയില്‍ വലിക്കാനാണൊ?"
"അയ്യോ അല്ല, കറുപ്പുസ്വാമിക്കും കടുത്തസ്വാമിക്കുമുള്ള വഴിപാടാ"
"ബെസ്റ്റ്"
രവിവര്‍മ്മ മനസില്‍ പിറുപിറുത്തു.
സാധനങ്ങളുടെ ലിസ്റ്റുമായി രവിവര്‍മ്മയും വൈഷ്ണവനും ഓച്ചിറക്ക് യാത്രയായി.വാമദേവന്‍ തിരുമേനിയും വിഷ്ണുദത്തനും തങ്ങളുടെ ജോലിയില്‍ വ്യാപൃതരായി.പിന്നെയും ഏറെ സമയം കഴിഞ്ഞാണ് ബ്രഹ്മദത്തനും മുസ്തഫയും തിരികെയെത്തിയത്.വന്നപാടെ അവര്‍ വാങ്ങി വന്ന സാധനങ്ങള്‍ വേര്‍തിരിച്ച് വച്ചു.വൈഷ്ണവനും രവിവര്‍മ്മയും ദേഹശുദ്ധി വരുത്തിയ ശേഷമാണ് ഓച്ചിറയിലേക്ക് യാത്രയായതെന്ന അറിഞ്ഞതോടെ മറ്റുള്ളവരും ശബരിമല യാത്രക്ക് തയ്യാറാവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
സമയം സന്ധ്യ ആവാറായി...
വാമദേവന്‍ നമ്പൂതിരിയും, വിഷ്ണുദത്തനും, ബ്രഹ്മദത്തനും, മുസ്തഫയുമെല്ലാം ദേഹശുദ്ധി വരുത്തി തയ്യാറായി, പക്ഷേ..
രവിവര്‍മ്മയും വൈഷ്ണവനും അപ്പോഴും തിരികെ വന്നില്ലായിരുന്നു..