ഇപ്പോള്‍ വാമദേവന്‍ നമ്പൂതിരിയുടെ മനസ്സ് ശാന്തമാണ്...
കാരണം ബ്രഹ്മദത്തനെ ബാധിച്ചിരിക്കുന്ന അഷ്ടമശനിയെക്കാള്‍, രവിവര്‍മ്മയെ ചുറ്റിയുള്ള ഒരു കൊടിയ വിപത്തിനെ അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു.പക്ഷേ അത് എന്താണെന്ന് അദ്ദേഹത്തിനു പറയാന്‍ സാധിക്കുന്നില്ല, കാരണം അദ്ദേഹത്തിനു ഇനി പലതും അറിയാനുണ്ട്.
അതിനായി അദ്ദേഹത്തിന്‍റെ അടുത്ത ശ്രമം..
"രവിവര്‍മ്മക്ക് ഈശ്വരവിശ്വാസമുണ്ടോ?"
വാമദേവന്‍ നമ്പൂതിരിയുടെ ആ ചോദ്യത്തിനു മുന്നില്‍ എന്ത് മറുപടി പറയണമെന്നറിയാതെ രവിവര്‍മ്മ ഒരു നിമിഷം നിശബ്ദനായി നിന്നു, പിന്നീട് പതിയെ പറഞ്ഞു:
"പ്രപഞ്ചം നിയന്ത്രിക്കാന്‍ ഒരു ശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു"
"നല്ലത്, ആ ശക്തിക്ക് ഒരു രൂപമുണ്ടോ?" വീണ്ടൂം ചോദ്യം.
രവിവര്‍മ്മക്ക് മറുപടിയില്ല.
ആ മൌനം വാമദേവന്‍ നമ്പൂതിരിയില്‍ ഒരു മന്ദഹാസം വിരിയുന്നതിനു കാരണമായി.
ഈശ്വരന്‍ എന്നത് സത്യമാണ്, അതിനു രൂപഭാവങ്ങള്‍ മനുഷ്യനാണ് കല്‍പ്പിച്ച് നല്‍കിയത്.ജാതിമത വ്യത്യാസങ്ങള്‍ അനുസരിച്ച് ആ രൂപത്തിനു മാറ്റം സംഭവിക്കാം.പക്ഷേ പരമമായ സത്യം ഒന്ന് മാത്രമാണ്..
അതിനു ആദിയുമില്ല, അന്തവുമില്ല!!
ഒരോ യുഗത്തിലും ശക്തി ഒരോ രൂപങ്ങള്‍ക്കാണ്, ഇത് കലിയുഗമാണ്.ഈ യുഗത്തിന്‍റെ രക്ഷകന്‍ അയ്യപ്പനാണ്.കലിയുഗത്തില്‍ ദുഃഖങ്ങളില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാനുള്ള കഴിവ് കലിയുഗവരദനു തന്നെയാണ്.വാമദേവന്‍ നമ്പൂതിരിയുടെ ഈ വാക്കുകള്‍ സത്യമാണെന്ന പോലെ മലയിലേക്ക് പോകുന്ന അയ്യപ്പഭക്തന്‍മാരുടെ ശരണം വിളികള്‍ അന്തരീക്ഷത്തിലെങ്ങും മുഴങ്ങി..
"കലിയുഗവരദാ....അയ്യപ്പാ
കാനനവാസാ...അയ്യപ്പാ
പമ്പാനാഥാ...അയ്യപ്പാ
പന്തളവാസാ...അയ്യപ്പാ"
"ഉണ്ണിയുടെ സങ്കല്‍പ്പത്തിലുള്ള ഈശ്വരന്‍ അയ്യപ്പനാണെന്ന് കരുതി ഉണ്ണിയൊന്ന് ഭഗവാനെ വിളിച്ചേ" രവിവര്‍മ്മയോടെ വാമദേവന്‍ തിരുമേനിയുടെ നിര്‍ദ്ദേശം.
അതിനെ മാനിച്ച് കൊണ്ട് രവിവര്‍മ്മ പതുക്കെ വിളിച്ചു:
"അയ്യപ്പാ"
"ഇങ്ങനെയല്ല, ഭക്തിയ്യോട് കൂടി ഉറക്കെ വിളിക്ക്"
അയ്യപ്പനെ മനസില്‍ ധ്യാനിച്ച് രവിവര്‍മ്മ ഉറക്കെ വിളിച്ചു:
"അയ്യപ്പാ..!!!"
