For reading malayalam..

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.
കലിയുഗ വരദന്‍ പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ..

അദ്ധ്യായം 43 - കല്ലിടാം കുന്നില്‍



എല്ലാവരും പരിഭ്രമിച്ച് പോയിരുന്നു.
രവിവര്‍മ്മ പൊതുവേ ഊര്‍ജ്ജസ്വലനാണ്, മാത്രമല്ല നല്ലൊരു കായികതാരവുമാണ്.അങ്ങനെയുള്ള യുവാവ് തലകറങ്ങുന്നു എന്ന് പറഞ്ഞ് ഇരുന്നത് മാത്രമായിരുന്നില്ല ആ പരിഭ്രമത്തിനു കാരണം.ഏത് നിമിഷവും, ഏതു രൂപത്തിലും രവിവര്‍മ്മയെ ബാധിക്കാന്‍ സാധ്യതയുള്ള അപകടത്തിന്‍റെ സൂചനയാണോ ആ തലകറക്കം എന്നുള്ള ചിന്തയാണ്‌ എല്ലാവരെയും ഏറെ പേടിപ്പെടുത്തിയത്.
"ഇപ്പോള്‍ എങ്ങനുണ്ട് സ്വാമി?" ചോദ്യം തിരുമേനിയുടെ വകയായിരുന്നു.
"ആശ്വാസമുണ്ട്" രവിവര്‍മ്മയുടെ മറുപടി.
തിരുവാഭരണഘോഷയാത്രയെ പറ്റിയുള്ള വിവരണം കേട്ട് കൊണ്ടിരിക്കെ, വരാന്‍ പോകുന്ന അപകടത്തെ കുറിച്ച് ഗഹനമായി ചിന്തിച്ചതിന്‍റെ അനന്തര ഫലമായിരുന്നു ആ തലകറക്കം.
എന്ത് തന്നെയായാലും അല്പം നേരം കൂടി വിശ്രമിക്കാന്‍ എല്ലാവരും തീരുമാനിച്ചു.

"അല്ല സ്വാമി, പന്തളം ക്ഷേത്രത്തില്‍ തിരുവാഭരണം ചാര്‍ത്തുമോ?"
ശബരിമലയിലെ തിരുവാഭരണ ചാര്‍ത്ത് കൂടാതെ, പന്തളത്തും ഇതേ ചടങ്ങുണ്ടോ എന്ന് അറിയാനുള്ള വിഷ്ണുദത്തന്‍റെ ആഗ്രഹമായിരുന്നു ഈ ചോദ്യത്തിനു പിന്നില്‍..
ആ വിശ്രമവേളയില്‍ വെറുതെ ഒരു നേരമ്പോക്കിനു ചോദിച്ച ചോദ്യം..
"ചാര്‍ത്തും, വിഷുവിനും, അയ്യന്‍െറ ജന്മനാളായ ഉത്രത്തിനുമാണ്‌ പന്തളത്ത്‌ ഇവ വിഗ്രഹത്തില്‍ ചാര്‍ത്തുക.."
ഒന്ന് നിര്‍ത്തിയട്ട് ദേവനാരായണന്‍ തുടര്‍ന്നു:
"ശബരിമല സന്നിധാനത്തിനും, പന്തളം ക്ഷേത്രത്തിനും പുറമേ ഒരിടത്ത് കൂടി തിരുവാഭരണം ചാര്‍ത്താറുണ്ട്"
"അതെവിടെ?" ബ്രഹ്മദത്തനു അത്ഭുതം.
"അത് റാന്നി പെരുനാട്‌ ക്ഷേത്രത്തിലാണ്.തിരുവാഭരണ ഘോഷയാത്രയുടെ മടക്കവഴിയില്‍ മകരം എട്ടിനാണ്‌ ഇവിടെ ആഭരണം ചാര്‍ത്തിയുള്ള ഉത്സവം"
ദേവനാരായണന്‍ വിശദീകരണം നിര്‍ത്തി.
അപ്പോഴേക്കും രവിവര്‍മ്മയുടെ ക്ഷീണം മാറിയിരുന്നു.ഭഗവാനെ മനസാല്‍ തൊഴുതു കൊണ്ട് അവര്‍ വീണ്ടും അഴുതമേട് കയറാന്‍ തുടങ്ങി..

