ജ്യോതിഷം..
ശ്രുതിചക്ഷുസ് അഥവാ 'വേദത്തിന്‍റെ കണ്ണ്' എന്നറിയപ്പെടുന്ന മഹാശാസ്ത്രം!!
ജ്യോതിഷത്തെ ഗണിതം, സംഹിത, ഹോര എന്നിങ്ങനെ മൂന്ന് സ്കന്ധങ്ങളായും, ഗണിതം, ഗോളം, ജാതകം, പ്രശ്നം, മുഹൂര്‍ത്തം, നിമിത്തം എന്നിങ്ങനെ ആറ് അംഗങ്ങളായും വിഭജിച്ചിട്ടുണ്ട്.ഈ വിഭജനവും, ജ്യോതിഷം എന്ന ശാസ്ത്രവും, സ്കന്ദന്‍റെ സൃഷ്ടിയാണത്രേ!!
സ്കന്ദനെ അറിയില്ലേ??
അതേ, അതു തന്നെ..
താരകാസുരന്‍റെ അന്തകന്‍..
ദേവന്‍മാരുടെ സേനാനായകന്‍..
പരമേശ്വരന്‍റെയും പാര്‍വ്വതിയുടെയും പ്രിയ പുത്രന്‍..
സാക്ഷാല്‍ വേല്‍മുരുകന്‍!!
സ്കന്ദനില്‍ നിന്ന് ജ്യോതിഷ സൃഷ്ടിയെ കുറിച്ച് അറിഞ്ഞപ്പോള്‍, അതിന്‍റെ ഗുണങ്ങളെ ഒന്ന് പരീക്ഷിക്കണമെന്ന് മഹാദേവനു ഒരാഗ്രഹം.അതിന്‍ പ്രകാരം വേല്‍മുരുക സ്വാമിയുടെ കണ്‍വെട്ടത്ത് നിന്ന് മാറുകയും, ആരും അറിയാതെ ഒരു സ്ഥലത്ത് ഒളിച്ചിരിക്കുകയും ചെയ്തു.
എന്നിട്ടോ??
സാക്ഷാല്‍ സുബ്രഹ്മണ്യ സ്വാമി, അപ്പോഴത്തെ ഗ്രഹങ്ങളുടെ സ്ഥാനവും, രാശിയും കണക്കാക്കി, മഹാദേവന്‍ ഒളിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്രേ!!
ഈ പരീക്ഷണം പല പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടു, വിജയം സുബ്രഹ്മണ്യസ്വാമിക്ക് ആയിരുന്നു.
ജ്യോതിഷത്തിന്‍റെ മഹത്വം മഹാദേവനു ബോധ്യമായി...
ഈ ശാസ്ത്രം മനുഷ്യന്‍റെ കൈയ്യില്‍ എത്തിയാല്‍??
അവന്‍ അതിനെ ദുരുപയോഗം ചെയ്താല്‍??
പരമശിവനു അപകടം മണത്തു.
മനുഷ്യമനസ്സുകള്‍ക്ക് ജ്യോതിഷത്തിന്‍റെ പൂര്‍ണ്ണ അര്‍ത്ഥം ബോധ്യമായാല്‍ അത് ലോകത്തിന്‍റെ അന്ത്യമാണ്, അതേ സമയം മകന്‍റെ കണ്ട്പിടുത്തത്തെ അവഗണിക്കാനും കഴിയില്ല.ഒടുവില്‍ ജ്യോതിഷത്തെ ഭഗവാന്‍ അനുഗ്രഹിച്ചു:
"ഒട്ട് ഒത്തു പോട്ടെ, ഒട്ട് ഒക്കാതെ പോട്ടെ"
ചിലപ്പോള്‍ ശരിയാവട്ടെ, ചില സമയത്ത് ശരിയാവാതിരിക്കട്ടെ എന്ന്!!
ഇത് അനുഗ്രഹമോ?? അതോ ശാപമോ??
