ഇടപ്പാവൂര്‍ ദേവിക്ഷേത്രം..
പുറമേ നിന്നു കാണുന്നവര്‍ക്ക് മൂന്ന് ചെറിയ അമ്പലം പോലെ തോന്നുമെങ്കിലും, ശക്തിരൂപിണിയായ ദേവിയും, നല്ലവരായ നാട്ടുകാരും, വിശാലമായ മൈതാനവും ഈ അമ്പലത്തിന്‍റെ പ്രത്യേകതയാണ്.ശബരിമലയാത്രക്ക് നടന്നു പോകുന്ന ഭക്തന്‍മാര്‍ക്ക് വിരിവയ്ക്കാനുള്ള സൌകര്യം ഈ ക്ഷേത്രത്തില്‍ ആവോളമുണ്ട്.അന്ന്, അതായത് ജാക്കി തന്‍റെ നിയോഗവുമായി യാത്ര തിരിച്ച രാത്രിക്ക് മുമ്പുള്ള വൈകുന്നേരം, ദേവനരായണനും കൂട്ടരും കഥകള്‍ പറഞ്ഞ് നേരം ചിലവഴിച്ചത് ഈ ക്ഷേത്രത്തില്‍ ആയിരുന്നു.
മോഹിനിയുടെ കഥയോടൊപ്പം ശാസ്താവിനെയും അയ്യപ്പനെയും കുറിച്ചുള്ള ചില വാദപ്രതിവാദങ്ങള്‍ക്ക് ശേഷം അവര്‍ ഉറങ്ങാന്‍ തീരുമാനിച്ചു...
വിശാലമായ സദ്യാലയത്തിലായിരുന്നു എല്ലാവരും കിടക്കാന്‍ തയ്യാറായത്..
അപ്പോഴാണ് അത് ദേവനാരായണന്‍റെ കണ്ണില്‍പെട്ടത്..
ഒരു ചെറിയ കുടില്‍..
ആനക്കൊട്ടിലിനു സമീപത്തായി, കഷ്ടിച്ച് രണ്ട് പേര്‍ക്ക് കിടക്കാന്‍ കഴിയുന്നത്!!
"എന്താത്?"
ദേവനാരായണന്‍റെ ചോദ്യത്തിനു നാട്ടുകാരില്‍ ഒരാള്‍ മറുപടി നല്‍കി:
"അത് രണ്ട് ദിവസം മുമ്പ് ഇവിടെ ഒരു യോഗീശ്വരന്‍ വന്നിരുന്നു, അദ്ദേഹത്തിനു താമസിക്കാനായി താത്ക്കാലികമായി കെട്ടിയ ഷെഡാണ്"
അത് കേട്ടതും ദേവനാരായണന്‍ പറഞ്ഞു:
"ഇന്ന് രവിവര്‍മ്മ അതില്‍ കിടക്കട്ടെ"
വാമദേവന്‍ നമ്പൂതിരി ഞെട്ടിപ്പോയി!!
രവിവര്‍മ്മ ഒറ്റക്ക് കിടക്കാനോ??
അതും ഈ അപകട സമയത്ത്??
വേണം, അത് വേണം, അപകടത്തെ നേരിട്ടേ പറ്റു!!
ദേവനാരായണന്‍ വ്യക്തമാക്കി.
അന്ന് രാത്രി..
കുടിലില്‍ കിടക്കുന്ന രവിവര്‍മ്മയുടെ മനസില്‍ ദേവനാരായണന്‍ പറഞ്ഞ കഥ മാത്രമായിരുന്നു..
അസുരന്‍മാരുടെ അടുത്ത് തനിയേ പോയ മോഹിനിയുടെ കഥ..
മോഹിനി..
കലാബോധമുള്ള ശില്പിയുടെ കരങ്ങളില്‍ വിരിഞ്ഞ ശില്പം പോലെയുള്ളവള്‍..
അംഗലാവണ്യത്തിലും, വാക്ക് ചാതുര്യതയിലും ഒരേ പോലെ ശോഭിക്കുന്നവള്‍..
അസുരന്‍മാരുടെ മനസിലും ആ രൂപലാവണ്യം പലമോഹങ്ങളുമുണര്‍ത്തി!!
സ്നേഹത്തോടെ സമീപിച്ച അവരോട് അവള്‍ ഒരു മത്സരം വ്യക്തമാക്കി..
അത് ഇപ്രകാരമായിരുന്നു..
അമൃത് അവള്‍ വിളമ്പി കൊടുക്കും.അത് വരെ എല്ലാവരും കണ്ണടച്ചിരിക്കണം.അവസാനം കണ്ണ് തുറക്കുന്നവരുടെ സ്വന്തമായിരിക്കും മോഹിനി.
മണ്ടന്‍മാര്‍, അവരത് വിശ്വസിച്ചു!!
എല്ലാവരും കണ്ണുമടച്ച് ഇരുപ്പായി.
അമൃതും പ്രതീക്ഷിച്ച് കണ്ണുമടച്ചിരുന്ന അസുരന്‍മാരുടെ അടുത്ത് നിന്നും, അമൃതുമായി മോഹിനി ദേവന്‍മാരുടെ സമീപമെത്തി.അങ്ങനെയവള്‍ ദേവന്‍മാര്‍ക്ക് അമൃത് വിളമ്പി.
