എരുമേലില്‍ പേട്ടതുള്ളല്‍..
ശരീരമാസകലം ഭസ്മവും, കുങ്കുമവും, കരിയും പൂശി, 'അയ്യപ്പതിന്തകത്തോം സ്വാമിതിന്തകത്തോം' എന്ന ആര്‍പ്പുവിളിയോടെ അയ്യപ്പന്‍മാര്‍ പേട്ട തുള്ളുന്നു...
"അയ്യപ്പതിന്തകത്തോം തോം തോം സ്വാമിതിന്തകത്തോം
സ്വാമിതിന്തകത്തോം തോം തോം അയ്യപ്പതിന്തകത്തോം
തിന്തക തിന്തക തിന്തക തിന്തക തോം തോം തോം"
പേട്ടതുള്ളല്‍ കഴിഞ്ഞ് മടങ്ങുന്ന ഈ ഭക്തന്‍മാര്‍ പമ്പയില്‍ സദ്യ നടത്തി, ദീപകാഴചകള്‍ ഒരുക്കുന്നു.രവിവര്‍മ്മയുടെ കഥയില്‍ ഇതിനു വ്യക്തമായ കാരണമുണ്ടായിരുന്നു, പമ്പയില്‍ സദ്യ നടത്തി, ദീപകാഴ്ച ഒരുക്കുവാനുള്ള കാരണം..
ഇഞ്ചിപ്പാറ കോട്ട..
മറവപ്പടത്തലവനായ ഉദയനന്‍റെ മുഖ്യവിഹാര സ്ഥലം..
ചുറ്റും കിടങ്ങുകളുള്ള അതിഭയങ്കരമായ ഒരു കോട്ട!!
തലപ്പാറക്കോട്ടയിലെ യുദ്ധത്തെക്കാള്‍ ഭീകരമായിരുന്നു ഇഞ്ചിപ്പാറക്കോട്ടയിലെ യുദ്ധം.യുദ്ധത്തിനായി പുറപ്പെട്ട നിമിഷം സേനാനായകനായ അയ്യപ്പന്‍റെ ആജ്ഞപ്രകാരം പോരാളികള്‍ കൈയ്യില്‍ കല്ല് കരുതിയിരുന്നു.ആ കല്ലിട്ട് കിടങ്ങ് നികത്തിയാണ് അവര്‍ ഇഞ്ചിപ്പാറക്കോട്ടയില്‍ കടന്നത്. ആ ഓര്‍മ്മക്കാണത്രേ ഇന്നും തീര്‍ത്ഥാടകര്‍ അവിടെ കല്ലിടുന്നത്..
"അള്ളാ, ശരിയാണല്ലോ!! മലക്ക് പോയപ്പോള്‍ മ്മള്‍ അവിടെ കല്ലിട്ടാരുന്നു" മുസ്തഫയുടെ സാക്ഷ്യം.
ആ വാക്കുകള്‍ കേട്ടില്ലെന്ന് നടിച്ച് കൊണ്ട് രവിവര്‍മ്മ കഥ തുടര്‍ന്നു..
യുദ്ധം ചെയ്തു മുന്നേറിയ സംഘം മറപ്പടത്തലവനായ ഉദയനനെ കൊന്നു.അങ്ങനെ ശത്രുക്കളെ നിഗ്രഹിച്ച ശേഷം അവര്‍ പമ്പയില്‍ ഒത്ത് കൂടി..
പിന്നെ അവിടെ ആഘോഷമായിരുന്നു..
യുദ്ധം ജയിച്ച സന്തോഷത്തിനു സദ്യ, യുദ്ധത്തില്‍ മരിച്ചവര്‍ക്ക് ബലിക്രിയ, വിജയാഘോഷത്തില്‍ ദീപകാഴ്ച, അങ്ങനെ അവര്‍ വിജയം ആഘോഷിച്ചു..
"ദൈവമേ, പേട്ട തുള്ളന്‍ കഴിഞ്ഞ് ചെയ്യുന്ന കര്‍മ്മങ്ങള്‍" വിഷ്ണുദത്തന്‍റെ ആത്മഗതത്തില്‍ കുറച്ച് അതിശയവും ഉണ്ടായിരുന്നു.
