രവിവര്‍മ്മയെ എരുമേലിയിലെ രാത്രിക്ക് മുന്നേ അപകടം ബാധിക്കുമെന്ന് ദേവനാരായണനു ഉറപ്പായിരുന്നു.ആ അപകടത്തെ ചെറുക്കുന്നതിനായിരുന്നു ബ്രഹ്മദത്തനെ അദ്ദേഹം മുന്നിലേക്ക് നിര്‍ത്തിയത്...
നേരിട്ട് ഒരു ആക്രമണം ഉണ്ടാവാതിരിക്കാന്‍!!
രവിവര്‍മ്മയുടെ മുന്നില്‍ ബ്രഹ്മദത്തനും, വലത് വശത്ത് ദേവനാരായണനും നില്‍ക്കുമ്പോള്‍ ആ ഭാഗങ്ങളില്‍ നിന്ന് ഒരു അപകടം വരില്ലെന്ന് വാമദേവന്‍ നമ്പൂതിരിക്ക് ഉറപ്പുണ്ടായിരുന്നു.പിന്നെ സാധ്യതയുള്ളത് ഇടത് ഭാഗമാണ്...
അങ്ങനെ ഒരു അപകടം സംഭവിക്കാതിരിക്കാനാണ് വാമദേവന്‍ നമ്പൂതിരി ഇടത് ഭാഗത്തേക്ക് മാറിയത്.എന്നാല്‍ മറ്റ് സംഘാംഗങ്ങള്‍ക്ക് ഇതിനെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല..
അവര്‍ ശരണം വിളികളുമായി യാത്ര തുടരുകയായിരുന്നു...
"സ്വാമിയേ...അയ്യപ്പോ
അയ്യപ്പോ....സ്വാമിയേ
ഭഗവാനെ...ഭഗവതിയെ
ഭഗവതിയെ...ഭഗവാനെ
ദേവനെ...ദേവിയെ
ദേവിയെ.....ദേവനെ"
എരുമേലിയിലെ ശാസ്താക്ഷേത്രത്തില്‍ തങ്ങാനായിരുന്നു വാമദേവന്‍ നമ്പൂതിരിയുടെ തീരുമാനം.അതിനു അടുത്ത് തന്നെയാണ് വാവരുപള്ളിയും സ്ഥിതി ചെയ്യുന്നത്.ശാസ്താക്ഷേത്രവും വാവരുപള്ളിയും അടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നതെന്ന് എല്ലാവരെയും അറിയിക്കുന്നതിനായി ദേവനാരായണന്‍ ഇങ്ങനെ പറഞ്ഞു:
"ശിവഭഗവാന്‍റെ ഒരു പുത്രനായ അയ്യപ്പനും, മറ്റൊരു പുത്രനായ വാവരും എരുമേലിയില്‍ അടുത്തടിത്ത് സ്ഥിതി ചെയ്യുന്നു"
ആ വാചകം കേട്ട് എല്ലാവരും ഞെട്ടിപ്പോയി!!
ശിവപുത്രനായ വാവരോ??
അതെങ്ങനെ??
"സ്വാമിക്ക് തെറ്റിയതാണൊ?" വിഷ്ണുദത്തനൊരു സംശയം.
"തെറ്റിയില്ല സ്വാമി, വാവരു ശിവഭഗവാന്‍റെ മകനാ"
ദേവനാരായണന്‍ ഉറപ്പിച്ച് പറഞ്ഞു.
"അതെങ്ങനെ?" ചോദ്യം ബ്രഹ്മദത്തന്‍റെ വകയായിരുന്നു.
അതിനു മറുപടിയായി ദേവനാരായണന്‍ ഒരു കഥ പറഞ്ഞു...
അയ്യപ്പന്‍വിളക്ക് നടത്തുമ്പോള്‍ കൂടെ പാടുന്ന വാവര്‍ പാട്ടിലെ വാവരുസ്വാമിയുടെ കഥ..
ശിവപുത്രനായ വാവരുസ്വാമിയുടെ കഥ..
