ഇതൊരു സങ്കല്‍പ്പമാണ്..
ബുദ്ധനും ശാസ്താവും ഒന്നാണെന്ന് കരുതുന്ന സങ്കല്‍പ്പം!!
അത് ഇപ്രകാരമായിരുന്നു..
ശ്രീബുദ്ധനെ ദൈവത്തിന്‍റെ അവതാരം എന്ന സങ്കല്‍പ്പം, ബുദ്ധവിഹാരങ്ങള്‍ ബുദ്ധദേവാലയങ്ങള്‍ ആകുന്നതിനു കാരണമായി.ഇവയില്‍ ചിലത് ക്രമേണ ഹൈന്ദവ ക്ഷേത്രങ്ങളുമായി മാറിയത്രേ!
പിന്നീട് അഹിംസാസിദ്ധാന്ത പ്രചാരണ സമയത്ത്, ബുദ്ധനെ മഹാവിഷ്‌ണുവിന്‍െറ ഒരവതാരമായി ചിലര്‍ കണ്ടു.കാലക്രമേണ ബുദ്ധനെ, ശാസ്‌താവ് എന്നു പേരിട്ട് ശൈവ വിഷ്‌ണു ശക്തികളുടെ സമന്വയരൂപമായി ആരാധിച്ചു.അങ്ങനെ ബുദ്ധനും ശാസ്താവും ഒന്നാണെന്ന സങ്കല്‍പ്പം ഇപ്പോഴും നിലനില്‍ക്കുന്നു.
"അപ്പോള്‍ ഇതാണോ സത്യം?"
"ഒരു കൂട്ടര്‍ക്ക് ഇതാണ് സത്യം, ഇതാണ് അവരുടെ വിശ്വാസം"
ദേവനാരായണന്‍ വിശദീകരണം പൂര്‍ത്തിയാക്കി.
ഉച്ചവെയിലിനു തീഷ്ണതയേറി..
കരയംവെട്ടത്ത് നിന്ന് രാവിലെ യാത്ര തിരിച്ച ആ സംഘം, വിശ്രമത്തിനായാണ്, വഴിയരികിലെ അമ്പലത്തോടു ചേര്‍ന്നുള്ള ആല്‍ത്തറയില്‍ ഇടം പിടിച്ചത്.വൈഷ്ണവന്‍ നന്നേ തളര്‍ന്നു, എങ്കില്‍ തന്നെയും രവിവര്‍മ്മയോട് ദേവനാരായണന്‍ പറഞ്ഞ് നിര്‍ത്തിയ കഥ അവനെയും സ്വാധീനിച്ചിരിക്കുന്നു.എല്ലാവരും അഭിപ്രായം പറയുന്നിടത്ത്, തനിക്കും പറയണം എന്ന ചിന്തയിലാകാം, അവന്‍ പറഞ്ഞു:
"സ്ക്കൂളില്‍ ഞാന്‍ ബുദ്ധനായി വേഷമിട്ടിട്ടുണ്ട്"
"ഓഹോ, മോനു ബുദ്ധനെ അറിയാമോ?" മുസ്തഫക്ക് അത്ഭുതം.
"പിന്നെ, ബുദ്ധന്‍ അഹിംസാവാദിയായിരുന്നെന്ന് ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട്"
ആ വാചകം വിഷ്ണുദത്തനില്‍ ഒരു സംശയമുണര്‍ത്തി, അതയാള്‍ തുറന്ന് ചോദിച്ചു:
"വില്ലാളിവീരന്‍, ശത്രുസംഹാരമൂര്‍ത്തി എന്നെല്ലാം ശാസ്താവിനെ അറിയപ്പെടുന്നു, ബുദ്ധനാണെങ്കില്‍ അഹിംസാവാദിയും.അപ്പോള്‍ രണ്ടു സങ്കല്‍പ്പവും ഒന്നാവുന്നതെങ്ങനെ?"