വിഷ്ണുദത്തനെ നോക്കി ഒന്നു മന്ദഹസിച്ചിട്ട് രവിവര്‍മ്മ കഥയുടെ ബാക്കി ഭാഗം പറഞ്ഞു..
അയ്യപ്പനും സംഘവും ക്ഷേത്ര പുനരുദ്ധാരണത്തിനായി ശബരിമലയിലേക്ക് യാത്ര ആരംഭിച്ചു.നീലിമല കയറി അവര്‍ ശബരീ പീഠത്തിലെത്തി..
ധര്‍മ്മശാസ്താവിന്‍റെ ക്ഷേത്രപരിസരത്തേക്കുള്ള പ്രവേശന കവാടത്തില്‍ എത്തിയപ്പോള്‍ അയ്യപ്പന്‍ പറഞ്ഞു:
"നമ്മള്‍ യുദ്ധം ജയിച്ചിരിക്കാം, നമ്മള്‍ വില്ലാളികളായിരിക്കാം.എന്നാല്‍ ഇത് ധര്‍മ്മശാസ്താവിന്‍റെ സന്നിധിയാണ്, ഇവിടെ ആയുധങ്ങള്‍ ആവശ്യമില്ല"
ശരിയാണ്..
ഭഗവത് സന്നിധിയില്‍ എന്തിനാണ് ആയുധങ്ങള്‍??
സ്വാര്‍ത്ഥലാഭങ്ങള്‍ക്കും കാമമോഹങ്ങള്‍ക്കും അവിടെ സ്ഥാനമില്ല..
വീരനും ഭീരുവും കുബേരനും കുചേലനുമെല്ലാം ഈശ്വരനു ഒരേ പോലെയാണ്..
ആയുധങ്ങള്‍ അവിടെ ഉപേക്ഷിച്ച് അവര്‍ ക്ഷേത്രത്തിലേക്ക് യാത്രയായി..
"എന്താ ഉണ്ണിയുടെ പേര്?"
വാമദേവന്‍ നമ്പൂതിരിയുടെ ചോദ്യം രവിവര്‍മ്മയുടെ കഥക്ക് ഒരു വിഘനമായി.തിരുമേനിയുടെ മുഖത്ത് നോക്കി അയാള്‍ പറഞ്ഞു:
"രവി...രവിവര്‍മ്മ"
"ഉണ്ണിയുടെ ചെവിയില്‍ ചൊല്ലിയ പേര് എന്തെന്ന് അറിയാമോ?"
ഏതൊരു കുട്ടിക്കും പേരിടിമ്പോള്‍ ചെവിയില്‍ ഒരു വിളിപേര് ചൊല്ലാറുണ്ട്, അതൊരു ഈശ്വരനാമം ആയിരിക്കും.ആ പേരായിരുന്നു വാമദേവന്‍ നമ്പൂതിരിക്ക് അറിയേണ്ടത്.
രവിവര്‍മ്മക്ക് അത് അറിയില്ല, പക്ഷേ തന്‍റെ അനുജന്‍റെ ചെവിയിലിട്ട പേര് രാധികക്ക് അറിയാമായിരുന്നു, അവള്‍ പറഞ്ഞു:
"അത് മണികണ്ഠന്‍ എന്നാ"
അയ്യപ്പന്‍റെ പേരോ??
വാമദേവന്‍ നമ്പൂതിരിയുടെ മുഖത്ത് ഒരു അതിശയ ഭാവം, അദ്ദേഹം ചോദിച്ചു:
"എന്താ ഉണ്ണിയുടെ നാള്?"
"ഉത്രം" രവിവര്‍മ്മ മറുപടി നല്‍കി
ഉത്രം..
സാക്ഷാല്‍ അയ്യപ്പഭഗവാന്‍റെ നാള്.
വാമദേവന്‍ നമ്പൂതിരി ഇരിപ്പടത്തില്‍ നിന്നും അറിയാതെ എഴുന്നേറ്റു പോയി..