ശിവഭഗവാനും വിഷ്ണുഭഗവാനും തമ്മില്‍ ഒരിക്കല്‍ പിണക്കമായി...
അന്ന് വിഷ്ണുഭഗവാന്‍ ഒരു മുസ്ലിംയുവാവിന്‍റെ വേഷത്തില്‍ ത്രിപുരന്‍മാരുടെ അടുത്ത് ചെല്ലുകയും, അവരെ നാലാം വേദം പഠിപ്പിക്കുകയും ചെയ്തു.അനന്തരം അദ്ദേഹം ഈ ത്രിപുരന്‍മാരെ ശിവഭഗവാനു എതിരെ നയിച്ചു.
ത്രിപുരന്‍മാര്‍ ശിവലിംഗം തകര്‍ത്തു!!!
"അയ്യോ എന്നിട്ട്?" വൈഷ്ണവന്‍ പേടിച്ച് പോയി.
എന്നിട്ടോ...??
തകര്‍ക്കപ്പെട്ട ശിവലിംഗത്തില്‍ നിന്നും രക്തം ഒഴുകാന്‍ തുടങ്ങി.അപകടത്തിന്‍റെ ഗൌരവം മനസിലാക്കിയ ദേവന്‍മാര്‍ അര്‍ച്ചന നടത്തുകയും അങ്ങനെ രക്തമൊഴുക്ക് നില്‍ക്കുകയും ചെയ്തു.
"അപ്പോ വിഷ്ണുഭഗവാനോ?"
അത് വിഷ്ണുദത്തന്‍റെ ചോദ്യമായിരുന്നു.വിഷ്ണുഭഗവാനെ മനസാല്‍ ധ്യാനിക്കുന്ന അവന്, മുസ്ലിംവേഷം കെട്ടിയ വിഷ്ണുഭഗവാന്‍റെ കഥ അറിയാന്‍ വളരെ ആഗ്രഹമായി..
ദേവനാരായണന്‍ കഥ തുടര്‍ന്നു...
മുസ്ലിം വേഷാധാരിയായ വിഷ്ണുഭഗവാന്‍, കാതിയുമ്മ എന്ന സ്ത്രീയെ വിവാഹം കഴിച്ചു.അവര്‍ക്ക് ഒരു പുത്രി ജനിക്കുകയും ചെയ്തു, അതാണത്രേ പാത്തുമ്മ!!
വര്‍ഷങ്ങള്‍ കഴിഞ്ഞു...
പാത്തുമ്മ യൌവനയുകതയായി!!
ഈ കാലഘട്ടത്തില്‍ മഹാദേവന്‍ ആ പെണ്‍കുട്ടിയെ കാണുകയും, അദ്ദേഹത്തിനു അവളില്‍ മോഹമുദിക്കുകയും ചെയ്തു.അങ്ങനെ പരമേശ്വരബീജത്തിനാല്‍ പാത്തുമ്മ ഗര്‍ഭിണിയായി..
ഇപ്രകാരം ശിവഭഗവാനു, വിഷ്ണുഭഗവാന്‍റെ മകളായ പാത്തുവില്‍ ജനിച്ച പുത്രനാണത്രേ വാവര്‍!!!
വാവരുസ്വാമിയുടെ ജനനത്തെ കുറിച്ച് ഇങ്ങനെ വിശദീകരിച്ച ശേഷം, വാവരുപാട്ടിലെ മറ്റ് ചരിതങ്ങള്‍ കൂടി ദേവനാരായണന്‍ വ്യക്തമാക്കി..
പയറ്റുവിദ്യയെല്ലാം അഭ്യസിച്ച വാവര്‍, വാണിഭത്തിനായി യാത്ര ആരംഭിച്ചു...
