നവഗ്രഹങ്ങളില്‍ ശനിയും പ്രധാനപ്പെട്ടതാണ്.ഒരോ ഗ്രഹത്തിനും ഒരോ കര്‍മ്മം...
സൂര്യനു കര്‍മ്മസ്ഥാനം, ചന്ദ്രനു മനശാന്തി, കുജനു യുദ്ധവും, ശുക്രനു കളത്രവും, വിദ്യ ബുധനു, വ്യാഴം കീര്‍ത്തിയും, രാഹു കേതുക്കള്‍ മറ്റ് ഉയര്‍ച്ച താഴ്ചയും...
അപ്പോള്‍ ശനിയോ??
വ്യയം, ദുഃഖം എന്നിവയെല്ലാം ശനിക്കാണത്രേ!!
എന്നാല്‍ വാമദേവന്‍ നമ്പൂതിരിയുടെ വാക്കിന്‍ പ്രകാരം ശനി അത്ര മോശം കഥാപാത്രമല്ല, അത് മാത്രമോ ശനിഭഗവാന്‍ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും ഹേതുവാകും എന്ന് വരെ അദ്ദേഹം പറയുന്നു..
തന്‍റെ പതനത്തിനു കാരണം ശനിയാണെന്നും, പരിഹാരം ആരാഞ്ഞപ്പോള്‍ 'തത്വമസി' എന്ന വാക്കും പറഞ്ഞ ശേഷം, സര്‍വ്വ ഐശ്വര്യത്തിനും ശനി ഹേതുവാകും എന്ന വിരോധാഭാസം വാമദേവന്‍ നമ്പൂതിരിയില്‍ നിന്ന് കേട്ടതോടെ ബ്രഹ്മദത്തന്‍ മാത്രമല്ല, ആ കുടുംബമേ ചിന്താകുഴപ്പത്തിലായി.
അപ്പോള്‍ ശനി എന്ന ഗ്രഹത്തിന്‍റെ യഥാര്‍ത്ഥഭാവം എന്താണ്??
ശനി ഐശ്വര്യ പ്രദായകനോ അതോ ദുഃഖദായകനോ??
അവരുടെ സംശയത്തിനു മറുപടിയായി, ശനിയുടെ ശക്തി ബോദ്ധ്യപ്പെടുത്താന്‍ വാമദേവന്‍ നമ്പൂതിരി രണ്ട് സംഭവങ്ങള്‍ പറഞ്ഞു.അതിലൊന്ന് ശിവനെ ബാധിച്ച ശനിയുടെ കഥയായിരുന്നെങ്കില്‍, മറ്റേത് രാവണനെ ചതിച്ച ശനിയുടെ കഥയായിരുന്നു.ആ കഥകള്‍ ഇപ്രകാരമാണ്....
ശിവനെ ബാധിച്ച ശനി:
മനുഷ്യനായാലും, ഈശ്വരനായാലും ശനി ബാധിക്കേണ്ട സമയത്ത് ബാധിച്ചിരിക്കും.അത് തടയുക എന്നത് അസാദ്ധ്യമാണ്.എന്നാല്‍ തന്നെ ശനി ബാധിക്കാന്‍ പോകുകയാണെന്ന് മനസിലായ ശിവ ഭഗവാന്‍ ഓവില്‍ ഒളിച്ചിരുന്നു എന്നാണ് പുരാണം..
ശനിബാധയില്‍ നിന്ന് ഒഴിവാകാന്‍ ഒളിച്ചിരുന്ന പരമേശ്വരന്‍, ശനിദോഷ കാലഘട്ടം കഴിഞ്ഞപ്പോള്‍ തന്‍റെ പുത്രനും ജ്യോതിശാസ്ത്രത്തിന്‍റെ അധികാരിയുമായ വേല്‍മുരുകനോട് ഇങ്ങനെ ചോദിച്ചു:
ഒളിച്ചിരുന്ന തന്നെ എന്തേ ശനി ബാധിക്കാഞ്ഞത്??
