രവിവര്‍മ്മ ആകെ അസ്വസ്ഥനാണ്..
ഓച്ചിറയില്‍ പോയതും, ഉണ്ണി നമ്പൂതിരിയെ കണ്ടതും അയാളുടെ ചിന്തകളെ മറ്റൊരു തലത്തില്‍ എത്തിച്ചു.ഇത് വരെ അറിഞ്ഞതൊന്നും സത്യമല്ലെന്ന് ഒരു തോന്നല്‍!!
ശരിക്കും അയ്യപ്പന്‍ ആരാണ്??
യോദ്ധാവോ, പടനായകനോ, അതോ സാക്ഷാല്‍ ഈശ്വരനോ?
മറക്കാന്‍ ശ്രമിക്കുമ്പോഴും ഉണ്ണി നമ്പൂതിരി പറഞ്ഞ കഥ അയാളുടെ മനസിലേക്ക് ഓടിയെത്തുന്നു..
ഉദയനനെന്ന മറവപ്പട തലവനെ നേരിടാന്‍ പന്തളം രാജാവ് ഒരു ഈഴവനായകനെ നിയമിച്ച് പോലും.അദ്ദേഹത്തിനു അയിത്തം കല്‍പ്പിച്ച് ഉപേക്ഷിക്കപ്പെട്ട രാജസഹോദരിയില്‍ ഒരു മകന്‍ ജനിച്ചു..
അതാണത്രേ അയ്യപ്പന്‍!!
ഈ അയ്യപ്പന്‍ കാനനത്തില്‍ പണികഴിപ്പിച്ച ക്ഷേത്രമാണത്രേ ശബരിമല.
ഇതാണോ ശരി...
അതോ ഈ കഥകള്‍ക്ക് മേലേ എന്തെങ്കിലും സത്യങ്ങളുണ്ടോ??
അത് അറിഞ്ഞേ തീരു..
രവിവര്‍മ്മ മനസില്‍ ഉറപ്പിച്ചു.
കെട്ട് നിറക്കലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായി..
ഇരുമുടി കെട്ടില്‍ നിറക്കാനുള്ള സാധനങ്ങള്‍ തിരുമേനി തരം തിരിച്ച് തുടങ്ങി..
ഒരോന്ന് മാറ്റി വയ്ക്കുമ്പോഴും അത് കണ്ടുകൊണ്ട് നിന്ന രവിവര്‍മ്മയോടും, വൈഷ്ണവനോടും ആ സാധനങ്ങളുടെ ഉപയോഗവും അദ്ദേഹം വിവരിച്ച് കൊടുത്തു..
വെറ്റില, അടയ്‌ക്ക, നാളികേരം, നെയ്‌ത്തേങ്ങ...
"ഇവ വേണം ആദ്യം ശരണം വിളിയോടെ കെട്ടില്‍ നിറക്കാന്‍"
"ഇതൊക്കെ എന്തിനാ അങ്കിളേ?"
"നെയ്തേങ്ങയിലെ നെയ്യ് ഭഗവാനു അഭിക്ഷേകത്തിനുള്ളതാണ്.വെറ്റിലയും, അടക്കയും, പിന്നെ നാണയവും ശബരിമല യാത്രക്ക് ശേഷം സ്വന്തം നാട്ടിലെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കണമെന്നാണ് സങ്കല്‍പ്പം"
"എന്തിനാ നെയ്യഭിക്ഷേകം?"
ആ ചോദ്യത്തിനു മറുപടിയായി നെയ്യഭിക്ഷേകത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിവരിച്ചു..
ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കര്‍മ്മങ്ങളിലൊന്നാണ് ഭഗവാന് നെയ്യഭിഷേകം നടത്തുക എന്നുള്ളത്. വ്രതശുദ്ധിയുടെ നിറവില്‍, ശരണം വിളികളുടെ അകമ്പടിയോടെ നാളികേരത്തില്‍ നിറച്ച് ഇരുമുടിക്കെട്ടിലാക്കി കൊണ്ടുവരുന്ന നെയ്യ് ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്ന കര്‍മ്മത്തിനു ഒരുപാട് അര്‍ത്ഥങ്ങളുണ്ട്..
ജീവാത്മാവിന്റെയും പരമാത്മാവിന്റെയും കൂടിച്ചേരലിന്റെ പ്രതീകമായി നെയ്യഭിഷേകം കണക്കാക്കപ്പെടുന്നു. ജനനമരണങ്ങളിലൂടെ, വേദനകളില്‍പ്പെട്ടുഴലുന്ന ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്നതോടെ അതിന് ജനനമരണങ്ങളില്‍ നിന്ന് മോക്ഷം കിട്ടുന്നു.ഇതിനാണ് ഭഗവത്സായൂജ്യം നേടുക എന്ന് പറയുന്നത്.
