സമയം വൈകുന്നേരമാകുന്നു..
വെയിലിനു തീഷ്ണതയും കുറഞ്ഞു...
സ്വാമിമാര്‍ വിശ്രമിച്ചിരുന്ന ആല്‍ത്തറയില്‍ നിന്നും ശരണം വിളികളുയര്‍ന്നു..
"കുളത്തൂപ്പുഴ ബാലനേ....ശരണമയ്യപ്പാ
അച്ചങ്കോവിലരശേ.....ശരണമയ്യപ്പാ
ആര്യങ്കാവിലയ്യനേ...ശരണമയ്യപ്പാ
അരവണപ്രിയനേ....ശരണമയ്യപ്പാ
പമ്പാവാസനേ.....ശരണമയ്യപ്പാ
പന്തളരാജനേ.....ശരണമയ്യപ്പാ
വീരമണികണ്ഠനേ....ശരണമയ്യപ്പാ
വില്ലാളിവീരനേ....ശരണമയ്യപ്പാ"
ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ആ സംഘം യാത്ര ആരംഭിച്ചു..
ഇപ്പോള്‍ അവരുടെ മുന്നിലെ ലക്ഷ്‌യം ആറന്‍മുള പാര്‍ത്ഥസാരഥിക്ഷേത്രമായിരുന്നു!!
ശരണം വിളികളുമായി നീങ്ങുമ്പോഴും ദേവനാരായണന്‍റെ മനസില്‍ ഒരു തീരുമാനം ഉണ്ടായിരുന്നു.അത് അദ്ദേഹം വാമദേവന്‍ നമ്പൂതിരിയോട് തുറന്ന് പറഞ്ഞു:
"രവിവര്‍മ്മ അയ്യപ്പസ്വാമിയെ കുറിച്ച് അറിഞ്ഞേ തീരു"
"അതേ, പക്ഷേ എങ്ങനെ?"
"രവിവര്‍മ്മ നിര്‍ത്തിയടത്ത് നമ്മള്‍ തുടരണം"
നിര്‍ത്തിയടത്ത് നിന്ന് തുടരുകയോ??
വാമദേവന്‍ നമ്പൂതിരിക്ക് അമ്പരപ്പ്.
"അതേ, നിര്‍ത്തിയടത്ത് തന്നെ, സ്വാമി ശരണത്തില്‍ നിന്ന്"
ദേവനാരായണന്‍ അതിനായി തുനിഞ്ഞിറങ്ങി..
"അയ്യപ്പസ്വാമിയെ കുറിച്ച് രവിവര്‍മ്മയുടെ അഭിപ്രായമെന്താ?"
ദേവനാരായണന്‍റെ ചോദ്യത്തിനു ഒറ്റവാക്കിലായിരുന്നു രവിവര്‍മ്മയുടെ മറുപടി:
"വിവിധ വിശ്വാസങ്ങളില്‍ ആരാധിക്കപ്പെടുന്ന ഏകരൂപം"
"ഇതില്‍ നിന്ന് രവിവര്‍മ്മക്ക് എന്ത് മനസിലായി?"
അതിനു മറുപടി ഒരു തര്‍ക്കുത്തരമായിരുന്നു:
"അയ്യപ്പന്‍ ഒരു വലിയ ബിസനസ്സ്‌കാരനാണെന്നും, അദ്ദേഹം പണിഞ്ഞതാണ് ശബരിമലയെന്നും ഞാന്‍ പ്രചരിപ്പിച്ചാല്‍, നാളെ അതും ഒരു വിശ്വാസമാകും"
ങ്ങേ!!
ദേവനാരായണന്‍ ഞെട്ടിപോയി.
ആ മഹാമാന്ത്രികന്‍ അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല.ആദ്യത്തെ ഞെട്ടലില്‍ നിന്നും വിമുക്തനായപ്പോള്‍ അദ്ദേഹം പറഞ്ഞു:
"വിശ്വാസങ്ങള്‍ക്ക് അതീതമാണ് ചില സത്യങ്ങള്‍.`ബുദ്ധംശരണം ഗച്ഛാമി' എന്നു തുടങ്ങുന്ന ശരണത്രയിയെ അനുസ്‌മരിക്കുന്ന ശരണംവിളി തന്നെയാണ് 'സ്വാമി ശരണം' എന്ന വിശ്വാസത്തില്‍ പോലും പൊരുത്തക്കേടുണ്ട്"
"അതെന്താ?" രവിവര്‍മ്മക്ക് ആകാംക്ഷ.
അതിനു മറുപടിയായി അദ്ദേഹം ഒരു ശ്ലോകം ചൊല്ലി കേള്‍പ്പിച്ചു..
"സ്വാ കാരോച്ചാര മാത്രേണ
സ്വാകാരം ദീപ്യതേ മുഖേ
മകാരാന്ത ശിവം പ്രോക്തം
ഇകാരം ശക്തി രൂപ്യതേ
ശം ബീജം ശത്രുസംഹാരം
രേഷം ജ്ഞാനാഗ്‌നനി വാചകം
ണകാരം സിദ്ധിതം ശാന്തം
മുദ്രാ വിനയ സാധനം."
"എന്ന് വച്ചാല്‍??"
ആ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു..
സ്വാമി ശരണത്തിലെ `സ്വാ' എന്ന പദം ഉച്ചരിക്കുന്ന സമയത്ത് പരബ്രഹ്മത്താല്‍ തിളങ്ങുന്ന ആത്മബോധം സ്വാമിമാരുടെ മുഖത്തു പ്രതിഫലിക്കണം.'മി'എന്നത് ശിവശക്തി സങ്കല്‍പ്പമാണ്.ശിവനെ സൂചിപ്പിക്കുന്ന 'മ'യും, ശക്തിയെ സൂചിപ്പിക്കുന്ന 'ഇ'യും ചേര്‍ന്നതാണ് 'മി'.അതായത് 'സ്വാമി' എന്നത് ജീവാത്മാവിന്‍റെയും പരമാത്മാവിന്‍റെയും ഒരുമയെ സൂചിപ്പിക്കുന്നു.
ശരണം എന്ന വാക്കിലെ ആദ്യാക്ഷരമായ `ശ' ഉച്ചാരണ മാത്രയില്‍ തന്നെ ശത്രുവിനെ നിഗ്രഹിക്കുന്നു. അഗ്നിയെ ജ്വലിപ്പിക്കുന്ന `ര' എന്ന വാക്ക് ജ്ഞാനത്തെ പ്രതിനിധീകരിക്കുന്നു. `ണം' ശബ്ദം ഇതിനെല്ലാറ്റിനും ദൈവീകത കൈവരുത്തി ശാന്തി നല്‍കുന്നു.
അദ്ദേഹം വിശദീകരണം പൂര്‍ത്തിയാക്കി.
ശരണംവിളികളുമായി ആ സംഘം ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തി...
ഭഗവത് സന്നിധിയില്‍ കാലുകുത്തിയ നിമിഷം ദേവനാരായണന്‍ വാമദേവന്‍ നമ്പൂതിരിയോട് പറഞ്ഞു:
"ഇനി രവിവര്‍മ്മക്ക് സമീപം നമ്മള്‍ ഇരുവരും വേണം"
ആ വാചകം ഒരു സൂചനയായിരുന്നു..
സംഭവിക്കാന്‍ പോകുന്ന മഹാവിപത്തുകളെ തരണം ചെയ്യാനുള്ള സൂചന..