വേലായുധസ്വാമിയുടെ മറുപടി രസകരമായിരുന്നു..
ശിവഭഗവാനെ ശനി ബാധിച്ച് പോലും!!
അതിനാലാണത്രേ കൈലാസത്തില്‍ വാഴേണ്ട അദ്ദേഹം, ശനിദോഷ കാലയളവില്‍ ഓവില്‍ കഴിയേണ്ടി വന്നത്..
അതേ, സാക്ഷാല്‍ ഭഗവാനെയും ശനി ബാധിച്ചിരിക്കുന്നു!!
രാവണനെ ചതിച്ച ശനി:
മേഘനാഥനെ അറിയില്ലേ, രാവണന്‍റെ പുത്രന്‍..
പില്‍ക്കാലത്ത് ഇന്ദ്രനെ ജയിച്ചവന്‍, ഇന്ദ്രജിത്ത് എന്ന വില്ലാളി വീരന്‍!!
ഈ മേഘനാഥന്‍റെ ജനന സമയം..
നവഗ്രഹങ്ങളെ യഥാസ്ഥാനത്ത് രാവണന്‍ പിടിച്ച് കെട്ടി നിര്‍ത്തിയിരിക്കുകയാണ്.മേഘനാഥന്‍ ജനിക്കുന്ന വരെ ആരും അനങ്ങാന്‍ പാടില്ലെന്നാണ് കല്‍പ്പന.തന്‍റെ പുത്രന്‍ സകല ഐശ്വര്യത്തോടും ജനിക്കണം, അവന്‍ വിശ്വവിജയിയും, മരണമില്ലാത്തവനും ആവണം..
അതിനു വേണ്ടിയാണ് ഏതു ജന്മത്തിന്‍റെയും ഭാവി നിര്‍ണ്ണയിക്കുന്ന നവഗ്രഹങ്ങളെ യഥാസ്ഥാനത്ത് രാവണന്‍ ബന്ധിച്ച് നിര്‍ത്തിയത്.എന്നാല്‍ മേഘനാഥന്‍ ജനിച്ച സമയത്ത് ശനി ഭഗവാന്‍ ഒരു അതിക്രമം കാട്ടി..
തന്‍റെ ദേഹത്ത് നിന്നും സ്വല്പം ചളി അഥവാ അഴുക്ക് ചുരണ്ടി എടുത്ത് ഒരു ചെറിയ ഉരുളയാക്കി തെറിപ്പിച്ചു..
അതാണത്രേ ഗുളികന്‍!!
മേഘനാഥന്‍റെ നാശത്തിനു കാരണമായത് ഈ ഗുളികന്‍റെ ജന്മമാണ്!!
ഇന്നും ഏതൊരാളുടെയും ഗ്രഹനില നോക്കിയാല്‍ ഈ ഗുളികന്‍റെ സാമിപ്യം കാണാം..
നവഗ്രഹങ്ങളോടൊപ്പം ഭാവി തീരുമാനിക്കുന്ന ഗുളികസാമിപ്യം!!
ശനിഭഗവാന്‍ ബാധിക്കണമെന്ന് തീരുമാനിച്ചാല്‍ അത് നടപ്പിലാക്കും എന്നതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവങ്ങള്‍.ശനിദശ കാലഘട്ടം, ചന്ദ്രാല്‍ മൂന്നിലും ഏഴിലും പത്തിലും ശനി വരുന്ന കണ്ടകശനി കാലഘട്ടം, സ്വന്തം കൂറിലും മുന്നിലും പിന്നിലുമായി ശനി സഞ്ചരിക്കുന്ന ഏഴരശനി കാലഘട്ടം, പിന്നെ ചന്ദ്രാല്‍ എട്ടില്‍ ശനി നില്‍ക്കുന്ന അഷ്ടമശനി കാലഘട്ടം, ഈ സമയങ്ങളില്‍ ശനി ബാധിച്ചിരിക്കും, കഷ്ടപ്പാടുകള്‍ പിന്തുടരുകയും ചെയ്യും.എന്നാല്‍ അതിനു ശേഷം വിട്ട് പോകുമ്പോള്‍ സര്‍വ്വ ഐശ്വര്യങ്ങളും നല്‍കിയട്ടെ ശനിഭഗവാന്‍ പോകുകയുള്ളു.
