ശബരിമലക്ക് പോകേണ്ട വഴികളെ കുറിച്ച് വാമദേവന്‍ നമ്പൂതിരിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു.എത്രയും വേഗം ഭഗവാന്‍റെ സന്നിധിയില്‍ എത്തിച്ചേരേണ്ടതിന്‍റെ ആവശ്യകത മറ്റാരെക്കാളും നന്നായിട്ട് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു..
തിരുമേനി ബ്രഹ്മദത്തനോട് പറഞ്ഞു:
"കഴിയുന്നതും ഇന്ന് കരയംവെട്ടത്ത് എത്തണം"
കരയംവെട്ടമോ??
"അതേ, കരയംവെട്ടം തന്നെ"
തിരുമേനി തന്‍റെ പ്ലാന്‍ വിശദമാക്കി..
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ തൊഴുത് വന്ന് കീഴ്ക്കോവിലെ അയ്യപ്പക്ഷേത്രത്തില്‍ കെട്ട് മുറുക്ക്.അതിനു ശേഷം യാത്ര തുടങ്ങാം...
ഉദയനെല്ലൂരില്‍ നിന്ന് പുറപ്പെട്ടാല്‍ ഇരുളും മുമ്പേ കായംകുളത്തെത്താം.അവിടെ പുതിയിടം ശ്രീകൃഷ്ണസ്വാമിക്ഷേത്രം വഴി നേരെ പോയി റെയില്‍വേ സ്റ്റേഷന്‍ മറികടന്നാല്‍ കരിമുട്ടം ദേവിക്ഷേത്രം.അവിടുന്ന് യാത്രതുടര്‍ന്നാല്‍ കൊയ്പ്പള്ളികാരാഴ്മ ദേവിക്ഷേത്രം, തുടര്‍ന്ന് ചെട്ടികുളങ്ങര ദേവിക്ഷേത്രം..
"ഇപ്പോഴും നെല്ല് കൊണ്ട് പോകാറുണ്ടോ?" ബ്രഹ്മദത്തന്‍റെ ചോദ്യം.
പണ്ട് നെല്‍പ്പറ ധാരാളമായി കിട്ടിയിരുന്ന കാലഘട്ടത്തില്‍, ചെട്ടികുളങ്ങര ദേവിക്ഷേത്രത്തില്‍ നിന്നുമാണ് ശബരിമലയില്‍ പ്രസാദം തയ്യാറാക്കുന്നതിനാവശ്യമായ നെല്ല് കൊണ്ട് പോയിരുന്നതെന്ന് ബ്രഹ്മദത്തന്‍ കേട്ടിട്ടുണ്ട്.അതിനാലാണ് ചെട്ടികുളങ്ങര ദേവിക്ഷേത്രത്തെ പറ്റി പ്രതിപാദിച്ചപ്പോള്‍ ഇപ്പോഴും നെല്ല് കൊണ്ട് പോകാറുണ്ടോന്ന് അയാള്‍ ചോദിക്കാന്‍ കാരണം.
"ഇല്ലന്നാ തോന്നുന്നെ, ഇപ്പോ നെല്‍പ്പറ കുറവല്ലേ സ്വാമി" വാമദേവന്‍ നമ്പൂതിരിക്കും ഉറപ്പില്ല.
തുടര്‍ന്ന് തിരുമേനി വഴി വിവരിക്കുന്നതിലേക്ക് ശ്രദ്ധയൂന്നി..
ചെട്ടികുളങ്ങര കഴിഞ്ഞാല്‍ കാട്ടുവള്ളില്‍ അയ്യപ്പക്ഷേത്രം.ആ വഴി നേരെ പോയാല്‍ കണ്ടിയൂര്‍ മഹാദേവക്ഷേത്രം.ഒന്നുങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വഴി കരയംവെട്ടം.
വഴി വിശദീകരിക്കുന്നത് നിര്‍ത്തിയട്ട് അദ്ദേഹം പറഞ്ഞു:
"അവിടെ സാക്ഷാല്‍ ഹനുമാന്‍ സ്വാമിയുടെ പ്രതിഷ്ഠയാ, അതും നല്ല ശക്തിയുള്ള പ്രതിഷ്ഠ.ഇന്ന് നമുക്ക് അവിടെ താമസിക്കാം"
ബ്രഹ്മദത്തനെ സംബന്ധിച്ച് തിരുമേനിയുടെ വാക്കുകള്‍ക്ക് എതിര്‍ വാക്കില്ലായിരുന്നു.
