രവിവര്‍മ്മ ശബരിമലക്ക് പോകണം!!
ഈ തീരുമാനം ഒരു വ്യക്തിയുടെത് ആയിരുന്നില്ല, ബ്രഹ്മദത്തന്‍റെ തറവാടായ വരിക്കാത്ത് ഇല്ലത്തെ എല്ലാ അംഗങ്ങളുടെതുമായിരുന്നു.രവിവര്‍മ്മക്ക് പോകുന്നതില്‍ മടിയില്ല, പക്ഷേ നടന്ന് പോകുന്നതാണ് സഹിക്കാന്‍ കഴിയാത്തത്.ഉദയനെല്ലൂരില്‍ നിന്ന് ശബരിമല വരെ എത്തണമെങ്കില്‍ കുറഞ്ഞത് ഏഴ് ദിവസം വേണം.
അതായത് ആറ് രാത്രികള്‍!!
എവിടെ അന്തിയുറങ്ങും??
അതോ രാത്രിയിലും നടക്കേണമോ??
രവിവര്‍മ്മയുടെ സംശയങ്ങള്‍ ഇങ്ങനെ നീങ്ങുന്നു..
രവിയുടെ മനസിലെ ആകുലത വാമദേവന്‍ നമ്പൂതിരിക്ക് വേഗം മനസിലായി.
അദ്ദേഹം പറഞ്ഞു:
"ഉണ്ണി വിഷമിക്കേണ്ട, നിരവധി ഇടത്താവളങ്ങളുണ്ട്"
"ഇടത്താവളങ്ങളോ, എന്ന് വച്ചാല്‍ എന്താ?" വൈഷ്ണവന്‍റെ സംശയം.
ഹോട്ടല്‍ എന്നോ, സത്രം എന്നോ ആയിരുന്നു പറഞ്ഞതെങ്കില്‍ ആ പത്ത് വയസ്സുകാരനു മനസിലായേഞ്ഞേ, പക്ഷേ ശബരിമല തീര്‍ത്താടകര്‍ക്ക് ഇടത്താവളം എന്ന് കേട്ടപ്പോള്‍ അത് എന്താണെന്ന് ഒരു സംശയം തോന്നിയത് സ്വാഭാവികം.വൈഷ്ണവനു മനസിലാകാനായി ഇടത്താവളങ്ങള്‍ എന്തെന്ന് തിരുമേനി വിശദീകരിച്ച് കൊടുത്തു:
"ശബരിമല യാത്രക്ക് പോകുന്ന അയ്യപ്പന്‍മാര്‍ വിശ്രമിക്കാനും, വിരിവയ്ക്കാനും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളാണ് ഇടത്താവളങ്ങള്‍.പണ്ട് മല കയറിയിരുന്ന അയ്യപ്പന്‍മാര്‍ തങ്ങളുടെ യാത്രാവീഥിയിലുള്ള പ്രധാന ക്ഷേത്രങ്ങളായിരുന്നു ഇടത്താവളങ്ങളായി തിരഞ്ഞെടുത്തിരുന്നത്"
"ആ ക്ഷേത്രങ്ങള്‍ ഏതെല്ലാമാ അങ്കിളേ?" പയ്യന് സംശയം തീരുന്നില്ല.
വൈഷ്ണവന്‍റെ ചോദ്യത്തെ മാനിച്ച് കൊണ്ട്, പണ്ട് കാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ ഇടത്താവളങ്ങളായി സ്വീകരിച്ചിരുന്ന പ്രധാന ക്ഷേത്രങ്ങളെ കുറിച്ച് തിരുമേനി ലഘുവായി വിവരിച്ചു..
തിരുനക്കര മഹാദേവര്‍ ക്ഷേത്രം..
കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്ന്, കോട്ടയം ജില്ലയില്‍ സ്ഥിതി ചെയ്യുന്നു.നാല്‍പ്പത്തി ഒന്ന് ദിവസത്തെ ചിറപ്പ് മഹോത്സവത്തോടെയാണ് ഇവിടെ മണ്ഡലകാലം ആഘോഷിക്കുന്നത്.