ഇത്രയും വിവരിച്ച ശേഷം വാമദേവന്‍ നമ്പൂതിരി പറഞ്ഞു:
"ബ്രഹ്മദത്താ, നിനക്കിപ്പോള്‍ അഷ്ടമശനിയാണ്.അതാ നിന്നോട് ഞാന്‍ പരിഹാരമായി തത്വമസി എന്ന് പറഞ്ഞത്"
"തത്വമസി എന്ന് വച്ചാല്‍ എന്താ രവിമാമ?" വൈഷ്ണവന്‍റെ സംശയം.
"പ്രത്യേകിച്ച് തത്വം ഒന്നും ഇല്ലെന്ന്" രവിവര്‍മ്മയുടെ പുച്ഛത്തിലുള്ള മറുപടി.
പതുക്കെയാണ് പറഞ്ഞതെങ്കിലും ആ മറുപടി വാമദേവന്‍ നമ്പൂതിരിയുടെ കാതുകളിലുമെത്തി.
ശാന്തഭാവത്തില്‍ അദ്ദേഹം പറഞ്ഞു:
"ധിക്കാരം അരുത് ഉണ്ണി.തത്വമസി എന്നാല്‍ തത് ത്വം അസി.അതായത്, അത് നീ ആകുന്നു എന്ന് അര്‍ത്ഥം."
"അതോ, ഏത്?"
"അത് എന്നാല്‍ പരമാത്മാവ്.നീ തന്നെയാണ് പരമാത്മാവ് എന്ന് സങ്കല്‍പ്പം"
"അതെന്ത് സങ്കല്‍പ്പം?" രവിവര്‍മ്മ വിട്ട് കൊടുക്കാന്‍ ഭാവമില്ല.
അതിനു മറുപടിയായി തിരുമേനി ഒരു ചെറിയ വിവരണം കൊടുത്തു..
തത്വമസി എന്ന വാക്കിനെ പറ്റിയുള്ള വിവരണം..
ചന്ദൊഗ്യൊ ഉപനിഷത്തില്‍, ഉദ്ദാലകന്‍ തന്‍റെ മകനായ ശ്വേതകേതുവിനോട് പറഞ്ഞ വാക്കാണിത്..
തത്വമസി!!
അത് കേട്ട് ശ്വേതകേതുവിനും സംശയം..
ഞാന്‍ എങ്ങനെ പരമാത്മാവാകും??
അതിനു മറുപടിയായി ഉദ്ദാലകന്‍ തന്‍റെ മകനോട് അഗ്നി കൊണ്ട് വരുവാന്‍ പറഞ്ഞു.
ശ്വേതകേതു ഒരു വിളക്ക് കത്തിച്ചു കൊണ്ട് വന്നു!!
"നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" ഉദ്ദാലകന്‍റെ ചോദ്യം.
ശ്വേതകേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട് ചെന്നു!!
"നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" വീണ്ടും അതേ ചോദ്യം.
ശ്വേതകേതു ഉടനെ ഒരു കനല്‍ക്കട്ട എടുത്തു ചകിരിയില്‍ വെച്ച് കൊണ്ട് ചെന്നു!!
"നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?"
ശ്വേതകേതുവിനു സഹികെട്ടു, അവന്‍ തിരിച്ച് ചോദിച്ചു:
"എങ്ങിനെയാണ് അഗ്നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ?"