ഇങ്ങനെ വമദേവന്‍ നമ്പൂതിരിയും, ബ്രഹ്മദത്തനും യാത്ര പോകേണ്ട വഴികളെ കുറിച്ച് ചര്‍ച്ച ചെയ്തിരിക്കുമ്പോള്‍, മറ്റൊരു ഭാഗത്ത് ദേവദത്തന്‍ ആ കഥ വിവരിക്കുകയായിരുന്നു..
ചില പ്രദേശങ്ങളില്‍ മാത്രം പ്രചരിക്കുന്ന അയ്യപ്പന്‍പാട്ടിലെ നായകന്‍റെ വ്യത്യസ്തമായ കഥ..
ഈ കഥ നടക്കുന്നതും പഴയ കാലഘട്ടത്തിലാണ്..
പരസ്‌പരം പോരടിച്ച് കൊണ്ടിരുന്ന നാട്ടുരാജാക്കന്മാരെ മറവപ്പടയും കൂട്ടരും കീഴപ്പെടുത്തിവന്ന കാലഘട്ടത്തില്‍..
ആ സമയത്ത് ശത്രുക്കളെ ഭയന്ന് പന്തളം കൊട്ടാരത്തില്‍നിന്നും ഒരു രാജകുമാരി പാലായനം ചെയ്യുകയും, ഒരു യോഗി അവളെ രക്ഷിക്കുകയും ചെയ്തത്രേ.ഇവര്‍ ശബരിമല അടിവാരത്തില്‍ താമസിക്കുകയും, പിന്നീട് ഇവര്‍ക്കുണ്ടായ പുത്രനെ സകല വിദ്യകളും അഭ്യസിപ്പിച്ച്, ഒരു ഓലക്കുറിപ്പും കൊടുത്ത് പന്തളത്തിനു അയക്കുകയും ചെയ്തു.കൊട്ടാരത്തില്‍ എത്തിയ യുവാവ് രാജ്യത്തിന്‍റെ അനന്തര അവകാശി ആണെന്ന് മനസിലാക്കിയ രാജാവ് അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിച്ചു...
ആ യുവാവാണത്രേ അയ്യപ്പന്‍!!
താമസിയാതെ പന്തളം സേനയിലെ കടുത്ത, വില്ലന്‍, മല്ലന്‍ തുടങ്ങിയ അഭ്യാസികളോടൊപ്പം രാജ്യം സംരക്ഷിക്കുന്ന രക്ഷകനായി അയ്യപ്പന്‍ മാറി.
ആയിടക്കാണ് വാവരുടെ രംഗപ്രവേശം..
തുര്‍ക്കിസ്‌താനില്‍നിന്നും യുദ്ധസന്നാഹത്തോടെയെത്തിയ വാവരെ കടല്‍ക്കരയില്‍ വെച്ചു അയ്യപ്പനും കൂട്ടരും നേരിട്ടു.ആ യുദ്ധത്തിനവസാനം മൈത്രീബന്ധം സ്ഥാപിച്ചു വാവര്‍ അയ്യപ്പന്‍െറ വിശ്വസ്‌ത അനുയായിയായി മാറി.തുടര്‍ന്ന് ശത്രുക്കളെ നിഗ്രഹിക്കാനും, ശബരിമല ക്ഷേത്രം പുനരുദ്ധീകരിക്കാനും ഈ സംഘം തീരുമാനിച്ചു.അതിനായി അവര്‍ ഒരുക്കങ്ങള്‍ തുടങ്ങി..
"ഏകദേശം ഇതൊക്കെ തന്നല്ലേ ഞാനും അന്ന് പറഞ്ഞത്?" രവിവര്‍മ്മക്ക് സംശയം.
"അതേ, പക്ഷേ ഇനി കഥ വേറെയാണ്"
ദേവദത്തന്‍ കഥ തുടര്‍ന്നു..
ചീരപ്പന്‍ചിറ മൂപ്പന്‍..
കൊച്ചിക്കു തെക്കുള്ള തണ്ണീര്‍മുക്കത്തിലെ ഒരു പ്രമാണി!!