"നെയ്യ് അഭിക്ഷേകത്തിനുപയോഗിക്കും, അപ്പോ നെയ്ത്തേങ്ങയോ?"
അതും തിരുമേനി വിശദമാക്കി..
ഭഗവാന് അഭിഷേകം ചെയ്‌തശേഷം ഒരു മുറിത്തേങ്ങ പതിനെട്ടാംപടിയുടെ താഴെയുള്ള അഗ്നികുണ്‌ഠത്തിലെറിയുന്നു. ബാക്കിയുള്ള മുറി ഭഗവാന്റെ പ്രസാദമായി വീട്ടില്‍ കൊണ്ടുവരുന്നു.
ഈ ആചാരങ്ങളെല്ലാം രവിവര്‍മ്മക്ക് അത്ഭുതമായിരുന്നു.
"ഈ നാളികേരം എന്തിനാ, നടയിലടിക്കാനാ?"
"അതേ, നാളികേരവും കര്‍പ്പൂരവും എത്ര വേണേലും കരുതാം" തിരുമേനിയുടെ മറുപടി.
"അതെന്താ?"
അതോ, അതിനു കാരണമുണ്ട്..
ശബരിമലയില്‍ തേങ്ങയടിക്കേണ്ട ഒരുപാട് ഇടങ്ങളുണ്ട്.പമ്പാഗണപതിക്കും, കരിമലമൂര്‍ത്തിക്കും, പതിനെട്ടാം പടിക്ക് സമീപവും അയ്യപ്പന്‍മാര്‍ തേങ്ങാ അടിക്കാറുണ്ട്.അതേ പോലെയാണ് കര്‍പ്പൂരവും, ഭഗവാന്‍ കര്‍പ്പൂര പ്രിയനാണ്.അതിനാല്‍ എല്ലാ നടയിലും അയ്യപ്പന്‍മാര്‍ കര്‍പ്പൂരം കത്തിച്ച് ശരണം വിളിക്കാറുണ്ട്...
തങ്ങളുടെ ദുരിതങ്ങളെല്ലാം ആ കര്‍പ്പൂരം ഉരുകുന്ന പോലെ ഉരുകി തീരണേന്നാണത്രേ സങ്കല്‍പ്പം!!
ഇത്രയും പറഞ്ഞിട്ട് ഒരു ഉപദേശം കൊടുക്കാനും തിരുമേനി മറന്നില്ല:
"ഇത് കൊണ്ടാണ് മറ്റൊരു വ്യക്തി കത്തിച്ച കര്‍പ്പൂരം, നമ്മള്‍ ഉഴിഞ്ഞ് തൊഴരുതെന്ന് പറയുന്നത്"
ഒരു വിധത്തില്‍ അതും ശരിയാണ്..
മറ്റൊരു വ്യക്തിയുടെ ദുരിതങ്ങള്‍ നമ്മളെന്തിനാ ഏറ്റെടുക്കുന്നത്, അത് കര്‍പ്പൂരത്തോടൊപ്പം ഉരുകി തന്നെ തീരട്ടെ.ഇനി കര്‍പ്പൂരം കത്തിച്ചത് തൊഴണമെന്നുണ്ടങ്കില്‍, ഭഗവാനെ ഉഴിഞ്ഞ കര്‍പ്പൂരം തൊഴുതാല്‍ പോരെ!!
കര്‍പ്പൂരത്തെ കുറിച്ച് വിശദീകരിച്ച ശേഷം തിരുമേനി മഞ്ഞപ്പെടി എടുത്ത് മാറ്റി വച്ചു.
"ഇതെന്തിനാ അങ്കിളേ?"
"നാഗരാജാവിനും, നാഗയക്ഷിയമ്മക്കും, മാളികപ്പുറത്തമ്മക്കും തൂകാനാ"
ഇനി ഒരോന്ന് തരം തിരിക്കുമ്പോഴും വൈഷ്ണവന്‍റെ ചോദ്യം വരുമെന്ന് മനസിലായ തിരുമേനി, ഒരോന്നിന്‍റെ പ്രാധാന്യം ചോദിക്കാതെ തന്നെ വിവരിക്കാന്‍ തുടങ്ങി..
അവില്‍, മലര്, കല്‍ക്കണ്ടം, മുന്തിരി, വറപൊടി...
"ഇത് കടുത്ത സ്വാമിക്ക്"
കാലിപ്പുകയില..
"ഇത് കറുപ്പുസ്വാമിക്ക്"
കുരുമുളക്..
"ഇത് വാവരുസ്വാമിക്ക്"
ഉണക്കലരി, ഉണ്ട ശര്‍ക്കര, കദളിപ്പഴം...
