അയ്യപ്പന്‍ കഞ്ഞി..
ശബരിമല യാത്രക്ക് തയ്യാറാവുന്ന അയ്യപ്പന്‍, യാത്ര പുറപ്പെടുന്നതിനു മുമ്പ്, വീട്ടിലെത്തുന്നവര്‍ക്ക് കഞ്ഞി വച്ച് നല്‍കുന്ന ചടങ്ങ്.കന്നി അയ്യപ്പന്‍മാര്‍ ശബരിമലയാത്രക്ക് മുമ്പ് തീര്‍ച്ചയായും ചെയ്യേണ്ട ചടങ്ങാണെന്ന് പഴമക്കാര്‍ പറയുന്നു.ആഴീപൂജക്ക് അവസരമില്ലെങ്കിലും, വൈഷ്ണവന്‍റെ ശബരിമല തീര്‍ത്ഥാടനത്തിനു മുമ്പ് അയ്യപ്പന്‍ കഞ്ഞിയെങ്കിലും നടത്തേണമെന്ന് ദേവദത്തനു ഒരേ വാശി.അച്ഛന്‍റെ ആഗ്രഹം കണക്കിലെടുത്ത്, ബ്രഹ്മദത്തന്‍ നാട്ടുകാര്‍ക്ക് അയ്യപ്പന്‍ കഞ്ഞി നടത്തി.
"അയ്യപ്പന്‍ കഞ്ഞി പോലെ രസകരമായ വേറെയും ആചാരങ്ങളുണ്ടോ അമ്മാവാ?"
രവിവര്‍മ്മയുടെ ചോദ്യം ദേവദത്തനോടാണ്.
"ഉണ്ട് സ്വാമി, അയ്യപ്പന്‍ വിളക്ക്, അയ്യപ്പന്‍ പാട്ട് അങ്ങനെ ഒരുപാട് ആചാരങ്ങള്‍"
ദേവദത്തന്‍റെ മറുപടിയോടൊപ്പം സ്വാമി എന്നുള്ള വിളി രവിവര്‍മ്മക്ക് അരോചകമായി തോന്നി.അച്ഛന്‍റെ പ്രായമുള്ള ദേവദത്തന്‍, തന്നെ സ്വാമി എന്നു വിളിച്ചതിലെ നീരസം രവിവര്‍മ്മ മറച്ച് വച്ചില്ല:
"അമ്മാവാ ഞാന്‍ സ്വാമിയല്ല, എനിക്കത്ര പ്രായമില്ല"
അത് കേട്ടതും ചിരിച്ച് കൊണ്ട് ദേവദത്തന്‍ പറഞ്ഞു:
"മാലയിട്ടാല്‍ എല്ലാവരും സ്വാമിയാ, സാക്ഷാല്‍ അയ്യപ്പ സ്വാമി"
ഓ, എന്ന്..
രവിവര്‍മ്മക്ക് അതൊരു പുതിയ അറിവായിരുന്നു.
"അയ്യപ്പന്‍ വിളക്ക് എന്നാലെന്താ?" മുസ്തഫയുടെ ചോദ്യം.
ദേവദത്തന്‍ അയ്യപ്പന്‍ വിളക്കിനെ കുറിച്ച് വിശദീകരിച്ചു..
പഴമക്കാര്‍ ശബരിമല യാത്രക്ക് പോകുമ്പോള്‍ നടത്തിയിരുന്ന ഒരു ചടങ്ങാണ് അയ്യപ്പന്‍ വിളക്ക്.മണ്ഡലമാസാരംഭത്തോടെ വ്രതം ആരംഭിച്ച് വേണം ഇത് നടത്താന്‍.അമ്പലങ്ങള്‍ തീര്‍ത്താണ് വിളക്കു നടത്തുക. സാധാരണയായി അഞ്ചമ്പലങ്ങളാണ് ഇതിനു വേണ്ടിവരിക.പാളയന്‍കോടന്‍ വാഴയുടെ പിണ്ടിയാണ് അമ്പലം തീര്‍ക്കാന്‍ ഉപയോഗിക്കുക. അഞ്ചമ്പലത്തിന് നാല്‌പത്തിയൊന്ന് വാഴപ്പിണ്ടികള്‍ വേണം. കുരുത്തോലയാണ് അലങ്കാരത്തിന് വേണ്ടത്. ഇതിന് നാല്‌പത്തിയൊന്ന് കുരുത്തോലവേണം.