കപ്പലില്‍ യാത്ര ചെയ്തിരുന്ന ഇദ്ദേഹം കുറുവാനപള്ളിക്ക് അടുത്ത് കപ്പല്‍ നങ്കൂരമിടുവിക്കുകയും, അതിനു ശേഷം ഒരു പച്ച നിറത്തിലുള്ള കുതിരയുടെ പുറത്തേറി യാത്ര ആരംഭിക്കുകയും ചെയ്തു.ആനപുറത്ത് സഞ്ചരിച്ച് കൊണ്ടിരുന്ന അയ്യപ്പന്‍ ഈ യാത്രകാണുകയും, കുതിരയുടെ വാല്‍കാണം ആവശ്യപ്പെടുകയും ചെയ്തു.
ഇതിനെ ചൊല്ലിയുള്ള സംവാദം ഒരു യുദ്ധത്തിലാണ് കലാശിച്ചത്!!
യുദ്ധത്തിനിടയില്‍ വാവരുടെ കുതിരയുടെ കാലുകള്‍ അയ്യപ്പന്‍ വെട്ടികളഞ്ഞത്രേ!!
പകരം അയ്യപ്പന്‍റെ ആനയുടെ കാലുകള്‍ വെട്ടി വാവര്‍ പ്രതികാരം ചെയ്തു.
തങ്ങളുടെ ദിവ്യകഴിവിനാല്‍, ആനകാലുകള്‍ അയ്യപ്പനും, കുതിരക്കാലുകള്‍ വാവരും പുനഃസൃഷ്ടിച്ചു.ശത്രുവിന്‍റെ കഴിവില്‍ പരസ്പരം ബഹുമാനം തോന്നിയ അവര്‍, സുഹൃത്തുക്കളായി മലകയറി.
ദേവനാരായണന്‍ കഥ പറഞ്ഞ് അവസാനിപ്പിച്ചു.
ദേവനാരായണന്‍ വിശദീകരിച്ച വാവരുപാട്ടിലെ വാവര്‍സ്വാമിയുടെ കഥയില്‍ മനമുറപ്പിച്ച് എല്ലാവരും യാത്ര ചെയ്തുകൊണ്ടിരിക്കെയാണ് വിഷ്ണുദത്തന്‍ അത് ശ്രദ്ധിച്ചത്..
രവിവര്‍മ്മയുടെ മുന്നിലും, ഇരുഭാഗങ്ങളിലുമായി സൂക്ഷ്മതയോടെ യാത്ര ചെയ്യുന്ന ബ്രഹ്മദത്തനും, ദേവനാരായണനും, തിരുമേനിയും..
എന്തോ അപകടം വരുന്നു!!
വിഷ്ണുദത്തനു ഉറപ്പായി.
"സ്വാമി എന്താ പ്രശ്നം? രൂപിയായ അപകടം?"
ദേവനാരായണനോടുള്ള വിഷ്ണുദത്തന്‍റെ ചോദ്യം വിറയാര്‍ന്ന ശബ്ദത്തിലായിരുന്നു.
"അതേ അപകടം തന്നെ" ദേവനാരായണന്‍റെ പതിഞ്ഞ സ്വരത്തിലുള്ള മറുപടി.
"എന്ത് അപകടം?"
"അറിയില്ല, പക്ഷേ അപകടം ചിന്തിക്കുമ്പോള്‍ മനസില്‍ വരുന്നത് ഒരു പയ്യന്‍റെ മുഖമാ..."
ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു:
"..എരുമേലിയില്‍ അപകടകാരിയായ ഒരു ആണ്‍കുട്ടി നില്‍പ്പുണ്ടെന്ന് തോന്നുന്നു."
ഇത് ദേവനാരായണനു പറ്റിയ ആദ്യത്തെ തെറ്റായിരുന്നു..
കാരണം ആ സമയത്ത് എരുമേലിയില്‍ അങ്ങനെ ഒരു ആണ്‍കുട്ടി നില്‍പ്പുണ്ടായിരുന്നില്ല!!
എന്നാല്‍ ആ പ്രദേശത്ത് ഒരു എരുമ അലഞ്ഞ് നടക്കുന്നുണ്ടായിരുന്നു..