"അതെ, അതാണ് നിന്‍റെ ചോദ്യത്തിനുള്ള ഉത്തരം.അഗ്നിക്ക് സ്ഥിതി ചെയ്യാന്‍ ഒരു ഉപാധി ആവശ്യമാണ്.അതുപോലെ പരമാത്മാവിനു ഇരിക്കാന്‍ ഉള്ള ഉപാധിയാണ് നിന്‍റെ ശരീരം.അതായത് പരമാത്മാവ് നിന്നിലും എന്നിലും സര്‍വ്വ ചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നു"
വാമദേവന്‍ നമ്പൂതിരി പറഞ്ഞ ഈ വിശദീകരണം കേട്ടപ്പോള്‍ ബ്രഹ്മദത്തന്‍ ചോദിച്ചു:
"എന്‍റെ അഷ്ടമശനിയും, ഈ തത്വമസിയും തമ്മിലെന്ത് ബന്ധം?"
"ശനിബാധയില്‍ നിന്ന് രക്ഷിക്കാന്‍ ശനീശ്വരനെ കഴിയു, ശനീശ്വരന്‍ അയ്യപ്പനാണ്.മാത്രമല്ല, മാലയിട്ട ഭക്തനും മലമുകളിലെ ഭഗവാനും ഒന്നാണെന്ന സങ്കല്‍പ്പമുള്ളതും അയ്യപ്പന്‍റെ കാര്യത്തിലാണ്.അതിനാല്‍ അദ്ദേഹത്തെ കണ്ട് തൊഴുതാല്‍ എല്ലാ പ്രശങ്ങള്‍ക്കും ഒരു പരിഹാരം ലഭിക്കും, തീര്‍ച്ച"
എല്ലാവരുടെയും മുഖത്ത് ആശ്വാസം..
ദേവദത്തന്‍ തന്‍റെ മകനോട് പറഞ്ഞു:
"ബ്രഹ്മാ, തിരുമേനി പറഞ്ഞ പ്രകാരം ചെയ്യുക.ഇന്ന് തന്നെ കീഴ്ക്കാവില്‍ പോയി അയ്യപ്പഭഗവാനെ കാണുക, ഒരു നീരാഞ്ജനവും നടത്തുക."
എന്നാല്‍ ദേവദത്തന്‍റെ വാക്കുകളെ മുറിച്ച് കൊണ്ട് ഒരു ശബ്ദം അവിടെ മുഴങ്ങി:
"ഇല്ല ബ്രഹ്മദത്താ, അങ്ങനെ നിന്‍റെ ശനി ദോഷം ഒഴിയുകയില്ല"
ആ ഉറച്ച വാക്കുകള്‍ വാമദേവന്‍ നമ്പൂതിരിയുടെതായിരുന്നു..
ശനീശ്വരനായ അയ്യപ്പനെ കണ്ടാല്‍ എല്ലാ ദുരിതവും മാറുമെന്ന് പറഞ്ഞ വാമദേവന്‍ നമ്പൂതിരിയുടെത്..
ആശ്വസിച്ച് തീരും മുമ്പേ കേട്ട ആ വാചകം എല്ലാവരുടെയും മനസില്‍ മറ്റൊലി കൊണ്ടു..
"ഇല്ല ബ്രഹ്മദത്താ, അങ്ങനെ നിന്‍റെ ശനി ദോഷം ഒഴിയുകയില്ല"
എന്തേ??
ദേവദത്തന്‍റെയും ബ്രഹ്മദത്തന്‍റെയും കണ്ണുകളില്‍ ഒരേ പോലെ സംശയം ജനിച്ചു, പുച്ഛഭാവത്തില്‍ നിന്ന രവിവര്‍മ്മ പോലും വാമദേവന്‍ നമ്പൂതിരിയെ സൂക്ഷിച്ച് നോക്കി, ഭീകരമായ ഒരു നിശബ്ദത ആ അന്തരീക്ഷത്തില്‍ ഉടലെടുക്കുന്ന പോലെ രാധികക്ക് അനുഭവപ്പെട്ടു.എന്നാല്‍ ആ നിശബ്ദതയെ ഭേദിച്ച് കൊണ്ട് വാമദേവന്‍ നമ്പൂതിരി കാരണം വിവരിച്ചു, തികച്ചും ന്യായമായ ഒരു കാരണം..