വാമദേവന്‍ നമ്പൂതിരിയില്‍ പെട്ടന്നുണ്ടായ ഭാവമാറ്റം എല്ലാവരെയും അങ്കലാപ്പിലാക്കി.അല്പ നേരത്തെ നിശബ്ദതക്ക് ശേഷം അദ്ദേഹം രവിവര്‍മ്മയോട് ചോദിച്ചു:
"ഉണ്ണി ശബരിമലയില്‍ പോയിട്ടുണ്ടോ?"
"ഇല്ല"
"ജീവിതത്തില്‍ ഒരിക്കല്‍ പോലും?"
"ഇല്ല, പോയിട്ടേ ഇല്ല"
ഇപ്പോള്‍ ആകാംക്ഷ രാധികക്കായിരുന്നു.തിരുമേനി അറിവുള്ളവനാണ്, കാര്യങ്ങള്‍ പെട്ടന്ന് ഗ്രഹിക്കാന്‍ കഴിവുള്ളവനാണ്, എന്നിട്ടും അദ്ദേഹത്തിന്‍റെ വാക്കുകളില്‍ സംശയം നിഴലിക്കുന്നു..
എന്തേ??
രാധികയുടെ സംശയം മനസിലാക്കിയട്ടെന്ന പോലെ വാമദേവന്‍ നമ്പൂതിരി പറഞ്ഞു:
"എനിക്ക് ചില സംശയങ്ങളുണ്ട്, എല്ലാം ഞാന്‍ പറയാം.അതിനു മുമ്പ് രവിവര്‍മ്മ പറഞ്ഞ് വന്ന കഥ ഞാനായിട്ട് പൂര്‍ത്തീകരിക്കാം"
ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം വിവരിച്ച് തുടങ്ങി..
രവിവര്‍മ്മ പറഞ്ഞ കഥയുടെ ബാക്കി ഭാഗം..
തങ്ങളുടെ സേനാനായകന്‍റെ നിര്‍ദ്ദേശപ്രകാരം ആയുധങ്ങള്‍ ഉപേക്ഷിച്ച സംഘം, അയ്യപ്പനൊപ്പം ശബരിമലയിലേക്ക് യാത്രയായി.അങ്ങനെ അവര്‍ ക്ഷേത്ര സന്നിധിയിലെത്തി.അവരുടെ ശ്രമഫലമായി മറവപ്പടയാല്‍ നശിപ്പിക്കപ്പെട്ട ക്ഷേത്രം പുനരുദ്ധരിച്ചു.മകരസംക്രമദിനത്തിലെ പുണ്യമുഹൂര്‍ത്തത്തില്‍ അവര്‍ അര്‍ഹമായ പൂജകളോട് വിഗ്രഹം പ്രതിഷ്ഠിച്ചു.
അങ്ങനെ അയ്യപ്പന്‍റെ ജീവിതലക്ഷ്യം പൂര്‍ത്തിയായി..
അദ്ദേഹത്തിന്‍റെ ചൈതന്യം ആ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചു..
അപ്രകാരം അയ്യപ്പനും ശാസ്താവും ഒന്നായി മാറി!!
വാമദേവന്‍ തിരുമേനി കഥ പറഞ്ഞ് അവസാനിപ്പിച്ചു.
അവിടെയാകെ നിശബ്ദത..
ആര്‍ക്കും ഒന്നും പറയാനില്ല!!
അയ്യപ്പനെ കുറിച്ച് അവരാരും കേള്‍ക്കാത്ത ഒരു കഥ രവിവര്‍മ്മ പറഞ്ഞ് തുടങ്ങി.ആദ്യം മുതല്‍ അത്ഭുതത്തോടെ ഒരു കേള്‍വിക്കാരനെ പോലെയിരുന്ന തിരുമേനി ആ കഥ പൂര്‍ത്തിയാക്കിയിരിക്കുന്നു.മാത്രമോ, ഭഗവാനെ കാണാന്‍ പോകുന്ന ആചാരങ്ങള്‍ക്ക് കഥയുമായി സാദൃശ്യം ഏറെ..
തീര്‍ത്ഥാടകര്‍ കല്ലിടുന്നത്..
ഇരുമുടിക്കെട്ടുമായി മലകയറുന്നത്..
എരുമേലിയിലെ പേട്ട തുള്ളലും അനുബന്ധ ചടങ്ങുകളും..
