ഏഴ് ദിവസം കൂടിയേ രവിവര്‍മ്മക്ക് ആയുസ്സുള്ളു എന്ന വാമദേവന്‍ തിരുമേനിയുടെ വാക്കുകള്‍ ബ്രഹ്മദത്തന്‍റെ സ്ഥലകാലബോധം നഷ്ടപ്പെടുത്തി.വീണ്ടും ഓര്‍മ്മയിലേക്ക് തിരിച്ച് വന്നപ്പോള്‍, നിറഞ്ഞ വന്ന കണ്ണുകള്‍ തുടച്ച് കൊണ്ട് അയാള്‍ ചോദിച്ചു:
"രക്ഷിക്കാന്‍ ഒരു വഴിയുമില്ലേ തിരുമേനി?"
"എന്‍റെ മുന്നില്‍ ഇപ്പോള്‍ വഴികളൊന്നുമില്ല" തിരുമേനി സത്യം പറഞ്ഞു.
സകലതും നഷ്ടപ്പെട്ട പോലെയുള്ള ബ്രഹ്മദത്തന്‍റെ മുഖം കണ്ടപ്പോള്‍, ആശ്വസിപ്പിക്കാന്‍ എന്ന വണ്ണം അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു:
"മൃത്യുജ്ഞയ ഹോമം മുടങ്ങാതെ നടത്തുക, പിന്നെ...."
പിന്നെ??
"പിന്നൊരു രക്ഷയുള്ളത് ഈ ശബരിമല യാത്രയാണ്"
"അതെങ്ങനെ?"
"രവിവര്‍മ്മ ഈ യാത്രയില്‍ അയ്യപ്പനെ കുറിച്ച് കൂടുതല്‍ അറിയണം, അങ്ങനെയാണെങ്കില്‍ കലിയുഗ വരദന്‍റെ കാരുണ്യം അവനു കിട്ടും, തീര്‍ച്ച"
ഇത്രയും പറഞ്ഞ ശേഷം വാമദേവന്‍ നമ്പൂതിരി യാത്രയായി, പാതി വഴി നടന്നിട്ട് തിരിഞ്ഞ് നിന്ന് അദ്ദേഹം പറഞ്ഞു:
"മറക്കേണ്ടാ, നാളെ രാവിലെ മാലയിടണം"
അങ്ങനെ മലക്ക് പോകാന്‍ തീരുമാനമായി..
ഗുരുസ്വാമിയായി വാമദേവന്‍ നമ്പൂതിരി, കൂടെ ബ്രഹ്മദത്തന്‍, അനുജന്‍ വിഷ്ണുദത്തന്‍, വൈഷ്ണവന്‍ എന്നിവരോടൊപ്പം രവിവര്‍മ്മയും പോകാന്‍ തീരുമാനിച്ചു.
"മ്മള്‍ കൂടി വരട്ടെ?" മുസ്തഫയുടെ ചോദ്യം.
"സിന്താര്‍സായെ കാണാനായിരിക്കും?" രവിവര്‍മ്മയുടെ മറുചോദ്യം.
"സിന്താര്‍സായോ അതാരാ?" മുസ്തഫക്ക് അത്ഭുതം.
മുസ്തഫയുടെ മുഖഭാവം കണ്ട് രവിവര്‍മ്മക്ക് ചിരിയാണ് വന്നത്.ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു:
"നിങ്ങടെ പാത്തുമ്മയുടെ മോന്‍, അറിയില്ലേ?"
"ഇല്ല"
മുസ്തഫയുടെ മുഖത്ത് ദയനീയ ഭാവം.
"എന്‍റെ ഇക്കാ, നിങ്ങടെ വാവരുസ്വാമിയുടെ കാര്യമാ പറഞ്ഞത്"
സിന്താര്‍സാ വാവരുസ്വാമിയാണെന്നോ??
അതെങ്ങനെ??
ഇപ്പോള്‍ ആകാംക്ഷ മുസ്തഫക്ക് മാത്രമായിരുന്നില്ല, അവിടെ ഇരുന്ന എല്ലാവര്‍ക്കും ഉണ്ടായിരുന്നു.
ബാവരു മാഹാത്മ്യം..
ഈ ഗ്രന്‌ഥമാണ് വാവരു സ്വാമിയെ കുറിച്ചുള്ള രവിവര്‍മ്മയുടെ അറിവിനു കാരണം.ഇതിന്‍ പ്രകാരം മക്കംപുരയില്‍ ഇസ്‌മയില്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ പുത്രനായി ജനിച്ച ആളാണ് വാവര്‍.ഈ വാവര്‍ക്ക് ബദുദ്ദീന്‍, സിന്താര്‍സാ, മദാര്‍സാ, ബോബര്‍, ഹലിയാര്‍ എന്നിങ്ങനെ പല പേരുകളും ഉണ്ടായിരുന്നതായി പറയുന്നു.വാവര്‍ ജനിച്ചത് തകൃതിത്താന്‍ തോട്ടത്തില്‍ ആണത്രേ!!