വിഷ്ണുദത്തനോടൊപ്പം ബ്രഹ്മദത്തനുമുണ്ടായിരുന്നു ഒരു സംശയം:
"ബുദ്ധന്‍െറ ജനനത്തിനും മുമ്പു മുതലേ കേരളത്തില്‍ ശാസ്‌താക്ഷേത്രവും ആരാധനയും ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മാത്രമല്ല പരശുരാമനാണ് ശബരിമലക്ഷേത്രം സ്ഥാപിച്ചതെന്നു ഒരു സങ്കല്‍പ്പവുമുണ്ട്.അപ്പോള്‍ ഏതാണ് ശരി?"
ഇതിനു രണ്ടിനുമായി മറുപടി പറഞ്ഞത് രവിവര്‍മ്മയായിരുന്നു..
ചരിത്രങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞ കാര്യങ്ങളുടെ ഒരു ചെറു വിവരണമായിരുന്നു ആ മറുപടി..
രവിവര്‍മ്മ പറഞ്ഞ് തുടങ്ങിയത് മണിമേഖല എന്ന കൃതിയില്‍ നിന്നായിരുന്നു..
ഇതില്‍ ഒരു ഭാഗത്ത് ഇപ്രകാരം വിവരിക്കുന്നു..
"ലങ്കയില്‍നിന്നു വന്ന ധര്‍മാചരണന്മാരുടെ പ്രേരണയാല്‍, ഹിമവത്‌പര്‍വതത്തില്‍ വില്ലുനാട്ടിയ ഒരു ചേരരാജാവ്, വഞ്ചിനഗരത്തില്‍ ഒരു ബൗദ്ധവിഹാരം പണിതുണ്ടാക്കി''
ഈ ഹിമവത് പര്‍വതം എന്നതു സഹ്യാദ്രിയും വില്ലുനാട്ടിയ സ്ഥലം ശരംകുത്തിയാലും ആണെന്ന് കരുതിയാല്‍, ആ ബുദ്ധവിഹാരത്തെ ശബരിമലയായി കണക്കാക്കാം.
എന്നാല്‍ ഇതിനു പൂര്‍ണ്ണതയില്ല.
"അതെന്താ?" ഇപ്പോള്‍ മുസ്തഫക്കായി ആകാംക്ഷ.
അതിനു കാരണമുണ്ട്..
പാലിപ്രമാണം..
തേരവാദ പാരമ്പര്യത്തിന്റെ ആധാര ഗ്രന്ഥമാണിത്!!
ഇതിന്‍ പ്രകാരം, പൂര്‍ണ്ണമായും ബോധത്താല്‍ ദീപ്തമായ ഏതൊരാളെയും ബുദ്ധന്‍ എന്ന് കണക്കാക്കം.അങ്ങനെ കരുതുമ്പോള്‍, ഗൌതമബുദ്ധനെ കൂടാതെ അനേകം ബുദ്ധന്മാര്‍ ഉണ്ടായിരുന്നത്രേ.
"വേറെയും ബുദ്ധന്‍മാരുണ്ടന്നോ?" ദേവനാരായണന്‍ പോലും അമ്പരന്ന് പോയി.
ഉണ്ട്, അങ്ങനെ അറിയപ്പെടുന്ന ഇരുപത്തിയെട്ട് ബുദ്ധന്‍മാരില്‍, ഈ കാലഘട്ടവുമായി ഏറ്റവും അടുത്ത ബുദ്ധനാണ് ഗൌതമബുദ്ധന്‍ എന്ന് ഒരു സങ്കല്‍പ്പം.
"ഇരുപത്തിയെട്ട് ബുദ്ധന്‍മാരോ, ആരെല്ലാമാണവര്‍?"
അത് പറയാം..
