ബ്രഹ്മദത്തനു പെട്ടന്നൊരു ഉന്മേഷം വന്നപോലെ.അല്‍പ്പം മുമ്പ് വരെ തന്നെ ബാധിച്ചിരുന്ന വിഷമങ്ങളെല്ലാം പെട്ടന്ന് മാറിയ പോലെ.വാമദേവന്‍ നമ്പൂതിരിയുടെ വാക്കുകള്‍ അത്രക്ക് അയാളെ സ്വാധീനിച്ചിരിക്കുന്നു.എവിടെയോ ഒരു രക്ഷയുടെ ചെറുനാളം ഉണ്ടെന്ന ചിന്ത തന്നെ അയാള്‍ക്ക് ധൈര്യമേകി..
ബ്രഹ്മദത്തന്‍റെ അരികില്‍ നിന്നും തിരികെയെത്തിയ തിരുമേനി കണ്ടത് എന്തോ സംശയത്തില്‍ നില്‍ക്കുന്ന രവിവര്‍മ്മയെയാണ്, അദ്ദേഹം ചോദിച്ചു:
"എന്താ സ്വാമി?"
"ഈ മാല നമ്മള്‍ എവിടെ വച്ചാണ് ഊരേണ്ടത്?"
ഇരുമുടിക്കെട്ടില്‍ വയ്ക്കുന്ന ഒരോ സാധനത്തിനും അര്‍ത്ഥമുണ്ടെന്ന് മനസിലായപ്പോള്‍ മാല ഊരുന്നതില്‍ എന്താണ് സങ്കല്പം എന്ന് അറിയാനുള്ള ആഗ്രഹമായിരുന്നു ആ ചോദ്യത്തിനു പിന്നില്‍.അത് മനസിലായ വാമദേവന്‍ നമ്പൂതിരി ചിരിച്ച് കൊണ്ട് പറഞ്ഞു:
"മലക്ക് പോയ് വന്ന ശേഷം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ പോയോ, അല്ലെങ്കില്‍ ഈ ക്ഷേത്രനടയിലെത്തിയോ നമുക്ക് മാലയൂരാം"
ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം പറഞ്ഞു:
"ശരിക്കും അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയാണ് മാല ഊരേണ്ടത്"
അര്‍ത്തുങ്കല്‍ പള്ളിയോ??
അതേ, അര്‍ത്തുങ്കല്‍ പള്ളി തന്നെ!!
തുടര്‍ന്ന് അതിനു കാരണവും അദ്ദേഹം വിവരിച്ചു..
ശബരിമല ദര്‍ശന കഴിഞ്ഞ് അയ്യപ്പന്‍മാര്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍റെ സന്നിധാനത്തില്‍ നേര്‍ച്ച സമര്‍പ്പിച്ച ശേഷം മാലയൂരിയാല്‍ ശബരിമല ദര്‍ശനത്തിന്‍റെ പൂര്‍ണ്ണഫല പ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം.
"അയ്യോ, വെളുത്തച്ചന്‍..എനിക്കറിയാം" രവിവര്‍മ്മ വിശദീകരണത്തിനു ഇടക്ക് കയറി.
"സ്വാമിക്ക് എന്ത് അറിയാം?" തിരുമേനിക്ക് അത്ഭുതം.
അതിനു മറുപടിയായി ഏതോ ചരിത്ര പുസ്തകത്തില്‍ വായിച്ച ഓര്‍മ്മ വച്ച് രവിവര്‍മ്മ വിശദീകരിച്ചു:
"യൂറോപ്പില്‍ നിന്ന് വന്ന ഒരു പാതിരിയെ, വെള്ളക്കാരനായ അച്ചന്‍ എന്ന് വിളിച്ചതാണ് പിന്നീട് വെളുത്തച്ചന്‍ എന്നായത്.ഇദ്ദേഹത്തിന്‍റെ ശരിക്കുള്ള പേര് ഫോലിനീഷ്യോ എന്നാണെന്നാ ഓര്‍മ്മ"
തിരുമേനി അത്ഭുതപ്പെട്ടുപോയി, അദ്ദേഹം പറഞ്ഞു:
"അതിനെ കുറിച്ച് എനിക്ക് വിശദമായി അറിയില്ല, എന്നാല്‍ അയ്യപ്പനും വെളുത്തച്ചനും തമ്മിലുള്ള ചില ഐതിഹ്യങ്ങള്‍ കേട്ടിട്ടുണ്ട്"
തുടര്‍ന്ന് അദ്ദേഹം ആ ഐതിഹ്യങ്ങള്‍ വിവരിച്ചു...
കലകളിലും, ശാസ്ത്രങ്ങളിലും മറ്റും അതിശ്രേഷ്ഠനായിരുന്ന വെളുത്തച്ചന്‍, കളരിപയറ്റ് പഠിക്കാന്‍ ചീരപ്പന്‍ച്ചിറയിലെത്തിയെന്നും അവിടെ വച്ച് അയ്യപ്പനുമായി കണ്ടുമുട്ടിയെന്നും, ഇരുവരും പരസ്പരം സഹോദരങ്ങളെ പോലെ സ്നേഹിച്ചു കഴിഞ്ഞു എന്നതുമാണ് ഒരു ഐതിഹ്യം.
ഇനി മറ്റൊരു ഐതിഹ്യപ്രകാരം സേനാബലം വര്‍ദ്ധിപ്പിക്കാന്‍ വടക്കോട്ട് പുറപ്പെട്ട അയ്യപ്പന്‍ വിശ്രമവേളയില്‍ വെളുത്തച്ചനെ പരിചയപ്പെടുകയും, സ്വന്തം സഹോദരനാണെന്ന് പറഞ്ഞ് വെളുത്തച്ചന്‍ അയ്യപ്പനെ ചീരപ്പന്‍ ചിറയിലെത്തിച്ചു പരിചയപ്പെടുത്തുകയും ചെയ്തത്രേ!!