ദേവനാരായണന്‍ പറഞ്ഞ് നിര്‍ത്തി.
"ഈ ജ്യോതിഷപ്രകാരമുള്ള എന്‍റെ പ്രവചനം തെറ്റിയെന്നാണോ?"
വാമദേവന്‍ നമ്പൂതിരിക്ക് പരിഭ്രമമായി.
കാരണം ഇന്നിതു വരെ അദ്ദേഹത്തിന്‍റെ പ്രവചനങ്ങള്‍ തെറ്റിയിട്ടില്ല.ഭഗവാനെ മനസില്‍ ധ്യാനിച്ച് അരുള്‍ ചെയ്തതിലൊന്നും പൊരുത്തക്കേട് കണ്ടിട്ടുമില്ല.
പക്ഷേ ഇപ്പോള്‍??
ഒരു സാധാരണവ്യക്തിയാണ് പറഞ്ഞതെങ്കില്‍ കേട്ടില്ലന്ന് നടിക്കാം, പക്ഷേ ഇത് ദേവനാരായണനാണ്...
ദേവീഉപാസകനായ ദേവനാരായണന്‍!!
വാമദേവന്‍ നമ്പൂതിരി ഇത്തരത്തില്‍ ചിന്തിച്ചപ്പോള്‍, ബ്രഹ്മദത്തന്‍ മറ്റൊന്നാണ് ആലോചിച്ചത്.അതവന്‍ പെട്ടന്ന് ചോദിക്കുകയും ചെയ്തു:
"അപ്പോ രവിവര്‍മ്മക്ക് ആപത്തില്ലേ?"
ഈ ചോദ്യങ്ങള്‍ക്ക് മറുപടിയായി ദേവനാരായണന്‍ പറഞ്ഞു:
"ഉണ്ട്, രവിവര്‍മ്മക്ക് അപകടം സംഭവിക്കാം.അതും മൂന്ന് പ്രാവശ്യം"
"പിന്നെ ജ്യോതിഷം തെറ്റിയെന്ന് പറഞ്ഞത്?" തിരുമേനിക്ക് ആകാംക്ഷ.
"തിരുമേനി വിശദീകരിച്ച കാര്യങ്ങള്‍ ശരിയാണ്, കാരണമാണ് തെറ്റിയത്"
"മനസിലായില്ല"
പറയാം..
തിരുമേനിയുടെ വിശദീകരണപ്രകാരം ഒന്ന്, ഗാലവന്‍ മുനിയുടെ ശിഷ്യനായ ദത്തനുമായി ബന്ധപ്പെട്ട ഒരു നീരസം ശാപം പോലെ രവിവര്‍മ്മയെ പിന്തുടരുന്നു എന്നതാണ്.അതേ പോലെ കീഴ്ക്കാവിലെ ശാന്തിയായി പോകാത്ത ബ്രഹ്മദത്തന്‍റെ ദോഷം രണ്ടാമത്തെ കാരണവും.
"അതേ അതു തന്നെ, ഒന്ന് ദത്തനുമായി ബന്ധപ്പെട്ട നീരസം, രണ്ട് ബ്രഹ്മദത്തനു ലഭിക്കേണ്ട ശാപം, ഇതാണ് എനിക്ക് വ്യക്തമായത്"
തിരുമേനി വ്യക്തമാക്കി.
ആ വാക്കുകള്‍ ചിരിച്ച് കൊണ്ട് ദേവനാരായണന്‍ സമ്മതിച്ചു:
"കാര്യം രണ്ടും ശരിയാണ്...
ദത്തനുമായി ബന്ധപ്പെട്ട നീരസവും, ബ്രഹ്മദത്തനു ലഭിക്കേണ്ട ശാപവും"
ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു:
"ഈ രണ്ട് കാര്യത്തിനും പിന്നിലെ കാരണമാണ് വ്യത്യാസപ്പെട്ടത്"
അതെങ്ങനെ??
അദ്ദേഹം വിശദമാക്കി..
ബ്രഹ്മദത്തനു ലഭിക്കേണ്ട ശാപം:
അയ്യപ്പന്‍ കോവിലില്‍ ശാന്തിയായി പോകാത്ത ദോഷം ഒരിക്കലും മരണകാരണം ആകുകയില്ല.എന്നാല്‍ ബ്രഹ്മദത്തനു ലഭിക്കേണ്ട മറ്റൊരു ശാപം, ഗ്രാഹ്യ സ്വഭാവമുള്ള ജാതകകാരനായ രവിവര്‍മ്മക്ക് അപകട കാരണമാകാം.
"അതെന്ത് ശാപം??"
"ആത്മാക്കളുടെ ശാപം!!"
അമ്പരന്ന് നിന്ന അവരുടെ മുന്നില്‍ ദേവനാരായണന്‍ തുടര്‍ന്ന് വിശദീകരിച്ചു..
ബ്രഹ്മദത്തന്‍ പണിഞ്ഞ ഷോപ്പിംഗ് കോംപ്ലക്സ്സ് നില്‍ക്കുന്ന സ്ഥലം പണ്ടൊരു ശവപ്പറമ്പായിരുന്നു...
ഒരുപാട് ആത്മാക്കളുടെ വിശ്രമസ്ഥലം!!
അവരുടെ ശാപം ബ്രഹ്മദത്തനു ഏല്‍ക്കേണ്ടതാണ്, എന്നാല്‍ അവ പതിച്ചത് ഗ്രാഹ്യസ്വഭാവമുള്ള ജാതകത്തിന്‍റെ ഉടമയായ രവിവര്‍മ്മക്കാണ്.അതിനാല്‍ ആദ്യ അപകടം ഈ ആത്മാക്കളുടെ ശാപത്തില്‍ നിന്നാവാം..
ഇത്രയും പറഞ്ഞിട്ട് അദ്ദേഹം അടിവരയിട്ട് ഒന്ന് കൂടി സൂചിപ്പിച്ചു:
"ആത്മാക്കള്‍ രൂപമില്ലാത്തവരാണ്, അതിനാല്‍ അപകടവും അരൂപിയാകാം"
രവിവര്‍മ്മയുടെ മനസില്‍ ഭയം ഉരുണ്ട്കൂടി, അവന്‍ ചോദിച്ചു:
"എന്താണ് ആ അരൂപിയായ അപകടം?"
അതിനു മറുപടി ആ മഹാമാന്ത്രികന്‍റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല.
"അപ്പോള്‍ ദത്തനുമായി ബന്ധപ്പെട്ട നീരസത്തിനു കാരണമോ?"
വാമദേവന്‍ നമ്പൂതിരിക്ക് അത് കൂടി അറിയേണം.
കവടിയില്‍ ദത്തനുമായി ബന്ധപ്പെട്ട് നീരസം ഉണ്ടെന്ന് കണ്ടപ്പോള്‍, അദ്ദേഹത്തിന്‍റെ മനസില്‍ തെളിഞ്ഞത് കുട്ടിക്കാലത്ത് കേട്ട് വളര്‍ന്ന ദത്തന്‍റെ കഥയാണ്.അതിനാലാണ് അദ്ദേഹം ആ കഥ കാരണമായി പറഞ്ഞത്.ഇപ്പോള്‍ ദേവനാരായണന്‍ പറയുന്നു അതല്ല കാരണമെന്ന്..
അപ്പോള്‍ കാരണമെന്ത്??
അതിനു മറുപടിയായി ലഭിച്ചത് ദത്തനുമായി ബന്ധപ്പെട്ട മറ്റൊരു നീരസത്തിന്‍റെ കഥയായിരുന്നു..
സുന്ദരമഹിഷത്തിന്‍റെ കഥ..