തൃഷ്ണങ്കരന്‍, മേദങ്കരന്‍, ശരണങ്കരന്‍, ദീപങ്കരന്‍, കൗണ്ഡിന്യന്‍, മംഗലന്‍, സുമനസ്, രൈവതന്‍, ശോഭിതന്‍, അനവമദര്‍ശ്ശിന്‍, പദ്മന്‍, നാരദന്‍, പദ്മോത്തരന്‍, സുമേധന്‍, സുജാതന്‍,പ്രിയദര്‍ശ്ശിന്‍, അര്‍ഥദര്ശ്ശിന്‍, ധര്‍മ്മദര്‍ശ്ശിന്‍, സിദ്ധാര്‍ഥന്‍, തിഷ്യന്‍, പുശ്യന്‍, വിപശ്യിന്‍, ശിഖിന്‍, വിശ്വഭൂ, ക്രകുച്ചണ്ഡന്‍, കനകമുനി, കാശ്യപന്‍, ഗൗതമന്‍.
"ഇവരാണ് ഇരുപത്തിയെട്ട് ബുദ്ധന്‍മാര്‍"
രവിവര്‍മ്മ ഒരു നിമിഷം നിര്‍ത്തി, എന്നിട്ട് തുടര്‍ന്നു..
പടിഞ്ഞാറന്‍ കാഴ്ചപ്പാടില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ഒരു തെറ്റായ ചിന്താഗതിയാണ് ബുദ്ധന്‍ എന്നത് ബുദ്ധമതത്തിലെ ദൈവത്തിന്റെ പ്രതിരൂപമാണെന്നത്.പാലിപ്രമാണത്തില്‍ ആവിര്‍ഭവിച്ചിരിക്കുന്ന കാഴ്ചപ്പാട് അനുസരിച്ച്, ബുദ്ധന്‍ മഹത്തായ മാനസിക ശക്തികള്‍ വരദാനമായി ലഭിക്കപ്പെട്ടിട്ടുള്ള മനുഷ്യന്‍ മാത്രമാണ്.
ഇത്രയും വിവരിച്ച ശേഷം രവിവര്‍മ്മ എല്ലാവരോടുമായി ചോദിച്ചു..
ശാസ്താവ് എന്ന ഈശ്വരസങ്കല്‍പ്പത്തില്‍ ലയിച്ച, അയ്യപ്പന്‍ എന്ന ചരിത്ര സങ്കല്‍പ്പത്തെ, ഒരു ബുദ്ധനായി കണക്കാക്കിയാല്‍ എന്താണ് തെറ്റ്?
`ബുദ്ധംശരണം ഗച്ഛാമി' എന്നു തുടങ്ങുന്ന ശരണത്രയിയെ അനുസ്‌മരിക്കുന്ന ശരണംവിളി തന്നെയല്ലേ 'സ്വാമി ശരണം' എന്നതും??
ആരും മറുപടി പറഞ്ഞില്ല.
ദേവനാരായണനു അത്ഭുതമായിരുന്നു!!
തന്‍റെ മുന്നിലിരിക്കുന്ന രവിവര്‍മ്മയെന്ന പ്രതിഭാസത്തിന്‍റെ ചിന്താമണ്ഡലത്തില്‍ ഊരിത്തിരിഞ്ഞ വാചകങ്ങള്‍, അതിന്‍റെ വ്യാപ്തി, അദ്ദേഹത്തെ രവിവര്‍മ്മയുടെ ആരാധകനാക്കി മാറ്റി.അദ്ദേഹം വാമദേവന്‍ നമ്പൂതിരിയോട് പറഞ്ഞു:
"ഒരു ദുഷ്ടശക്തികള്‍ക്കും ഞാന്‍ രവിവര്‍മ്മയെ വിട്ട് കൊടുക്കില്ല, അവനെ രക്ഷിക്കാന്‍ എന്ത് കര്‍മ്മവും ഞാന്‍ ചെയ്യും, ഇത് സത്യം!"
വാമദേവന്‍ നമ്പൂതിരിക്ക് ആ വാക്കുകള്‍ വിശ്വാസമായിരുന്നു..
കാരണം സത്യം ചെയ്തത് ദേവനാരായണനായിരുന്നു..
മേലത്തൂര്‍മനയിലെ മഹാമാന്ത്രികനായ ദേവനാരായണന്‍..