"ഇതും മാല ഊരുന്നതും തമ്മിലെന്ത് ബന്ധം?" രവിവര്‍മ്മക്ക് അത് മനസിലായില്ല.
അതോ, അതിനു കാരണമുണ്ട്...
ഐതിഹ്യം എന്ത് തന്നെയായാലും അയ്യപ്പനും, വെളുത്തച്ചനും തമ്മില്‍ സഹോദര ബന്ധമായിരുന്നു എന്നത് സത്യമാ.അതിനാലാവണം 'എന്നെ കാണാന്‍ വരുന്നവര്‍ എന്‍റെ വെളുത്തച്ചനെയും കൂടി കണ്ട് പോകണമെന്ന്' ശബരിമലയില്‍ ഒരു വെളിച്ചപ്പാടു തുള്ളി പറഞ്ഞത്.
വിശദീകരണം നിര്‍ത്തിയട്ട് തിരുമേനി പറഞ്ഞു:
"ഇതേ പോലെ മകരപെരുന്നാളിനു അര്‍ത്തുങ്കല്‍ പള്ളിയില്‍ കൊടിയേറുമ്പോള്‍ നാട്ടുകാര്‍ വായ്ക്കുരവ ഇടുന്നത് വെളുത്തച്ചന്‍ ജ്യേഷ്ഠസഹോദരനായി കരുതുന്ന ശബരിമല അയ്യപ്പനെ അറിയിക്കാനാണെന്നാ വിശ്വാസം"
ഇത് കൂടി കേട്ടപ്പോള്‍ രവിവര്‍മ്മയുടെ മനസ്സ് മുഴുവന്‍ ആ സങ്കല്‍പ്പത്തിലായി..
മതമൈത്രിയുടെ പരിപൂര്‍ണ്ണമായ സങ്കല്‍പ്പത്തില്‍..
വാവരും അയ്യപ്പനും വെളുത്തച്ചനും എല്ലാം അടങ്ങിയ ശബരിമലയുടെ സങ്കല്‍പ്പത്തില്‍!!
അവര്‍ സംസാരിച്ചിരിക്കെ കെട്ട് മുറുക്കിനു സമയമാകാറായി..
അത്താഴം കഴിച്ച് എല്ലാവരും തയ്യാറായി...
"കെട്ട് മുറുക്കി തലയില്‍ വച്ചാല്‍ തിരിഞ്ഞ് നോക്കരുത്"
തിരുമേനിയുടെ ഉപദേശം എല്ലാവരും ശരിവച്ചു.
ഒടുവില്‍ ആ പുണ്യസമയം ആഗതമായി..
ഭക്തിപരമായ ശബരിമല യാത്രയുടെ കെട്ട്‌മുറുക്ക് എന്ന മഹത്തായ ചടങ്ങിനുള്ള സമയം..
ഒരോരുത്തര്‍ക്കായി വാമദേവന്‍ തിരുമേനി കെട്ട് മുറുക്കി തുടങ്ങി..
ഒരോ പ്രാവശ്യവും ശരണം വിളികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി..
"ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ..
....ശരണമയ്യപ്പാ
.........ശരണമയ്യപ്പാ
..............ശരണമയ്യപ്പാ"
ഗായത്രിയമ്മ കണ്ണുകളടച്ച് മൌനമായി പ്രാര്‍ത്ഥിച്ചു:
"ശബരിമല ശാസ്താവേ, കാത്തുകൊള്ളേണമേ"
കെട്ട് മുറുക്ക് പൂര്‍ണ്ണമായി.
ഗണപതി ഭഗവാനു തേങ്ങ അടിച്ച്, കീഴ്ക്കോവില്‍ അയ്യപ്പ സ്വാമിയെ പ്രദിക്ഷണം വച്ച്, അരയില്‍ കറുകപ്പച്ച കെട്ടിയ ആ സംഘം യാത്ര ആരംഭിച്ചു..
എങ്ങും ശരണം വിളികള്‍ മാത്രം..
"പള്ളിക്കെട്ട്.....ശബരിമലക്ക്
കല്ലും മുള്ളും.......കാലക്ക് മെത്തേ
ആരേ കാണാന്‍......സ്വാമിയെ കാണാന്‍
സ്വാമിയെ കണ്ടാല്‍.....മോക്ഷം കിട്ടും
സ്വാമിയപ്പാ....അയ്യപ്പാ
ശരണമപ്പാ..........അയ്യപ്പാ
പന്തളവാസാ.......അയ്യപ്പാ
പമ്പാനാഥാ.......അയ്യപ്പാ"
ആ ശരണം വിളി നേര്‍ത്ത് നേര്‍ത്ത് വന്നു..
ഒടുവില്‍ അവര്‍ കാഴ്ചയില്‍ നിന്ന് മറഞ്ഞു.
ദേവദത്തനും, ഗായത്രിയമ്മയും, രാധികയും മാത്രം ബാക്കിയായി.ആകെ ഒരു നിശബ്ദത പോലെ.മനസില്‍ ഈശ്വരനെ വിളിച്ച് ഇല്ലത്തേക്ക് നടക്കുമ്പോള്‍ ശബരിമല യാത്രക്ക് മുമ്പ് രവിവര്‍മ്മയെ ചൂണ്ടി വാമദേവന്‍ നമ്പൂതിരി പറഞ്ഞ വാക്കുകള്‍ രാധികയുടെ കാതില്‍ മുഴങ്ങി...
മറക്കേണ്ടാ, മൃത്യുജ്ഞയ ഹോമം..