"ഇത് അയ്യപ്പസ്വാമിക്ക് നേദ്യത്തിനു"
തരം തിരിക്കല്‍ പൂര്‍ത്തിയായി.
രവിവര്‍മ്മയെയും വൈഷ്ണവനെയും സംബന്ധിച്ചിടത്തോളം ഇവയെല്ലാം പുതിയ വിവരങ്ങളായിരുന്നു.കെട്ട്‌മുറുക്കെന്നും, ശബരിമലയില്‍ പോക്കെന്നും കേട്ടിട്ടുള്ളതല്ലാതെ ആചാരങ്ങളിലെ അര്‍ത്ഥങ്ങള്‍ രവിവര്‍മ്മ ഒരിക്കലും മനസിലാക്കിയിരുന്നില്ല.ശബരിമല യാത്രയിലെ ഒരോ ചടങ്ങുകളും വെറുതെ ഉള്ളതല്ല എന്ന അറിവ് അവനെ ഇപ്പോള്‍ ഏറെ ആകര്‍ക്ഷിച്ചിരിക്കുന്നു.അതിനാല്‍ തന്നെ കീഴ്ക്കോവില്‍ അമ്പലത്തിനു മുന്നില്‍ നിന്നുള്ള വാമദേവന്‍ നമ്പൂതിരിയുടെ വിശദീകരണങ്ങള്‍ അവന്‍റെ കൌതുകം വളര്‍ത്തിയതേയുള്ളു.
മുന്‍മുടിക്കെട്ട് നിറച്ച ശേഷം പിന്‍മുടിക്കെട്ടില്‍ വക്കാനായി കുത്തരി എടുക്കുന്ന കണ്ട് രവിവര്‍മ്മ ചോദിച്ചു:
"ഇതെന്തിനാ?"
"കഞ്ഞി വച്ച് കുടിക്കാന്‍"
"അയ്യോ, പോന്ന വഴിയിലെങ്ങും ഹോട്ടലില്ലേ?"
അതിനു മറുപടി ഒരു മറു ചോദ്യമായിരുന്നു:
"കാട്ടില്‍ എവിടാ സ്വാമി ഹോട്ടല്‍?"
കാടോ??
അത്ഭുതപ്പെട്ട് നില്‍ക്കുന്ന രവിവര്‍മ്മയെ നോക്കാതെ അദ്ദേഹം ചമ്മന്തിപ്പൊടിയും, അച്ചാറും, പപ്പടവുമെല്ലാം വേര്‍തിരിച്ച് വച്ചു.
ഒരു ഭാഗത്ത് തിരുമേനി ഇരുമുടിക്കെട്ട് തയ്യാറാക്കികൊണ്ടിരുന്നപ്പോള്‍ , അയ്യപ്പസ്വാമിയുടെ നടക്ക് മുന്നില്‍ നിന്ന് ബ്രഹ്മദത്തന്‍ മനമുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു..
"ഭഗവാനെ, രവിവര്‍മ്മയെ കാത്തു കൊള്ളേണമേ, അവന്‍റെ ജീവനു ആപത്തൊന്നും വരുത്തരുതേ"
പെട്ടന്ന് അമ്പലത്തിനുള്ളില്‍ മണിമുഴക്കം!!
വാമദേവന്‍ തിരുമേനിയുടെ കാതുകളിലും ആ ശബ്ദമെത്തി..
അദ്ദേഹം ഉടനെ ബ്രഹ്മദത്തന്‍റെ അരുകിലെത്തി, എന്നിട്ട് പറഞ്ഞു:
"സ്വാമി, ഈ മണിമുഴക്കം ഒരു സൂചനയാണ്, ആരോ രക്ഷിക്കാന്‍ വരുന്നതിന്‍റെ സൂചന"
അത് ശരിയായിരുന്നു..
ദിവസങ്ങള്‍ക്കു മുമ്പേ വയനാട്ടിലെ കൊടും കാട്ടില്‍ നിന്നും ശരണം വിളിയുമായി പുറപ്പെട്ട ആദിവാസികളുടെ ഒരു സംഘം അപ്പോള്‍ അമ്പലപ്പുഴയിലെത്തിയിരുന്നു..
അവരുടെ ലക്ഷ്‌യവും ശബരിമലയായിരുന്നു..
അവരുടെ മനസിലും ശരണമന്ത്രം മാത്രമായിരുന്നു..
"സ്വാമിയപ്പാ...അയ്യപ്പാ
ശരണമപ്പാ....അയ്യപ്പാ
പന്തളവാസാ...അയ്യപ്പാ
പമ്പാനാഥാ...അയ്യപ്പാ"
അതേ, അവര്‍ വരികയാണ്..
ഹരിഹരസുതനായ അയ്യപ്പസ്വാമിയുടെ കാലാള്‍പ്പട..