"രാഹുവും കേതുവും ഇവിടല്ലേ വന്നത്?" കഥയുടെ ഈ ഭാഗത്ത് വൈഷ്ണവന്‍റെ ചോദ്യം.
അല്ല, രാഹുകേതുക്കളല്ല ഇവിടെ വന്നത്!!
ദേവനാരായണന്‍ ആ കഥ കൂടി വിശദമാക്കി..
ദേവന്‍മാര്‍ക്ക് മോഹിനി അമൃത് വിളമ്പികൊണ്ടിരുന്നപ്പോള്‍ സൈംഹികേയന്‍ എന്ന അസുരനും കൂട്ടത്തില്‍ സ്ഥാനം പിടിച്ചു.എന്നാല്‍ സൂര്യചന്ദ്രന്‍മാര്‍ ഇവന്‍ അമൃത് ഭക്ഷിക്കുന്ന സമയത്ത് കണ്ട് പിടിച്ചു.അപ്പോള്‍ തന്നെ വിഷ്ണുഭഗവാന്‍ ഇവന്‍റെ തലവെട്ടുകയും ചെയ്തു..
"അയ്യോ, എന്നിട്ട്?" വൈഷ്ണവനും കഥയില്‍ ലയിച്ചിരിക്കുന്നു.
എന്നിട്ടെന്താ??
അമൃത് കഴിച്ചവനു മരണമില്ലല്ലോ!!
സൈംഹികേയന്‍ തലയും ഉടലും വേര്‍പെട്ടു.അതാണത്രേ രാഹുവും കേതുവും.
ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം വ്യക്തമാക്കി:
"അതിനാലാണ് സൂര്യനെയും, ചന്ദ്രനേയും രാഹുകേതുക്കള്‍ ബാധിക്കുന്നത്"
സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും!!!
ശാസ്ത്രങ്ങള്‍ക്ക് അതീതമായ് മറ്റൊരു വിശ്വാസം!!
"ഈ കഥയില്‍ ധര്‍മ്മശാസ്താവ് എപ്പോഴാണ് ജനിച്ചത്?" കഥ മുഴുവന്‍ കേട്ടിട്ടും ശാസ്താവിന്‍റെ ജനനത്തിനു കാരണമായ കഥാ സന്ദര്‍ഭം രവിവര്‍മ്മക്ക് പിടി കിട്ടിയില്ല.
"ധര്‍മ്മശാസ്താവ് ജനിച്ചത് ഈ സമയത്ത് ആയിരുന്നില്ല"
ദേവനാരായണന്‍ വ്യക്തമാക്കി..
ഇതിനു ശേഷം മഹിഷിയുടെ വിളയാട്ട സമയത്ത്, ഹരിഹരപുത്രന്‍ ജനിക്കുന്നതിനായി നാരദര്‍ മഹാദേവന്‍റെ അടുത്തെത്തി.മോഹിനി രൂപത്തെ കുറിച്ചുള്ള മുനിവര്യന്‍റെ വിവരണം കേട്ടപ്പോള്‍ ഒന്ന് നേരില്‍ കാണണമെന്ന് ശിവഭഗവാനു ആഗ്രഹം തോന്നി.അങ്ങനെ വിഷ്ണുദേവന്‍ വീണ്ടും ആ അവതാരം കൈകൊള്ളുകയും, ആ വിഷ്ണുമായയില്‍ മഹാദേവപുത്രനായി ധര്‍മ്മശാസ്താവ് ജനിക്കുകയും ചെയ്തു.
രവിവര്‍മ്മക്ക് എല്ലാം അത്ഭുതമായിരുന്നു..
മോഹിനിയുടെ കഥകളിലും, പിന്നീട് നടന്ന ചില സംവാദങ്ങളിലും ശ്രദ്ധയൂന്നി കിടന്ന അവന്‍ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.അതേ സമയത്ത്, സദ്യാലയത്തില്‍ ദേവനാരായണനും കൂട്ടരും ഗാഢനിദ്രയിലായിരുന്നു.
രാത്രി വളരുന്നു..
സമയം രണ്ടര ആയിരിക്കുന്നു..
ജാക്കി വീട്ടില്‍ നിന്നും പുറപ്പെട്ടതിനു ശേഷം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞെന്ന് സാരം!!
വലിയൊരു ബഹളമാണ് ദേവനാരായണനെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്..
പുറത്ത് വന്നപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു..
അഗ്നിയുടെ സംഹാരതാണ്ഡവം!!
രവിവര്‍മ്മ കിടന്നുറങ്ങിയ കുടിലിനു ചുറ്റും അഗ്നി ആളി പടര്‍ന്നിരിക്കുന്നു..
ആരേയും അടുത്തേക്ക് അടുപ്പിക്കാതെ, പ്രത്യേകിച്ച് ഒരു രൂപവുമില്ലാത്ത അഗ്നി ആ കുടിലിനെ വിഴുങ്ങുകയായിരുന്നു..
ആദ്യത്തെ അപകടം..
അരൂപിയായ ശത്രുവിന്‍റെ ആക്രമണം..
എന്ത് ചെയ്യണമെന്ന് അറിയാതെ എല്ലാവരും പകച്ച് നിന്നു..