ആ യാത്രയില്‍ തിരുവാഭരണഘോഷയാത്രയുടെ രണ്ടാം ദിനത്തെ കുറിച്ച് വിശദീകരിക്കന്‍ തുടങ്ങിയ ദേവനാരായണനോട് വാമദേവന്‍ നമ്പൂതിരി പറഞ്ഞു:
"സ്വാമി ഒരു സംശയമുണ്ട്"
"എന്തേ?"
"തിരുവാഭരണങ്ങള്‍ മൂന്നു പേടകങ്ങളിലായാണ്‌ കൊണ്ടുപോകുന്നതെന്ന് അറിയാം.എന്നാല്‍ വിശദമായി അറിയില്ല..."
ദേവനാരായണനു ആ സംശയം മനസിലായി..
മൂന്നു പേടകങ്ങളെ കുറിച്ചുള്ള വിശദീകരണമാണ്‌ തിരുമേനി ആഗ്രഹിക്കുന്നത്..
ആ വിശദീകരണം നല്‍കുന്നതിനു ആ മാന്ത്രികനു സന്തോഷമേ ഉണ്ടായിരുന്നുള്ളു..
അതിനാല്‍ അദ്ദേഹം ഇങ്ങനെ വിവരിച്ചു..

തിരുവാഭരണങ്ങള്‍ മൂന്നു പേടകങ്ങളില്‍ നിറച്ചാണ്‌ കൊണ്ടുപോകുന്നത്‌!!
ആദ്യത്തെ തിരുവാഭരണപ്പെട്ടിക്ക് ഗോപുരാകൃതിയാണ്..
തിരുമുഖം, പ്രഭ, പ്രഭാസത്യകമാര്‍, രണ്ടു സ്വര്‍ണവാളുകള്‍, രണ്ടു സ്വര്‍ണ ആനകള്‍, സ്വര്‍ണപ്പുലി, അരമണി, ശരപ്പൊളിമാല, എരിക്കിന്‍പൂമാല, മണികണ്‌ഠമാല, വില്ലുതളമാല, നവരത്‌നനമോതിരം തുടങ്ങിയ ആഭരണങ്ങള്‍ ഈ പെട്ടിയില്‍ നിറയ്‌ക്കുന്നു.
രണ്ടാമത്തെത് സമചതുരാകൃതിയിലുള്ള വെള്ളിപ്പെട്ടിയാണ്.തങ്കക്കുടം, പൂജാപാത്രങ്ങള്‍ തുടങ്ങിയവ ഇതാലാണ്‌ സൂക്ഷിക്കുക.മാളികപ്പുറത്തേക്കുള്ള കൊടികളും നെറ്റിപ്പട്ടവും മറ്റും നിറക്കുന്നത് ദീര്‍ഘചതുരാകൃതിയിലുള്ള കൊടിപ്പെട്ടിയിലാണ്‌.

ഇപ്പോള്‍ വാമദേവന്‍ നമ്പൂതിരിയുടെ സംശയം മാറിയിരിക്കുന്നു.ഇനി അദ്ദേഹത്തിനു തിരുവാഭരണഘോഷയാത്രയുടെ ബാക്കി അറിയേണമെന്നാണ്‌ ആഗ്രഹം.
അത് മനസിലാക്കിയ ദേവനാരായണന്‍ രണ്ടാം ദിവസത്തെ ചടങ്ങുകളെ കുറിച്ച് വിശദീകരിച്ചു..

രണ്ടാം നാള്‍..
ധനുമാസം ഇരുപത്തി ഒമ്പത്..
അന്ന് പുലര്‍ച്ചെ രണ്ടരമണിയോട് കൂടി തിരുവാഭരണഘോഷയാത്ര ആരംഭിക്കും.ആദ്യം ഇടപ്പാവൂര്‍ ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും, തുടര്‍ന്ന് വഞ്ചിയില്‍ പമ്പയാര്‍ കുറുകെ കടന്ന് ആഴിക്കല്‍ കുന്നുപാറപ്പുറത്തെ സ്വീകരണത്തില്‍ പങ്ക് കൊള്ളുകയും ചെയ്യുന്നു.അവിടുന്നു വടശ്ശേരിക്കരയില്‍ എത്തുന്ന തമ്പുരാന്‍, ചെറുകാവ് ദേവിക്ഷേത്രത്തില്‍ നിന്ന് താലപ്പൊലി സ്വീകരിച്ച്, ഭക്തജനങ്ങള്‍ക്ക് ഭസ്മം നല്‍കി അനുഗ്രഹിക്കുന്നു.
പത്തുമണിക്ക് വീണ്ടും യാത്ര തുടരുന്നു..
മാടമണ്‍ ക്ഷേത്രം വഴി മടത്തും മുഴിക്കടവ് എത്തുകയും, തുടര്‍ന്ന് പമ്പ കുറുകെ കടന്ന് പെരുനാട് ക്ഷേത്രത്തില്‍ എത്തുകയും ചെയ്യുന്നു.
ഇവിടെ ആഹാരം കഴിച്ച് ആ സംഘം വിശ്രമിക്കുന്നു.