"തകൃതിത്താന്‍ തോട്ടമോ? അതെന്തുവാ മാമാ" വൈഷ്ണവനു അതറിയണം.
"ഇന്നത്തെ തുര്‍ക്കിസ്ഥാന്‍" രവിവര്‍മ്മ വിശദീകരിച്ച് കൊടുത്തു.
"കൈവാക്കി വിദ്ദുറ്റിയ എന്ന അറബിഗ്രന്‌ഥത്തെ കുറിച്ച് ഇക്കായ്ക്ക് അറിയാമോ?"
ഇക്കുറി ചോദ്യം മുസ്തഫയോടാണ്.
"അറിയാം, വാവര്‍ പൂജയുടെ വിശുദ്ധപുസ്തകം.അല്ലേ?"
ശരിയാണ്, വാവര്‍ പൂജയുടെ വിശുദ്ധ ഗ്രന്‌ഥമാണ് 'കൈവാക്കി വിദ്ദുറ്റിയ'!!
അതിനെ കുറിച്ച് മുസ്തഫക്ക് അറിവില്ല എന്ന വിശ്വാസത്തിലാണ് രവിവര്‍മ്മ ആ ചോദ്യം ചോദിച്ചത്..
പക്ഷേ മുസ്തഫയുടെ മറുപടി അയാളെ ഞെട്ടിച്ചു!!
വാവരു സ്വാമിയെ കുറിച്ച് മുസ്തഫക്ക് അറിവുണ്ടെന്ന് രവിവര്‍മ്മക്ക് ബോധ്യമായി.ഇനി എത്രത്തോളം അറിയാം എന്നതാണ് സംശയം.അതിനായി അവന്‍ ചോദിച്ചു:
"ഇക്ക വാവരങ്കം കണ്ടിട്ടുണ്ടോ?"
"ഇല്ല"
"അതെന്താ രവി വാവരങ്കം?" രാധികക്ക് സംശയം.
ഇക്കുറി മറുപടി നല്‍കിയത് ദേവദത്തനായിരുന്നു:
"വാവരും അയ്യപ്പനും തമ്മിലുള്ള യുദ്ധത്തിന്‍െറ നൃത്താവിഷ്‌കാരമാണ് വാവരങ്കം.ലുങ്കിയും ബെല്‍റ്റും പച്ചത്തൊപ്പിയും ധരിച്ച വാവര്‍ അയ്യപ്പനുമായി യുദ്ധത്തിനുശേഷം സന്ധി ചെയ്യുന്നതാണ് പാട്ടിന്‍െറ ഇതിവൃത്തം"
ഒന്നു നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു:
"ഇതേ പോലെ മറ്റൊരു പാട്ട് കൂടി ഉണ്ട് ഉണ്ണി..
കപ്പലോട്ടക്കാരനായ വാവര്‍ ചുങ്കം നല്‍കാത്തതില്‍ കുപിതനായ അയ്യപ്പന്‍ കപ്പലിന്‍െറ പാമരം പുറക്കാട്ട് നടന്ന യുദ്ധത്തില്‍ മുറിച്ചുകളയുന്നതായും ഇതേത്തുടര്‍ന്ന് വാവര്‍ കൈവള ഊരി കപ്പമായി നല്‍കി സുഹൃത്‌ബന്ധം സ്ഥാപിക്കുന്നതായി അതില്‍ സൂചിപ്പിച്ചിരിക്കുന്നു"
ഇത് കേട്ടതും രവിവര്‍മ്മ ഒരു ചോദ്യം ചോദിച്ചു:
"പന്തളത്തെ സേനാനായകനുമായി വാവരെന്തിനാ സൌഹൃദം പുലര്‍ത്തിയത്?"
ആര്‍ക്കും മറുപടിയില്ലെന്ന് കണ്ടപ്പോള്‍ ചിരിച്ച് കൊണ്ട് അയാള്‍ തന്നെ പറഞ്ഞു:
"മലമുകളില്‍ കിട്ടുന്ന കുരുമുളക് സ്വന്തമാക്കാന്‍, അല്ലാതെന്താ?"
അത് കേട്ട് എല്ലാവരുമൊന്ന് ഞെട്ടി, രാധിക വെപ്രാളത്തില്‍ പറഞ്ഞു:
"ദൈവദോഷം പറയാതിരിക്ക് രവി"
"സത്യമാ ചേച്ചി, അതല്ലേ വാവരു നടയിലെ വഴിപാട് കുരുമുളകായത്"
രവിവര്‍മ്മ ഇത് പറഞ്ഞതും അന്തരീക്ഷത്തില്‍ ഒരു വെള്ളിടി ശബ്ദം മുഴങ്ങിയതും ഒന്നിച്ചായിരുന്നു.ആകാശത്തില്‍ നിന്നും ഒരു തീഗോളം കാവിലെ പാലയില്‍ വന്നു പതിച്ചു..
ആ പാല നിന്ന് കത്താന്‍ തുടങ്ങി..