ഇത്രയും പറഞ്ഞ ശേഷം ദേവദത്തന്‍ എല്ലാവരോടുമായി ചോദിച്ചു:
"കദളിവെട്ട് എന്ന് കേട്ടിട്ടുണ്ടോ?"
"ഇല്ല"
ഈ കുരുത്തോല അലങ്കാരത്തിനാണത്രേ കദളിവെട്ടെന്ന് പറയുന്നത്!!
"വെരി വെരി ഇന്‍ട്രസ്റ്റിംഗ്"
രവിവര്‍മ്മ പിറുപിറുത്തു.
ഈ അഞ്ച് അമ്പലങ്ങളില്‍, മധ്യഭാഗത്തായി അയ്യപ്പനേയും, ഇടതുഭാഗത്തായി മാളികപ്പുറത്തമ്മയേയും വലതുഭാഗത്തായി വാവരുസ്വാമിയേയും പ്രതിഷ്‌ഠിക്കും. കരിമല, കൊച്ചു കടുത്ത സ്വാമി എന്നിവരെ മറ്റ് രണ്ട് അമ്പലങ്ങളിലുമായി പ്രതിഷ്ഠിക്കും.അയ്യപ്പന്‍െറ അമ്പലം ക്ഷേത്രമാതൃകയില്‍തന്നെയായിരിക്കും. വിഗ്രഹങ്ങളോ, ഫോട്ടോകളോ ആയിരിക്കും അമ്പലങ്ങളിലെ പ്രതിഷ്‌ഠ. ഇരുപത്തിയൊന്ന് മാലവിളക്കുകളും പതിമൂന്ന് നിലവിളക്കുകളും ആണ് അമ്പലത്തില്‍ വേണ്ടത്. വൈകീട്ട് അഞ്ചരമുതല്‍ പിറ്റേന്ന് പുലരുംവരെയുള്ള സമയത്താണ് വിളക്ക് നടത്തുക.
ഇങ്ങനെ ദേവദത്തന്‍ അയ്യപ്പ വിളക്കിനെ കുറിച്ച് വിശദീകരിച്ചിരിക്കേ, ബ്രഹ്മദത്തന്‍ അവിടേക്ക് കടന്നു വന്നു.അച്ഛനേയും, അച്ഛന്‍റെയൊപ്പമിരുന്ന കഥ കേള്‍ക്കുന്നവരെയും മറികടന്ന് അയാള്‍ വാമദേവന്‍ തിരുമേനിയുടെ അടുത്ത് ചെന്നു..
തിരുമേനിയുടെ മുഖത്ത് എന്തോ ഒരു ആശയകുഴപ്പം പോലെ!!
"എന്ത് പറ്റി സ്വാമി?"
ആ ചോദ്യം കേട്ടതും ബ്രഹ്മദത്തനെ നോക്കി തിരുമേനി പറഞ്ഞു:
"ഈ യാത്രയില്‍ അപകടം ഉറപ്പാണ്, അതേ പോലെ രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങളുമുണ്ട്, പക്ഷേ..."
ഒരു നിമിഷം നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു:
"എന്ത് അപകടം, എന്ത് രക്ഷ, എന്ന് ഒരു പിടിയും കിട്ടണില്യ"
വാമദേവന്‍ നമ്പൂതിരിയുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ ബ്രഹ്മദത്തന്‍ ഒന്ന് തീരുമാനിച്ചു..
എന്ത് അപകടമായാലും നേരിടുക തന്നെ..