മൂന്ന് മണിക്ക് ശേഷം വീണ്ടും യാത്ര..
ഈ യാത്രയില്‍ ചെട്ടിയാരുടെ പ്രാര്‍ത്ഥനാലയത്തിലെ സ്വീകരണം, പൂജ, നിവേദ്യം തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം, ചെമ്മണ്ണുകയറ്റം തുടങ്ങുന്ന സ്ഥലത്ത് വച്ച് വേലന്‍ ഉറഞ്ഞ് തുള്ളി ഈ സംഘത്തെ സ്വീകരിക്കും.അതിനു ശേഷം ളാഹാ തോട്ടത്തിലെ ഭക്തജനങ്ങളുടെ സ്വീകരണവും, തുടര്‍ന്ന് ളാഹാ വനം വകുപ്പിന്‍റെ ഓഫീസില്‍ വിശ്രമവും.
അങ്ങനെ രണ്ടാം ദിവസത്തെ യാത്ര അവസാനിക്കും.

ഇങ്ങനെ തിരുവാഭരണഘോഷയാത്രയെ കുറിച്ച് വിശദീകരിച്ചിരിക്കവേ അവര്‍ കല്ലിടാം കുന്നിലെത്തി.യാത്രാവിവരണം നിര്‍ത്തിയട്ട് ദേവനാരായണന്‍ എല്ലാവരോടുമായി പറഞ്ഞു:
"ഇതാണ്‌ കല്ലിടാം കുന്ന്, മഹിഷിനിഗ്രഹത്തിനു ശേഷം മണികണ്ഠന്‍ വലിച്ചെറിഞ്ഞ മഹിഷിയുടെ ജഡം വന്ന് വീണത് ഇവിടെയാണ്"
അതിനെ തുടര്‍ന്ന് ആ ദേശത്തിനു കല്ലിടാംകുന്നെന്ന് പേരു വരാനുള്ള കാരണവും അദ്ദേഹം വിവരിച്ചു..
മഹിഷിയുടെ ജഡം തുറസ്സായ സ്ഥലത്ത് കിടന്നാല്‍ അത് വളര്‍ന്ന് സൂര്യചന്ദ്രന്‍മാരുടെ ഗതിനിലക്കും എന്ന് മഹാവിഷ്ണുവിന്‍റെ മുന്നറിയിപ്പിനെ മാനിച്ച്, ജഡത്തിനു മുകളില്‍ കല്ലിട്ടാണ്‌ മണികണ്ഠന്‍ മുന്നോട്ട് നീങ്ങിയത്.
"അതിനാലാണോ അയ്യപ്പഭക്തന്‍മാര്‍ ഇവിടെ കല്ലിടുന്നത്? രവിവര്‍മ്മക്ക് അത്ഭുതം.
"അതേ, അതാണ്‌ കാരണം" ദേവനാരായണന്‍ തറപ്പിച്ച് പറഞ്ഞു.

തുടര്‍ന്ന് ആ സംഘം യാത്ര ആരംഭിച്ചു..
ഇഞ്ചിപ്പാറക്കോട്ട ലക്ഷ്‌യമാക്കിയുള്ള യാത്ര..

കൂടുതല്‍ അയ്യപ്പചരിതങ്ങള്‍ അറിയുന്നതിനു ദയവായി ഇവിടെ ക്ലിക്കുക

കടപ്പാട്: ഗൂഗിള്‍, വിക്കിപീഡീയ, മാതൃഭൂമി ഹരിവരാസനം, മലയാളമനോരമ ശബരിമല സ്പെഷ്യല്‍, ദാറ്റ്സ് മലയാളം, വെബ് ലോകം, സമ്പൂര്‍ണ്ണഹോരാശാസ്ത്രം, നവഗ്രഹഫലങ്ങള്‍, പുരാണിക് എന്‍സൈക്ലോപീഡിയ, പിന്നെ പേരറിയാത്ത ചില ഗ്രന്‌ഥങ്ങളോടും.അതോടൊപ്പം വിവിധ മാധ്യമങ്ങളില്‍ ശബരിമലയെയും അനുഷ്ഠാനങ്ങളെയും കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതിയ അപരിചിതരായ കൂട്ടുകാര്‍ക്കും, ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കിത്തന്ന പ്രിയ സുഹൃത്തിനും, ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും, നന്ദി.അയ്യപ്പസ്വാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
അരുണ്‍ കായംകുളം

© Copyright
All rights reserved
Creative Commons License
Kaliyuga Varadan by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com