നിലയ്‌ക്കല്‍ മഹാദേവ ക്ഷേത്രം..
ശബരിമലയ്‌ക്ക് സമീപമുള്ള ക്ഷേത്രമാണ് നിലയ്‌ക്കല്‍ ക്ഷേത്രം. മഹാദേവ ക്ഷേത്രവും പള്ളിയറക്കാവ് ദേവീക്ഷേത്രവും ഇവിടെയുണ്ട്.
വൈക്കം ക്ഷേത്രം..
ധര്‍മശാസ്‌താവിനെ ദര്‍ശിക്കാന്‍ പുറപ്പെടുന്നതിനു മുമ്പായി വൈക്കത്തപ്പനെ കണ്ട് വണങ്ങുന്നത് മഹത്തരമാണ്, അന്നേ ദിവസംതന്നെ കടുത്തുരുത്തി മഹാദേവ ക്ഷേത്രത്തിലും ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലും ദര്‍ശനം നടത്തുന്നത് കൈലാസദര്‍ശനത്തിനു തുല്യമാണെന്നാണ് പറയപ്പെടുന്നത്.
പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്‌താക്ഷേത്രം..
അയ്യപ്പന്‍ വളര്‍ന്ന കൊട്ടാരത്തോടു ചേര്‍ന്നുള്ള ധര്‍മ്മശാസ്താക്ഷേത്രമാണിത്. മകരസംക്രമ ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം സൂക്ഷിക്കുന്നതും ക്ഷേത്രത്തോടു ചേര്‍ന്നുള്ള കൊട്ടാരത്തിലാണ്.
കടപ്പാട്ടൂര്‍ ക്ഷേത്രം..
വിരി വെക്കുന്നതിനും വിശ്രമിക്കുന്നതിനും വിശാലമായ ക്ഷേത്രവളപ്പും കെട്ടിടങ്ങളും ഉള്ള ഈ ക്ഷേത്ര സമീപത്തുകൂടിയാണ് മീനച്ചലാറ് ഒഴുകുന്നത്.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം..
പാര്‍ത്ഥന്‍റെ തേരാളിയായ കൃഷ്ണന്‍റെയാണ് പ്രതിഷ്‌ഠ. ഭരതയുദ്ധത്തില്‍ ഭീഷ്‌മര്‍ അര്‍ജുനനെ നിഗ്രഹിച്ചേക്കും എന്ന സംശയംതോന്നിയ ശ്രീകൃഷ്‌ണന്‍ കോപിക്കുകയും അതിലൂടെ പ്രത്യക്ഷീകരിച്ച വിശ്വരൂപ നിലയുമാണ് ആറന്മുളയിലെ ഈ ചതുര്‍ബാഹു പ്രതിഷ്‌ഠ.
ഇത്രയും വിശദീകരിച്ച ശേഷം തിരുമേനി പറഞ്ഞു:
"നമ്മുടെ ദേശത്തില്‍ നിന്ന് നടന്നു പോകുന്നവര്‍ രണ്ടാമത്തെ രാത്രി തങ്ങുന്നത് ഈ ആറന്‍മുള ക്ഷേത്രത്തിലാണ്"
അദ്ദേഹത്തിന്‍റെ വാക്കുകള്‍ ശരി വച്ച് കൊണ്ട് അകലെയെവിടെയോ ഒരു കോഴി കൂവി.
ഈശ്വരാ, അത് കാലന്‍കോഴിയുടെ ശബ്ദമല്ലേ??
ആറന്‍മുള ക്ഷേത്രത്തിലെ രണ്ടാമത്തെ രാത്രിക്ക് ശേഷം, രവിവര്‍മ്മയെ ബാധിക്കാന്‍ സാധ്യതയുള്ള ആ വലിയ വിപത്തിന്‍റെ മുന്നോടിയായ ശബ്ദം.
അതേ, അതു തന്നെ..
തിരുമേനിയുടെ നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു..