ഹലാസ്യമാഹാത്മ്യം..
അഗസ്ത്യ മഹര്‍ഷിയുടെ തൂലികയില്‍ വിരിഞ്ഞ മഹത്തായ ഗ്രന്‌ഥം.
ശിവഭക്തരായ പാണ്ഡ്യ രാജവംശത്തിന്‍റെ ഒരു ശാഖ, മധുര ആസ്ഥാനമായി ഭരിച്ചിരുന്നതായി ഈ ഗ്രന്‌ഥം വിശദീകരിക്കുന്നുണ്ടത്രേ.ഇവരുടെ ചെമ്പഴന്നൂര്‍ ശാഖ തെങ്കാശി കൊട്ടാരത്തില്‍ താമസിച്ച് പോന്നു പോലും..
ഇത് ചരിത്രം, ഇനി രവിവര്‍മ്മ പറഞ്ഞ കഥ..
ഇവന്‍ തിരുമലനായ്ക്കന്‍..
മധുരയിലെ പാണ്ഡ്യരാജവംശം ആഭ്യന്തരകലഹം മൂലം അധഃപതിച്ചിരുന്ന കാലഘട്ടം.അന്ന് മന്ത്രിയായിരുന്ന ഈ തിരുമലനായ്ക്കന്‍റെ വാക്കുകള്‍ക്കായിരുന്നു അവിടെ വിലയുണ്ടായിരുന്നത്.അങ്ങനെയിരിക്കെ ആ മന്ത്രിയുടെ മനസില്‍ ഒരു ആഗ്രഹമുദിച്ചു, അത് അയാള്‍ തുറന്ന് പറയുകയും ചെയ്തു:
"ചെമ്പഴന്നൂര്‍ ശാഖയിലെ രാജകുമാരന്‍ എന്‍റെ മകളെ വേളി കഴിക്കണം"
കാര്യമൊക്കെ ശരിയാണ്, മന്ത്രി വാക്കുകളാണ് എല്ലാത്തിനും ആധാരം..
എങ്കിലും മന്ത്രി പുത്രിയെ രാജകുമാരന്‍ വേളി കഴിക്കാനോ??
"അസാദ്ധ്യം!!" രാജാക്കന്‍മാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
അതൊരു വലിയ യുദ്ധത്തിനു തുടക്കമായി.
തീവെട്ടിക്കൊള്ള..
നായ്ക്കന്‍റെ മറവപ്പടയുടെ പ്രധാന അക്രമ രീതി!!
തെങ്കാശിയെ ഇവര്‍ ആക്രമിക്കുകയും, മറ്റ് വഴിയില്ലാതെ ചെമ്പഴന്നൂര്‍ ശാഖക്കാര്‍, വേണാട് രാജാവിന്‍റെ ഉപദേശം മാനിച്ച് അവിടെ നിന്ന് പാലായനം ചെയ്യുകയും, വിവിധ ദേശങ്ങള്‍ ചുറ്റി ഒടുവില്‍ പന്തളത്ത് എത്തിച്ചേരുകയും ചെയ്തു.ക്രമേണ പന്തളം രാജ്യം ഈ വഞ്ചിയൂര്‍ വംശത്തിന്‍റെ വരുതിയിലായി.അച്ചന്‍ കോവിലാറിനു ഇരുകരകളിലുമായി താമസിച്ച ഈ രാജകുടുംബത്തിന്‍റെ ആരാധനാകേന്ദ്രമായിരുന്നു ശബരിമല, ശാസ്താവ് അവരുടെ പരദേവതയും.
"അപ്പോള്‍ അയ്യപ്പന്‍ ഈ രാജകുടുംബത്തിന്‍റെ പരദേവതയാണല്ലേ?" വിഷ്ണുദത്തനു ആകാംക്ഷ അടക്കാനായില്ല.
"അല്ല, അയ്യപ്പന്‍ ഈ ശാസ്താവല്ല" രവിവര്‍മ്മയുടെ മറുപടി.
"പിന്നെ?" ഈ കുറി ആകാംക്ഷ രാധികക്കായിരുന്നു.
അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ബാക്കി കഥ പറയാന്‍ തുടങ്ങിയ രവിവര്‍മ്മ ഇല്ലത്തിനു മുന്നില്‍ ഒരു കാര്‍ വന്ന് നിന്ന ശബ്ദം കേട്ട് ഒരു നിമിഷം നിശബ്ദനായി.
കാറില്‍ വന്ന വ്യക്തി അവരുടെ മുന്നില്‍ പ്രത്യക്ഷനായി..
അത് മുസ്തഫയായിരുന്നു.
ബ്രഹ്മദത്തന്‍റെ പ്രധാന സഹായിയാണ് മുസ്തഫ, എന്ത് കാര്യത്തിനും കൂടെ നില്‍ക്കുന്നവന്‍.ബ്രഹ്മദത്തന്‍റെ ഭാഷയില്‍ നേരും നെറിയുമുള്ളവന്‍..
"എന്താ മുസ്തഫ?"
ബ്രഹ്മദത്തന്‍റെ ചോദ്യത്തിനു മറുപടിയായി പരിഭ്രമം നിറഞ്ഞ സ്വരത്തില്‍ മുസ്തഫ പറഞ്ഞു:
"ങ്ങള്‍ ഒന്നിങ്ങ് വരിന്‍"
മുസ്തഫക്ക് ഒപ്പം പുറത്തേക്ക് പോയ ബ്രഹ്മദത്തന്‍ നേരിയ പരിഭ്രമത്തോടെയാണ് തിരികെ വന്നത്.അളിയന്‍റെ ആ മുഖം കണ്ട് രവിവര്‍മ്മ ആരാഞ്ഞു:
"എന്താ ചേട്ടാ?"
"അവരുടെ മീറ്റിങ്ങുണ്ടത്രേ, അടുത്ത ആഴ്ചയില്‍.നമ്മുടെ രസീതിനെ പറ്റി അന്നേ അറിയുകയുള്ളന്ന്"
അമ്പരന്ന് നിന്ന അവരെ ആശ്വസിപ്പിച്ചു കൊണ്ട് വാമദേവന്‍ നമ്പൂതിരിയുടെ വാക്കുകള്‍ അവിടെ മുഴങ്ങി:
"വിഷമിക്കരുത്, അതിനുള്ളില്‍ നിങ്ങള്‍ക്ക് ശബരിമലയില്‍ പോയ് വരാന്‍ സാധിക്കും.അയ്യപ്പ ഭഗവാന്‍ നിങ്ങളെ സഹായിക്കും"
"അപ്പോള്‍ അയ്യപ്പനാര്??"
വിഷ്ണുദത്തന്‍റെ ചോദ്യമാണ് എല്ലാവരെയും രവിവര്‍മ്മയുടെ കഥയിലേക്ക് തിരികെ എത്തിച്ചത്.ആ ചോദ്യത്തിനു മറുപടിയായി രവിവര്‍മ്മ ഇങ്ങനെ പറഞ്ഞു..
പന്തളത്തുദാസന്‍ എന്നറിയപ്പെട്ടിരുന്ന അയ്യപ്പന്‍ രാജാവിന്‍റെ മുഖ്യ സേനാനിയായിരുന്നത്രേ!!
കാട്ടില്‍നിന്നും ലഭിച്ച മണികണ്‌ഠനെ, രാജാവ് വില്ലാളിവീരനായി വളര്‍ത്തി, നാട്ടിലെ കളരികളിലെല്ലാം അയച്ചു വൈവിധ്യമാര്‍ന്ന ആയോധനവിദ്യകള്‍ അഭ്യസിപ്പിച്ച് എല്ലാവരുടെയും ആരാധനാപാത്രമായി വളര്‍ന്നു, രാജ്യരക്ഷക്ക് അയ്യപ്പനുണ്ടെന്ന് ഏവരും വിശ്വസിച്ചു!!
"അപ്പോള്‍ വാവര് സ്വാമിയോ??" കഥയിലെ വ്യത്യാസം കണ്ട് മുസ്തഫയുടെ ചോദ്യം.
"അത് പറയാം"
രവിവര്‍മ്മ കഥ തുടര്‍ന്നു..