എങ്ങും നിശബ്ദത..
എന്തോ മനസിലായ മട്ടില്‍ തിരുമേനി തലകുലുക്കി, എന്നിട്ട് പറഞ്ഞു:
"ഇപ്പോള്‍ സങ്കല്‍പ്പിച്ച പോലെ ഈശ്വരനെ സങ്കല്‍പ്പിച്ച് ധര്‍മ്മശാസ്താവേന്ന് ഒന്ന് വിളിച്ചേ"
എന്തിന്??
രവിവര്‍മ്മ ശബ്ദിക്കാതെ നിന്നു.
"വിളിക്കു രവി" രാധികയുടെ ആഹ്വാനം.
ഒരിക്കല്‍ കൂടി ഈശ്വരശക്തിയില്‍ സങ്കല്‍പ്പിച്ച് രവിവര്‍മ്മ ഉറക്കെ വിളിച്ചു:
"ധര്‍മ്മശാസ്താവേ...!!!"
ആ വിളി അന്തരീക്ഷത്തിലെങ്ങും മുഴങ്ങി..
മറുപടിയായി കീഴ്ക്കോവിലിലെ അയ്യപ്പക്ഷേത്രത്തില്‍ കൂട്ടമണിയടി ശബ്ദം!!
മാത്രമല്ല ഇല്ലത്തോട് ചേര്‍ന്ന കാവില്‍ ഭയങ്കര ശബ്ദത്തോടെ എന്തോ നിലംപതിച്ചു!!
ഈശ്വരാ, എന്താത്??
വിഷ്ണുദത്തന്‍ പുറത്തേക്ക് ഓടി.
തിരിച്ച് വന്ന വിഷ്ണുവിന്‍റെ മുഖത്തെ പരിഭ്രമം കണ്ട് ദേവദത്തന്‍ ചോദിച്ചു:
"എന്ത് പറ്റി വിഷ്ണു? എന്താ ആ ശബ്ദം?"
"കാവിലെ പാലയിലെ ഒരു ശിഖിരം അടര്‍ന്ന് വീണതാ"
"ഏത് ഭാഗത്തേക്ക് നിന്ന ശിഖിരമാ വീണത്?" തീരുമേനിയുടെ ചോദ്യം.
"തെക്ക് ഭാഗത്തേക്ക്.."
"ഉം..."
ഒന്ന് ഇരുത്തി മൂളിയട്ട് തിരുമേനി പ്രഖ്യാപിച്ചു:
"രവിവര്‍മ്മ ശബരിമലക്ക് പോകണം, അതും നടന്ന് തന്നെ പോകണം"
ഇത്രയും പറഞ്ഞിട്ട് രാധികയോടായി അദ്ദേഹം പറഞ്ഞു:
"ഉണ്ണി മലക്ക് പോയി തിരിച്ച് വരുന്ന വരെ, കണ്ഠകാളനട മഹാദേവക്ഷേത്രത്തില്‍ ഉണ്ണിയുടെ പേരില്‍ മൃത്യുജ്ഞയ ഹോമം നടത്തണം, മുടക്കരുത്"
ആ വാക്കുകളിലെ അര്‍ത്ഥം ഗ്രഹിച്ച ദേവദത്തന്‍ ചോദിച്ചു:
"എന്താ തിരുമേനി ഇത്ര വലിയ പ്രശ്നം"
"ഈ ഉണ്ണിയെ രണ്ട് കാര്യം ബാധിച്ചിരിക്കുന്നു, അതിലൊന്ന് ദത്തനു ലഭിക്കേണ്ട ശാപമാ"
ദത്തനോ?? അതാരാ?
എന്ത് ശാപം??
അതിനു മറുപടിയായി തിരുമേനി ഒരു കഥ പറഞ്ഞു..
വര്‍ഷങ്ങള്‍ക്ക് മുമ്പ്, വിന്ധ്യാപര്‍വ്വത താഴ്‌വരയില്‍ അരങ്ങേറിയ, ഒരു ശാപത്തിന്‍റെ കഥ..