അയ്യപ്പന്‍ ആയുധം ഉപേക്ഷിക്കാന്‍ പറഞ്ഞ സ്ഥലമാണ് ശരംകുത്തി എന്നും, ശരക്കോലുമായി വരുന്ന തീര്‍ത്ഥാടകര്‍ ശരംകുത്തിയില്‍ തറച്ചതിനു ശേഷമാണ് ബാക്കി യാത്ര എന്നതു കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഏതാണ് സത്യം??
ഭഗവാനേ, എന്താണ് ഞങ്ങള്‍ വിശ്വസിക്കേണ്ടത്??
എല്ലാവര്‍ക്കും ഈ ചിന്ത മാത്രം.
കഥ തുടങ്ങിയ രവിവര്‍മ്മയോട്, കഥ അവസാനിപ്പിച്ച വാമദേവന്‍ തിരുമേനി ചോദിച്ചു:
"ഈ കഥയില്‍ മാളികപ്പുറത്തമ്മ ആരാണ്?"
ഒരു നിമിഷം..
അപ്പോഴാണ് എല്ലാവരും ആ കാര്യം ഓര്‍ത്തത്.ഇത് വരെ രവി പറഞ്ഞതിനെ അംഗീകരിക്കണോ വേണ്ടയോ എന്ന് ചിന്തിച്ച് നിന്ന വിഷ്ണുദത്തനു അതൊരു പിടിവള്ളിയായിരുന്നു.അവനും പെട്ടന്ന് ചോദിച്ചു:
"അതേ രവി, ആരാ ഈ മാളികപ്പുറത്തമ്മ"
രവി പതിയെ പറഞ്ഞു:
"അറിയില്ല"
"പേട്ടതുള്ളുമ്പോള്‍ അമ്പലപ്പുഴക്കാര്‍ വാവരു പള്ളിയില്‍ കയറുമെന്നും, ആലങ്ങാട്ടുകാര്‍ കയറാറില്ലെന്നും ഉണ്ണിക്ക് എങ്ങനെ അറിയാം?"
വാമദേവന്‍ തിരുമേനിയുടെ അടുത്ത ചോദ്യം.
"അത് എവിടെയോ വായിച്ച അറിവാ" രവിയുടെ മറുപടി.
"അയ്യപ്പന്‍റെ ഈ കഥ ഉണ്ണിയോട് ആരാ പറഞ്ഞത്?" വീണ്ടും തിരുമേനി.
എന്ത് മറുപടി പറയണമെന്നല്ലാതെ രവിവര്‍മ്മ കുഴങ്ങി.
അയ്യപ്പനെ കുറിച്ച് അവന്‍ കേട്ടിട്ടുള്ള കഥ ഇതാണ്, അവനോട് എല്ലാവരും പറഞ്ഞ് കൊടുത്തതും ഈ കഥ തന്നെ.ആദ്യം ആര് പറഞ്ഞു എന്ന് ചോദിച്ചാല്‍??
രവിവര്‍മ്മ ഒന്നും മിണ്ടിയില്ല.
"രവിവര്‍മ്മയുടെ ജാതകമുണ്ടോ?"
വാമദേവന്‍ നമ്പൂതിരിയുടെ ഈ ചോദ്യം കേട്ടതും രാധിക മുറിയിലേക്ക് ഓടി.തിരികെ വന്നപ്പോള്‍ അവളുടെ കയ്യില്‍ ഒരു ഗ്രഹനിലയുണ്ടായിരുന്നു..
രവിവര്‍മ്മയുടെ ഗ്രഹനില!!
കുറേ സമയം വാമദേവന്‍ നമ്പൂതിരി ആ ഗ്രഹനില നോക്കിയിരുന്നു.തിരുമേനിയുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങള്‍ അമ്പരപ്പോടെയായിരുന്നു എല്ലാവരും നോക്കിയിരുന്നത്.ഒടുവില്‍ ആരോടും ഒരക്ഷരം മിണ്ടാതെ അദ്ദേഹം തന്‍റെ കവടി നിരത്തി..
അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ പൊടുന്നനെ ഒരു തിളക്കം!!
കവടി മാറ്റി വച്ച് തിരുമേനി തല ഉയര്‍ത്തി രവിവര്‍മ്മയെ നോക്കി..
ആ നോട്ടത്തിനു ഒരുപാട് അര്‍ത്ഥങ്ങളുണ്ടായിരുന്നു..