ശത്രുക്കളെ നിഗ്രഹിക്കാന്‍ സൈന്യബലം വര്‍ദ്ധിപ്പിക്കുന്നതിനായി അയ്യപ്പന്‍ ഇവിടെയെത്തി.എന്നാല്‍ യുദ്ധത്തിനു സഹകരിക്കാന്‍ ഈ മൂപ്പന്‍ തയ്യാറായിരുന്നില്ല.പക്ഷേ അദ്ദേഹം ഒരു ഉപകാരം ചെയ്തു, സേനാബലം വര്‍ദ്ധിപ്പിക്കാന്‍ നടക്കുന്ന അയ്യപ്പനു തന്‍റെ കളരിയില്‍ തങ്ങാന്‍ അവസരം കൊടുത്തു.
"എന്നിട്ട് അയ്യപ്പന്‍ അവിടെ താമസിച്ചോ?"
രവിവര്‍മ്മയുടെ ചോദ്യം കുറച്ച് ഉച്ചത്തിലായി പോയി.
ആ ശബ്ദം ബ്രഹ്മദത്തന്‍റെയും വാമദേവന്‍ നമ്പൂതിരിയുടെയും ശ്രദ്ധ ദേവദത്തന്‍റെ കഥയിലേക്കാക്കി.
എല്ലാവരുടെയും ആകാംക്ഷ കണ്ട് ദേവദത്തന്‍ കഥ തുടര്‍ന്നു..
മൂപ്പന്‍റെ അനുവാദത്തോടെ അയ്യപ്പന്‍ ആ കളരിയില്‍ തങ്ങി!!
അവിടെ വച്ചാണ് മൂപ്പന്‍റെ മകള്‍ അയ്യപ്പനെ കാണുന്നത്.സുന്ദരനായ ആ യുവാവിനോട് അവള്‍ക്ക് ഒരു ഇഷ്ടം തോന്നിയത് സ്വാഭാവികം.അതിനാല്‍ തന്നെ അയ്യപ്പനു വേണ്ടി മൂപ്പനുമായി സംസാരിക്കാന്‍ അവള്‍ തയ്യാറായി.തന്‍റെ ഇഷ്ട പുത്രിയുടെ വാക്കുകള്‍ കേട്ടില്ലെന്ന് നടിക്കാന്‍ മൂപ്പനു ആവുമായിരുന്നില്ല.അങ്ങനെ മകളുടെ പ്രേരണയാല്‍ മൂപ്പന്‍ തന്‍റെ പടയാളികളെ അയ്യപ്പനു വിട്ട് കൊടുത്തു.ഇങ്ങനെ പലരുടെയും സഹായത്താല്‍ അയ്യപ്പന്‍ തന്‍റെ സേനാബലം വര്‍ദ്ധിപ്പിച്ചു.
കഥ ഇങ്ങനെ പുരോഗമിക്കെ ബ്രഹ്മദത്തന്‍റെ കണ്ണുകള്‍ രവിവര്‍മ്മയിലേക്ക് നീണ്ടു..
രവിവര്‍മ്മയുടെ പെരുമാറ്റങ്ങളില്‍ ഒരു വ്യത്യാസം പോലെ...
കഥാഗതിയിലെ മാറ്റവും, കഥയുടെ ചരിത്രവുമായുള്ള സാമ്യവും തന്‍റെ ഭാര്യാസഹോദരനെ ആ ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുന്നതായാണ് ബ്രഹ്മദത്തനു അനുഭവപ്പെട്ടത്..
രവിവര്‍മ്മ ഈശ്വര വിശ്വാസത്തില്‍ നിന്നും വീണ്ടും അകന്നു പോകുന്ന പോലെ!!
തന്‍റെ മനസില്‍ രൂപം കൊണ്ട ഭയം, തിരുമേനിയോട് അയാള്‍ വ്യക്തമാക്കി:
"രവിയുടെ ആകാംക്ഷ കൂടുതല്‍ അപകടത്തിലേക്കാണെന്ന് തോന്നുന്നല്ലോ തിരുമേനി"
"അതേ, അപകടത്തിലേക്ക് തന്നെ..."
ബ്രഹ്മദത്തന്‍റെ വാക്കുകളെ ശരി വച്ചിട്ട് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു:
"സത്യം തേടിയുള്ള യാത്ര എന്നും അപകടങ്ങളിലേക്കായിരിക്കും"
ബ്രഹ്മദത്തനു ഒന്നും മനസിലായില്ല, അയാള്‍ കഥയിലേക്ക് ശ്രദ്ധ തിരിച്ചു..